വളരെ മികച്ചതും അതെ സമയം വളരെ മോശവുമായ കുറെ സിനിമകൾ ചെയ്ത സംവിധായകൻ ആണ് എം പദ്മകുമാർ. അമ്മക്കിളികൂട്, വർഗം, വാസ്തവം, ശിക്കാർ, പോലുള്ള നല്ല സിനിമകളിലൂടെ തുടങ്ങി പരുന്തും, പാതിരമണലും, പൊളി ടെക്നിക്, കനൽ പോലെ ഉള്ള മോശം സിനിമകളിലും ആയി സംവിധായക ജീവിതത്തിന്റെ കരിയര്‍ ഗ്രാഫ് വളരെ താഴേക്കു പോകുന്ന അവസ്ഥയിൽ ജോജു ജോർജിനെ വെച്ച് ജോസഫ്- മാന്‍ വിത്ത് എ സ്കാര്‍ എന്നൊരു സിനിമ പ്ലാൻ ചെയുമ്പോൾ വലിയ പ്രതീക്ഷകൾ ഒന്നും തോന്നിയിരുന്നില്ല .. എന്നാൽ അതിനു പിന്നാലെ വന്ന ജോജുവിന്റ ഇതുവരെ കാണാത്ത രീതിയിൽ ഉള്ള ഗെറ്റപ്പും ത്രില്ലെർ സിനിമ ആണെന്ന് ഉള്ള രീതിയിൽ വന്ന ടീസറും ചെറിയ ഒരു ആകാംക്ഷ തന്നിരുന്നു…
ഒരു റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലെ അപ്രതീക്ഷിതമായ സംഭവവികാസങ്ങളാണ് ഒരു ഇമോഷണൽ ത്രില്ലെർ ഡ്രാമയിലൂടെ സംവിധായകൻ എം പത്മകുമാർ പറയുന്നത്.
ഒരു റിട്ടയർഡ് പൊലീസ് ഉദ്യോഗസ്ഥനാണു ജോസഫ് . ഉപേക്ഷിച്ചു പോയ ഭാര്യയുടെയും മരിച്ചുപോയ മോളുടെയും ഓർമകളിൽ ജീവിക്കുന്ന മാനസികമായി മുറിവേറ്റ ഒരു മധ്യ വയസ്ക്കൻ.. അയാൾക്കു കൂട്ടായി പഴയ കൂട്ടുകാരും അവരുടെ കൂടെ ഉള്ള കള്ളുകുടിയും ആയി അലസ ശിഷ്ടജീവിതം നയിക്കുന്നു. ഡിപ്പാർട്മെന്റിൽ നിന്ന് വിരമിച്ചാലും എവിടേലും ഒരു കുറ്റകൃത്യം നടന്നാൽ സാഹചര്യ തെളിവ് ഉണ്ടാക്കാൻ ജോസഫ് ന്റെ സഹായം മേലുദ്യോഗസ്ഥർ തേടാറുണ്ട്. പഴയ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട ചില സംശയങ്ങളും അതെ തുടർന്നു ജോസഫ് നടത്തുന്ന അന്വേഷണവും ആണ് സിനിമയെ മുന്നോട്ടു നയിക്കുന്നത്.
ജോസഫ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ജോജു ജോർജ് ആണ്. ജൂനിയർ ആര്‍ടിസ്റ്റായി വന്ന് ചെറിയ റോളുകളിലൂടെ സഹനടനായും ഇപ്പോൾ നായകനായും എത്തി നിൽക്കുന്ന ജോജു ജോർജിന്റെ അഭിനയജീവിതത്തിലേ ഏറ്റവും മികച്ച പെർഫോമൻസ് ആണ് ജോസഫിലേത്. പൂർണമായും നരച്ച പ്രായത്തിന്റെ അവശതകൾ ഉള്ള ഒരു മധ്യവയസ്കന്റെ റോൾ ജോജു എന്ന നടനിൽ ഭദ്രം. ഡയലോഗ് ഡെലിവെറിയും വൈകാരികമായ രംഗങ്ങളിലെ മിന്നുന്ന പ്രകടനവും എല്ലാം ജോജു എന്ന നടനിലെ അഭിനയ മികവിനെ എടുത്തു കാട്ടുന്നു. സിനിമയുടെ തുടക്കത്തിൽ ജോസഫ് എന്നാ കഥാപാത്രത്തിനെ പരിചയപ്പെടുത്താൻ വേണ്ടി, അയാളുടെ കൂർമ്മ ബുദ്ധിയുടേയും ചിന്താതലങ്ങളുടെയും വ്യാപ്തി കാണിക്കുവാൻ വേണ്ടി ജോസഫ് തെളിയിക്കുന്ന ഒരു കേസ് തീയേറ്ററിൽ കയ്യടി വാരി കൂട്ടുന്നുണ്ട്.
