‘പുത്തനൊരായുധമാണു നിനക്കതു
പുസ്തകം കയ്യിലെടുത്തോളൂ … ‘
സാക്ഷരതാ പ്രസ്ഥാനത്തിന്റെ കാലത്താണ് ബർതോൾഡ് ബ്രഹ്ത് എഴുതിയ ഈ കാവ്യശകലം കേരളമാകെ പടർന്നത്. പുനലൂർ ബാലൻ മൊഴി മാറ്റിയ ആഹ്വാന പ്രധാനമായ ഈ വരികൾ പട്ടിണിയായ മനുഷ്യനെയാണ് അഭിസംബോധന ചെയ്യുന്നത്. അക്കാലത്ത് കേരളത്തിൽ പട്ടിണിയായ മനുഷ്യർ തുലോം കുറവാണ്. എന്നാൽ തെരുവു നാടകത്തിലൂടെ സാക്ഷരതാ പ്രവർത്തകർ ഇതു പാടിക്കൊണ്ടു നടന്നു. സാക്ഷരതാ പ്രവർത്തനത്തിലൂടെ കേരളം നൂറു ശതമാനം സാക്ഷരരായി എന്ന് ഔദ്യോഗിക പ്രഖ്യാപനവും നടന്നു. കേരളീയ സാമൂഹിക പരിണാമ ചരിത്രത്തിലെ തേജോമയമായ ഒരു ഏട് എന്ന നിലയിൽ ഇത് വ്യാഖ്യാനിക്കപ്പെട്ടിട്ടുമുണ്ട്.


എന്നാൽ സാക്ഷരതയൊക്കെ ഒരു വഴിയിലൂടെ നടക്കുന്ന ആ കാലത്തും അതിനു തൊട്ടും കേരളത്തിലെ സാമൂഹിക സാമ്പത്തിക സാംസ്കാരിക രംഗങ്ങൾ ആകെ മാറ്റത്തിനു വിധേയമാകുകയായിരുന്നു. കാർഷിക വ്യവസ്ഥിതിയിൽ അധിഷ്ഠിതമായ ജീവിത രീതി അമ്പേ വെടിഞ്ഞിട്ട് ഉപഭോഗ സംസ്കാരത്തെ കേരളം സ്വീകരിച്ചു. ഗൾഫ് പണത്തിന്റെ വ്യാപനവും ശാസ്ത്ര സാങ്കേതിക രംഗത്തുണ്ടായ നവീന ചലനങ്ങളും വാർത്താവിനിമയ രംഗത്തെ വിസ്ഫോടന സമാനമായ കുതിപ്പുകളും കേരളത്തെ നവകേരളമാക്കി തീർത്തു. പുസ്തകം കൈയിലെടുത്തോളൂ എന്ന സംഘ ഗാനം മുഴങ്ങിയ കേരളത്തിൽ തന്നെ പുസ്തകം മരിക്കുന്നു, വായന മരിക്കുന്നു എന്ന വിലാപങ്ങളും കേട്ടു തുടങ്ങി. ഇങ്ങനെ പറഞ്ഞ് ഒന്ന് ഏങ്ങലിടാത്തവർ ‘സാംസ്കാരിക നായക ‘ പട്ടികയിൽ ഉൾപ്പെടില്ല എന്ന നിലയിലെത്തി വായനാ വറുതിയെക്കുറിച്ചുള്ള പായാരങ്ങൾ . ഏതാണ്ട് ഇതിനടുത്ത വർഷങ്ങളിൽ നമ്മുടെ സ്കൂളുകളിലും അതിനെ തുടർന്ന് കോളേജുകളിലും പാഠ്യപദ്ധതി പരിഷ്കരണം നടന്നു . പുസ്തകവായനയ്ക്ക് വലിയ പ്രാധാന്യം പുതിയ പാഠ്യപദ്ധതിയിൽ ചെലുത്തിയിട്ടുണ്ട്. എന്നാൽ ഏട്ടിലെപ്പോലെയല്ല കാര്യങ്ങൾ നടന്നത്. എൻട്രൻസ് ദാഹികളായ രക്ഷിതാക്കളിൽ, കുട്ടികൾ പുസ്തകങ്ങൾ വായിച്ചാൽ അവരുടെ സമയം പാഴാകുമെന്നും ഗുളിക രൂപത്തിൽ അറിവുകൾ ഉരുട്ടി മിഴുങ്ങേണ്ടതാണെന്നും ഉള്ള ഒരു ധാരണ എങ്ങനെയോ സംജാതമായി. പുസ്തകവായനയ്ക്കു പ്രാധാന്യം കൊടുക്കുന്ന സിലബസ് ഉള്ള പൊതു സ്കൂളുകൾ വേണ്ടാന്നു വെച്ച് ഇതര സിലബസ് ഉള്ള സ്കൂളുകളിലേക്ക് കുട്ടികൾ കുറേ പോയതിന്റെ പല കാരണങ്ങളിൽ ഒരു കാരണം ഇതു കൂടിയാണ്. സാംസ്കാരിക നായകർ കരുതിയ പോലെ വായന ഇവിടെ മരിച്ചൊന്നുമില്ല. വായന മരിച്ചു എന്നു കരുതിയ പല സാംസ്കാരിക നായകരും മരിച്ചു പോകുകയും ചെയ്തു.
ആഴത്തിൽ അടിയുറച്ച ഒരു വായനാ സംസ്കാരം ആയിരത്തി തൊള്ളായിരത്തി അമ്പതുകളിൽ തന്നെ ഇവിടെ പന്തലിച്ചിരുന്നു. പി.എൻ. പണിക്കർ എന്ന ഒരു നന്മമരം വായനശാലകൾ പടുത്തുയർത്താനായി കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിലൂടെ സഞ്ചരിച്ച കഥയൊക്കെ ഏവർക്കും അറിയാവുന്നതാണ്. ജൂൺ 19 വായനദിനമായി സാഘോഷമാണ് ഇപ്പോൾ ആചരിക്കുന്നത്.

