Thursday, February 25

ഓണക്കാലത്തെ നാട്ടുത്സവങ്ങളുടെ വർത്തമാനവും ഭാവിയും.

കവണി

ഓണക്കാലത്തെ നാട്ടുത്സവങ്ങളുടെ വർത്തമാനവും ഭാവിയും.

ഓണം പ്രാദേശികമായ വിവിധ തരം ആഘോഷങ്ങളുടെ ഒരു സമാഹാരമായിരുന്നല്ലോ. പല നാടുകളിൽ പല ആഘോഷങ്ങൾ. പലമയുടെ ഒരുമയായിരുന്നു ഓണം.
പമ്പാനദീതടങ്ങളിലുടനീളം വെള്ളത്തിലായിരുന്നു ഓണാഘോഷം. ജലോത്സവങ്ങൾ. വള്ളം തുഴച്ചിലിൻ്റെ ഒരുമയായിരുന്നു ഇവിടെ ഓണത്തെ പെരുക്കുന്നത്. ഈ വള്ളംകളിയെ ഏറെ സൗന്ദര്യപ്പെടുത്തിയെടുത്ത ഇടം ആറന്മുളയിലാണ്.
കേരളത്തിലെ മുപ്പത്തിരണ്ട് ബ്രാഹ്മണ ഗ്രാമങ്ങളിലൊന്നായിരുന്നു ആറന്മുള. ഈ ബ്രാഹ്മണ ഗ്രാമത്തിൻ്റെ പഴയ സ്വരൂപവും സ്വഭാവവും തിരുനിഴൽമാലയിൽ നിന്ന് കുറേയൊക്കെ വെളിപ്പെടുത്തി എടുക്കാനൊക്കും.ആറില്ലത്തെൺമർ എന്ന് വിളിപ്പെട്ട ഊരാൺ മബ്രാഹ്മണർക്കൊപ്പം ആറന്മുള ക്ഷേത്രത്തിനുള്ളിൽ നിന്ന് മന്ത്രവാദം നടത്തുന്ന മലയരെ തിരുനിഴൽമാലയിൽ കാണാം. ക്ഷേത്രത്തിനുള്ളിൽ നടക്കുന്ന കുറത്തിയാട്ടത്തിൻ്റെ ദീർഘ വർണ്ണനകൾ ഈ പഴങ്കവിതയിലുണ്ട്.
പെരുമലയർ കേരളത്തിൻ്റെ വടക്കൻ പ്രദേശങ്ങളിൽ ഇപ്പോഴുമുണ്ട്. ആറന്മുളയപ്പൻ്റെ തോറ്റങ്ങളും കുറത്തിത്തെയ്യവുമൊക്കെ നിലനിൽക്കുന്നുണ്ട്. ഊരാൺമക്കാരുടെ അവകാശങ്ങളൊക്കെ അവസാനിച്ചിട്ട് നൂറ്റാണ്ടുകളായെങ്കിലും ചില ആചാരങ്ങൾ ഇന്നും ആറന്മുളയിൽ നിലനിൽക്കുന്നുണ്ട്. ‘തിരുവോണച്ചെലവ്’എന്ന പേരിൽ അറിയപ്പെടുന്ന നെല്ലളവ് നാമമാത്രമായി പാലിക്കപ്പെടുന്നു

ആറന്മുളയിൽ പുതിയതായി പണിതിറക്കിയ പരുന്തുവാലൻ വള്ളം

 

