Sunday, January 16

സദൃശ്യവാക്യങ്ങളിൽ ജനി – ജേക്കബ് ഏബ്രഹാമിൻ്റെ കഥയെക്കുറിച്ച്

ക്രിസ്മസാണ്. പേരിനു മാത്രമേ മധ്യതിരുവിതാംകൂറിൽ മഞ്ഞും തണുപ്പുമൊക്കെയുള്ളു. പകൽ ചൂടും പൊടിയുമാണ്. ഒരു തരം നിർവികാരത പ്രളയാനന്തരത്തിൽ എത്തിയ ഈ ക്രിസ്മസിനെ പൊതിയുന്നുണ്ടെന്ന് തോന്നുമാറ് കോഴഞ്ചേരിയും റാന്നിയും പോലുള്ള പ്രളയ മുറിവുകളേറ്റ ചെറു ടൗണുകൾ കിടക്കുന്നു . റബ്ബറിനും വിലയില്ല .

ഗായക സംഘങ്ങൾ കാലിത്തൊഴുത്തിൽ പിറന്ന മഹാശയനെ പാടിപുകഴ്ത്തി വീടുകൾ കയറി ഇറങ്ങുന്നുണ്ട്. പള്ളികളുമായി ബന്ധപ്പെട്ട യുവജന സംഘങ്ങളുടെ പാട്ടുകൂട്ടത്തിൽ പെൺകിടാങ്ങളും ധാരാളമായുണ്ട്. ലിംഗനീതി ഉൾപ്പടെ പലതിലും മധ്യതിരുവിതാംകൂറിൽ നവോത്ഥാനം സൃഷ്ടിച്ചത് ക്രിസ്ത്യാനികളാണ്. ക്രിസ്ത്യാനികളെ കണ്ടു പഠിക്കാൻ അവരെ പല സന്ദർഭത്തിലും പ്രത്യക്ഷത്തിൽ എതിർക്കുന്ന മന്നം രഹസ്യമായി നായന്മാരെ ഓർമ്മിപ്പിക്കുന്നുണ്ട്. മന്നവും ക്രിസ്ത്യാനികളും യോജിച്ചപ്പോൾ മധ്യതിരുവിതാംകൂറിൽ വിമോചന സമരം വന്നു.

അറുപതുകളുടെ നിരാശ യുവാക്കളിൽ പടർന്നപ്പോൾ ക്രിസ്ത്യൻ വീടുകളിൽ നിന്ന് പെൺ കിടാങ്ങൾ നേഴ്സിംഗ് പഠിച്ച് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിപ്പോകുന്നുണ്ട്. അവർ പിന്നെ സഹോദരങ്ങളെയും കെട്ടിയവനെയും അക്കരെ കടത്തുന്നു. അയൽപക്കങ്ങളിലെ നായർ യുവതികളെയും യുവാക്കളെയും. അങ്ങനെ വേല ചെയ്തുണ്ടാക്കിയ പണത്തിന്റെ പച്ചയാണ് മധ്യതിരുവിതാംകൂറിലെ പ്രകൃതിയുടെ പച്ച .അല്ലാതെ റബ്ബറിനെന്തോ പച്ചയിരിക്കുന്നു. ഇലകൾ ഇല്ല. പൂക്കളും ഇല്ല.
വീടുകളൊക്കെ ക്രിസ്തുമസ് നക്ഷത്രങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്. ഈയടുത്ത വർഷങ്ങളായി മാല ലൈറ്റുകൾ ഏറിയിട്ടുണ്ട്. മിന്നാമിനുങ്ങിന്റെ നുറുങ്ങു വെളിച്ചങ്ങൾ പോലെ വീടുകൾ തിളങ്ങുന്നു. പലതും കൂറ്റൻ മാളികകളാണ്. നിരവധി മുറികളുള്ള ഇരു നില കോൺക്രീറ്റു വീടുകളിലേക്ക് റബ്ബർമരത്തിന്റെ ചില്ലകൾ ചാഞ്ഞെത്തുന്നുണ്ട്. പട്ടിക്കൂടു തന്നെ പല വീടുകളിലെയും ഒരു കൊച്ചുവീടാണ്. മതിലുകളാൽ പാതി മറച്ച ഈ വീടുകളിൽ ആളനക്കം കുറഞ്ഞിട്ട് കുറേ വർഷങ്ങളായി. മരിച്ച മനുഷ്യരാണ് ഇവിടെ ജീവിക്കുന്നതെന്നു തോന്നും.