Read Also  എന്റെ ബോബനും മോളിയും ; കാർട്ടൂണിസ്റ്റ് റ്റോംസിന്റെ ആത്മകഥ

എഴുപതുകളിലും എൺപതുകളിലും ഒക്കെ ഗ്രാമീണ വായനശാലകളുടെ പ്രവർത്തനങ്ങൾ സജീവമായിരുന്നു. പുസ്തകങ്ങൾ എടുത്തു വായിക്കാൻ ആബാലവൃദ്ധം ജനങ്ങളും താൽപ്പര്യം കാണിച്ചിരുന്നു. വായനശാലകളുടെ നേതൃത്വത്തിൽ കലാപരിപാടികളൊക്കെ നടന്ന കാലം കൂടിയാണത്. ഒരു ഗ്രാമത്തിന്റെ ഐശ്വര്യം അവിടുത്തെ വായനശാലകളായിരുന്നു.
മധ്യതിരുവിതാംകൂറിലെ ഒരു ഗ്രാമീണ വായനശാലയെ ഈ സന്ദർഭത്തിൽ ഓർത്തു പോകുന്നു. ‘മേലുകര പബ്ലിക് ലൈബ്രറി ‘എന്ന സാമാന്യം വലിപ്പമുള്ള ഒരു ഹാളോടുകൂടിയ ആ വായനശാലയാണ് എൺപതുകളിൽ കൗമാരം പിന്നിട്ട് യൗവനത്തിലേക്ക് കടന്ന മറ്റേതൊരു കേരളീയ നാട്ടിൻ പുറത്തുകാരനെയും പോലെ ഇതെഴുതുന്ന ആളെയും പുസ്തകങ്ങളുടെ ലോകത്തേക്ക് വലിച്ചിട്ടത്. ആയിരക്കണക്കിന് പുസ്തകങ്ങൾ ഞങ്ങളുടെ നാട്ടിലെ മുതിർന്ന തലമുറകളുടെ ശ്രമഫലമായി അപ്പോഴേക്കും അവിടെ നിറഞ്ഞിരുന്നു. ഓരോന്നോരോന്നായി എടുത്തു വായിച്ചാൽ മതിയായിരുന്നു. പുസ്തകം വായിക്കുന്നതു കണ്ടിട്ട് വീട്ടിലും വഴക്കു പറഞ്ഞില്ല .


നോവലുകളാണ് ഏറെയും വായിച്ചത്. ജനപ്രിയ സാഹിത്യ രൂപമായി നോവൽ എന്നേ മാറിക്കഴിഞ്ഞിരുന്നു. ഡിറ്റിക്ടീവ് നോവലുകളും പൈങ്കിളി നോവലുകളും ആയിരുന്നു വായനയുടെ ആദ്യകാലങ്ങളിൽ മോഹിപ്പിച്ചിരുന്നത്. അതിവേഗതയിൽ മൗന വായന നടത്താനുള്ള പരിശീലനക്കളരി കൂടിയായിരുന്നു ആ നോവലുകൾ എന്ന് മനസ്സിലായതൊക്കെ പിന്നീടാണ്. ഉയർന്ന തലത്തിലുള്ള പുസ്തകങ്ങളിലേക്കു കയറാനുള്ള കൊതകളായിരുന്നു മുട്ടത്തു വർക്കി തൊട്ട് കോട്ടയം പുഷ്പനാഥ് വരെ ഒരുക്കിത്തന്നത്.

