ചന്ദ്രയാൻ 2 ൻ്റെ വിജയം ജഗ്ഗി വാസുദേവ് എന്ന ഒരു യോഗിയുടെ വിജയമായി സോഷ്യൽ മീഡിയയിലൂടെ ആഘോഷം അരങ്ങുതകർക്കുകയാണു. ശാസ്ത്രസാങ്കേതികവിദ്യയുടെ ഭാവി ഹിന്ദുത്വവുമായി കൂട്ടിക്കെട്ടി തന്നെയാവും  ഇന്ത്യയുടെ ഭാവിപരിപാടികൾ ആസൂത്രണം ചെയ്യുന്നത് എന്ന് ചന്ദ്രയാൻ 2 ൻ്റെ വിക്ഷേപണപൂജാവിധികളോടെ വെളിപ്പെട്ടിരിക്കുകയാണു

1957 ൽ സ്പുട്നിക്ക് വിക്ഷേപണം നടത്തിയായപ്പോൾ മുതൽ വിക്രം സാരാഭായി എന്ന മനുഷ്യന്റെയുള്ളിലെ ശാസ്ത്ര കൗതുകം വളരുകയായിരുന്നു. കേവലം പത്തുവർഷങ്ങൾ മാത്രമാണ് അന്ന് സ്വതന്ത്ര ഇന്ത്യയുടെ പ്രായം. ഇന്ത്യയെപ്പോലൊരു രാജ്യത്ത് അപ്രാപ്യമായ സ്വപ്നം. ഈ സ്വപ്നം മറ്റൊരു മനുഷ്യന്റെ കൂടി സ്വപ്നമാക്കി മാറ്റാൻ സാരാഭായിക്ക് കഴിഞ്ഞു അല്ലെങ്കിൽ അത് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ സ്വപ്നമാക്കി മാറ്റുകയായിരുന്നുവെന്നും പറയാം. വിക്രം സാരാഭായി എന്ന വലിയ ശാസ്ത്രജ്ഞൻ.1962 ൽ ഭാഭാ ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്‌പേസ് റിസേർച്ച് സ്ഥാപിക്കുകയും സാരാഭായി അതിന്റെ ഡയറക്ടറായി ചുമതലയേൽക്കുകയുമാണുണ്ടായത്.

യുദ്ധോപകരണങ്ങളിലൂടെ ശാസ്ത്ര മേന്മ കൈയടക്കുന്നതും ബഹിരാകാശ യാനങ്ങളിലൂടെ പുതിയ മാനങ്ങൾ തുറക്കുന്നതും വ്യത്യസ്തമാണെന്ന് മനസിലാക്കാനുള്ള ഉൾക്കരുത്ത് നെഹ്രുവിനും ഭാഭയ്ക്കും സാരാഭായിക്കും ഉണ്ടായിരുന്നതാണ് മാറ്റ് രാജ്യങ്ങളുടെ ബഹിരാകാശ ചരിത്രത്തിൽ നിന്നും ഇന്ത്യയെ വ്യത്യസ്തമാക്കുന്നത്. ഈ ചിന്ത തന്നെയാണെന്നു ഒടുവിൽ 1972 ൽ ഐ എസ് ആർ ഓ യെ ബഹിരാകാശവകുപ്പിനു കീഴിലേക്ക് മാറ്റുവാനും കാരണമായത്.

ഇന്ന് ചന്ദ്ര പര്യവേഷണം നടത്തുന്ന ലോകത്തെ വിരലിലെണ്ണാവുന്ന രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറുമ്പോൾ മറന്നു പോകരുതാത്ത ചിലതുണ്ട്. അവ ചില പേരുകളാണെങ്കിൽ അത് സാരാഭായിയുടെയും ഭാഭായുടെയും അവർക്കൊപ്പം നിന്ന സാക്ഷാൽ ജവഹർ ലാൽ നെഹ്‌റു എന്ന ദിർഘ ദർശിയായ ഭരണാധികാരിയുടെയുമാണ്. അതല്ല സാമൂഹികമായ ചില കരണങ്ങളാണെങ്കിൽ അത് ഇന്ത്യയിൽ നിലനിന്നിരുന്ന ജനാധിപത്യ ഭരണക്രമത്തിന്റെ വിജയവുമാണ്.