സിനിമ ഡിമാൻഡ് ചെയുന്ന വേഗതയിൽ തന്നെ തുടങ്ങി വളരെ വേഗം പുരോഗമിക്കുന്ന ചിത്രം ക്ലൈമാക്സിലേക്ക് നീങ്ങുമ്പോൾ ത്രില്ല് അടിച്ചു ഇരിക്കും. ചടുലമായ അവതരണവും ഡയലോഗുകളും അഭിനേതാക്കളുടെ പ്രകടനവും എല്ലാം ഒന്നിനൊന്നു മികച്ചു നില്കുന്നു. ദിലീഷ് പോത്തൻ, സുധി കോപ്പ, ഇർഷാദ്, ആത്മീയ തുടങ്ങിയവരുടെ പ്രകടനം മികച്ചതാണ്.
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ അസോസിയറ്റ് ഡയറക്ടറും ഉദ്യോഗസ്ഥനും ആയ ഷാഹി കബീറിന്റെ കൃത്യമായതും പക്വമായതുമായ സ്ക്രിപ്റ്റാണ് ചിത്രത്തിന്റെ നട്ടെല്ല്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കൃത്യമായ നിരീക്ഷണങ്ങൾ ചിത്രത്തിൽ ഉടനീളം കാണാം.
എം പദ്മകുമാറിന്റെ ഏറ്റവും മികച്ചത് എന്ന് വേണേൽ ജോസഫിനെ പറയാം. വാസ്തവവും വർഗ്ഗവും ചെയ്ത ആളില്‍ നിന്നും ഇതിലും മികച്ചത് പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. സ്ക്രിപ്റ്റിന് ഉതകുന്ന തരത്തിൽ പക്വമായ സംവിധാനം ചിത്രത്തിനെ മികച്ചതാകുന്നു.
എടുത്തു പറയേണ്ട ഒന്നാണ് ചിത്രത്തിലെ ബിജിഎം. അനിൽ ജോൺസന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും, മനീഷ് മാധവന്റെ ഛായാഗ്രഹണവും, കിരൺ ദാസന്റെ എഡിറ്റിംഗും സിനിമയെ എൻഗേജ്ഡ് ആക്കി നിലനിർത്തുന്നു.
രാക്ഷസൻ എന്ന തമിഴ് സിനിമ ഇവിടെ ഹിറ്റാക്കിയ പോലെ കണ്ടും കേട്ടും അറിഞ്ഞും എല്ലാവരും കണ്ടാൽ ഇത്തവണത്തെ വലിയ ഹിറ്റ് ആയി മാറും പടം. ജോജുവിന് സ്റ്റേറ്റ് അവാർഡ് പ്രഖ്യാപിക്കുമ്പോൾ അഭിമാനിക്കാൻ ഉള്ള വക ചിത്രത്തിൽ ഉണ്ട്.
സിനിമയ്ക്കു ടിക്കറ് എടുക്കുന്ന പ്രേക്ഷകനോട് പരമാവധി നീതി പുലർത്താൻ ജോസഫിന് സാധിക്കുന്നുണ്ട്.. എല്ലാവരും അത്യവശ്യം അറിഞ്ഞിരിക്കേണ്ട ഒരു ഞെട്ടിക്കുന്ന വസ്തുത ചിത്രത്തിൽ അവസാനം പറയുണ്ട്..
Final verdict : ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറുകൾ ഇഷ്ടപെടുന്ന പ്രേക്ഷകർക്കു ഒരു വിരുന്നു തന്നെ ആണ് ജോസഫ്. തീയേറ്ററിൽ നിന്ന് തന്നെ കാണുക.