Thursday, January 20

പാർട്ടിക്കും അണികൾക്കും മാത്യു ടി. തോമസിനെ കൊണ്ട് ഗുണമില്ല; മന്ത്രി സ്ഥാനത്തിന് വേണ്ടി ജെഡിഎസിൽ പോര്

ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസിനെതിരെ സംസ്ഥാന ജെഡിഎസ് നേതൃത്വം. മന്ത്രിയായതിന് ശേഷം പാർട്ടിയുമായോ അണികളുമായോ മാത്യു ടി തോമസ് ബന്ധം സൂക്ഷിക്കുന്നില്ലെന്നും പാർട്ടിയുടെ ആവശ്യങ്ങൾക്ക് പോലും മന്ത്രിയെ കിട്ടുന്നില്ലെന്നും നേതൃത്വം കുറ്റപ്പെടുത്തുന്നു. സംസ്ഥാന നേതാക്കൾ ഫോണിൽ വിളിച്ചാൽ മന്ത്രിയെ കിട്ടില്ലെന്നും ഇത്രയും തിരക്കുള്ള മന്ത്രിയെ ജെഡിഎസിന് വേണ്ടാ എന്നും സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. പാർട്ടി അണികളുടെ ആവശ്യങ്ങൾക്കോ പാർട്ടിയുടെ ആവശ്യങ്ങൾക്കോ ഉദ്ഘനങ്ങൾക്കോ ഒന്നിനും മന്ത്രിയെ ലഭിക്കാത്തതും എപ്പോൾ വിളിച്ചാലും തിരക്കാണെന്ന മറുപടിയും നേതാക്കൾക്ക് പോലും മറുപടി നല്കാത്തതുമാണ് ഇപ്പോൾ മാത്യു ടി. തോമസിന്റെ മന്ത്രി സ്ഥാനം തെറിപ്പിക്കുന്നതിലേക്ക് നീങ്ങിയിരിക്കുന്നത്.

മാത്യു ടി. തോമസിനെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നേതാക്കൾ കേന്ദ്ര നേതൃത്വത്തെ കഴിഞ്ഞ ദിവസം കണ്ടിരുന്നു. കാര്യങ്ങൾ ബോധ്യപ്പെട്ട കേന്ദ്ര നേതൃത്വം തിങ്കളാഴ്ച്ചക്കുള്ളിൽ മാത്യു ടി തോമസിനോട് മന്ത്രി സ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തനിക്ക് ഇത് സംബന്ധിച്ച യാതൊരു അറിയിപ്പുകളും പാർട്ടിയിൽ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് മാത്യു ടി തോമസിന്റെ പ്രതികരണം. കെ കൃഷ്ണന്‍കുട്ടിയെയാണ് ജെഡിഎസിന്റെ മന്ത്രി സ്ഥാനത്തേയ്ക്ക് സംസ്ഥാന നേതൃത്വം ഉയർത്തിക്കാട്ടിയത്. മുതിർന്ന നേതാവായ കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കുവാൻ കേന്ദ്ര നേതൃത്വം അംഗീകാരം നൽകുകയും ചെയ്തു. നിലവിൽ ജെഡിഎസ് സംസ്ഥാന അധ്യക്ഷനും ചിറ്റൂര്‍ എംഎല്‍എയുമാണ് കെ. കൃഷ്ണന്‍ കുട്ടി.

കൃഷ്ണൻ കുട്ടി മന്ത്രിയാകുന്നതോട് കൂടി ഒഴിവ് വരുന്ന സംസ്ഥാന അധ്യക്ഷ പദവിയുടെ കാര്യവും പാർട്ടി ദേശീയ അധ്യക്ഷൻ എച്ച്. ഡി. ദേവഗൗഡയുമായി നേതാക്കൾ ചർച്ച നടത്തിയതായാണ് വിവരം. അടുത്ത തിരഞ്ഞെടുപ്പിൽ അച്ചടക്ക നടപടികളുടെ ഭാഗമായി മാത്യു ടി. തോമസിന് സീറ്റ് നിഷേധിക്കാനും നേതൃത്വം ചർച്ച ചെയ്തതായാണ് സൂചനകൾ.

എന്നാൽ മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരനായ മാത്യു ടി തോമസിനെ മാറ്റുന്നതിൽ സിപിഐഎമ്മിനും എൽഡിഎഫിനും വിയോജിപ്പാണുള്ളത്. എന്നാൽ ഇത് തങ്ങളുടെ പാർട്ടിക്കാര്യമാണെന്ന നിലപാടാണ് ജെഡിഎസിനുള്ളത്.

Spread the love

Leave a Reply