ഇവിടെ താരതമ്യം ചെയ്യേണ്ടത് ഇന്ത്യയ്‌ക്കൊപ്പം സ്വാതന്ത്ര്യം നേടിയ പാക്കിസ്ഥാനെയാണ്. ഒരേ ചിന്തയും ബുദ്ധിയും കഴിവുമുള്ള രണ്ട് സഹോദര രാഷ്ട്രങ്ങൾ. ഒരു വീട്ടിൽ ജീവിച്ചവർ. നെഹ്‌റു ഇന്ത്യയെന്ന സെക്കുലർ രാജ്യത്തെ ഭാവന ചെയ്തപ്പോൾ പാകിസ്‌താൻ മതേതരമായില്ല. ഒരേ കാലത്ത് തന്നെ ബഹിരാകാശ ഗവേഷങ്ങൾ തുടങ്ങാൻ ഇരു രാജ്യങ്ങൾക്കും സാധിച്ചെങ്കിലും ഇന്ത്യൻ ബഹിരാകാശ രംഗത്തെ കുതിപ്പ് അതേപോലെ കൊണ്ടുവരാൻ പാക്കിസ്ഥാന് കഴിയാതെ പോയെങ്കിൽ അവിടെ നഷ്ടപ്പെട്ട ജനാധിപത്യത്തെ മാത്രം കുറ്റപ്പെടുത്തിയാൽ മതിയാകും.

അതെ പുതിയ കാല ഇന്ത്യയിൽ എല്ലാം വിജയങ്ങളും അവകാശപ്പെടാൻ തയ്യാറായി ഒരാൾ നിൽക്കുമ്പോൾ ഓർമ്മിക്കേണ്ടത്. കാവി വത്കരണത്തിനു മുൻപുണ്ടായിരുന്ന തികച്ചും മനുഷ്യർ ജീവിച്ചിരുന്ന ഒരു ഇന്ത്യയെക്കുറിച്ചായിരിക്കണം. വേൾഡ് കപ്പ് ജയിക്കുന്നതും അതിർത്തിയിൽ യുദ്ധം ഉണ്ടാക്കി ജയിക്കുന്നതും ഒരാളുടെ കണക്കു പുസ്തകത്തിൽ രേഖപ്പെടുത്തുന്ന ലാഭവിഹിതമായി മാറിക്കഴിഞ്ഞു.നമ്മുടെ ഇത്തരം വിജയങ്ങൾ കേവലം അഞ്ചു വർഷം കൊണ്ടുണ്ടായതല്ല എന്ന ചിന്തയാണ് ബി ജെ പി ഉൾപ്പെടുന്ന പുതിയ പതാക വാഹകർ സ്മരിക്കേണ്ടത്, ഒന്ന് ചിന്തിച്ചു നോക്കൂ. ഇന്ത്യൻ സ്വാതന്ത്ര്യത്തിനു ശേഷം ഇവിടെ ഒരു മത ഭൂരിപക്ഷ ഭരണം വന്നിരുന്നെങ്കിലുള്ള അവസ്ഥ.

Read Also  ഹിന്ദു മഹാസഭ നേതാവിന്റെ വാക്കുകൾ നെഹ്രുവിന്റെ തലയിൽ വെച്ചുകെട്ടി സംഘപരിവാർ

