‘പൂട്ടി വെച്ചുള്ള മനസ്സോടിരുന്നു ഞാ-
നോർക്കുകയാണദ്ദിനങ്ങൾ തൻ ലാഘവം ‘

1959 ലാണ് നഗരത്തിൽ ഒരു യക്ഷൻ എന്ന പ്രസിദ്ധമായ കവിത ആറ്റൂർ രവിവർമ്മ രചിച്ചത്. ആറു പതിറ്റാണ്ടുമുമ്പ്. ‘പോയ മധുവിധു ക്കാലത്തിനേക്കാളു –
മിന്നു പ്രിയമുണ്ടെനിക്കു നിന്നോടെടോ’ എന്ന കവിതയിലെ അവസാന ഈരടികൾ പാടി പാടി പതിഞ്ഞതാണ്. അതിനു തൊട്ടുമുമ്പുള്ള വരികളാണ് തുടക്കത്തിൽ എടുത്തെഴുതിയിരിക്കുന്നത്. ആറ്റൂരിന്റെ കവിതകളുടെ പൊതു ഭാവതലം ആ ഈരടികളിലുണ്ട്.

പൂട്ടി വെച്ച മനസ്സോടിരുന്ന് പോയ ദിനങ്ങളെ കാലങ്ങളെ ഓർത്തെടുത്ത് വാക്കുകളിൽ കൊത്തിവെച്ചപ്പോൾ അത് ആറ്റൂർക്കവിതകളായി. പുതുമ മാഞ്ഞു. എന്നാൽ മധുവിധു കാലത്തേക്കാൾ പ്രിയതമയോടു പ്രിയമേറി. വിരഹത്തിൽ ലാവണ്യം നിരവദ്യമായി ,സമഗ്രമായി കണ്ടൂ കവി. ഈ ലാവണ്യദർശനമാണ് ആറ്റൂർ കവിതയുടെ അടിത്തട്ടിലാകെ കാണുക . മുകളിൽ നിന്ന് നോക്കിയാൽ ആ അടിത്തട്ട് കാണില്ല. ആഴമില്ലാത്ത പുഴയല്ല അത്. മൂവാൾ നാലാൾ അഞ്ചാൾ ആഴമുണ്ട് അതിന്. മുങ്ങി മുങ്ങി അടിയിൽ ചെല്ലുമ്പോൾ ആറ്റാഴത്തിന് ഒരു തണുപ്പുണ്ട്. ആ തണുപ്പ് വേറെ എവിടെയുമില്ല. ആറ്റൂർ കവിതകളുടെ ആഴത്തണുപ്പ് മലയാളത്തിലെ മറ്റൊരു കവിതയിലുമില്ല.

ആറ്റൂരാരെയും അനുകരിച്ചില്ല. ആറ്റൂരിനെ ആരും അനുകരിച്ചില്ല. കുഞ്ഞിരാമൻ നായരല്ല കൃഷ്ണശില തൻ താളം . ആറ്റൂരാണ്. ഏതോ വളകിലുക്കം കേട്ടലയും ഭ്രഷ്ട കാമുകൻ പി. ആണ്. ആറ്റൂരല്ല. അങ്ങനെ മേഘരൂപനിൽ പി യും ആറ്റൂരും ഉണ്ട്. യക്ഷനും കാളിദാസനും പോലെ അവൻ ഞാനല്ലോ എന്ന തോന്നൽ മേഘരൂപൻ എന്ന കൊണ്ടാടപ്പെട്ട ആറ്റൂർ കവിതയിലുണ്ട്. കാവ്യരചനയെക്കുറിച്ചും കാവ്യാസ്വാദനത്തെക്കുറിച്ചുമുള്ള കവിയുടെ ദർശനമാണ് മേഘരൂപനിലെ ധ്വനി. ക്ലാസ്സിക്കാണ് ആ കവിത.