അമേരിക്ക, ഗൾഫ് നാടുകൾ, ബാംഗ്ലൂർ ഇവയുമായി ബന്ധിക്കപ്പെട്ടു കിടക്കുകയാണ് മധ്യതിരുവിതാംകൂർ . പ്രവാസി മലയാളികൾ കൊണ്ടുവന്ന നവോത്ഥാനം ഇവിടെ ഇപ്പോൾ ഏതാണ്ട് ഇനി പറയും വിധമായി മാറിയിട്ടുണ്ട്. പപ്പായും മമ്മിയും നാട്ടിലെ വീട്ടിൽ പട്ടിയോടൊപ്പം. മോളും കുടുംബവും സ്റ്റേറ്റ്സിൽ .വർഷങ്ങൾ കൂടുമ്പോഴേ നാട്ടിൽ വരൂ. മോൻ ബാംഗ്ലൂരിൽ ഐ.ടി. കമ്പിനിയിൽ. അല്ലെങ്കിൽ ബിസിനസ്. ഇതാണ് ഗൃഹനില . കാശിനു പഞ്ഞമില്ല. പക്ഷേ അതുകൊണ്ട് മേടിക്കാൻ ഒക്കാത്ത സന്തോഷവും സമാധാനവും ഇല്ല. കുടുംബ ബന്ധങ്ങളിൽ ഉൾസ്നേഹമില്ല. എല്ലാം പുറം ചടങ്ങുകൾ മാത്രം. ചിരി പോലും റബ്ബർ വലിയുന്നതുപോലെ. മരിച്ചവരുടെ സ്മാരകങ്ങൾ എന്നവണ്ണം വീടുകൾ .

ഇങ്ങനെ ചിതറിപ്പോയ ഒരു കുടുംബത്തിന്റെ ഒറ്റപ്പെടലും വിങ്ങലുകളും നിർവികാരതയും അടർത്തിയെടുത്താവിഷ്ക്കരിക്കുന്ന കഥയാണ് ജേക്കബ് ഏബ്രഹാമിന്റെ ‘ സദൃശ്യവാക്യങ്ങളിൽ ജെനി’. അതി ലളിതമായി ആഖ്യാനം. വിവിധ കഥാപാത്രങ്ങളുടെ ഓർമ്മകൾ റബ്ബർഷീറ്റുകൾ പോലെ അയയിൽ തൂക്കിയിട്ടിരിക്കുന്നു. തിരുവല്ലാ ടൗണുണ്ട്. പത്തനംതിട്ടയിലെ കുന്നിൻപുറങ്ങളുണ്ട്. കുമ്പനാടുണ്ട്. റബ്ബർ തോട്ടങ്ങളുണ്ട്.

Read Also  കമുകിൻപാളയിൽ വർണ്ണവിസ്മയം തീർത്ത കടപ്ര ഗോപാലകൃഷ്ണനാശാൻ.

നിർവികാരതയിൽ പൊതിഞ്ഞതാണ് ഓരോരുത്തരുടെയും ഓർമ്മകളെങ്കിലും കഥ വായിച്ചുനീങ്ങവേ നേർത്ത വിഷാദം നമ്മളെ വന്നു പൊതിയും . ഈ കഥയുടെ വിജയം അവിടെയാണ്. മനുഷ്യരുടെ ജീവിത മോഹങ്ങളും ആസക്തികളും പ്രത്യാശകളും അവിടവിടെ മിന്നി നിൽക്കുന്നു.

ക്രിസ്മസ് കൊണ്ടു വരുന്നത് വലിയ പ്രതീക്ഷയാണ്. മരണത്തിൽ പൊതിഞ്ഞു നിൽക്കുന്ന ഈ കഥയിൽ പക്ഷേ മരണത്തിന് ഒട്ടും തീവ്രതയില്ല. ഇതിലെ തമ്പി എന്ന മരണമടയുന്ന കഥാപാത്രം എന്നേ മരിച്ചിരിക്കുന്നു, മാനസികമായി . ശാരീരികമായ മരണം വെറും ഒരു ചടങ്ങു മാത്രം. ഐസിയുവിൽ കിടക്കുന്ന അച്ഛനു പുറത്തു കാവൽ നിൽക്കുന്ന മകൻ മയക്കുമരുന്നിന് എന്നോ അടിപ്പെട്ടവനാണ്. മയക്കുമരുന്നിൽ മരിച്ചു ജീവിക്കുന്ന മകൻ കഥാപാത്രത്തിന്റെ പേര് ജീവൻ എന്നതാണെന്നുള്ളത് കൗതുകം നൽകുന്നു.

