Thursday, January 20

ചാവുന്ന ദളിതനെ തിന്നുന്ന ‘കാലയും’ സ്വയംപ്രഖ്യാപിത ദളിത് ബുദ്ധിജീവികളും: ഇമയവരമ്പന്‍

ഇമയവരമ്പന്‍

അങ്ങനെ കാല കടന്നു പോയി. ഞങ്ങണ്ടെ നാട്ടീന്നു ഒരാഴ്ച്ചക്കകവും പാലക്കാട്ടുന്നു രണ്ടാഴ്ച്ചക്കകവും. രജനീകാന്ത് ആരാധകര്‍ തിങ്ങിനിറഞ്ഞ നാടാണ് ഞങ്ങണ്ടേത് എന്നോർക്കണം.  ചുരുക്കത്തില്‍, ഒരു സൂപ്പര്‍ സ്റ്റാറിന്റെ പിൻബലത്തിൽ ദളിത് വിഭാഗങ്ങളുടെ ഉയിർത്തെഴുന്നേൽപ്പുമായി ബന്ധപ്പെട്ട് ഒരു ദളിത് സംവിധായകനാല്‍ മെനഞ്ഞെടുക്കപ്പെട്ട ഈ പടത്തിന് ബഹുജന സമാജത്തിന്റെ പിന്തുണയില്ലാതെ പോയി എന്നര്‍ത്ഥം. ദളിത് ബുദ്ധിജീവികള്‍ എന്ന് കരുതപ്പെടാവുന്ന പലരും പടത്തെ പ്രശംസകള്‍ കൊണ്ട് മൂടിയിട്ടുണ്ട്. ചുരുക്കം ചിലര്‍ എതിരഭിപ്രായം പ്രകടിപ്പിച്ചിട്ടുമുണ്ട്.

പടം കൊട്ടകയില്‍ പൊട്ടിയോ എന്നത് ഇക്കാലത്ത് ഒരു വിഷയമല്ല. ദളിത് വ്യവഹാരങ്ങൾക്ക് പുറമേ നിൽക്കുന്ന കച്ചവട വ്യവഹാരങ്ങള്‍ കാരണം മുടക്ക് മുതൽ പണ്ട് തന്നെ തിരിച്ചു കിട്ടിയിരിക്കും. പിന്നെ, നമുക്ക് നോക്കാവുന്നത് രാഷ്ട്രീയപരമായും കലാപരമായും പടം എവിടെ നിൽക്കുന്നു എന്നതാണ്. പടത്തെക്കുറിച്ച് അത്യാവേശനിലയില്‍ പ്രതികരിക്കുന്നവര്‍ ഇതില്‍ രണ്ടാമത്തെ അംശമാണ് മുന്നോട്ടു വെക്കുന്നത്.

പടം കണ്ട ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി പറഞ്ഞത് രജനീകാന്ത് ആരാണെന്നത് തനിക്കു പ്രശ്‌നമല്ല, പാ രഞ്ജിത്ത് എന്ത് പറയുന്നു എന്നതിലാണ് തനിക്കു നോട്ടം എന്നാണ്. പടം റിലീസ് ആവുന്നതിനു തൊട്ടു മുന്നേ രജനീകാന്ത് തൂത്തുക്കുടി വെടിവെപ്പിനെ കുറിച്ച് പറഞ്ഞ തികച്ചും മനുഷ്യാവകാശ വിരുദ്ധമായ പ്രസ്താവനയുടെ പശ്ചാത്തലത്തിലും കൂടിയാണ് മേവാനി ഇങ്ങനെ പറഞ്ഞത്. പക്ഷെ, ഞാന്‍ കാണുന്നത് അങ്ങനെയല്ല. ഇങ്ങനെ ഒരു സിനിമയില്‍ അഭിനയിച്ചതിനു ശേഷവും ഇങ്ങനെയൊരു പ്രസ്താവന നടത്താന്‍ മാത്രം ഭോഷനായ ഒരാള്‍ക്ക് താന്‍ അഭിനയിക്കുന്ന സിനിമയെ കുറിച്ചു ഇത്രയും അറിവേ ഉണ്ടായിരുന്നുള്ളുവല്ലോ എന്നാണ്. അല്ലെങ്കില്‍ പാ രഞ്ജിത്ത് എന്ന സംവിധായകന്‍ തന്റെ പ്രധാന കഥാപാത്രത്തെ കുറിച്ച് ഇത്രയുമേ അയാളെ പഠിപ്പിക്കാന്‍ കഴിഞ്ഞുള്ളൂവോ എന്നതാണ്. എങ്കില്‍, ബഹുജന സമാജത്തെ ഇദ്ദേഹം എങ്ങനെ അഭിസംബോധന ചെയ്യാനാണ്? അതിനു കഴിഞ്ഞില്ല എന്നതിന്റെ വ്യക്തമായ തെളിവാണ് കാണികളുടെ തിരസ്‌കാരം.

