മലയാളത്തിലെ കാവ്യ/ പാട്ടു ശാഖകളിൽ വഞ്ചിപ്പാട്ടു പ്രസ്ഥാനത്തിന് ഇന്നും ജീവന്റെ തുടിപ്പുണ്ട്. ആയിരങ്ങളുടെ മനസ്സിലും തൊണ്ടയിലും നാവിലും വഞ്ചിപ്പാട്ടുകൾ ഇന്നും നിറയുന്നുണ്ട്. ഓണക്കാലം കേരളത്തിൽ വള്ളംകളിക്കാലം കൂടിയാണ്. കർക്കട മഴയിൽ പെരുകിപ്പരന്നു കിടക്കുന്ന ആറ്റുനെട്ടായങ്ങൾ ചിങ്ങവെയിലിൽ ഒതുങ്ങി മിനുങ്ങും. തിളങ്ങുന്ന ആ അന്തരീക്ഷത്തിലാണ് വള്ളംകളിക്കാർ മദിച്ചു തുഴയുന്നത്. സംഘം ചേർന്നുള്ള ഈ തുഴച്ചിലിനെ ഒറ്റത്താളത്തിലാക്കുന്നത് വഞ്ചിപ്പാട്ടാണ്. വഞ്ചിപ്പാട്ടുകൾ തുഴച്ചിലിന്റെ ആയാസത്തെ അലിയിച്ചു കളയുന്നു. ശാരീരികാധ്വാനത്തെ ഉല്ലാസപ്രദമാക്കുന്നു. ആയിരം തുഴകൾ ഒറ്റത്താളമാകുന്ന വള്ളംകളി കൂട്ടായ്മയുടെ സംഘഗാഥയാണ്. വിയർപ്പുതുള്ളികൾ വെള്ളത്തുള്ളികളിൽ വീണലിയുമ്പോൾ കിട്ടുന്ന നിർവൃതിയാണ് വള്ളംകളിക്കാർക്കു കിട്ടുന്ന നീക്കി ബാക്കി. ആ ആനന്ദനിർവൃതിയാകട്ടെ വിലമതിക്കാനാകാത്തതാണ്.

നൂറു കണക്കിന് വഞ്ചിപ്പാട്ടുകൾ നൂറ്റാണ്ടുകൾക്കു മുമ്പേ കെട്ടപ്പെട്ടിട്ടുണ്ട്. വഞ്ചിപ്പാട്ടുകളെ നാടോടി ,പുരാണ വിഭാഗങ്ങൾ എന്ന മട്ടിലൊക്കെ തരം തിരിക്കാനുമാകും. നമ്മുടെ സാഹിത്യ ചരിത്രങ്ങളിൽ അത്തരത്തിലുള്ള രേഖപ്പെടുത്തലുകൾ നടന്നിട്ടുമുണ്ട്.

വ്യവസ്ഥാപിതമായ ചില സാഹിത്യ മൂല്യങ്ങൾ വെച്ചു കൊണ്ടുള്ള വഞ്ചിപ്പാട്ട് വിലയിരുത്തലുകളിൽ വലിയ ഒരു പോരായ്മ സംഭവിച്ചിട്ടുണ്ട്. സാഹിത്യ ചരിത്രം പ്രസ്ഥാനങ്ങളിലൂടെ എന്ന ഡോ.കെ.എം. ജോർജ് എഡിറ്റു ചെയ്ത സാഹിത്യ ചരിത്ര ഗ്രന്ഥത്തെ വലിയ കാര്യമായാണ് ഇവിടുത്തെ അക്കാദമിക് സമൂഹം പൊതുവേ കൊണ്ടു നടക്കാറുള്ളത്. ആ കൃതി അത്ര മോശമല്ല താനും. നമ്മുടെ പ്രാചീന കാവ്യ ശാഖകളെ തരംതിരിച്ച് അതാതു ശാഖകളിൽ ആഴത്തിൽ ജ്ഞാനമുള്ള ഗവേഷകർ വിശദമായി രേഖപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്, പ്രസ്തുത ഗ്രന്ഥത്തിൽ.

