Saturday, January 29

കെ. ജി. ജോര്‍ജ്ജിന്റെ ‘കോലങ്ങൾ’ വീണ്ടും കാണുമ്പോൾ – പി വൈ ബാലന്റെ വായന

പി വൈ ബാലൻ മലയാള സിനിമയിലെ ക്ലാസ്സിക്കുകളിൽ ഒന്നായ കോലങ്ങൾ പുനർ വായിക്കുന്നു.

പി വൈ ബാലൻ

ഴുപതുകളിൽ രൂപംകൊണ്ട മലയാളസിനിമയുടെ ഗതിമാറ്റം എൺപതുകളുടെ പകുതിവരെ തുടർന്നുപോകുന്നതു കാണാം. ഇക്കാലയളവിൽ പുതിയ പല അന്വേഷണങ്ങളും ചലച്ചിത്രമേഖലയിൽ സംഭവിച്ചത് വാസ്തവം. ഇൗ പരിണാമദശയിൽ ശ്രദ്ധേയമായ ചലച്ചിത്രങ്ങൾകൊണ്ട് മലയാളിയുടെ സംവേദനതലത്തിൽ മാറ്റങ്ങളുണ്ടാക്കിയ സംവിധായകനാണ് കെ.ജി. ജോർജ്ജ്. യാഥാർത്ഥ്യത്തിന്റെ ചില അന്തർധാരകൾ ഇദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളിൽ പ്രത്യക്ഷമായി. ലാളിത്യത്തിന്റേതായ ഒരു ചലച്ചിത്ര ഭാഷ ഇദ്ദേഹത്തിന്റെ സിനിമകളെ മറ്റു സിനിമാക്കാരുടെ സിനിമകളിൽനിന്നും വ്യത്യസ്തമാക്കുന്നു. ലാളിത്യത്തോടെ സിനിമയുടെ സാധ്യതകൾ ആരായുന്നു. അങ്ങനെ ആരാഞ്ഞ ഒരു സിനിമയാണ് കോലങ്ങൾ. 1981-ലാണ് ഇൗ സിനിമ റിലീസായത്.

പി.ജെ. ആന്റണിയുടെ ഒരു ഗ്രാമത്തിന്റെ ആത്മാവ് എന്ന നോവലിനെ ആസ്പദമാക്കിയാണ് കോലങ്ങൾ എന്ന സിനിമയുണ്ടായത്. തിരക്കഥയും സംഭാഷണവും ജോർജ്ജ് തന്നെയാണ് നിർവ്വഹിച്ചത്. നാടകത്തിൽ റിയലിസത്തിന്റെ വഴിയിലൂടെയാണ് പി.ജെ. ആന്റണി സഞ്ചരിച്ചത്. ഇൗ നോവലും യഥാതഥ്യരീതിയുടെ വഴിക്കുതന്നെയായിരുന്നു. ജോർജ്ജ് സിനിമയ്ക്ക് രൂപം നൽകിയപ്പോൾ ഉള്ളടക്കത്തിലും കഥാകഥനരീതിയിലും ഇൗ യഥാതഥ്യരീതി പുലർത്തുന്നതായി കാണാം. പി.ജെ. ആന്റണിയുടെ വഴി പിൻതുടർന്നുവെന്നല്ല പറഞ്ഞതിനർത്ഥം. ജോർജിന് റിയലിസത്തിന്റെ പുതിയ വഴി. അടൂരിനെപ്പോലുള്ളവർ നിയോറിയലിസത്തിന്റെ വഴി തേടിയപ്പോൾ ആഖ്യാനരീതിയിൽ തന്റേതായ ഒരു റിയലിസ്റ്റിക് വഴി വെട്ടിത്തുറന്ന സംവിധായകനാണ് ജോർജ്ജ്.

പി.ജെ. ആന്റണിയുടെ ഒരു ഗ്രാമത്തിന്റെ ആത്മാവ് എന്ന നോവലിനെ ആസ്പദമാക്കിയാണ് കോലങ്ങൾ എന്ന സിനിമയുണ്ടായത്.