സൂപ്പര്‍ സ്റ്റാറിനെ ഉപയോഗിക്കുക, അയാളുടെ ജനപിന്തുണയെ ദളിത് വ്യവഹാരങ്ങള്‍ക്കായി ഉപയോഗിക്കുക, കച്ചവട സിനിമയില്‍ ഇതേ വരെ കാണാത്ത ദളിത് ബിംബങ്ങള്‍ ഉപയോഗിക്കുക എന്നിവയാണ് പാ രഞ്ജിത്തിന്റെ സംഭാവനകളായി നമ്മള്‍ കാണേണ്ടത് എന്നത് ഒരു പ്രധാന പക്ഷം തന്നെയാണ്. അതില്‍ തര്‍ക്കമൊന്നും ഇല്ല. അതുമല്ല, സാങ്കേതികതയിലും കലാപരതയിലും കുറെയൊക്കെ മുകള്‍ത്തട്ടില്‍ തന്നെ നില്‍ക്കുക എന്നതും ഒരു പക്ഷമാണ്. അതും ശരി തന്നെയാണ്. നല്ലൊരു ഫിലിം മേക്കര്‍ ആണ് താന്‍ എന്ന് തെളിയിക്കാന്‍ സംവിധായകന് കഴിയുന്നുമുണ്ട്.

ഇതെല്ലാം അംഗീകരിക്കുമ്പോള്‍ തന്നെ, സൂപ്പര്‍സ്റ്റാറിനെ ഉപയോഗിക്കുക എന്ന രാഷ്ട്രീയവും കലാപരവുമായ അടവുനയത്തില്‍ രഞ്ജിത്ത് എത്ര വിജയിക്കുന്നു എന്നത് ഒരു പ്രശ്നം തന്നെയാണ്. അടവ് ഫലിക്കുന്നില്ല എന്നതാണ് എന്റെ പക്ഷം. മറിച്ച്, സൂപ്പര്‍സ്റ്റാര്‍ സിനിമയെ കവച്ചുവെക്കുകയോ അല്ലെങ്കില്‍ ഒരു ഭാരമായി തീരുകയോ ചെയ്യുന്നുമുണ്ട്. അത് ഭയന്ന്, സൂപ്പര്‍സ്റ്റാറിനെ ഒരു മനുഷ്യന്‍ ആയി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോഴാണ് ഈ പരാജയം പൂര്‍ണമാവുന്നത്.

