Wednesday, June 23

ഔവൈയാർ പ്രാർഥിക്കുന്നു.

കർക്കടമാസം. മടിച്ചു മടിച്ചു പെയ്യാതെ നിൽക്കുകയായിരുന്ന മഴ പെട്ടെന്ന് കനത്തു. മഴ പെരുത്തു വീഴുന്നതോടെ ഭൂമി മദിക്കും. പിന്നെ അവൾക്ക് ഭ്രാന്താണ്. വിങ്ങി നിന്ന അവൾ ഉരുൾപൊട്ടി എല്ലാം തകർത്തെറിഞ്ഞ് ഒഴുകി ശമിക്കും. ഔവൈയാറുകളുടെ ഇന്ദ്രിയങ്ങളഞ്ചിലും കാമനകൾ നിറഞ്ഞുള്ള ഒഴുകിപ്പരക്കലല്ലേ പ്രളയം. മഴയും നദിയും മണ്ണും പെണ്ണാണെന്നാണ് കാവ്യഭാവന .

സുഗതകുമാരിയുടെ രാത്രിമഴ എന്ന കവിതയിൽ കവിയുടെ സൗഭാഗ്യകാലങ്ങളിലും രോഗശയ്യയിലുമൊക്കെ സാന്നിധ്യമായി മഴയുണ്ട്. ഞാനുമിതുപോലെ രാത്രിമഴപോലെ എന്നെഴുതി മലയാളത്തിലെ ഏറ്റവും മികച്ച ഭാവഗീതങ്ങളിലൊന്ന് ശമിക്കുന്നു. ഇരുട്ടത്തു പതുങ്ങി എത്തുന്ന മഴയും കവിയും ഇന്ദ്രിയങ്ങളെ അടക്കിവെയ്ക്കുന്നവരാണ്. വികാരങ്ങൾ അമർത്തിവെച്ച് ഭ്രാന്തു പിടിപെട്ടവരാണവർ. കൊടും കേടു ബാധിച്ച പാവം മനസ്സിനെ മുറിച്ചുമാറ്റി രോഗം ഭേദമാക്കാൻ കഴിയില്ലെന്നറിയുന്ന നിസ്സഹായർ .
മഴ തിമിർത്തു തുടങ്ങിയതോടെ പല കാവ്യ പ്രണയികളും വിജയലക്ഷ്മിയുടെ ‘മഴ’ എന്ന കവിത ഓർത്തെടുക്കുന്നതു കണ്ടു. കണ്ടമാനം ആലപിക്കപ്പെട്ട കവിതയാണ് മഴ . അവിടെയും മഴ മാസം കവിയ്ക്ക് സാന്ത്വനമാണ്. ‘ആടിമാസമേ നിന്നസിതം മുഖം നീലകേശം നിലയ്ക്കാത്ത സാന്ത്വനം’
‘മഴ’ എന്ന കവിതയിലും പെണ്ണോർമ്മകളാണ് നിറഞ്ഞു കവിയുന്നത്. ഒരു പുരാണ സ്മൃതിബിംബം കവിതയിലുണ്ട്.                                                                                   ‘ കൂട്ടുകാരാ ഞെരിയുന്ന കൈവിരൽ                                                        കോർത്തു ഞാൻ നിന്റെ തേരുകൾ കാക്കിലും .’                             കർക്കടത്തിലൊരു രാമായണ സ്മൃതി. പ്രിയനു പരാജയം വരാതിരിക്കാനായി ഇളകിത്തെറിച്ച ആണിക്കു പകരമായി കൈവിരൽ കയറ്റി തേര് തകരാതെ കാത്ത പ്രണയിനി. അന്നത്തെ വരം കടമായി സൂക്ഷിച്ച് പിന്നീട് കടം വീട്ടാൻ ആവശ്യപ്പെട്ടതിന്റെ പേരിൽ അപഹസിക്കപ്പെട്ടവൾ .ഒറ്റപ്പെട്ടുപോയവൾ. അടക്കാത്ത കാമ ചാരിണി എന്നൊക്കെയാണ് അധിക്ഷേപം. ഇതിഹാസം പിറന്നിട്ട് ആയിരത്താണ്ടു കഴിഞ്ഞിട്ടും വിജയലക്ഷ്മിയുടെ കാവ്യഭാവനയിലെ കൂട്ടുകാരി കൂട്ടുകാരനെ ഓർത്തു പറയുന്നത് ആ കടം ഓർത്തുവെയ്ക്കില്ലെന്നാണ് . ഓർമ്മകൾക്കില്ല ചാവും ചിതകളും ഊന്നു കോലും ജരാനര ദു:ഖവും.
വികാരങ്ങളുടെ അമർത്തിവെയ്ക്കൽ മുഖ്യഭാവമായതുകൊണ്ടാണ് ഈ കവിത ആവർത്തിച്ച് ആലപിക്കപ്പെടുന്നത്. മഴ ആർത്തലച്ചു പെയ്യുന്നതും ആടിമാസം കാമോന്മാദം പടർത്തുന്നതും അറ്റ വിരലിന്റെ പ്രണയ നീറ്റലാറ്റാൻ നീണ്ട രതികളിൽ മുഴുകി കടം മതിവരാതെ വീട്ടിക്കൊണ്ടിരിക്കുന്നതും ആവിഷ്കരിക്കുന്ന ഒരു കവിതയാണെങ്കിൽ അത് പെൺ കവിതകൾ എന്ന അറയിൽ ഒതുങ്ങപ്പെട്ടേനേം. ബാലാമണിയമ്മയുടെ കവിതകളിലെ നിറം മങ്ങിയ പെൺപരിവേഷങ്ങൾ അവരുടെ ഉള്ളിലുണ്ടായിരുന്ന വർണ്ണങ്ങൾ കലർന്ന ആസക്തിയുടെ വിപരീതമൊഴികളായിരുന്നു എന്ന സൂചന സച്ചിദാനന്ദന്റെ ധ്വനി സിദ്ധാന്തം വെച്ചുള്ള പഠനം പറയാതെ പറയുന്നുണ്ട്. സുഗതകുമാരിയും വിജയലക്ഷ്മിയും ആ പാരമ്പര്യത്തിന്റെ തുടർച്ചകളാണ്.

