വീണ്ടും ഒരു പെരുമഴക്കാലം. കേരളത്തിന് മറ്റൊരു ദുരന്തകാലമായി ഈ മഴക്കാലവും. പ്രകൃതിക്ഷോഭത്തിൽ ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് കണ്ണീർ പ്രണാമം. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരെ ആശ്വസിപ്പിക്കുവാനുള്ള കെൽപ്പ് വാക്കുകൾക്കില്ല. വീടും മണ്ണും പോയവർ. ഒന്നു നേരം വെളുത്തു വരുമ്പോഴേക്കും അന്നുവരെ സ്വരുക്കൂട്ടിയതെല്ലാം കൺമുമ്പിൽ നിന്ന് മായിച്ചു കളയുന്ന ഈ പേമാരി സഹ്യന്റെ അസഹ്യത കൊണ്ടുണ്ടാകുന്നതാണോ? മലയിടിച്ചിലും ഉരുൾപൊട്ടലും മലയാളി യുടെ വിചാരങ്ങളെ ആ വഴിയിലേക്കു തിരിച്ചു വിട്ടിട്ടുണ്ട്. മാധവ ഗാഡ്ഗിൽ റിപ്പോർട്ടിനെക്കുറിച്ചുള്ള ചർച്ചകൾ പൊടിച്ചു വരുന്നുണ്ട് വെയിൽ തെളിഞ്ഞതിനൊപ്പം. മഹാപ്രളയത്തെ ഒറ്റക്കെട്ടായി അതിജീവിക്കാൻ ശ്രമിക്കുമ്പോൾ തന്നെ ഈ ദുരന്തങ്ങളുടെ മൂല കാരണമെന്താണ് എന്ന ശാസ്ത്രീയ അന്വേഷണങ്ങളും നടക്കേണ്ടതുണ്ട്. കേരളത്തെ ആനന്ദ കേരളമാക്കിയിരുന്ന മഴ ഇന്ന് കേരളത്തെ പേടിപ്പിക്കുന്നതായി മാറിക്കഴിഞ്ഞിരിക്കുന്നു.

മാധവ ഗാഡ്ഗിലിന്റെ പശ്ചിമഘട്ട സംബന്ധിയായ റിപ്പോർട്ടിനെതിരെ കേരളത്തിലെ ഹൈറേഞ്ചുകളിൽ ഉണ്ടായ പ്രക്ഷോഭങ്ങൾ നാം കണ്ടതാണ്. മതവും രാഷ്ട്രീയവും കൂടിക്കലർന്നുണ്ടായ പരിസ്ഥിതിവിരുദ്ധ സമരങ്ങളായി കാലം ആ സമരങ്ങളെ അടയാളപ്പെടുത്തും. മതേതരത്വം എന്ന് പിച്ചും പേയും പറയുമ്പോലെ അടിയ്ക്കടി ഉരുവിട്ടു കൊണ്ടിരിക്കുന്ന ഇടംവല രാഷ്ട്രീയ കക്ഷികളുടെ വോട്ടു പ്രീണന കപട മുഖം മൂടി അഴിഞ്ഞു വീണു കിടക്കുന്നുണ്ട് ഈ സമരഭൂമികളിൽ . ശവഘോഷയാത്ര എന്ന അത്യന്തം നിന്ദ്യമായ സമാരാഭാസം മലമടക്കുകളിൽ അരങ്ങേറി.

വാസ്തവത്തിൽ കേരളമാകെ അതി ഗൗരവപൂർവ്വം ഗാഡ്ഗിൽ റിപ്പോർട്ടിനെക്കുറിച്ച് വിചാരപ്പെടേണ്ടിയിരിക്കുന്നു. മലയിലായാലും കടലിലായാലും ഉണ്ടാകുന്ന ഏതു ചെറിയ പാരിസ്ഥിതികാഘാതവും വീതി തീരെ കുറഞ്ഞ കൊച്ചു കേരളത്തെ മുഴുവൻ ബാധിക്കും എന്ന് പോയവർഷത്തെയും ഈ വർഷത്തെയും ദുരന്തങ്ങൾ ആവർത്തിച്ച് സാക്ഷ്യപ്പെടുത്തുന്നു.

സഹ്യസാനുക്കളിൽ നിന്ന് ഞരമ്പുകൾ പോലെ പടർന്നൊഴുകിയിറങ്ങുന്ന കുഞ്ഞു നദികളും അവയിലേക്ക് പല പല വഴികളിലൂടെ എത്തിച്ചേരുന്ന തോടുകളും ഈ നദികളുടെ പതന കേന്ദ്രങ്ങൾ ആയ കായലുകളും ചേർന്ന് കേരളത്തെ അത്യധികം വെള്ളപ്പറ്റുള്ള നാടാക്കി മാറ്റുന്നു. ഈ ജലവാഹിനികളും ജലസംഭരണികളും നശിച്ചാൽ ,മലിനമായാൽ കേരളം പട്ടു പോകും. മലയച്ചനുണ്ടാകുന്ന ഏതു ചെറിയ ഉലച്ചിലും നദീപുത്രികളെ കലക്കി മറിക്കും. മല കലങ്ങി ഒഴുകി വരുന്ന പുഴകൾ കേരളമാകുന്ന പുര മെരിച്ചു കളയും. കടമ്മനിട്ട എന്ന കവി പണ്ട് കോപിച്ചലറി. ‘ എവിടെന്റെ തുളസിക്കാടുകൾ ? ഈറൻ മുടി കോതിയ സന്ധ്യകൾ? പച്ചപ്പൈ ചാടി നടക്കും മുത്തങ്ങാപ്പുല്ലുകളെവിടെ?

കടമ്മനിട്ടയുടെ കിരാതന്റെ രോഷം ഒട്ടും കാല്പനികമല്ലായിരുന്നു എന്ന് ഇന്ന് നാം അറിയുന്നു. മാധവ ഗാഡ്ഗിലിന്റെ റിപ്പോർട്ടിനെ കാല്പനികമായി കാണരുത്. വി.എസ്. അച്യുതാനന്ദനെ പരാജയം ഭക്ഷിക്കുന്ന രാഷ്ട്രീയ നേതാവായി അവഗണിച്ചു തള്ളരുത്. പി.ടി.തോമസിന്റെ അടിയുറച്ച നിലപാടുകളെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ സമവാക്യങ്ങളിൽ കൊരുത്ത് അളക്കരുത്.

നമുക്ക് അതിജീവിക്കണം. നാം അതിജീവിക്കും. പരാജയപ്പെടുന്ന ജനതയല്ല കേരളം . പരാജയപ്പെടേണ്ട മനുഷ്യരല്ല മലയാളികൾ. സ്വാതന്ത്ര്യത്തിന്റെ ചിങ്ങപ്പുലരികൾ പൊട്ടിവിടരട്ടെ. പച്ചക്കുതിര മാസികയിൽ പ്രസിദ്ധീകരിച്ച രാജൻ സി.എച്ചിന്റെ ‘അഞ്ചും മഴ ‘എന്ന കവിതയിലെഴുതിയതു പോലെ കറുത്തു പെയ്താലേ വെളുക്കൂ ലോകമെന്ന് സാന്ത്വനിക്കാം.

Read Also  കെ. വി. തമ്പി ഓർമ്മ

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here