വിനോദ് ഇളകൊള്ളൂർ എന്ന യുവാവായ എഴുത്തുകാരന്റെ ‘വിലാപങ്ങളുടെ വിരുന്നു മേശ ‘ എന്ന നോവൽ 2012 ലാണ് പ്രസിദ്ധീകരിച്ചത്. ഒരു ചെറുപ്പക്കാരന്റെ ആദ്യ നോവൽ എന്ന നിലയിൽ വിരുന്നു മേശ ശ്രദ്ധിക്കപ്പെടേണ്ടതായിരുന്നു. എന്നാൽ അത്രയ്ക്ക് പ്രചാരം ആ നോവലിന് കിട്ടിയോ എന്ന് സംശയമാണ്. പലപ്പോഴും പല എഴുത്തുകാരും നേരിട്ട ഒരു വെല്ലുവിളി വിനോദിനു നേർക്കും ഉയർന്നു വന്നു എന്നാണ് ഇതുകൊണ്ട് കരുതേണ്ടത്. കൂടുതൽ ഊർജ്ജസ്വലതയോടെ എഴുത്തിൽ മുഴുകുകയും ആദ്യത്തേതിലും മികച്ച നോവൽ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ആ വെല്ലുവിളി.


‘ശില്പപരമായി സക്കറിയ തുടങ്ങി വെച്ചതും കൊച്ചുബാവ മുന്നോട്ടു കൊണ്ടു പോയതുമായ ആഖ്യാന സമ്പ്രദായത്തിന് മുന്നോട്ടുള്ള ഒരു കുതിപ്പ് സാധ്യമാക്കുന്നതിൽ ‘ വിലാപങ്ങളുടെ വിരുന്നു മേശ ‘ എന്ന നോവൽ നൽകുന്ന സംഭാവന വലുതാണ് എന്ന് മനോജ് ജാതവേദര് എന്ന കഥാകൃത്ത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഈ നൂറ്റാണ്ടിൽ മലയാളത്തിൽ ഉണ്ടായിട്ടുള്ള മികച്ച നോവലുകൾ വായിച്ചവർക്ക് പെട്ടെന്ന് മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. നോവൽ ശില്പത്തിൽ വലിയ പണികൾ നോവലിസ്റ്റുകൾ നടത്തിയിട്ടുണ്ട് എന്നതാണത്. വെറുതെ ഒഴുക്കനെ കഥ പറഞ്ഞു പോകുന്ന രീതിയൊക്കെ എവിടെയോ ഉപേക്ഷിക്കപ്പെട്ടു. ഒരു ഗവേഷകനെപ്പോലെ വിവരശേഖരണമൊക്കെ നടത്തി ക്രോഡീകരിച്ച് കൊത്തിക്കൊത്തിമിനുക്കിയെടുത്ത ശില്പമുള്ള നോവലുകളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പോയ ആണ്ടുകളിൽ ഇവിടെ ആഘോഷിക്കപ്പെട്ടത്. ഫ്രാൻസിസ് ഇട്ടിക്കോരയും സുഗന്ധിയും പാലേരി മാണിക്യവും കെ.ടി.എൻ.കോട്ടൂരും പന്നിവേട്ടയും നിലം പൂത്തു മലർന്ന നാളും കരിക്കോട്ടക്കരിയും ഒക്കെ ശില്പപരമായി ഏറെ സാധന ചെയ്ത് രൂപപ്പെട്ട നോവലുകളാണ്. സിദ്ധി മാത്രം പോരാ സാധനയും കൂടി കലർന്നെങ്കിലേ ഏതു കലാസൃഷ്ടിയും മേന്മയുള്ളതാകൂ. നോവൽ എന്ന സാഹിത്യരൂപത്തിന്റെ ഏറ്റവും വലിയ സവിശേഷത തന്നെ രൂപത്തിൽ ഒട്ടേറെ കൈവേലകൾക്ക് ( കൈവേലകളുടെ ഇവിടുത്തെ അർത്ഥം ഭാവനാ വേലയെന്നാണ് ) അതിൽ സാധ്യതയുണ്ടെന്നുള്ളതാണ്.രൂപത്തിലും ഭാവത്തിലും അനന്തമായ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിശാലമായ സ്ഥലസൗകര്യം നോവൽ എന്ന സാഹിത്യരൂപം നൽകുന്നു. നോവലിൽ വാസ്തു പുരുഷൻ കി ടക്കുന്നത് സവിശേഷമായ ഒരു നിലയിലാണ്. സി.വി.രാമൻപിള്ളയും ബഷീറും തകഴിയും കോവിലനും വിജയനും ആനന്ദും മലയാളത്തിൽ ഈ വാസ്തു പുരുഷനെ കൃത്യമായി കണ്ടറിഞ്ഞ് വ്യത്യസ്തങ്ങളായ ശില്പങ്ങൾ പടുത്തവരാണ്. നേരത്തെയുള്ള നോവലുകളിൽ നിന്ന് വേറിട്ട് വലകെട്ടുന്നതു പോലെയാണ് ഈ നോവൽ എഴുതിയിരിക്കുന്നത് എന്ന് കോവിലൻ എ മൈനസ് ബിയുടെ ആമുഖത്തിൽ എഴുതുന്നത് ശില്പത്തിൽ നടത്തുന്ന പുതുമയെക്കുറിച്ചാണ്. ഹിമാലയവും തട്ടകവും തോറ്റങ്ങളും എഴുതിയ അമ്പേ ഭിന്നങ്ങളായ നോവലുകൾ രചിച്ച കോവിലനെ പട്ടാള നോവലിസ്റ്റ് എന്ന ഒറ്റക്കണ്ണത്തിൽ ഒതുക്കിക്കളയാൻ നോക്കിയ അക്കാദമിക് വിമർശകരുടെ നാടാണ് കേരളം എന്നോർക്കുക. വെറുതെ ഓർക്കുക.


