ഒരു നട്ടുച്ചയ്ക്കാണു അയൽ വീട്ടിൽ നിന്ന് കൂട്ടനിലവിളി ഉയർന്നത്

`പൊരയ്ക്ക് തീപിടിച്ചേ….. അയ്യോ… ഓടി വരണേ….! `

ഞാനും ഏട്ടനും പണിക്കാരും എല്ലാം കൂടി ഓടിച്ചെന്നു. കുഴപ്പമൊന്നുമില്ല. അവിടെനിന്നുള്ള ഒച്ചയും നിലച്ചു. !
ഞങ്ങളുടെ ശബ്ദം കേട്ടിട്ടുണ്ടാകും, ഒരു സ്ത്രീയും കൗമാരക്കാരായ രണ്ടുമക്കളും കൂടി തിണ്ണയിലേക്കിറങ്ങിവന്നു. ക്ഷമാപണസ്വരത്തിൽ സ്ത്രീ പറഞ്ഞു:

`അയ്യോ ടി വി വച്ചതായിരുന്നു……!`

ഏട്ടൻ പറഞ്ഞു

` സാരമില്ല, ടി വി നല്ല ഒച്ചത്തിലാരുന്നു….! `

`ഞങ്ങളോർത്തു…`

`ഒച്ച കൊറയ്ക്കാൻ പിള്ളേരോട് പറഞ്ഞതാ….`

‘എന്തായാലും കുഴപ്പമൊന്നുമില്ലല്ലോ. സമാധാനത്തോടെ ഞങ്ങൾ തിരിച്ചുപോന്നു.

ഏതാനും ആഴ്ചകൾ കഴിഞ്ഞു, ഒരു വൈകുന്നേരം ആ വീട്ടിൽ നിന്നു ബഹളമുയർന്നു….

`കൊല്ലുന്നേ.. ഞങ്ങളെ വെട്ടിക്കൊല്ലുന്നേ…. ആരുമില്ലേ…!`

ഒന്നുമടിച്ചെങ്കിലും ഇപ്രാവശ്യവും ഞങ്ങൾ ഓടിച്ചെന്നു. കതകടച്ചിരിക്കുന്നതുകൊണ്ട് ഞങ്ങൾ തിണ്ണവരെ ഓടിയെത്തി
അതോടെ ടീവിയിലെ ബഹളം നിലച്ചു.
ജനലിൽക്കൂടി അല്പം നീരസത്തോടെ സ്ത്രീ നോക്കുന്നതുകണ്ടു.

` ഞങ്ങളോർത്തു ഇവിടെ വീട്ടുവഴക്കുണ്ടായെന്ന്…! കുഴപ്പമൊന്നുമില്ലല്ലോ അല്ലെ?! `

ഞാൻ ചോദിച്ചു.

`ഇല്ല! ഇവിടത്തെ ആൾ അത്തരക്കാരനൊന്നുമല്ല!…. വെറുതേ…!`

ശബ്ദം താഴ്ത്തി `നാശം` എന്നുകൂടി കേട്ടു
മറ്റു ചില മുറിഞ്ഞ വാക്യങ്ങളും

` ടി വി കേക്കാനും……`

`മറ്റുള്ളോരെല്ലാം മോശക്കാരാണോ`?

കുറെനാൾ ചെന്നു. വീണ്ടുമൊരു സന്ധ്യക്ക് അവിടെ നിന്ന് വാഗ്വാദവും അട്ടഹാസവും കേട്ടു. കുഴപ്പമാണെന്ന് തോന്നിയെങ്കിലും അങ്ങോട്ട് ശ്രദ്ധിച്ചില്ല. രാത്രിയുമാണല്ലോ.
ഞങ്ങൾ അത്താഴത്തിനിരിക്കാൻ തുടങ്ങുമ്പോൾ ആരോ ഉറക്കെ ശബ്ദിച്ചുകൊണ്ട് ഓടി വരുന്നതുകണ്ടു. അയാൾ ഉയർത്തിപ്പിടിച്ചിരിക്കുന്ന കത്തിയിലും ദേഹത്തും ചോര!

`തീർത്തു…. മൂന്നിനേം തീർത്തു…. സഹികെട്ടിട്ടാ..`

ഞങ്ങൾക്ക് ദു:ഖത്തോടൊപ്പം കുറ്റബോധവും തോന്നി

 

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  മാറ്റൊലികളില്ലാതെ പുതുകഥാസാഹിത്യം ; എം ടി രാജലക്ഷ്മി മൂന്നു കഥകൾ വിലയിരുത്തുന്നു

LEAVE A REPLY

Please enter your comment!
Please enter your name here