Read Also  ഗാന്ധിയും ഗോഡ്സേയും

‘നിത്യബ്രഹ്മചാരിയിൽ നാരിയെ കൊണ്ടെത്തിക്കും                 തത്ത്വചിന്തയാണെന്നും ഇന്ത്യ തൻ കൊടും ശാപം.
ദേഹകാമിതങ്ങളെ തുച്ഛ കോടിയിൽ തള്ളാൻ                                                  ഓതുന്ന കപടതയാണതിൻ സദാചാരം’                                                               എന്നും ഈയിടെ വായിച്ച ഒരു കവിതയിൽ കണ്ടതും പെയ്താർക്കുന്ന മഴയും ഉരുൾപൊട്ടലും പ്രളയവും വീണ്ടുമെത്തിയതു കണ്ടതുമാണ് മുകളിൽ പരാമർശിച്ച മഴക്കവിതകൾ ഓർമ്മയിൽ വരാനിടയായ കാരണം. ശാന്തി എഴുതിയ ‘ഔവയാർ പ്രാർത്ഥിക്കുന്നു ‘ എന്ന കവിതയിൽ നിന്നാണ് ഇപ്പോൾ ഉദ്ധരിച്ച ഭാഗം . ആറുപോലെ ഇന്ദ്രിയാസക്തികൾ കൊണ്ട് പെരുകുന്നവളാണ് സ്ത്രീയെന്നും ഭാരതീയ സദാചാരബോധം അതമർത്തി വെയ്ക്കാൻ അവളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നുമാണ് ഈ കവിതയുടെ ആശയം. പ്രസ്താവന പോലെ തോന്നുന്ന ഉദ്ധൃത വരികളുടെ മുന്നിലും പിന്നിലുമായി അടങ്ങാത്ത തൃഷ്ണകളുള്ള പെൺ ഹൃദയത്തെയും ‘തൃഷ്ണയാൽ കുലം കുത്തിപ്പായും പ്രേമാർത്തമാം ചിത്ത നിർഝരിണികൾ തിര തീർന്നടങ്ങുവാൻ ‘ പാടുപെടുന്ന പെണ്ണിനെ കാണാം. ആയിരമാണ്ടുകളായി പെണ്ണങ്ങനെയാണ്. പെൺ കവിതകളിൽ ആ അമർത്തുന്ന രോഷം കാണാം. വിപരീത ധ്വനികളായി. സംഘകാലത്ത് മധുരം പൊഴിയുന്ന ചെന്തമിഴ് കവിതയിൽ ഔവൈയാർ പ്രാർത്ഥിച്ചു : ‘ എന്നിൽ നിന്നീ യൗവനം തിരിച്ചെടുത്തേകാമോ വാർധക്യത്തെ ‘ . എന്തായിരുന്നു ഈ പ്രാർത്ഥനയുടെ പൊരുൾ ? ചെറുപ്പത്തിൽ ഔവയാറിനെയും കാതലൻ വെടിഞ്ഞോ? ചുടുകാറ്റായും ചുട്ട നെടുവീർപ്പുകളായും അകംനൊന്തവനെയും തേടി ചുരങ്ങളും അകനാനൂറും കടന്ന് കവിയുടെ വാഴ്വിൽ ഔവയാർ വന്നു നിൽക്കുന്നു. ഈ കവിയും വിയോഗത്തിന്റെ ചുട്ടുപൊള്ളുന്ന അവസ്ഥയിലാണ് .