വ്യക്തിപരമായി വലിയ നോവലുകൾ വായിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. ഒരു സാഹിത്യരൂപം അങ്ങനെ ഒരു സാധ്യത തുറന്ന് വെച്ചിരിക്കുമ്പോൾ കുറിയ രൂപത്തിൽ എഴുതുന്നത് അലസതയുടെ ഭാഗമാണെന്നു കരുതുന്ന വായനക്കാരനാണ് ഞാൻ. ക്ലാസ്സിക്കായി മാറിയ നോവലുകളെല്ലാം ബൃഹദാ കാരമുള്ളവയാണ്. മനുഷ്യ മനസ്സിന്റെ കടലാഴങ്ങളിലേക്ക് പോയി മുത്തുകൾ വാരിയെടുത്തവരെയാണ് ലോകോത്തര നോവലിസ്റ്റുകളായി ലോകത്തെമ്പാടുമുള്ള നല്ല വായനക്കാർ വാഴ്ത്തുന്നത്. എന്തോ, മലയാളത്തിൽ ,ഈ ഭാഷയുടെ ഏതോ മുറുക്കം കൊണ്ടാണോ ചെറിയ ചില നോവലുകൾക്ക് അസാധാരണ ഭംഗി ലഭിച്ചിട്ടുണ്ട്. പാത്തുമ്മയുടെ ആടും മഞ്ഞും തോറ്റങ്ങളും ശേഷക്രിയയുമൊക്കെ ആ നിരയിൽ എണ്ണാവുന്ന കൃതികളാണ്. ( നരേന്ദ്രപ്രസാദ് ഇക്കാര്യം പണ്ടേ സൂചിപ്പിച്ചിട്ടുണ്ട്.) എന്നാൽ നോവൽ എന്ന പേരിൽ ഇവിടെ ഇറങ്ങിയ പല ചെറിയ കൃതികളും നീണ്ട കഥകൾ മാത്രമാണ്. ചെറുകഥയുടെ ഇഴ മുറുക്കമോ നോവലിന്റെ ദാർശനിക ഗരിമയോ കൈവരാത്ത വെറും പാഴ് കളകൾ മാത്രമാണവ. കെട്ടുകെട്ടു കണക്കിന് അത്തരം കെരന്തങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ ഗ്രാമീണ വായനശാലകളിൽ പൊടിപിടിച്ചു കിടക്കുന്ന പുസ്തകങ്ങളിൽ ഏറെയും ഈ വകയിൽ പെടുന്ന സാധനങ്ങളാണ്.
ഈയിടെ പ്രസിദ്ധീക്കപ്പെട്ട വിനോദ് ഇളകൊള്ളൂരിന്റെ ‘ഏദൻ ‘ എന്ന നോവൽ ചെറിയ നോവലാണ്. നോവൽ വായിച്ചു തുടങ്ങുമ്പോൾ ഒരു ഇഷ്ടം തോന്നും. എന്നാൽ വായിച്ചവസാനിപ്പിക്കുമ്പോൾ നിരാശ തോന്നുന്നു. സാധാരണ പ്രമേയം. സംശയിക്കുന്ന ഭർത്താവും സംശയിക്കുന്ന ഭാര്യയും. ആദ്യരാത്രിയിൽ ഭർത്താവ് ഭാര്യയ്ക്കു കഥ പറഞ്ഞു കൊടുക്കുന്ന രീതിയിലാണ് ആഖ്യാനം.