ഇതൊരു തികഞ്ഞ അംബേദ്കറൈറ്റ് പടമാണെന്നാണ് ചിലര്‍ ഭാവിക്കുന്നത്. വലിയ സംശയമുണ്ട്. പാ രഞ്ജിത്ത് അംബേദ്കറൈറ്റ് ആണെന്നുള്ളതില്‍ സംശയമൊന്നും ഇല്ല. അത് അദ്ദേഹം തന്നെ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ, സിനിമയില്‍ അതിനായി അദ്ദേഹം ഉപയോഗിക്കുന്ന തന്ത്രങ്ങള്‍ എന്താണ്? അംബേദ്കറുടെയോ ബുദ്ധന്റെയോ ഇമേജുകളോ സൂചനകളോ അവിടവിടെ കാണിക്കുക എന്നല്ലാതെ വേറെ എന്തുണ്ട്? കബാലി എന്ന സിനിമയില്‍ കബാലി നടത്തുന്ന സ്‌കൂളില്‍ അംബേദ്കറുടെ ഫോട്ടോ വലുതായി കാണിക്കുന്നുണ്ട്. ജയിലില്‍ വെച്ച് കബാലി വായിക്കുന്ന പുസ്തകം ഒരു ദളിത് ആത്മകഥയാണ്. (വളരെ സൂക്ഷിച്ചു നോക്കിയാല്‍ ബുദ്ധിജീവികള്‍ക്ക് മാത്രം തിരിച്ചറിയാവുന്ന മട്ടില്‍) പിന്നെ പ്രശസ്തമായ ഡയലോഗ്. അംബേദ്കര്‍ കോട്ടിടുന്നതും, ഗാന്ധി കോട്ടിടാത്തതും. കാലയിലും ഇത്തരം സൂചകങ്ങള്‍ കാണാം. അതില്‍ പ്രധാനമായത് ബുദ്ധവിഹാരം തന്നെ.

‘ജാതിയുടെ ഉന്മൂലനം’ ആണ് അംബേദ്കര്‍ ചിന്തയുടെ ഏറ്റവും അടിസ്ഥാനപരമായ പുസ്തകം എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. എന്നാല്‍, മേല്‍പ്പറഞ്ഞ സൂചകങ്ങള്‍ അല്ലാതെ, ജാതിയെ കുറിച്ചു ശക്തമായ ഒരു വിചിന്തനവും കബാലിയിലോ കാലയിലോ കാണാന്‍ കഴിയില്ല. കബാലിയുടെ കഥ നടക്കുന്നത് മലേഷ്യയില്‍ ആയതിനാല്‍ തമിഴ് ദേശീയതയ്ക്കാണ് അവിടെ പ്രാമുഖ്യം. ഇതേ കഥയാണ് കാലയിലും കാണാന്‍ കഴിയുന്നത്. തമിഴ്‌നാട്ടില്‍ കഥ പ്രതിഷ്ഠിക്കുന്നതിന്  പകരം, മലേഷ്യ, മുംബൈയിലെ ധാരാവി എന്നീ സ്ഥലങ്ങളില്‍ (അതായത് തമിഴര്‍ കുടിയേറി പാര്‍ക്കുന്ന ഇടങ്ങളില്‍) പാ രഞ്ജിത്ത് തന്റെ സിനിമയുടെ പശ്ചാത്തലം കണ്ടെത്തുന്നത് തന്നെ ഇക്കാരണത്താല്‍ ആണെന്ന് തോന്നുന്നു. കുടിയേറിപാർക്കുന്നവരുടെ ഒരു പ്രത്യേകത അവിടെ അവരുടെ മുഖ്യ എതിരാളികളായി വരുന്നത് തദ്ദേശീയരാണ് എന്നതാണ്. ഇത്, ജാതിവൈരുധ്യങ്ങളെ ദുര്‍ബലപ്പെടുത്തുന്ന ഒരു അവസ്ഥയാണ്. ഇത്തരം ഒരു അവസ്ഥയാണ് സംവിധായകന്‍ രണ്ടു സിനിമയിലും തിരഞ്ഞെടുത്തിട്ടുള്ളത് എന്നത് ഒരു മുഖ്യ പോരായ്മയാണ്.