ക്രിസ്മസ് കൊണ്ടുവരുന്നത് വലിയ പ്രതീക്ഷയാണ്. ആ പ്രത്യാശയുടെ പൊലിമയാണ് ക്രിസ്മസ് നക്ഷത്രമായി വീടിനു മുന്നിൽ കാണുന്നത്. പപ്പാ മരിച്ചതോടെ ജെനിയുടെയും ജീവന്റെയും വീട് അനാഥമാകുകയാണ്. ശൂന്യമാകുകയാണ്. വീടു വിൽക്കാൻ ജെനി ഏർപ്പാടാക്കുന്നു. അവൾ പപ്പ കഴിഞ്ഞ വർഷം തൂക്കിയ ക്രിസ്മസ് വിളക്കെടുത്ത് സിറ്റൗട്ടിൽ തൂക്കുന്നു. ഒരു പക്ഷേ, ആ വീട്ടിലെ അവസാനത്തെ ക്രിസ്മസ് നക്ഷത്രം .ഒരിക്കൽ കൂടി തെളിയട്ടെ ഈ ക്രിസ്മസ് നക്ഷത്രം എന്ന് ജെനി വിചാരിക്കുന്നു.

വിവാഹമോചിതയായ ,ഒരു കുട്ടിയുടെ അമ്മയായ ജെനിയുടെ ഉള്ളിൽ ഒരു കടലിരമ്പുന്നുണ്ട്. ബാല്യത്തിലേ അമ്മയെ നഷ്ടപ്പെട്ട ജെനി പൊരുതി നല്ല നിലയിൽ ജീവിതം കെട്ടിപ്പടുക്കുന്ന മധ്യതിരുവിതാംകൂറിലെ സ്ത്രീകളുടെ പ്രതിനിധിയാണ്. പക്ഷേ സ്വന്തം ജീവിതത്തിൽ അവർക്കെല്ലാം നഷ്ടപ്പെടുന്നു. വിളക്കേന്തുന്ന വനിതയാണ് ജെനി. അവളുടെ ഭാവി ജീവിതത്തിൽ വെളിച്ചം നിറയട്ടെ എന്ന ഒരു ആഗ്രഹം കഥ വായിച്ചു കഴിഞ്ഞപ്പോൾ ഒരു സാധാരണ വായനക്കാരനെ പോലെ തോന്നി പോകുന്നു. റോയി അവളുടെ ജീവിതത്തിലേക്ക് തിരികെ വരട്ടെ. ‘ ഭാര്യയെ കിട്ടുന്നവന് നന്മ കിട്ടുന്നു. യഹോവയുടെ പ്രസാദം ലഭിച്ചുമിരിക്കുന്നു.’ റോയിയുടെ ഉള്ളിൽ തന്റെ സന്തോഷവും പ്രസാദവുമായിരുന്ന ജനി ജീവിച്ചിരിപ്പുണ്ട്. ആഷ്ലിയുടെ കുഞ്ഞുവിരലുകൾ അവരെ ഒരുമിപ്പിക്കട്ടെ.

ജേക്കബ് ഏബ്രഹാം ഞങ്ങളുടെ പ്രദേശത്തെ പറിച്ചു വെച്ചിരിക്കുകയാണ് ഈ കഥയിൽ. ഈ കഥ ഇങ്ങനെയേ ഇവിടുത്തുകാരനായ എനിക്കു വായിക്കാൻ കഴിയൂ. ഇതൊരു തിരുവിതാംകൂർ കഥയാണ്. പാറപ്പുറത്തിന്റെ കഥകളും നോവലുകളും ഒന്നുകൂടി വായിക്കാൻ തോന്നിപ്പോകുന്നു.

Spread the love

57 Comments

Leave a Reply