എന്നാൽ തിരുവോണത്തോണിയുടെ ഉത്രാടഘോഷയാത്രയും പള്ളിയോടങ്ങളുടെ ജലപൂരവും ആണ്ടോടാണ്ട് മോടിയോടെ നടക്കുന്നുണ്ട്. ഈ ആഘോഷങ്ങളുടെ ഉത്ഭവ പരിണാമങ്ങളെക്കുറിച്ച് പ്രാദേശിക ചരിത്ര പശ്ചാത്തലത്തിലുള്ള ഗവേഷണങ്ങൾ കാര്യമായി നടക്കേണ്ടതുണ്ട്. ചില നല്ല ശ്രമങ്ങൾ അടുത്ത കാലത്തായി ആരംഭിച്ചിട്ടുണ്ട്.ശ്രീരംഗനാഥൻ കെ.പി രചിച്ച എണ്ണൂറു പേജോളം വരുന്ന പുസ്തകമാണ് അതിലൊന്ന്. ആറന്മുളയിൽ നിലനിന്നുപോരുന്ന ഐതിഹ്യങ്ങളിൽ എത്രത്തോളം ചരിത്ര വസ്തുതകൾ ഉള്ളടങ്ങിയിട്ടുണ്ട് എന്ന അന്വേഷമാണ് പ്രധാനമായും ആ പുസ്തകത്തിൽ നടത്തിയിരിക്കുന്നത്.
തോണിവരവിനും വള്ളം കളിക്കും ഐതിഹ്യങ്ങളിൽ പറയുന്നതുപോലുള്ള പഴക്കം ഇല്ലെന്നാണ് ശ്രീരംഗനാഥൻ്റെ നിഗമനം. വാമൊഴികളിലൂടെ ആറന്മുള ദേശത്തു പരക്കെയും ആഴത്തിലും നിറഞ്ഞു നിൽക്കുന്ന ഐതിഹ്യങ്ങൾ മിക്കതും വെറും ഐതിഹ്യങ്ങൾ മാത്രമാണെന്നും ചരിത്രാംശങ്ങൾ അതിൽ തെല്ലുമില്ലെന്നും സ്ഥാപിക്കുന്ന ആ പുസ്തകം പ്രാദേശിക ചരിത്രരചനയിലെ ഒരു പ്രധാന സംഭവമാണ്. വാമൊഴി അറിവുകളും ഒരു നാട്ടുക്കൂട്ടത്തിൻ്റെ ഓർമ്മകളും യാഥാർത്ഥ്യത്തിൽ നിന്ന് വളരെ വിദൂരമാണോ? ആറന്മുളയിലെ ഐതിഹ്യങ്ങൾ കേട്ടു വളർന്ന ഓരോ ആറന്മുളക്കാരെയും അത്ഭുതപ്പെടുത്തുന്ന വസ്തുതകളാണ് ആ പുസ്തകത്തിലുടനീളം കാണുന്നത്.
ആറന്മുളയ്ക്കും പമ്പാനദിക്കും വെളിയിലുള്ളവർക്ക് ഒരു പക്ഷേ വള്ളംകളിയുടെ ആവേശവും ആഘോഷ ലഹരിയും അതേപടി അനുഭവപ്പെടുകയില്ലായിരിക്കും. അത് നാട്ടുത്സവങ്ങളുടെ സവിശേഷതയാണ്. എന്നാൽ ആറന്മുളയ്ക്കു ചുറ്റുമുള്ള അമ്പതിലധികം ഗ്രാമങ്ങളിലെ ആളുകൾ ജാതിമതഭേദമില്ലാതെ വള്ളംകളിയുടെ അർമ്മാദങ്ങളിൽ പങ്കുചേരുന്നുണ്ട്. ചില ആചാരാനുഷ്ഠാനങ്ങളെ മാനിച്ചുകൊണ്ടു തന്നെ.
സൂക്ഷ്മമായി നോക്കിയാൽ പമ്പയാറിൻ്റെ തിട്ടകളിൽ താമസിക്കുന്ന ആളുകളുടെ സിരകളിൽ തുഴകളുടെ താളം അലിഞ്ഞു കിടപ്പുണ്ട്. ആറും മനുഷ്യനും തമ്മിലുള്ള ജൈവബന്ധത്തിൻ്റെ സൗന്ദര്യാവിഷ്കാരമാണ് വള്ളംകളി . ഭക്തിയും പാട്ടും താളവും ആവേശവും അതിനെ പൊലിപ്പിച്ചെടുക്കുന്നു.
ഇത്തരം ആൾക്കൂട്ടപെരും കായിക കലകൾക്ക് ചില മാറ്റങ്ങൾ ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. ജനസംസ്കാര പഠനങ്ങളിൽ കൗതുകമുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണിത്. ഭക്തിയുടെ ദൃഢമായ വടത്തിൽ ബന്ധിച്ചിടുമ്പോൾ തന്നെ വള്ളംകളി,മത്സരത്തിൻ്റെ ആവേശത്തിലേക്കു വഴുതിപ്പോകുന്നു. ആറ്റിൽ കൂട്ടം കൂടി ഓണക്കാലത്തു തിമിർക്കുന്നവർ തന്നെ മറ്റു സമയങ്ങളിൽ ആറിനെ മറന്നു പോകുന്നു, മാലിന്യങ്ങൾ തള്ളുന്നു. കരയുടെ ഒരുമയെക്കുറിച്ചും തനിമയെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും ആവേശം കൊള്ളുമ്പോൾ തന്നെ വാടകയ്ക്ക് പടിഞ്ഞാറുനിന്ന് തുഴച്ചിൽക്കാരെ കൊണ്ടുവരുന്നു തുടങ്ങി പലവിധ മാറ്റങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

Read Also  ഒരു വർക് ഷോപ്പ് കവിത എബിൻ ബാബുവിൻ്റെ 'വിഷമഭിന്നങ്ങളുടെ ലാബ്'എന്ന കവിതാ സമാഹാരത്തിലെ ആദ്യ കവിതയെക്കുറിച്ച്.

ഏറ്റവും പുതിയ മാറ്റങ്ങളിലൊന്ന് ചെറിയ കളിവള്ളങ്ങൾ ഇവിടെ നിർമ്മിക്കപ്പെടുന്നു എന്നതാണ്. കുട്ടനാടൻ മാതൃകയിൽ പരുന്തുവാലൻ വള്ളങ്ങൾ ഉണ്ടായി തുടങ്ങിയിരിക്കുന്നു. വെള്ളപ്പൊക്കക്കാലത്തു കൂടി ഉപയോഗിക്കാനുതകുന്ന ചെറുവള്ളങ്ങളുടെ സ്ഥാനത്ത് ഇത്തരം കളിവള്ളങ്ങൾ രൂപം കൊള്ളുന്നത് കൗതുകകരമാണ്.
ഒരുവശത്ത് കളി വള്ളങ്ങൾ നിറയുന്നു. മറുവശത്ത് വെള്ളപ്പൊക്കം, വരൾച്ച തുടങ്ങിയ കാരണങ്ങൾ കൊണ്ട് ഒന്നിലധികം വർഷങ്ങളിൽ വള്ളംകളി പൂർണ്ണതയിൽ നടത്താനാകാതെ വരുന്നു. ഇപ്പോളിതാ പകർച്ചവ്യാധി ഈ വർഷത്തെ ആഘോഷങ്ങളെയെല്ലാം ചടങ്ങാക്കി ഒതുക്കിക്കളയുന്നു.

ഇതിനെല്ലാം സാക്ഷിയായി പമ്പയാറൊഴുകുന്നുണ്ട്. മിക്കപ്പോഴും മെലിഞ്ഞും ചിലപ്പോഴെങ്കിലും ഭ്രാന്തമായി നിറഞ്ഞും.

Spread the love