Read Also  ടിക്കാറാം മീണയ്ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിയ്ക്ക് പരാതി

പാ രഞ്ജിത്തും രജനിയും കബാലിയുടെ സെറ്റില്‍

അടുത്ത പോരായ്മ സൂപ്പര്‍ സ്റ്റാറിന്റെ തിരഞ്ഞെടുപ്പ് തന്നെ. താന്‍ എന്തിനെ മറികടക്കാന്‍ ശ്രമിക്കുന്നുവോ, അതിനു കഴിയുന്നില്ല എന്നത് ഒരു സംവിധായകന്റെ പോരായ്മയാണ്. കാല എന്ന കഥാപാത്രം, മറിച്ചു എന്തൊക്കെ പറഞ്ഞാലും, സൂപ്പര്‍ സ്‌റാര്‍ തന്നെയാണ്. അതുകൊണ്ടാണ് നൃത്തരംഗങ്ങളും, ഒരു ഉഗ്രന്‍ സംഘട്ടന രംഗവും ഉള്‍പ്പെടുത്തേണ്ടി വരുന്നത്. മഴയത്ത് വെറുമൊരു കുടയുടെ സഹായത്തോടെ കാല തന്റെ ചില ഇടത്തരം പ്രതിയോഗികളെ വക വരുത്തുന്ന സീന്‍ പ്രൈംടൈം ആണ്. (നമ്മുടെ നാട്ടിലൊന്നും കാണാത്ത ജാപ്പനീസ് കുടയാണത്) പിന്നൊരു ബാധ്യത സൂപ്പര്‍സ്റ്റാറുകള്‍ക്ക് വേണ്ടി എഴുതപ്പെടേണ്ടി വരുന്ന പഞ്ച് ഡയലോഗുകള്‍ ആണ്. ധാരാവിയെപറ്റി ‘ ഇത് കാലാവോട കില’ ( കാലായുടെ കോട്ട) എന്ന് ഹരി ദാദയോട് രജനി ആക്രോശിക്കുന്നത് ഓര്‍ക്കുക. സൂപ്പര്‍സ്റ്റാറുകളുടെ സ്വതസിദ്ധമായ വീമ്പിളക്കല്‍ വിഭാഗത്തില്‍ ഇത് പെടുത്താം. പക്ഷെ, പൊതുവേ, മറ്റ് സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളില്‍ ഇത്തരം വീമ്പുപറച്ചിലുകള്‍ അവര്‍ പാലിക്കാറുണ്ട്. കാലയെ (അതായത് രജനിയെ) മനുഷ്യന്‍ ആക്കാനുള്ള വ്യഗ്രതയില്‍ അയാളെക്കൊണ്ട് ഒന്നും സാധിക്കാന്‍ ആവാത്ത അവസ്ഥയാണ് ഉണ്ടാവുന്നത്. തന്റെ വീമ്പുപറച്ചിലിനോടൊപ്പം ഉയരാത്ത സൂപ്പര്‍സ്റ്റാറുകളെ ബഹുജനസമാജം നിരാകരിക്കും എന്നതിന്റെ തെളിവാണ് ഈ പടത്തിന്റെ കൊട്ടകകളിലെ പരാജയം. (സംവിധായകന്‍ മാജിക്കല്‍ റിയലിസം വഴി ഇത് മറി കടക്കുന്നു എന്നൊരു ഭാഷ്യമുണ്ട്. അതിലേക്കു വരാം)