ആറ്റൂർ കവിതകളിലുടനീളം ‘ഞാനു’ണ്ട്. നൊസ്റ്റാൾജിയയുടെ ഭാഷാശില്പങ്ങൾ കൊത്തിയ പെരുംതച്ചനാണ് ആറ്റൂർ. കവിതകളിലുടനീളം തന്നെത്തിരയുകയാണ് ആറ്റൂർ. കുഞ്ഞിരാമൻ നായരുടെ ആത്മകഥകളിലൊന്നിന്റെ പേരായ ‘എന്നെത്തിരയുന്ന ഞാൻ ‘ ആറ്റൂർ കവിതയെക്കുറിച്ചെഴുതുന്ന സമഗ്ര പഠനത്തിനും ചേരും.

‘എൻ നിറമല്ലയോ കാണുന്നു / മേലെയാ നീലയൊഴുക്കോളം / എൻ മുഖമല്ലയോ കാണുന്നു / താഴെയുള്ളോളപ്പരപ്പോളം

ഒടുക്കമൊടുക്കം ആറ്റൂരെഴുതിയ എല്ലാ കവിതകളിലും പോഞ്ഞാറിന്റെ കണ്ണീർത്തുള്ളികളുടെ പാടുകളുണ്ട്. കവിതയിൽ നിന്നു മാറി തമിഴ് നോവലുകളുടെ വിവർത്തനങ്ങളിലായി കവിക്കു കമ്പം. അത് മലയാള ഭാഷയുടെ ആത്മാവ് തേടിയുള്ള ഒരു യാത്രയായിരുന്നു. ചെന്തമിഴിന്റെ ആകാശങ്ങളിലൂടെ ഒരു മേഘയാത്ര. ദ്രാവിഡ സംഗീതത്തിലും താളങ്ങളിലും ഭ്രമിച്ച മനസ്സിന്റെ സ്വാഭാവിക പ്രയാണം.
രണ്ടായിരത്തി ആറിൽ എഴുതിയ ‘പുളിമാവ്’ എന്ന കവിതയിൽ ഗൃഹാതുരതയുടെ പ്രധാന ഭാവമായ നഷ്ടബോധം പ്രകടമാണ്.

‘ എന്നാൽ ഇപ്പോൾ പുളിയില്ല/ ഇടശ്ശേരിയോടു കൂടി / പുളി പോയി ,എരി പോയി ഉപ്പു പോയി
വൈലോപ്പിള്ളിയിലെ കാക്കകൾ
അതിന്റെ വിത്തണ്ടികൾ
വക്കുകകളിലോ മുക്കുകളിലോ
പുറംപോക്കുകളിലോ
കൊണ്ടിട്ടിട്ടുണ്ട് ‘

Read Also  പ്രശസ്ത കവി ആറ്റൂർ രവിവർമ്മ അന്തരിച്ചു

അവ കിളിത്തു വരുമോ എന്ന നോട്ടവും ആറ്റൂരിനുണ്ടായിരുന്നു. പുതുകവികളെ പ്രോത്സാഹിപ്പിക്കുന്നതിൽ ആറ്റൂരിനുണ്ടായിരുന്ന ഉത്സാഹം അതിനു തെളിവാണ്.
കുണ്ടനിടവഴി തൂർത്ത് വീതികൂട്ടി പാതയാക്കി . ഇടവഴിക്കുണ്ടിലെ കല്ലിൽ പണ്ട് കവി അഹല്യയെ വായിച്ചിരുന്നു. ആ ഉരുളൻ കല്ലുകൾ എവിടെ പോയി കാണും എന്ന് കവി തിരയുന്നുണ്ട്. ഇപ്പോഴും മഴ മൂക്കുമ്പോൾ വെള്ളം കാട്ടിൽ നിന്ന് ഇറങ്ങി വരുന്നുണ്ട്. ഊരിൽ കൈ പരത്തി തണുത്ത ഉടലിളക്കി വെള്ളം തപ്പുന്നുണ്ട്. വീടുകളിൽ നൂണ്ടു കടക്കുന്നുണ്ട്.

എങ്ങനെയെന്നോ,
‘കരച്ചിൽ പോലെ
നാടുവിറ്റ പ്രവാസി പോലെ ‘
പ്രവാസ ദു:ഖത്തിന്റെ ആന്തരശ്രുതി മീട്ടിയ ആ കവിതകൾ മലയാളത്തിന്റെ അന്തരാ ത്മാവിനെ സ്പർശിക്കുന്നതായിരുന്നു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here