മധ്യതിരുവിതാംകൂറിലെ ഒരു പുഴക്കരയിലെ ഗ്രാമം. ആ ഗ്രാമത്തിന്റെ കഥയാണ് കോലങ്ങൾ. ആ കരയിലെ വ്യത്യസ്തരായ മനുഷ്യരുടെ വ്യത്യസ്തമായ ജീവിതചര്യകൾ തുറന്നു കാട്ടുന്ന ചലച്ചിത്രം. മറിയാമ്മയും ഏലിയാമ്മയും അയൽവാസികൾ. അവർ രണ്ടുപേരും മുഖത്തു നോക്കിയാൽ കീരിയും പാമ്പുമാണ്. നിസ്സാരമായ കാര്യങ്ങൾക്കുപോലും വഴക്കുകൂടും. ഏലിയാമ്മയ്ക്കും മറിയാമ്മയ്ക്കും ഒാരോ പെൺകുട്ടികൾ വീതം. രണ്ടുപേരുടെയും ചെറിയ പറമ്പുകളിൽ കന്നുകാലികളോ കോഴിയോ കടന്നുകയറിയാൽ പരസ്പരം വഴക്കായി. ഇവരുടെ ശത്രുത നാട്ടിലെങ്ങും ചർച്ചാവിഷയമാണ്. ഏലിയാമ്മയുടെ ഭർത്താവിനെ അടിച്ചോടിച്ചെന്നാണ് മറിയാമ്മയുടെ ഭാഷ്യം. മറിയാമ്മയുടെ ഭർത്താവ് കൂലിപ്പണിക്കാരനാണ്. മറിയം ചന്തമറിയം എന്ന പേരിലാണ് അറിയപ്പെടുന്നത്. ചന്തയിൽ അപ്പക്കച്ചവടമാണ് തൊഴിൽ. അങ്ങനെയിരിക്കെ ഏലിയാമ്മയുടെ ഭർത്താവിന്റെ വഴിയിൽ ഒരു അകന്ന ബന്ധുവായ ചെറുപ്പക്കാരൻ കോടമ്പക്കത്തുനിന്നും സിനിമയിലെ നിർമ്മാണസഹായി എന്ന് പറഞ്ഞ് ഏലിയാമ്മയുടെ വീട്ടിൽലെത്തുന്നു. അയാളോടൊപ്പം സിനിമയിലേക്കെന്ന് പറഞ്ഞ് ഏലിയാമ്മ തന്റെ മകളെ യാത്രയാക്കുന്നു. ഇൗ കാര്യവും ഏലിയാമ്മയുടെ മകളെ അപകീർത്തിപ്പെടുത്താൻ ചിലർ ഉപയോഗപ്പെടുത്തുന്നു.

 

ഇതേ സമയത്തുതന്നെ വളക്കച്ചവടത്തിനായി ഇൗ കരയിൽ എത്തിച്ചേരുന്ന ചെറിയാനുമായി മറിയത്തിന്റെ മകൾ പ്രണയത്തിലാകുന്നു. നല്ലവനും കരപ്രമാണിയുമായ രാമൻ നായർ നൽകുന്ന സ്ഥലത്ത് പുതിയ ഒരു പുര പണിത് മറിയത്തിന്റെ മകൾ കുഞ്ഞമ്മയെ ഭാര്യയായി ലഭിക്കുമെന്ന പൂതിയിൽ ചെറിയാൻ കഴിയുന്നു. ഇൗ പ്രേമവും നാട്ടിൽ പുകിലുകൾ സൃഷ്ടിക്കുന്നു.

Read Also  യവനികയുടെ തിരക്കഥ ഒറ്റയ്ക്ക് എഴുതിയതാണു : വിവാദത്തിനു മറുപടിയുമായി കെ ജി ജോർജ്