അംബേദ്ക്കർ ഉൾപ്പടെയുള്ള ബുദ്ധിജീവികൾ ഏതെങ്കിലും ജയിലുകളിൽ അടയ്ക്കപ്പെടുമായിരുന്നു . ഇന്ത്യൻ ഭരണഘടനയ്ക് പകരം ഒരു ജീവിതക്കുറിപ്പു മാത്രം അദ്ദേഹത്തിന്റെ നെടുവീർപ്പായി പുറത്തുവരുമായിരുന്നു. നമ്മുടെ പാഠപുസ്തകങ്ങൾ പുഷ്പക വിമാനങ്ങളും രാമ രാവണ യുദ്ധ സന്നാഹങ്ങളും പതിനെട്ടക്ഷൗഹിണികളും കൊണ്ട് നിറയുമായിരുന്നു. അവിടെ നിന്നുള്ള മോചനമായിരുന്നു നെഹ്‌റു നേടിത്തന്ന സ്വാതന്ത്ര്യം. ഈ കാലത്ത് വ്യക്തിപരമായ അധിക്ഷേപങ്ങൾ ഒരു പാട് നേരിടുന്ന നേതാവാണ് ജവഹർലാൽ. എന്തിനും ഏതിനും നെഹ്രുവിന്റെ നടപടികളിലെ ശരികേടുകൾ കണ്ടെത്തുവാൻ അദ്ദെഹത്തിന്റെ വ്യക്തി ജീവിതം പോലും ഇളക്കി മറിച്ചു ചികഞ്ഞു കൊണ്ടിരിക്കുകയാണ്. അതവിടെ നടക്കട്ടെ.

പക്ഷെ നമ്മൾ തിരിഞ്ഞു പൊയ്ക്കൊണ്ടിരിക്കുകയാണ്. പാരമ്പര്യത്തിന്റെ കാര്യങ്ങൾ നിരത്തി പുരാണങ്ങളിലേക്കും മഹർഷിമാരിലേക്കും നമ്മുടെ പഠന പദ്ധതികളെ കൊണ്ടുചെന്നെത്തിക്കാനുള്ള തിടുക്കത്തിലാണ് പുതിയ കവി വത്കരണ ഭരണക്കാർ. ഈ പോക്കിന്റെ അപകടം മനസിലാക്കാൻ ഈ ചന്ദ്രയാൻ ദൗത്യത്തിന്റെ ഭൂതകാലം കൂടി പഠിക്കണം. പാരമ്പര്യത്തെ നിരാകരിച്ച ഒരു സമൂഹമായി യു എസിനെ നമ്മൾ കാണാറുണ്ട് ഒരു പക്ഷെ ത്ത്വത്തന്നെയാവും ശാസ്ത്ര രംഗത്ത് അവർ നേടിയ മുന്നേറ്റം. സ്വപ്നങ്ങളെ ചങ്ങലക്കിടാതെ അതിന്റെ വഴിക്കു തുറന്നു വിട്ടാൽ മാത്രമേ പുതിയ ഭൂമിയിലേക്കു മനുഷ്യന് ധൈര്യമായി കടന്നു ചെല്ലാൻ സാധിക്കൂ. ഇവിടെ ഇന്ത്യൻ ചന്ദ്രയാൻ കുതിപ്പിന് സാക്ഷ്യം വഹിക്കാൻ ധ്യാനഗുരുവായ ജഗ്ഗി വാസുദേവ് എത്തുന്നിടത്ത് നിന്നും കാര്യങ്ങൾ ചിന്തിച്ചു തുടങ്ങണം. യുക്തി ചിന്തയും ആധ്യാത്മികതയും രണ്ടു ധ്രുവങ്ങളിൽ തന്നെ നിലനിൽക്കണം അതിനെ പരസ്പരം ബന്ധിപ്പിക്കേണ്ട ആവശ്യമില്ല. ഇന്ത്യൻ വിദ്യാഭ്യാസ പരിഷ്ക്കരണ ത്തിൽ തന്നെ വന്നു നിൽക്കാം.

പൗരാണികകാലത്തുതന്നെ പുഷ്പകവിമാനത്തിൽ കയറി നടന്ന ഭാരതത്തിനു ഇതൊന്നും പുത്തരിയല്ല എന്ന ചർച്ചകളാണു ഭരണകൂടത്തിൻ്റെ അകത്തളങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്  ചന്ദ്രയാത്രയ്ക്കപ്പുറമുള്ള വിജയങ്ങൾ നേടുവാൻ തികച്ചും യുക്തിപരമായ പഠന സമ്പ്രദായമാണ് വേണ്ടത്. അത് മനസിലാക്കിയില്ലെങ്കിൽ മറ്റൊരു പാക്കിസ്ഥാനായി മാറും ഇന്ത്യയെന്ന് നമ്മൾ വിളിക്കുന്ന ഈ നാട്.

LEAVE A REPLY

Please enter your comment!
Please enter your name here