അന്ന് ഏറെ ഇഷ്ടപ്പെട്ടിരുന്ന ചില നോവലിസ്റ്റുകളുണ്ടായിരുന്നു. വായനയുടെ രണ്ടാം ഘട്ടത്തിലാണ് ഇവർ പുതിയ ഭാവുകത്വം പ കർന്നു തന്നത്. വിലാസിനി ,കെ .സുരേന്ദ്രൻ, വൈക്കം, മലയാറ്റൂർ, ജി.വിവേകാനന്ദൻ , ജി.ബാലചന്ദ്രൻ തുടങ്ങി അവരുടെ നിര നീളും. ദാർശനിക ഗൗരവമൊന്നും അവർ എഴുത്തിൽ പ്രകടിപ്പിച്ചില്ല. ഭാഷയെ സങ്കീർണ്ണമാക്കാനും ശ്രമിച്ചില്ല .ലളിതവും സരളവുമായ ഭാഷയിൽ അവർ ജീവിതാ വിഷ്കാരം നടത്തി. അവരെ കാത്തിരുന്നു വായിക്കുന്ന ഒരു വായനാസമൂഹവും ഇവിടെയുണ്ടായിരുന്നു. കേരളത്തിലെ ഉൾനാട്ടുമണങ്ങൾ ഇവരുടെ കൃതികളിൽ നിറഞ്ഞിരുന്നു. പ്രസിദ്ധീകരിച്ച കാലത്ത് ഇവർക്കുണ്ടായിരുന്ന ജനപ്രീതി ഇടക്കാലത്ത് മങ്ങിപ്പോയി. എങ്കിലും ഭാവിയിൽ വായനയുടെ മറ്റൊരു വസന്ത ഋതുവിൽ ഇവർ ആഘോഷിക്കപ്പെടുമെന്ന് ഒരു തോന്നൽ.


പുസ്തകങ്ങളിൽ മാത്രമായി വായന ഇപ്പോൾ ഒതുങ്ങില്ലല്ലോ. എഴുതാനുള്ള പ്രതലങ്ങൾ മാറിപ്പോയിരിക്കുന്നു. വിലാസിനിയുടെ ‘ഊഞ്ഞാൽ ‘ ഒറ്റയിരുപ്പിന് വായിച്ചു തീർക്കുന്ന കൗമാരക്കാരനെ അകക്കണ്ണിൽ നിറമില്ലാതെ കാണാമെങ്കിലും. ഇപ്പോൾ ഏറ്റവും താൽപ്പര്യത്തോടെ വായിച്ചു കൊണ്ടിരിക്കുന്നത് ആർ.രാജശ്രീ ഫേസ് ബുക്കിൽ നടത്തുന്ന ഒരു തുടരനെഴുത്താണ്. നോവലാണോ ,അതിന്റെ തലക്കെട്ട് എന്താണോ എന്നൊന്നും അറിയില്ല. ദിനേ ദിനേ ഒന്ന്, രണ്ട് എന്നു നമ്പരിട്ട് എഫ് .ബി.യിൽ പോസ്റ്റുന്നു. വായിക്കുന്നു. നാട്ടുഭാഷയുടെ ചുന മണക്കുന്നതിനാൽ രസിച്ചു വായിക്കുന്നു. പുസ്തകം കയ്യിലെടുക്കുന്നത് ആനന്ദിക്കാനുള്ള ഒരു ആയുധം എന്ന നിലയിലാകാം. മുഖപുസ്തകത്തിലെ ചില എഴുത്തുകളും ആനന്ദം നൽകുന്നു. വായനക്കാർ എക്കാലവും രണ്ടു തരക്കാരാണ്. പ്രയോജനവാദികളും ആനന്ദവാദികളും. കായിൻ പേരിൽ പൂ മതിക്കുവോരുടെ കൂടെയല്ല ഞാൻ. പൂവിന്റെ സൗന്ദര്യം കണ്ട് ആനന്ദിക്കുന്നവരുടെ ഒപ്പമാണ്. വായിച്ചാലും വായിച്ചില്ലെങ്കിലും വളയുകയും വിളയുകയും ഒക്കെ ചെയ്യും. വായന വേറേ, വളവ് വേറേ, വിളവ് വേറേ.

Read Also  "യേശുവിന്റെ ചില ദിവസങ്ങളിലെ" പാരിസ്ഥിതിക സമസ്യകള്‍

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

2 COMMENTS

  1. Well Appreciated. I never thought there will be an article in this Vayanavaaram especially connected with our Public Library ( Melukara). I was so delighted in reading the above notes by Rajesh Kumar. My name is Kunjai who is the founding member of Friends Club of Melukara in 1959 which became Public library later and I am so happy be served as the Secretary for so many years. When I submitted the Plan and estimate of this Building to Sree. P. N. Panicker Sir, the founder of Grandhasala Sangham, he told me you are not going to finish this building because of the large area. But I promised we will finish. Because of the hard work and cooperation of a few well wishers we accomplished our ambition and Panicker sir was the main speaker at the inauguration by Dr. George jacob I A S Vice Chancellor of the Kerala University. This is the largest public Library Building in Pathanamthitta. Thank you all for the good words about Library Building during the Vayana Vaaram. Jai Hind.

LEAVE A REPLY

Please enter your comment!
Please enter your name here