ഭർത്താവിന്റെ അച്ഛന്റെയും അമ്മയുടെയും ദാമ്പത്യ ജീവിതത്തിൽ സംഭവിക്കുന്ന ലൈംഗിക അസംതൃപ്തികളും അതുവഴി ഉടലെടുക്കുന്ന ആന്തരിക സംഘർഷങ്ങളുമാണ് ഏദനിലെ ഇതിവൃത്തം. ഒരു ഡിറ്റക്ടീവ് ഏജൻസിയുടെ സഹായത്താൽ തെറ്റിദ്ധാരണകൾ എല്ലാം നീങ്ങുന്നു.രണ്ടു പേരും ഒരു വിവാഹേതര ബന്ധത്തിൽ ഏർപ്പെട്ടെങ്കിലും അതിനിടയാക്കിയ കാരണങ്ങൾ ഉൾക്കൊണ്ട് ആ മധ്യവർഗ്ഗ ദമ്പതികൾ സസന്തോഷം സംതൃപ്ത ജീവിതം തുടർന്നു. അവരുടെ മകൻ കല്യാണ രാത്രിയിൽ വധുവിന് ഈ കഥ പറഞ്ഞു കൊടുക്കുന്നു. അതിനിടയിൽ ലൈംഗികതയെ പാപവുമായി ബന്ധിപ്പിച്ചും സമൂഹത്തിന്റെ കപട സദാചാര സങ്കല്പത്തെക്കുറിച്ചും പരസ്പരം മനസ്സിലാക്കാനായില്ലെങ്കിൽ വിവാഹ ജീവിതത്തിനിടയിൽ മറ്റു വേലിയിലെ ചെടികൾ തിന്നുന്ന കൊറ്റനാടുകളായെന്നു വരാം എന്നു മൊക്കെയാണ് നോവലിസ്റ്റ് പ്രതിപാദിക്കുന്ന ആശയങ്ങൾ. ഡോ. വിജയകൃഷ്ണൻ, അജയൻ തുടങ്ങിയ ചില കഥാപാത്രങ്ങളെ ഇത്രയും കുറുകിയ നോവലിൽ കൊണ്ടു വന്നിട്ട് കഥാഗാത്രത്തോടെ ഇണക്കാൻ കഴിഞ്ഞിട്ടുമില്ല. ആകെപ്പാടെ ഒരു ചെറുകഥയുടെ വട്ടപ്പടയിൽ ഒതുങ്ങാനുള്ള തേയുള്ളു ‘ഏദൻ ‘
നല്ല കൈയടക്കത്തോടെ എഴുതാനുള്ള സിദ്ധിയുള്ള ആളാണ് വിനോദ് ഇളകൊള്ളൂർ. ആകർഷകമായ ചെറിയ വാചകങ്ങളിലൂടെയാണ് രണ്ടു നോവലുകളിലും വിനോദ് കഥ പറയുന്നത്. ഈ കഴിവ് അസൂയ തോന്നിപ്പിക്കും വിധമുള്ളതാണ്. നോവൽ രചനയ്ക്കു വേണ്ട സിദ്ധിയുള്ള വിനോദ് ആദ്യ നോവൽ നൽകിയ വെല്ലുവിളിയെ അതിജീവിക്കുന്നില്ല. വെല്ലുവിളിയെ നേരിടുക. കൂടുതൽ ധ്യാനിക്കുക. അതിശയിപ്പിക്കുന്ന നോവൽ സൃഷ്ടിക്കുക.

Read Also  ഓർമ്മപോൽ പിഴിഞ്ഞേറെ പിഞ്ഞിയ പ്രണയം - കെ.രാജഗോപാലിന്റെ കവിതകളെക്കുറിച്ച് കെ രാജേഷ് കുമാർ കോളം കവണി

LEAVE A REPLY

Please enter your comment!
Please enter your name here