Thursday, January 20

മോഹന്‍ലാല്‍ സുഹൃത്താണ്, അതിനാല്‍ വിമര്‍ശിക്കരുതെന്നില്ല: ദിലീപ് വിഷയത്തില്‍ കമലഹാസന്‍

മോഹന്‍ലാല്‍ നയിക്കുന്ന അമ്മയുടെ ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തെ സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് കടന്ന കമലഹാസന്‍ അപലപിച്ചു. അമ്മയെക്കുറിച്ചുള്ള തന്‍റെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞാല്‍ മലയാളസിനിമാരംഗത്തെ പല ചങ്ങാതികളുമായുള്ള ബന്ധത്തെ ബാധിക്കുമെങ്കിലും തനിക്ക് തുറന്ന് പറയാതിരിക്കാനുമാവില്ല എന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം.

മോഹന്‍ലാല്‍ എന്‍റെ നല്ല ചങ്ങാതിയാണ്. ഞങ്ങള്‍ ഏകദേശം അയല്‍ക്കാരുമാണ്. അദ്ദേഹം എന്‍റെ അഭിപ്രായങ്ങളോട് യോജിക്കാനിടയില്ല. എന്നാല്‍ അതുകൊണ്ട് എനിക്ക് മോഹന്‍ലാലിനെപ്പറ്റി നല്ലത് പറയാനില്ല. നാളെ മോഹന്‍ലാല്‍ എന്‍റെ രാഷ്ട്രീയവീക്ഷണത്തോട് ചേരുമായിരിക്കില്ല. എങ്കിലും ഞാന്‍ അദ്ദേഹത്തിനെതിരെയും സംസാരിക്കില്ലെന്നും കമലഹാസന്‍ വ്യക്തമാക്കി.

തമിഴില്‍ പ്രസിദ്ധി നേടുന്നതിന് മുമ്പ് മലയാളത്തില്‍ കഴിവ് തെളിയിച്ച നടനാണ് കമലഹാസന്‍. മലയാളത്തില്‍ അദ്ദേഹത്തിന്‍റേതായി നാല്പതിലധികം സിനിമകളുണ്ട്. അതിനാല്‍ മലയാളതാരങ്ങളുമായി അദ്ദേഹത്തിന് യോജിപ്പുണ്ട്.

അമ്മവഴക്കില്‍ ഡബ്ല്യു.സി.സിയ്ക്കാണ് കമലഹാസന്‍റെ പിന്തുണ. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിന് മുമ്പ് അമ്മ ഡബ്ല്യു.സി.സിയുമായി ചര്‍ച്ച നടത്തണമായിരുന്നു എന്നാണ് കമലിന്‍റെ അഭിപ്രായം. ഒരു ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ ദിലീപിനെ തിരിച്ചെടുക്കാവൂ എന്നും ഡബ്ല്യു.സി.സി.യുടെ നിലപാടിനെ താന്‍ പിന്താങ്ങുന്നുവെന്നും മനോരമ ന്യൂസിനോട് അദ്ദേഹം തുറന്നടിച്ചു.

നടി ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഡബ്ല്യു.സി.സി. രൂപീകരിക്കപ്പെട്ടപ്പോള്‍ തന്നെ കമലഹാസന്‍ അവരെ അഭിനന്ദിച്ചിരുന്നു. നേരത്തേ കന്നട സിനിമാരംഗത്തുനിന്നും നിവധി പേര്‍ അമ്മയോട് പ്രതിഷേധമറിയിച്ച് കത്തയച്ചിട്ടുണ്ട്. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിന്‍റെ പേരില്‍ അമ്മയുടെ എക്സിക്യൂട്ടീവ് അംഗങ്ങള്‍ സ്ഥാനമൊഴിയണമെന്നും കന്നട സിനിമാപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.

Spread the love