Wednesday, January 19

കാനത്തിന് മുഖം മിനുക്കാന്‍ വനംമന്ത്രി കെ.രാജുവിന്‍റെ പ്രളയജലം

കേരളം പ്രളയക്കെടുതിലായിരുന്നപ്പോള്‍ വനം വകുപ്പ് മന്ത്രി കെ.രാജു വിദേശത്ത് പോയത് വിവാദമായതിനെ തുടര്‍ന്ന് മന്ത്രിയെ തിരിച്ചു വിളിച്ചിരുന്നു.

ലോക മലയാളി ഫെഡറേഷന്‍റെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഓഗസ്റ്റ് 16ന് ആണ് മന്ത്രി ജര്‍മനിയിലേക്ക് പോയത്. ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് കടുത്ത മഴയും പ്രളയവും തുടങ്ങിയിരുന്നു.

താന്‍ ജര്‍മനിയിലേക്ക് പോകുന്ന സമയത്ത് മഴ ഉണ്ടായിരുന്നില്ലെന്നായിരുന്നു മന്ത്രിയുടെ ന്യായീകരണം. പാര്‍ട്ടിയുടെ അനുമതിയോടെയാണ് പോയത്. മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്നുമാണ് മന്ത്രി അറിയിച്ചത്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കോട്ടയം ജില്ലയുടെ ചുമതലയുണ്ടായിരുന്ന മന്ത്രി നിര്‍ണ്ണായകനിമിഷങ്ങളില്‍ തന്‍റെ ജനതയെ വിട്ടുപോയത് മന്ത്രിയുടെ ധാര്‍മ്മികതയിലൂന്നിയ രാഷ്ട്രീയനൈതികതയായാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. അത് മാധ്യമങ്ങള്‍ക്കും ജനകീയ ചോദ്യം ചെയ്യലുകള്‍ക്കും വിട്ടു കൊടുക്കേണ്ടതുമാണ്. അങ്ങനെയാണെന്നു വന്നാല്‍ പല പ്രമുഖരും പലേ അവസരങ്ങളുടെ പേരില്‍ ജനകീയവിചാരണ നേരിടേണ്ടി വരികയും ചെയ്യും.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെന്നിരിക്കെ പ്രളയദുരിതത്തിനിടയില്‍ തന്‍റെ ശബ്ദം കേള്‍പ്പിക്കാന്‍ മന്ത്രിയുടെ പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍ കൈക്കൊണ്ട നടപടികളെയാണ് നമുക്ക് ചിന്തിക്കേണ്ടി വരുന്നത്. അതിന് കാനത്തിന് ന്യായമായും കാരണങ്ങള്‍ ഉണ്ടു താനും.

കെ.എം.മാണിയെ എല്‍ ഡി എഫില്‍ എത്തിക്കാന്‍ സി പി.എം. മുഖ്യമന്ത്രി കൂടിയായ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ വ്യാജ ഇടതുപക്ഷ കൂട്ടായ്മയെ ചെറുക്കാന്‍ ചില്ലറ ഊര്‍ജ്ജമൊന്നുമല്ല കാനത്തിന് ചിലവഴിക്കേണ്ടി വന്നത്. അന്ന് അഴിമതി എന്ന വാക്കിന്‍റെ ആനുകൂല്യം ഇല്ലായിരുന്നെങ്കില്‍ കാനം രാജേന്ദ്രന് കുട്ടി സഖാക്കളില്‍ നിന്ന് തെരുവില്‍ നിന്നു തന്നെ തല്ല് കിട്ടുകയും ചെയ്യുമായിരുന്നു. അന്ന് പ്രബുദ്ധകേരളം ഏറ്റു വാങ്ങിയ അഴിമതിയ്ക്കെതിരായ ചിന്തയാണ് മാണിയെ മന്ത്രിസഭയിലെത്തിക്കാതിരുന്നതെന്ന് ഏവര്‍ക്കും അറിയാവുന്നതുമാണ്.

എന്നാല്‍ നമ്മുടെയെല്ലാം ഓര്‍മ്മയെ നഷ്ടപ്പെടുത്തുന്നതായിരുന്നു ഇ.പി.ജയരാജന്‍റെ കാര്യത്തില്‍ കാനത്തിന്‍റെ മൗനം. അഴിമതിയൊക്കെ വല്യേട്ടന്‍ തീരുമാനത്തില്‍ കഴുകിക്കളഞ്ഞെന്ന രീതിയില്‍ കാനം കുറ്റകരമായ മൗനം പാലിക്കുകയായിരുന്നു. അതേ സമയം കുട്ടികള്‍ക്ക് ചില കളിപ്പാട്ടങ്ങളൊക്കെ കൊടുത്ത് കരച്ചിലടക്കുന്ന നയം വല്യേട്ടന്‍ പാര്‍ട്ടി സ്വീകരിക്കുകയും ചെയ്തു. ഒങ്ങനെ ഒരു ചീഫ് വിപ്പ് കളിപ്പാട്ടത്തില്‍ കാനക്കുഞ്ഞിന്‍റെ കുഞ്ഞു പാര്‍ട്ടി നിര്‍ബന്ധമൊന്നുമില്ലാതെ കരച്ചിലടക്കുകയും ചെയ്തതാണ്.

പ്രളയം തുടങ്ങിയ കാലഘട്ടത്തില്‍ പിണറായി വിജയന്‍ ഇ.പി.ജയരാജനെ മന്ത്രിസഭയില്‍ എത്തിച്ചതിന് സമാനമായി തനിക്കും ആരെയെങ്കിലും ഇവിടെ എത്തിക്കണം എന്ന് കാനത്തിന് തോന്നിയത് രാഷ്ട്രീയമുഖം മിനുക്കാനുള്ള അവസരമായി കരുതിയതില്‍ തെറ്റൊന്നുമില്ല. വല്യേട്ടന്‍റെ പ്രീതിയും വേണം. അതിനിരയായതോ വനംമന്ത്രി കെ.രാജുവും. ജയരാജനെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടു വന്നപോലെ തന്നെ രാജുവിനെ നാട്ടിലെത്തിക്കുന്നതാവും തന്‍റെ കുറ്റകരമായ മൗനത്തിന്‍റെയും അതുമൂലം പാര്‍ട്ടിക്കുണ്ടായ കളങ്കത്തിന്‍റെയും ആധിക്യം കുറയ്ക്കാന്‍ കാനം കണ്ട മാര്‍ഗ്ഗം എന്നേ ഇതിനെ കാണാൻ പറ്റൂ.  ഇതു കൂടാതെ രാജുവിന്റെ സ്വന്തം തട്ടകമായ കൊല്ലം ജില്ലയിൽ നിന്നുള്ള ഒരു മുൻ മന്ത്രിയിപ്പോൾ മന്ത്രിസഭയിലേക്കുള്ള പ്രവേശനം സ്വപ്നം കാണുകയും ചെയ്യുന്നു.   ഇനി രാജു ജര്‍മ്മനിയിലെത്തിയ ശേഷമാണോ കാനവും മുഖ്യമന്ത്രിയും അദ്ദേഹം പോയ കാര്യം അറിഞ്ഞതെന്ന് ചിന്തിച്ചാല്‍ അവരുടെ സത്യസന്ധതയെയും കാര്യക്ഷമതയെയുമാണ് നാം ചിന്തിക്കേണ്ടത്.

 

Spread the love