ഹുമാ ഖുറൈഷി,രജനി കാന്ത്

സൂപ്പര്‍സ്റ്റാര്‍ വെളുമ്പനായാലും കറമ്പനായാലും ഒരു ഇണ വേണം എന്ന കാര്യം സര്‍വസമ്മതമാണ്. ഇണയുടെ നിറം എന്ത് എന്നത് അങ്ങനെ പ്രധാനമാവുന്നു. രജനീകാന്തിന്റെ ഇന്നോളമുള്ള സിനിമയില്‍ അയാള്‍ക്ക് വെളുത്ത ഇണകളാണ് ഉള്ളത്. അത് എങ്ങനെ മാറ്റാന്‍ പറ്റും? അതിനാല്‍, ഒരു കറമ്പി പൊണ്ടാട്ടിയെ അയാള്‍ക്ക് നല്കുമ്പോള്‍ തന്നെ, കോംപ്രമൈസ് എന്ന നിലയില്‍ തമിഴത്തിയല്ലാത്ത ഒരു വെളുമ്പിയെതന്നെ കാമുകിയായി നല്‍കുന്നു. (വെളുത്ത നിറത്തോടു ദളിതര്‍ക്ക് പോലുമുള്ള ഈ അഭിവാഞ്ചയെ കുറിച്ചു ദളിത് ചിന്തകനായ ശ്രീ എ.എസ്. അജിത്കുമാര്‍ ഈ പടത്തിന്റെ ഒരു വിമർശനമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്) മാത്രമല്ല, പൊണ്ടാട്ടി കൊല്ലപ്പെടുകയും അവസാനം വെളുമ്പി തന്നെ കാലയുടെ കൂടെ നില്‍ക്കുകയും ചെയ്യുന്നു. അവളുടെ (ജരീനയുടെ) പേരാണ് കാലയുടെ കൈയ്യില്‍ പച്ച കുത്തിയിരിക്കുന്നത്. ഒരു കലാപത്തില്‍ കുടുംബം നഷ്ട്‌പ്പെട്ട്, കാലയെ നഷ്ട്‌പ്പെട്ട് പലായനം ചെയ്ത മുസ്ലീം പെണ്ണാണ് അവള്‍ എന്നത് യാഥാര്‍ത്ഥ്യം തന്നെ. മാത്രമല്ല, ദളിത് മുസ്ളീം ഐക്യം എന്ന (കേരളത്തില്‍ നിലനിൽക്കുന്ന) ഒരു ചിന്താധാരണയുമായി അത് ഒത്തുപോകുന്നു എന്ന് വേണമെങ്കിലും പറയാം. എങ്കിലും, തൊലിയുടെ നിറവും സൂപ്പര്‍സ്റ്റാര്‍ പദവിയും തമ്മിലുള്ള ഒരു കച്ചവടബന്ധത്തെ അത് മറികടക്കുന്നില്ല. തിരശീലയ്ക്ക് കൊഴുപ്പേറ്റാന്‍ സവര്‍ണ നിറം ഒഴിവാക്കാന്‍ ആകുന്നില്ല.

കാലയുടെ കുടുംബബന്ധത്തെ കുറിച്ചുള്ളതാണ് മറ്റൊരു ന്യൂനത. കാലയെ കേന്ദ്രീകരിച്ചിട്ടുള്ള കുടുംബത്തില്‍ കാലയ്ക്കല്ലാതെ മറ്റാര്‍ക്കും അധികാരമില്ലെന്നതാണ് നമ്മള്‍ കാണുന്നത്. കുറെ അധികാരം കാണിക്കുന്നത് പൊണ്ടാട്ടിയാണ്. പക്ഷെ, അത് കാല വഴി വരുന്ന അധികാരമാണ്. കാലയുടെ ദളപതി എന്ന് പറയുന്ന മൂത്ത മകനും അങ്ങനെ തന്നെ. സ്വന്തമായ ഒരു വ്യക്തിത്വം അവർക്കാർക്കുമില്ല. പുറത്തു പോകുന്ന ഇളയ മകനും അങ്ങനെ തന്നെ. ചുരുക്കത്തില്‍, ഒരു സവര്‍ണ പുരുഷാധികാരകുടുംബത്തിന്റെ അതേ ഘടനയാണ് കാലയുടെ കുടുംബത്തിനും. കാല ആയതു കൊണ്ട് മാത്രമാണ് ജരീനയുമായുള്ള ബന്ധമൊക്കെ അവര്‍ വക വെച്ചു കൊടുക്കുന്നത്. അംബേദ്കറൈറ്റ് പടമാണ് എന്ന് ചിലര്‍ പറയുന്നത് കൊണ്ട് ഒരു സംശയം തോന്നിയത് പറയാം. കാലയുടെ ഇളയ മകന്റെ പേര് ലെനിന്‍ എന്നാണ്. എന്ത് കൊണ്ട് അങ്ങനെയൊരു പേര് കാലയും, കാലയുടെ പൊണ്ടാട്ടിയും, പാ രഞ്ജിത്തും തിരഞ്ഞെടുത്തു? അയാളാണ് കാലയുടെ ഒപ്പം അവസാനം വരെ നില്ക്കുന്നത്. മൂത്ത മക്കള്‍ക്കൊക്കെ സാധാരണ തമിഴ് പേരുകളാണ്. എവിടെ, എപ്പോഴാണ് കാലയും മാര്ക്‌സിസവും കൂട്ടിമുട്ടിയത് എന്നതിനൊന്നും സിനിമയില്‍ വിശദീകരണവും ഇല്ല.