എന്നാൽ വഞ്ചിപ്പാട്ടു ശാഖ മുഖ്യ ശാഖകളിൽ പെടാതെ വിട്ടു പോയി ആ സാഹിത്യ ചരിത്ര പുസ്തകത്തിൽ. വിട്ടു പോയ കണ്ണികളെ വിളക്കിച്ചേർക്കുന്നത് എസ്. ഗുപ്തൻ നായരാണ്. അദ്ദേഹത്തിന്റെ പ്രബന്ധത്തിലാണ് വഞ്ചിപ്പാട്ട് കടന്നു വരുന്നത്. അവിടെയും ഗുപ്തൻ നായരുടെ സാഹിത്യ അഭിരുചി വെച്ചു കൊണ്ടുള്ള മൂല്യവിചാരമാണ് നടക്കുന്നത്. കുചേലവൃത്തം വഞ്ചിപ്പാട്ടിനെ നമ്മുടെ മധ്യകാലസാഹിത്യ വിചാരങ്ങളിൽ നിന്ന് ഒരു തരത്തിലും ഒഴിച്ചു നിർത്താനാവില്ല. രാമപുരത്തു വാര്യരുടെ ആത്മാംശം കലർന്ന ആ വള്ളപ്പാട്ടിൽ കാല്പനിക കവിതയുടെ ആദ്യകിരണങ്ങൾ പ്രകാശം ചൊരിയുന്നത് കാല്പനിക കവിതകളുടെ കാന്തിയിൽ മുങ്ങിയ ഒരു നിരൂപകന് കാണാതിരിക്കാനാകില്ല.

ഗുപ്തൻ നായർ കുചേലവൃത്തത്തെ പ്രശംസിക്കുന്നു. എന്നാൽ ഇതര വഞ്ചിപ്പാട്ടുകൾ സഭ്യവും സമ്മാന്യവുമല്ല എന്നു പറഞ്ഞ് അവയെ അവഗണിക്കുന്നു. അനേകശതം നാടൻ വഞ്ചിപ്പാട്ടുകളെയാണ് അസഭ്യമാണ് ,അവാർഡു കിട്ടിയില്ല എന്ന പേരിൽ ഗുപ്തൻ നായർ തള്ളിക്കളഞ്ഞത്. മലയാള കവിതാ സാഹിത്യ ചരിത്രമെഴുതിയ ഡോ. എം ലീലാവതിക്ക് രാജാവിന്റെ പ്രശംസയ്ക്കു പാത്രമായ തു നിമിത്തം കുചേലവൃത്തം അത്ര മികച്ച കൃതിയായി തോന്നിയില്ല. പട്ടിണി മാറ്റാൻ എഴുതിയ കാവ്യം കൊണ്ട് കവി ഉദ്ദേശിച്ചതു ലഭിച്ചു. രാജസദസ്സിൽ അംഗമായി. അത് ആ കാവ്യത്തിന്റെ പോരായ്മയെയയല്ല ശക്തിയെയാണ് കാണിക്കുന്നത്. കുചേലവൃത്തം ഭക്തി തുളുമ്പുന ഒരു മധ്യകാല കാവ്യമാണ്. വഞ്ചിപ്പാട്ടുകളുടെ കൂട്ടത്തിൽ ദീപസ്തംഭം പോലെ ഉയർന്നു നിൽക്കുന്നു ആ കാവ്യം.

Read Also  സദൃശ്യവാക്യങ്ങളിൽ ജനി - ജേക്കബ് ഏബ്രഹാമിൻ്റെ കഥയെക്കുറിച്ച്

മറ്റു വഞ്ചിപ്പാട്ടുകളെയും പഠനവിധേയമാക്കേണ്ടതുണ്ട്. നാടൻ മണമുള്ള പാട്ടുകളിൽ അടിസ്ഥാന മനുഷ്യന്റെ ജീവിതം സ്പന്ദിക്കുന്നുണ്ട്. ‘പെരുക്കാലനെന്നു പറയാതെ പെണ്ണേ ,പെരുക്കാലൻ നല്ല പണക്കാരൻ ‘ എന്നൊക്കെയുള്ള വരികളിൽ ഫ്യൂഡലിസ്റ്റ് കാല ജീവിതത്തിന്റെ കെടുമ്പുവാടയുണ്ട്. ശേഷമുള്ള വരികളിൽ പെണ്ണിന്റെ നിഷ്കളങ്ക പ്രണയമുണ്ട്.

