Wednesday, June 23

കഥയിലെ കയ്യടക്കം

 

‘ദൂത് ‘ എന്ന ഒറ്റക്കഥ മതി സേതു എന്ന അതി പ്രതിഭാശാലിയായ കഥാകൃത്തിന് ചെറുകഥ എന്ന സാഹിത്യ രൂപത്തിനു മേലുള്ള അതുല്യമായ കയ്യടക്കത്തെക്കുറിച്ച് ബോധ്യമാകാൻ. മകന്റെ ദൂതനോട് വൃദ്ധനായ പിതാവു നടത്തുന്ന സംഭാഷണത്തിലൂടെ കേരളീയ ജീവിതത്തിന്റെ ഒരു നടുത്തുണ്ട് അടർത്തിയെടുത്ത് കാട്ടുകയാണ് ആ കഥയിൽ. ഒരു മനുഷ്യന്റെ വിങ്ങുന്ന മനസ്സിനെ അയാളുടെ മുന വെച്ച വർത്തമാനങ്ങളിലൂടെ ഒപ്പിയെടുക്കുന്ന ആ കഥയ്ക്ക് പകരം വെക്കാൻ മലയാളത്തിൽ മറ്റൊരു കഥയില്ല. ‘പാണ്ഡവപുരം ‘ മലയാള നോവലിൽ എങ്ങനെ ഒറ്റതിരിഞ്ഞു പൊന്തി നിൽക്കുന്നുവോ അതുപോലെ ഉയർന്നു നിൽക്കുന്ന ചേതോഹരമായ ചെറുകഥയാണ് ദൂത്.മലയാള ചെറുകഥയിലെ രാജാക്കൻമാരിൽ ഒരാളായി സേതുവിനെ പ്രതിഷ്ഠിക്കുന്ന ആ കഥ സാഹിത്യ പ്രണയികൾ എത്രയാവർത്തി വായിച്ചു കാണണം.
‘തിങ്കളാഴ്ച്ചയിലെ ആകാശവും ,മറ്റൊരു ഡോട് കോം സന്ധ്യയിലും പോലെ നവ ഭാവുകത്വം ഉൾക്കൊള്ളുന്ന ചെറുകഥകൾ രചിച്ച് കാലത്തിനൊപ്പം സഞ്ചരിക്കാൻ ശ്രമിച്ച ഉന്മേഷ ശാലിയായ പ്രതിഭ കൈമുതലായുള്ള കഥാകൃത്താണ് സേതു. സേതു എഴുതിയ ഏറ്റവും പുതിയ കഥ ആംബുലൻസ് വായിച്ചു തീർന്നപ്പോൾ ആദ്യം തോന്നിയ വികാരം ആ പൊൻപേനയിലെ മഷി ഉണങ്ങിയിട്ടില്ലല്ലോ എന്ന സന്തോഷമാണ്. ക്ഷീണിക്കാത്ത മനീഷയുടെ ഉടമ .
കയ്യടക്കമുള്ള ഒരാൾ ചെറുകഥയിൽ സ്പർശിച്ചാൽ അതെങ്ങനെ വശ്യമാകും എന്നതിന്റെ ഉത്തമ നിദർശനമാണ് ഈ കഥ. സങ്കീർണ്ണത ഒട്ടും തീണ്ടാത്ത ഈ നേർക്കഥ ഒറ്റ വീർപ്പിന് വായിച്ചു തീർക്കാം. കഥാപാത്രങ്ങൾ നമ്മുടെ മനസ്സിൽ അതിനോടകം കുടി പാർത്തു കഴിഞ്ഞിരിക്കും. അത്ര സ്വാഭാവികമായാണ് ആവിഷ്കാരം. മലമ്പ്രദേശങ്ങളുടെ തനിച്ചൂര് മണക്കുന്ന കഥ. പൊന്നപ്പൻ എന്ന ആംബുലൻസ് ഡ്രൈവറെ അയാളുടെ സംഭാഷണങ്ങളിലൂടെ മിഴിവുറ്റതാക്കിയിരിക്കുന്നു. ഒരാളുടെ ഭാഷണത്തിൽ അയാളുടെ മനസ്സുണ്ടെന്ന് സേതുവിനോളം അറിഞ്ഞ കഥാകൃത്തുക്കൾ മറ്റാരുണ്ട്. നാടൻ വീര്യമുള്ള പുറമേ പരുക്കൻ എന്നു തോന്നിക്കുന്ന പൊന്നപ്പനണ്ണൻ എന്ന നന്മനിറഞ്ഞ പാവം മനുഷ്യൻ . കാപട്യങ്ങൾക്കു മേൽ ഇരട്ടപ്പുതപ്പിട്ട് നന്മമരങ്ങളായി വേഷം കെട്ടി നടക്കുന്നവരെ കൊണ്ടാടുന്ന സത്യാനന്തരകാല സമൂഹം പൊന്നപ്പനെപ്പോലുള്ള മനുഷ്യരെ അറിയുന്നുണ്ടാകില്ല. പീലിപ്പോസ് ഡോക്ടറെ വാഴ്ത്തുന്നുണ്ടാകില്ല. നിരത്തു വക്കിൽ നഗ്നയായി കിടന്ന യുവതിയെ കണ്ട് ആംബുലൻസ് തേടി നട്ടപ്പാതിരയ്ക്ക് ബൈക്കോടിച്ചു വരുന്ന വഴിപോക്കനായ ആ യുവാവിന്റെ പേര് അറിയാൻ ശ്രമിക്കുന്നുണ്ടാകില്ല. നിഷേധാത്മകമായി പെരുമാറുകയാണെന്നു തോന്നുമെങ്കിലും കൈയിൽ വിളക്കേന്തിയ സിസിലി സിസ്റ്റർ എന്ന മാലാഖയെ മനസ്സിലാക്കുന്നുണ്ടാകില്ല.( ‘സിസ്റ്റർക്ക് അപ്പോൾ പുലരിക്കിളികളുടെ ശബ്ദമാണെന്നു ഷൺമുഖനു തോന്നി. ഇരുട്ടു വീഴുമ്പോൾ അത് താനേ അന്തിക്കിളികളുടേതായി മാറുന്നു. ‘ എന്തു ഭംഗിയാണ് സേതുവിന്റെ എഴുത്തിന് )