Read Also  ദളിത് ആദിവാസി വിഭാഗങ്ങളുടെ സംയുക്ത ഭാരത് ബന്ദ് നാളെ

തന്റെ കോട്ടയിലും, ഹരിദാദയുടെ വീട്ടിലും കാല നടത്തുന്ന വീമ്പുപറച്ചിലിന് ഒരു ഫലവുമില്ലെന്നുള്ളതാണ് അടുത്തത്. എല്ലാ നഷ്ട്ടവും കാലയ്ക്കാണ് സംഭവിക്കുന്നത്. ഭാര്യയും മകനും കൊല്ലപ്പെട്ടതിനു ശേഷമാണ് കാല ഹരിദാദയെ കാണാന്‍ തന്നെ പോകുന്നത്. അയാള്‍ വെറുതെ സോറി പറഞ്ഞു അത് തള്ളിക്കളയുന്നു. പിന്നീടാണ്, കോട്ട ആക്രമിക്കപ്പെടുന്നത്. എല്ലാം തകര്‍ക്കപ്പെടുകയാണ്. കോട്ടയിരുന്ന സ്ഥാനത്താണ് ഹരി ദാദ ദണ്ടകാരണ്യ നഗറിന്റെ ശിലാ സ്ഥാപനം നടത്തുന്നത്. അതിനു മുമ്പ് ഒരു രാമായണം വായനയുണ്ട്. രാവണന്റെ ഓരോ തല അറക്കുമ്പോഴും മറ്റൊരു തല മുളച്ചു പൊന്തുന്നു എന്നൊക്കെ പറയുന്നത് നമ്മുടെ ദളിത് വ്യാഖ്യാതാക്കള്‍ കൊണ്ടാടുന്നുണ്ട്. ഒരു കാല പോയാല്‍ ആയിരം കാല ജനിക്കും എന്നൊക്കെയുള്ള ക്ലീഷേയില്‍ ക്ലീഷേയായ വചനങ്ങളാണ് കൊണ്ടാടുന്നത് എന്നത് വെറും പാപ്പരത്തമാണ് എന്നെ പറയാനുള്ളൂ. കബാലിയില്‍, അംബേദ്കറുടെ ഫോട്ടോയുള്ള സ്‌കൂളില്‍ പഠിച്ച ഒരു വിദ്യാർത്ഥിയാണ് കബാലിയെ വെടിവെക്കുന്നത്. ഇവിടെ, അജ്ഞാതനായ ഒരാള്‍ കാലയെ മറഞ്ഞു നിന്ന് വെടിവെക്കുന്നു.

പിന്നെ നടക്കുന്നതാണ് മാജിക്കല്‍ റിയലിസം വിഭാഗത്തില്‍ നമ്മുടെ ദളിത് ബുദ്ധി ജീവികള്‍ പെടുത്തുന്നത്. അതായത്, കാല കൊല്ലപ്പെട്ടു എന്ന യാഥാര്‍ത്ഥ്യം വകവെച്ച് കൊടുക്കാന്‍ തയാറല്ല. (സാധാരണ കാണികള്‍ക്ക് അക്കാര്യത്തില്‍ സംശയമൊന്നുമില്ല. അതാണ് അവര്‍ സിനിമ കാണാന്‍ വരാത്തത്) അതിനു പകരം, നിറങ്ങളുടെ ഒരു പുകമറയാണ് സൃഷ്ട്ടിക്കപ്പെടുന്നത്. ഒരു ഹോളി കളി. കുറെ നിറങ്ങള്‍ വാരിയെറിഞ്ഞാല്‍, ഒരു ഹിപ് ഹോപ് പാട്ട് പാടിയാല്‍, നൃത്തം ചെയ്താല്‍ എന്തോ വിപ്ലവം നടന്ന പ്രകൃതി യുവാക്കളില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞേക്കും. കാര്യങ്ങള്‍ വ്യക്തതയില്ലാതെ വിട്ടാല്‍ തോറ്റവനും ജയിച്ചു എന്ന പ്രതീതി ഉണ്ടായേക്കാം. പക്ഷെ, ഒരു രാഷ്ട്രീയ സിനിമ, ദളിത്പക്ഷ സിനിമ എന്നൊക്കെ പറയുന്ന ഒരു പടത്തില്‍ ഇത് എത്ര ശ്ലാഘനീയമാണ് എന്ന കാര്യത്തില്‍ സംശയമുണ്ട്. ആർട്ട് പടം ആണെങ്കില്‍ സമ്മതിക്കാം. ഹരി ദാദയുടെ രോമത്തില്‍ പോലും തൊടാന്‍ കാലയ്ക്ക് കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ബുദ്ധിജീവികളല്ല പടം കാണുന്നത് എന്നത് കൊണ്ട് ബഹുജന സമാജം വിധി എഴുതിയിട്ടുമുണ്ട്.