കുട്ടനാട്ടിലും ആറന്മുളയിലുമായി നിരവധി പുരാണ ഇതിവൃത്തങ്ങളുള്ള വഞ്ചിപ്പാട്ടുകൾ ഉണ്ടായിട്ടുണ്ട്. ചുണ്ടൻ വള്ളംകളിയുള്ള നാടിന്റെ സംസ്കാരത്തിൽ അലിഞ്ഞു ചേർന്നവയാണ് ആ വഞ്ചിപ്പാട്ടുകൾ .വള്ളത്തിൽ മാത്രമല്ല ,എല്ലാ ആഘോഷങ്ങളിലും വരവേൽപ്പുകളിലും ഈ പ്രദേശത്തുള്ളവർ ഉച്ചത്തിൽ കൈത്താളമിട്ട് കണ്ഠം തുറന്ന് വഞ്ചിപ്പാട്ടു പാടും. തകഴിയുടെ ഏണിപ്പടികളിൽ നായകനായ കേശവപിള്ളയുടെ കല്യാണത്തിന് വരനെ എതിരേൽക്കുമ്പോൾ കരയിലെ കാരണവർ ‘പാഞ്ചാല ഭൂപതി തന്റെ മകൾക്കു വേളിചെയ്വാനായി’ എന്ന വഞ്ചിപ്പാട്ട് ഉച്ചത്തിൽ പാടുന്നതായി വിവരിക്കുന്നുണ്ട്. റിയലിസമാണല്ലോ തകഴിയുടെ കഥകളുടെ മുദ്ര. കുട്ടനാടിനെ തകഴി സാഹിത്യത്തിൽ പറിച്ചു നട്ടു. വഞ്ചിപ്പാട്ടിന്റെ താളഘടന തകഴിയുടെ കുറിയ വാചകങ്ങളിലുണ്ട്.

കുട്ടനാട്ടിൽ വള്ളംകളി വേഗതയിലേക്കു പോയതോടെ പാട്ടിന്റെ സംസ്കാരം ഒട്ടൊക്കെ മാഞ്ഞുപോയി. എന്നാൽ ആറന്മുളയിൽ ആ സംസ്കാരം ഇന്നും നിലനിൽക്കുന്നു. അനേകം വഞ്ചിപ്പാട്ടുകൾ ഇന്നും ആറന്മുള വള്ളംകളിയിൽ പാടിപ്പൊലിയ്ക്കുന്നുണ്ട്. ഭീഷ്മപർവ്വം പോലുള്ള വഞ്ചിപ്പാട്ടുകൾക്ക് കുചേലവൃത്തത്തിനൊപ്പമോ അതിനേക്കാളോ പ്രാധാന്യം ആറന്മുളയിലുണ്ട്. ആറന്മുളയിൽ വള്ളത്തിൽ കയറി പാടിക്കളിച്ചിട്ടുള്ള ഏതോ പ്രാദേശിക കവിയാണ് ഈ പാട്ടെഴുതിയതെന്ന് ആ പാട്ടിലെ വരികളും വാക്കുകളും വഞ്ചിപ്പാട്ടിന്റെ ഈണത്തിനൊത്ത് വിന്യസിക്കപ്പെട്ടിരിക്കുന്നതിൽ നിന്ന് മനസ്സിലാക്കാം.


പല വഞ്ചിപ്പാട്ടുകളും ആറന്മുളയിൽ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്. വാമൊഴിയായി പകർന്നു പോന്ന പലതും യഥാസമയം രേഖപ്പെടുത്താതിരുന്നതു വഴി വിസ്മൃതമായി. ചില പാട്ടുകളുടെ അറ്റവും മുറിയും മാത്രമേ അവശേഷിക്കുന്നുള്ളു.

വഞ്ചിപ്പാട്ടുകൾ പുരാണം ,നാടോടി എന്നു നോക്കാതെ സമഗ്രമായി ശേഖരിക്കപ്പെടേണ്ടേതുണ്ട്. അവയിലെ നാടോടി, സാംസ്കാരിക അംശങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കേണ്ടതുണ്ട്. കാലം മാറിയിട്ടും നാട്ടുകൂട്ടങ്ങൾ അവയെ പാടി പാടി നിലനിർത്തുന്നതിന്റെ പിന്നിലുള്ള നാട്ടു ജീവിത കൂട്ടായ്മയെ തിരിച്ചറിയേണ്ടതുണ്ട് .
തൈ തൈ തകത തികിതകതോ എന്ന വഞ്ചിപ്പാട്ടിന്റെ വായ് ത്താരി ആറന്മുളയിലെങ്ങും മുഴങ്ങിത്തുടങ്ങിയിരിക്കുന്നു. ഓണത്തിന്റെ വരവറിയിച്ച് .പള്ളിയോടങ്ങൾ നിറയെ ആളു കയറി പമ്പയാറ്റിലൂടെ പാടിത്തുഴഞ്ഞു നീങ്ങുന്നു. ആറന്മുളയിൽ നഷ്ടപ്പെട്ടു പോയി കൊണ്ടിരുന്ന കൂട്ടുവള്ളംകളിയൊക്കെ വീണ്ടെടുക്കുന്ന കളിക്കൂട്ടങ്ങളിൽ ഈ ലേഖകനും മുങ്ങിപ്പോയിരിക്കുന്നു.
കവണിയിൽ ഇനി ഒന്നു രണ്ടു ലക്കം വള്ളംകളി കാഴ്ചകളും അനുഭവങ്ങളുമായിരിക്കും. നാട്ടറിവുകളുടെ പങ്കുവെയ്പായിരിക്കും.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here