നീറ്റലടക്കാനായാണ് സംഘകാല അകം കവിതകൾ വായിക്കാൻ തുടങ്ങിയത്. കാമം മഴത്തുള്ളികൾ പോലെ പൊഴിയുന്ന പ്രണയകവിതകൾ . അക്കൂട്ടത്തിലാണ് ഔ വൈയാറിന്റെ യൗവനം തിരിച്ചെടുക്കാനുള്ള അർത്ഥന. പെണ്ണിന്റെ ദേഹകാമിതങ്ങളെ തുച്ഛ കോടിയിൽ തള്ളുന്ന സദാചാര സംഹിതയ്ക്ക് പ്രാധാന്യമുള്ളിടത്ത് ഇങ്ങനെയല്ലാതെ ഔവൈയാർ എന്ന കവിമുത്തശ്ശിക്ക് പ്രാർത്ഥിക്കാനാകുമോ? ഔവൈയാർ എന്ന പേരിൽ ഒന്നിലധികം സ്ത്രീകൾ കവിതകൾ എഴുതിയിരുന്നതായാണ് വിശ്വാസം. ഈ പ്രാർത്ഥന ഇപ്പോഴും നമ്മുടെ ഔവൈയാറുകളിലൂടെ പല ഭാവത്തിൽ ആവിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.                                                                      ‘ ഐന്തിണകളും പൂത്തു തേൻമണം പരക്കുമ്പോൾ                        ഇന്ദ്രിയങ്ങളഞ്ചിലും തെങ്കടൽ കുതിപ്പേറി                                         തൂലികത്തുമ്പിൽ നിന്നും ചോര വാർന്നൊലിക്ക നീ ‘                                              ആ ചോര വാർന്നൊലിക്കലാണ് അമർത്തുന്ന തേങ്ങലായി , കടങ്ങളുടെ മറവിയായി ആവിഷ്കരിക്കപ്പെട്ടു കൊണ്ടേയിരുന്നത്. എപ്പോഴാണ് ഔവൈ യാറുകൾ ‘പണ്ടൊരു പ്രകോപിത പുരം ചുട്ടെരിച്ച പോലെ ഇന്നിതിൻ വൈവശ്യത്താൽ സംസ്കാരം മുടിക്കുന്നത്. ഗ്രീഷ്മത്തിൽ തണ്ണീർ വറ്റിത്താഴുമാറുകളെപ്പോലെയാണ് ഇന്നും ഇവിടുത്തെ ഔവൈയാറുകളുടെ കവിതകൾ. എന്നാണ് കവിതയുടെ ഉരുൾപൊട്ടലുണ്ടാകുന്നത്. തടം തല്ലിയാർത്ത് ജീർണ്ണിച്ച കവിതാ ഭാവുകത്വത്തെ കടപുഴക്കി സമുദ്രത്തിലേക്കു മറിയുന്നത്.

Spread the love

Leave a Reply