Saturday, January 29

കെ. സുരേന്ദ്രൻ മൂന്നാഴ്ചയ്ക്ക് ശേഷം ഇന്ന് ജയിൽ മോചിതനാകും; സ്വീകരണത്തിനൊരുങ്ങി ബിജെപി

ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി നടന്ന അക്രമ സംഭവവുമായി ബന്ധപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ഇന്ന് ജയിൽമോചിതനാകും. മൂന്നാഴ്ച്ചത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങുന്ന സുരേന്ദ്രനെ സ്വീകരിക്കാൻ ബിജെപി പ്രവർത്തകർ ഒരുങ്ങി കഴിഞ്ഞു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ബിജെപി പ്രവര്‍ത്തകര്‍ സുരേന്ദ്രനെ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിലെത്തിക്കും. സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തുന്ന ബിജെപി ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്റെ അടുത്തേക്കാണ് സുരേന്ദ്രൻ എത്തുക.

തീർ‍ത്ഥാടകയെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയ കേസിൽ കർശന ഉപാധികളോടെ ഇന്നലെയാണ് സുരേന്ദ്രന് ഹൈക്കോടതി ജാമ്യം നൽകിയത്. ജാമ്യ വ്യവസ്ഥകളെല്ലാം ഇന്നലെ വൈകീട്ടോടെ റാന്നി കോടതിയിൽ പൂർത്തികരിച്ചെങ്കിലും ജാമ്യ ഉത്തരവ് തിരുവനന്തപുരത്തെത്തിയപ്പോള്‍ ഏഴു മണി കഴി‌ഞ്ഞതിനാൽ സുരേന്ദ്രന് പുറത്തിറങ്ങാനായില്ല. ഇന്ന് പത്ത് മണിയോടെ സുരേന്ദ്രൻ ജയിലില്‍ നിന്ന് പുറത്തിറങ്ങും.

കെ. സുരേന്ദ്രന്റെ ജയിൽ വാസത്തിനെ രാഷ്ട്രീയമായി മുതലാക്കാനായില്ലെന്ന അഭിപ്രായമാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്. അറസ്റ്റിനെതിരെ പാര്‍ട്ടി ശക്തമായി പ്രതികരിച്ചില്ലെന്നായിരുന്നു വി.മുരളീധരന്‍ അടക്കമുളളവരുടെ വിമര്‍ശനം. ഇക്കാരണത്താൽ തന്നെ ജയില്‍മോചിതനായെത്തുന്ന സുരേന്ദ്രന് വിവിധ ജില്ലകളില്‍ സ്വീകരണം നല്‍കാനും പാര്‍ട്ടിയില്‍ ആലോചനയുണ്ട്. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് കോടതി സുരേന്ദ്രൻ ജാമ്യം അനുവദിച്ചത്.

Spread the love
Read Also  ശബരിമല വിഷയം അയയുന്നു; മുന്നോട്ട് കൊണ്ട് പോകാൻ മാർഗ്ഗമില്ലാതെ ബിജെപി- കോൺഗ്രസ് കക്ഷികൾ

Leave a Reply