പൊടിപ്പും തൊങ്ങലുംവച്ച് പരദൂഷണം മെനഞ്ഞ് ഗ്രാമാന്തരീക്ഷം കൂടുതൽ വഷളാകുന്നു. തരവനായ ചാക്കോ, എന്ത് കള്ളത്തരവും പറഞ്ഞ് സത്യമാക്കുന്ന പരമു, സദാ മദ്യത്തിൽ മുങ്ങിയാടുന്ന കള്ള് വർക്കി ഇവരെല്ലാവരും ചേർന്ന് സൃഷ്ടിച്ചെടുക്കുന്നത് നിഷ്കളങ്കമായ ഒരു ഗ്രാമത്തിന്റെ ചരിത്രമല്ല. മറിച്ച്, പുഴയിൽ മുങ്ങിത്താഴുന്ന ഒരു ദുരന്തഗ്രാമത്തിന്റെ ചരിത്രമാണ്. ചിത്രം അന്ത്യത്തോടടുക്കുമ്പോൾ ഗർഭിണിയായി മദ്രാസിൽ നിന്ന് തിരിച്ചെത്തുന്ന ഏലിയാമ്മയുടെ മകൾ മുഴുഭ്രാന്തിലേക്ക് എടുത്തെറിയപ്പെടുന്നു. തെക്കുനിന്നും വന്ന ചെറിയാന് തന്റെ മകളെ നൽകില്ലെന്ന് മറിയാമ്മ വാശിപിടിച്ച് കള്ള് വർക്കിക്ക് വിവാഹം ചെയ്തുകൊടുക്കുന്നു. ബ്ലോക്ക് ഒാഫീസറായി എത്തുന്ന കുട്ടിശങ്കരനെ ഭർത്താവായി ലഭിച്ച ദേവയാനിയും അനാഥത്വത്തിലേക്ക് വഴുതിവീഴുന്നു. ചുരുക്കത്തിൽ വരത്തനായി എത്തുന്ന ശങ്കരൻകുട്ടി തിരിച്ച് മലബാറിലേക്ക് പോകുന്നു. വരത്തനായ ചെറിയാൻ തന്റെ പുര കത്തിച്ച് എല്ലാ മോഹങ്ങളും ചാമ്പലാക്കി ഇൗ പുഴക്കര ഉപേക്ഷിക്കുന്നു.

മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞുനോട്ടം നടത്തി സ്വകാര്യത പൊതുചർച്ചയാക്കി മാറ്റുന്ന ഒരു ഗ്രാമത്തിന്റെ ദുരന്തമാണ് ഇൗ ചലച്ചിത്രം. ഒരാളിന്റെ സ്വകാര്യതയിലേക്ക് കടന്നു കയറാനുള്ള ത്വര അതിന്റെ ഉച്ചകോടിയിലെത്തുന്ന ഒരു സിനിമയാണിത്. ഇതിൽ പുരുഷനും സ്ത്രീയും പങ്കാളികളാണ്. എന്നാൽ പുരുഷാധിപത്യത്തിന്റെ നിഴലിലാണ് ഇതെല്ലാം സംഭവിക്കുന്നത്. ഇതിലെ പുരുഷകഥാപാത്രങ്ങൾ പരദൂഷണം പറയുന്നതിന് പ്രതിഫലമായി കള്ളും പണവും സ്വീകരിക്കുന്നവരാണ്. അധ്വാനിക്കാതെ പാരസൈറ്റുകളായി മൂലവൃക്ഷത്തെ തന്നെ നശിപ്പിക്കുന്ന തരത്തിൽ വർത്തിക്കുന്നു. സ്ത്രീശരീരം ഒളിഞ്ഞുനോക്കി ആസ്വദിക്കുന്ന പരമു ഞരമ്പുരോഗിയുടെ തലത്തിൽ അധഃപതിക്കുന്ന ഒരു സമൂഹത്തിന്റെ പരിഛേദമാണ്. ഗ്രാമങ്ങൾ ന•കൾകൊണ്ട് സമൃദ്ധമാണെന്ന വാദത്തെ അടിമുടി കീറി പരിശോധിക്കുന്ന ചിത്രമാണ് കോലങ്ങൾ. ഒാർമ്മകളുടെ ദൃശ്യാനുഭവങ്ങളോ സ്വപ്നസദൃശ്യമായ രംഗങ്ങളോ ഇല്ല. യഥാതഥദൃശ്യങ്ങളുടെ നൈരന്തര്യം മാത്രം.

ഏതു കാലഘട്ടത്തിലും സ്വകാര്യതയിലേക്കുള്ള എത്തിനോട്ടം ഗ്രാമാന്തരീക്ഷത്തിന്റെ, ഗ്രാമവ്യവസ്ഥിതിയുടെ നാശത്തിലേക്ക് നയിക്കുന്നു. ശിഥിലമാകുന്ന ഗ്രാമജീവിതത്തിന്റെ യഥാതഥ ചിത്രങ്ങളാണ് ജോർജ്ജ് വരച്ചുകാട്ടുന്നത്. ഗ്രാമം ഒരു നൊമ്പരമായി നമ്മുടെ മനസ്സിൽ നിറയുന്നു.

Spread the love