നടപ്പുജന്മം
പോയ ജന്മത്തിൽ
അവിടുന്ന് ഇരയായിരുന്നു
അതിനും മുമ്പ്
വേട്ടക്കാരൻ
രണ്ടു ജന്മങ്ങളിലും
ആയുസെത്താതെ പോയി
നടപ്പുജന്മത്തിൽ
ഇരകൾക്കൊപ്പം ഓടുകയും
വേട്ടക്കാർക്കൊപ്പം ഓടിക്കുകയും ചെയ്യുന്നു
ആയതിനാൽ അവിടുന്ന്
ആയുഷ്മാനും
ഐശ്വര്യവാനുമായി
ഭവിച്ചുകൊണ്ടേയിരിക്കുന്നു
രണ്ട് യാത്രക്കാഴ്ചകൾ
ഒന്ന്
ചില്ലുരൂപക്കൂട്ടിലെ
സുന്ദരിപ്പുണ്യാളത്തിയെപ്പോലെ
ശിരസിൽ ഹെല്മറ്റണിഞ്ഞ
സ്കൂട്ടർ യാത്രക്കാരി!
രണ്ട്
മുകളിലത്തെ കമ്പിയിൽ പിടിച്ചുതൂങ്ങി
യാത്ര ചെയ്യുന്ന യുവതി
അവളുടെ തൊണ്ണൂറിഞ്ച് അരക്കെട്ടിൽ
ചുറ്റിപ്പിടിച്ചുനിന്ന് ഒരു കൊച്ചുബാലനും.
അവിടേക്ക് നോക്കാതിരിക്കാൻ ശ്രദ്ധിച്ചു
ഇരുവശത്തുമിരിക്കുന്നവർ
cover courtesy canvas paintings
പ്രതിപക്ഷം ഫേസ്ബുക്ക് പേജ്
പ്രതിപക്ഷം വാട്ട്സാപ്പിൽ