Wednesday, January 19

കൈലാസ്-മാനസരോവര്‍ യാത്ര: 1600 ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു, മലയാളി ഉള്‍പ്പെടെ രണ്ട്‌ പേര്‍ മരിച്ചു

കൈലാസ്-മാനസരോവര്‍ യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന 1600 ഇന്ത്യക്കാര്‍ കനത്ത മഴയെ തുടര്‍ന്ന് നേപ്പാളിലും ടിബറ്റിലുമായി കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഔദ്ധ്യോഗിക സ്ഥിതീകരണം. ഒരു മലയാളിയുള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. എന്നാല്‍ ഇവര്‍ മരിച്ചത് പ്രകൃതിക്ഷോഭം മൂലമല്ല. മലയാളിയായ ലീല നാരായണ്‍ മന്ദ്രേടത്ത് മരിച്ചത് ഉയരക്കുടുതല്‍ മൂലമുള്ള ശാരീരക അസ്വസ്ഥതകളാലാണ്. രണ്ടാമത്തെയാള്‍ ഹൃദ്രോഗം മൂലമാണ് മരിച്ചതെന്നും അധികൃതര്‍ വിശദീകരിച്ചു. കനത്ത മഴയും മണ്ണിടിച്ചിലും രക്ഷാപ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നതായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതികൂല കാലവസ്ഥ മൂലം 3000 മീറ്ററില്‍ കൂടുതല്‍ ഉയരത്തില്‍ ഹെലിക്കോപ്ടറുകള്‍ പറത്താന്‍ കഴിയാത്തതാണ് രക്ഷപ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും വിഘാതമായി നില്‍ക്കുന്നത്.

മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങള്‍ വിമാനമാര്‍ഗ്ഗം ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയായ നേപ്പാള്‍ ഗഞ്ചില്‍ എത്തിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള സത്യലക്ഷ്മി നാരായണ സുബറാവു ഗ്രന്ഥി വീര വെങ്കട്ടയാണ് മരിച്ച രണ്ടാമത്തെയാള്‍. ലക്‌നൗവില്‍ നിന്നും റോഡ് മാര്‍ഗ്ഗം മൂന്ന് മണിക്കൂര്‍ സഞ്ചരിച്ചാല്‍ എത്താവുന്ന സ്ഥലമാണിത്. മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പടിഞ്ഞാറന്‍ നേപ്പാളിലെ സിമികോട്ടില്‍ 600 ഇന്ത്യന്‍ തീര്‍ത്ഥാടകരാണ് കുടുങ്ങിക്കിടക്കുന്നത്. നേപ്പാളിന്റെ ടിബറ്റ് അതിര്‍ത്തിയായ ഹില്‍സയില്‍ 350 പേരാണുള്ളത്. 500 മുതല്‍ 700 വരെ തീര്‍ത്ഥാടകര്‍ ടിബറ്റില്‍ കുടുങ്ങിയിട്ടുണ്ടെന്നും കാഠ്മണ്ഡുവിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തിലെ ഒന്നാം സെക്രട്ടറി പ്രണവ് ഗണേഷ് അറിയിച്ചു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് പ്രണവ് ഗണേഷാണ്. 158 തീര്‍ത്ഥാടകരെ സിമികോട്ടില്‍ നിന്നും നേപ്പാള്‍ ഗഞ്ചില്‍ എത്തിച്ചിട്ടുണ്ട്. 200 തീര്‍ത്ഥാടകരെ ഹില്‍സയില്‍ നിന്നും സിമികോട്ടില്‍ എത്തിച്ചിട്ടുണ്ട്. രണ്ട് പേരുടെ മരണം ഒഴിവാക്കിയാൽ കൂടുതല്‍ അത്യാഹിതങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ഗണേഷ് അറിയിച്ചു. തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണവും പാരമെഡിക്കല്‍ സൗകര്യങ്ങളും ലഭ്യമാക്കുന്നുണ്ട്. സ്ഥിതിഗതികള്‍ നിലവില്‍ നിയന്ത്രണാധീതമാണെന്നും രണ്ട് ദിവസത്തിനുള്ളില്‍ നേപ്പാളിലും ടിബറ്റിലുമായി കുടുങ്ങിക്കിടക്കുന്ന തീര്‍ത്ഥാടകരെ മുഴുവന്‍ ഒഴിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Spread the love

Leave a Reply