തമിഴ് എഴുത്തുകാരി ബാമയുടെ കഥകളില്‍ മാജിക്കല്‍ റിയലിസം പ്രയോഗിച്ചു കണ്ടിട്ടുണ്ട്. ഒരു കഥയില്‍ മേല്‍ജാതിക്കാരന്റെ പ്രേതം കീഴ്ജാതിക്കാരിയുടെ ശരീരത്തില്‍ ബാധയായി കൂടുകയാണ്. ഒഴിപ്പിക്കാന്‍ വന്നവര്‍ ബാധയോട് പറയുകയാണ് ‘നിങ്ങള്‍ മേൽജാതിയല്ലേ? ജീവിച്ചിരിക്കുമ്പോള്‍ ഞങ്ങളെ തൊടുക പോലും ഇല്ലല്ലോ. പിന്നെന്താ ഇങ്ങനെ?’ അതിനു ബാധയുടെ മറുപടി ‘പ്രേതത്തിനു ജാതി ഇല്ലെടാ.’ ഇവിടെയൊക്കെയാണ്, വാസ്തവത്തില്‍, ജാതിയെ നേരിട്ട് നേരിടുന്നവരെ നമ്മള്‍ കാണുന്നത്. അല്ലാതെ, തമിഴ് ജീവിതവുമായി ഒരു ബന്ധവുമില്ലാത്ത ധാരാവിയിലും മറ്റുമല്ല.

പണ്ട്, ‘അങ്ങാടി’ എന്നൊരു സിനിമ ഇറങ്ങി. ചുമട്ടു തൊഴിലാളികളാണ് നായകനായ ജയനും സംഘവും. അത് കണ്ടിട്ട് ‘ഇത് നമ്മുടെ സിനിമയാണ്’ എന്ന് ഒരു മാര്ക്‌സി്സ്റ്റുകാരന്‍ എന്നോട് ആവേശപൂര്‍വം സംസാരിച്ചിട്ടുണ്ട്. ഏതാണ്ട് അതെ തരത്തിലാണ് കബാലിയും കാലയും കണ്ട ബുദ്ധിജീവികള്‍ ഇന്ന് പറയുന്നത്. നായകന്‍ തോല്‍ക്കാത്തത് കൊണ്ട് അങ്ങാടി വിജയിച്ചു. ഇവിടെ, 150 കോടി മുതല്‍ മുടക്കിയാണ് തോല്‍വി ഏറ്റുവാങ്ങുന്നത്. 300 യഥാര്‍ത്ഥ ദളിത്പക്ഷ സിനിമകള്‍ക്കുള്ള മുതലാണ് നശിപ്പിച്ചിരിക്കുന്നത്.

ഇമയവരമ്പന്‍: ആനുകാലികങ്ങളില്‍ സ്ഥിരമായി എഴുതുന്നു. ധാരാളം തമിഴ് കവിതകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്.

Spread the love

Leave a Reply