Monday, January 24

മുതിര്‍ന്ന താരങ്ങളോട് ക്ഷമ ചോദിച്ച് കമല്‍

മലയാളസിനിമയിലെ മുതിര്‍ന്ന താരങ്ങളായ മധു, ജനാര്‍ദ്ദനന്‍, കവിയൂര്‍ പൊന്നമ്മ, കെ.പി.എ.സി.ലളിത എന്നിവരോട് സംവിധായകന്‍ കമല്‍ മാപ്പ് ചോദിച്ചു. മുതിര്‍ന്ന പല താരങ്ങളും അമ്മയില്‍ തുടരുന്നത് ആനുകൂല്യങ്ങള്‍ക്കു വേണ്ടിയാണെന്ന ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കൂടിയായ കമലിന്‍റെ ആക്ഷേപത്തിനെതിരെ സിനിമാ മന്ത്രി എ.കെ. ബാലന് മധു, ജനാര്‍ദ്ദനന്‍, കവിയൂര്‍ പൊന്നമ്മ, കെ.പി.എ.സി.ലളിത എന്നിവര്‍ നിവേദനം നല്കി നിമിഷങ്ങള്‍ക്കകം കമല്‍ അവരോട് മാപ്പു പറഞ്ഞു.

താരങ്ങള്‍ മന്ത്രി എ.കെ.ബാലന് നല്കിയ പരാതി, അമ്മയുടെ ഫേസ് ബുക് പോസ്റ്റിലും പ്രസിദ്ധീകരിച്ചു. അമ്മയില്‍ നിന്നും മാസംതോറും തങ്ങള്‍ക്ക് കിട്ടുന്ന പണം കൈനീട്ടമായല്ല കണക്കാക്കുന്നതെന്നും, അത് ഒരു സ്നേഹസ്പര്‍ശമായാണ് തങ്ങള്‍ കണക്കാക്കുന്നതെന്നുമാണ് മുതിര്‍ന്ന താരങ്ങളുടെ അഭിപ്രായം.

പണത്തിന്‍റെ തുകയെക്കാള്‍ അത് ഞങ്ങള്‍ക്ക് ശക്തിയും തണലും തരുന്ന സ്നേഹവും പരിഹണനയുമാണ്. ഇടുങ്ങിയ ചിന്താഗതിക്കാര്‍ക്കുമാത്രമേ അതിനെ ആനുകൂല്യമായി കരുതാനാവുകയുള്ളൂവെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ കമലിനെപ്പോലുള്ള ഒരാള്‍ ഒരിക്കലും ഇങ്ങനെ പ്രസ്താവിക്കരുതായിരുന്നുവെന്നുമാണ് അവര്‍ വ്യക്തമാക്കിയത്. ഈ പരാതിയിന്മേല്‍ ഉചിതമായ നടപടികളുണ്ടാകണമെന്നും അവര്‍ മന്ത്രിയോട് അപേക്ഷിക്കുന്നു.

പരാതിയോട് പ്രതികരിച്ചുകൊണ്ടാണ് കമല്‍ അവരോട് മാപ്പു പറഞ്ഞത്. തന്‍റെ അഭിപ്രായം തെറ്റിദ്ധരിക്കപ്പെട്ടതാണ്. മുതിര്‍ന്ന താരങ്ങളെന്ന നിലയില്‍ അത് അവര്‍ക്ക് വേദനയുണ്ടാക്കിയതില്‍ തനിക്ക് വിഷമമുണ്ട്. ഞാന്‍ അവരെ അങ്ങേയറ്റം ബഹുമാനിക്കുകയും ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. എന്‍റെ വാക്കുകള്‍ അവരെ വേദനിപ്പിച്ചതില്‍ ഞാന്‍ ഖേദമറിയിക്കുന്നുവെന്നും കമല്‍ വ്യക്തമാക്കി.

അമ്മ ജനാധിപത്യപരമായ സംഘടനയല്ലെന്നും അതില്‍നിന്നും ജനാധിപത്യം പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണെന്നും കഴിഞ്ഞ ദിവസം കമല്‍ പ്രസ്താവിച്ചിരുന്നു. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ച് അമ്മയില്‍ നിന്നും രാജി വെച്ച നാലു നടിമാരെയും അഭിനന്ദിച്ച കമല്‍, താന്‍ ഇതെല്ലാം പറയുന്നത് തന്‍റെ 35 കൊല്ലത്തെ സിനിമാമേഖലയിലെ അനുഭവത്തില്‍ നിന്നാണെന്നും പറഞ്ഞു.

Spread the love
Read Also  'പാകിസ്ഥാൻ നിറഞ്ഞെന്ന് തോന്നുന്നു, അതാണു ചന്ദ്രനിലേക്ക് പോകാൻ ആവശ്യപ്പെട്ടത്' ; ലജ്ജ തോന്നുന്നുവെന്ന് കമൽ