ഇതൊന്നും വേണ്ട. സേതു കഥയിലാകെ നാട്ടു നന്മയുടെ പ്രകാശം ചൊരിയുന്നു. ” ഒരു നാലാളുകൾക്ക് പ്രയോജനള്ള എന്തെങ്കിലും ചെയ്യാൻ പറ്റീല്ല്യെങ്കില് നമ്മടെയൊക്കെ ജീവിതം എന്തു ജീവിതാടോ ” എന്ന് കഥയിൽ ആവർത്തിക്കുന്ന വാചകം ഹൃദയത്തിൽ പ്രതിദ്ധ്വനിക്കുന്നു.
പൊന്നപ്പൻ അയാളുടെ അന്നമായ പുന്നാരആംബുലൻസിന് പിറക്കാതെ പോയ മകൾക്കിടാൻ വെച്ചിരുന്ന കർപ്പകം എന്ന പേരിടുന്നതും താൻ ആശുപത്രിയിലാക്കിയ അപകടക്കെണിയിൽ വീണ പെൺകിടാവിനോട് സ്നേഹവും അലിവും തോന്നുന്നതും ഒരു ഉറവ പൊട്ടി തെളിവെള്ളം തുള്ളി വരുന്നതു പോലെ കഥാകൃത്ത് എഴുതി പൊലിപ്പിക്കുമ്പോൾ നമ്മുടെ മനസ്സും ആർദ്രമാകും. ആംബുലൻസ് എന്ന ശവ പേടകശകടം ഉപകാരിയായ സ്നേഹം പ്രവഹിക്കുന്ന ജീവൻ തുളുമ്പുന്ന കർപ്പക പെൺകിടാവാകുന്നു. ‘തുരുമ്പിലും ഞാൻ വായിച്ചേ ധ്വനികാവ്യം സുധാമയം. ‘

Spread the love
Read Also  ഒറ്റയാൾ സാംസ്കാരിക പ്രവർത്തനം അഥവാ ഉണ്മ മോഹന്റെ ജീവിതം

Leave a Reply