Wednesday, June 23

ഇനി കണ്ണൂർ രാഷ്ട്രീയം ശക്തമാകും

ഒടുവിൽ ഹൈക്കമാൻ്റ് ആളെ കണ്ടെത്തി. കേരളത്തിൻ്റെ രക്ഷ കെ സുധാകരനിലൂടെ മാത്രമേ സാധിക്കൂ എന്ന് ഹൈക്ക’മാൻറിനു മനസിലായി. ഒളിഞ്ഞും തിരിഞ്ഞും വാക്പോരുനടത്തിയും മിണ്ടാതിരുന്നും നടക്കുന്ന ഒരു സംഘടന തെരഞ്ഞെടുപ്പ് സ്ട്രാറ്റജിയാണ് കോൺഗ്രസിൽ കാലങ്ങളായി നിലനിൽക്കുന്നത്. അതിൻ പ്രകാരം കെ സുധാകരൻ കേരളത്തിലെ കോൺഗ്രസ് അധ്യക്ഷനായി മാറി.
കോൺഗ്രസ് ഇതുവരെ പിന്തുടർന്ന ഒരു രാഷ്ട്രീയമാനമായിരിക്കില്ല ഇനി വരാൻ പോകുന്നതെന്ന കാര്യത്തിൽ തർക്കമില്ല.
മുല്ലപ്പള്ളി ഒരു പരിധി വരെ കോൺഗ്രസിൽ ഗ്രൂപ്പ് സമവായത്തിൻ്റെ മുഖമായിരുന്നെങ്കിൽ ഇനി സുധാകരപക്ഷം പിടിമുറുകുമ്പോൾ അസന്തുലിതാവസ്ഥകൾ ശക്തമാകും.

കോൺഗ്രസിൻ്റെ ഏറ്റവും വലിയ ദുരന്തം നേതൃനിരയുടെ ബാഹുല്യമാണ്.ഇത് തന്നെയാണ് പാർട്ടിയെ പലപ്പോഴും പരാജയപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ സി.പിഎം എന്നതിനു പരി പിണറായി വിജയൻ എന്ന ഒറ്റയാളെ എതിരിടാനുള്ള മാസ്റ്റർ പ്ലാനാണ് കെ.സുധാകരിനിലേക്ക് ഹൈക്കമാൻ്റ് കാര്യങ്ങൾ എത്തിച്ചത്.

മറ്റൊരു തരത്തിൽ ഇനി കണ്ണൂർ രാഷ്ട്രീയം ശക്തമാകും എന്ന് വ്യക്തം. കൊന്നും കൊലവിളിച്ചും നിലനിർത്തിയ കണ്ണൂർ രാഷ്ട്രീയം ശക്തമായാൽ കൊലപാതക രാഷ്ട്രീയം എന്ന ലേബൽ ഇപ്പോൾ തന്നെ നെറുകയിൽ ചാർത്തി കൊടുക്കപ്പെട്ടിട്ടുള്ള സി.പി.എം നെ പെട്ടെന്ന് ട്രാക്ക് ചെയ്യാൻ പറ്റും അതിനു തക്ക അനുഭവസമ്പത്ത് എന്തായാലും കെ.സുധാകരനുണ്ട്.

അതല്ലെങ്കിൽ പ്രത്യക്ഷമായി ബി.ജെ.പിയിലേക്ക് പോയ്ക്കളയും എന്ന് നേതൃത്വത്തെ ഭീഷണിപ്പെടുത്തിയ കെ സുധാകരനെ കൂടെ നിർത്തേണ്ടതിൻ്റെ ആവശ്യമെന്ത്?

കോൺഗ്രസിൽ നിന്നും നിലവിൽ വ്യക്ത്യധിക്ഷേപങ്ങളും ആക്രമണങ്ങളും എതിർ പക്ഷത്തിനു നേരെ ഉയർത്തിയ മറ്റ് നേതാക്കൻമാർ വളരെ കുറവാണ്.
ഭൂതകാല ജീവിതാവസ്ഥയും ജാതിയുമെല്ലാം എപ്പോഴും ശത്രുവിനെ ആക്രമിക്കുമ്പോൾ കെ സുധാകരനെ വല്ലാതെ പിടിച്ചു മുറുക്കുന്നുണ്ട്.
പിണറായി വിജയനെ സമീപകാലത്ത് കുടി ഇത്തരം അധിക്ഷേപത്തിലൂടെ നേരിടാൻ ശ്രമിച്ചത് കോൺഗ്രസിൽ തന്നെ മുറുമുറുപ്പ് ഉണ്ടാക്കിയിരുന്നു. ജയരാജൻ വധശ്രമം നാല്പാടി വാസു കൊലപാതകം കണ്ണൂർ സെവറി ഹോട്ടൽ ജീവനക്കാരനായിരുന്ന സി.പിഎം പ്രവർത്തകൻ. കെ നാണുവിൻ്റെ കൊലപാതകം. കെ.കരുണാകരൻ്റെ പേരിൽ നടന്ന ഫണ്ട് പിരിവ് . പി.ജെ കുര്യനു വേണ്ടി വക്കാലത്ത് പിടിച്ച് സൂര്യനെല്ലി പെൺകുട്ടിയ്ക്ക് നേരെ നടത്തിയ വ്യക്തി അധിക്ഷേപം ഇതെല്ലാം പുതിയ കോൺഗ്രസ് അധ്യക്ഷൻ്റെ ക്രെഡിറ്റിൽ നിന്നും ഇപ്പോഴെ സൈബർ സഖാക്കൾ പുറം ലോകത്ത് ചർച്ചയാക്കുന്നുണ്ട്. രംഗം കൂടുതൽ വഷളാകും എന്നുറപ്പ്.കാരണം ഇനി ഒരു സംഘടന മൊത്തമായും കൈയിലുള്ളതിൻ്റെ ശക്തി കെ.സുധാകരനു കിട്ടിക്കഴിഞ്ഞു. മാത്രമല്ല ബി.ജെ.പിയുടെ ഇഷ്ടക്കാരിൽ ഒരാൾ കൂടിയാണെന്ന പരിവേഷവും.

ഇതിനിടയിൽ പട്ടികജാതി പരിവേഷവുമായി രംഗത്ത് വന്ന കൊടിക്കുന്നിൽ സുരേഷ് എന്ത് കൊണ്ട് ദളിത് വിഭാഗത്തിൽ നിന്നൊരാൾ കോൺഗ്രസിൻ്റെ അധ്യക്ഷ സ്ഥാനത്തെത്തുന്നില്ല എന്ന ചോദ്യം ഉന്നയിച്ചിരുന്നു.

കോൺഗ്രസിൽ സുധാകരൻ അധ്യക്ഷനാകുമ്പോൾ തെളിയന്നത് അതിനുള്ള കാരണമാണ്. ഇപ്പോഴും അവർക്കാവശ്യം ആ ജാതി വർഗ്ഗ മാമൂലുകളിൽ കളിക്കുന്ന മാടമ്പികളെയാണ്.

Read Also  വെറുക്കപ്പെടുന്ന പാർട്ടിയിലേക്കുള്ള റൂട്ട് മാപ്പുകൾ

അഡ്ജസ്റ്റ്മെൻറുകൾക്കും അനുനയത്തിനും പേരുകേട്ട ഹൈക്കമാൻ്റ് വിധി സുധാകരൻ്റെ അധ്യക്ഷ സ്ഥാനത്തെ അധികനാൾ നീട്ടിക്കൊണ്ടുപോകാനും സാധ്യതയില്ല എന്നും ചില കോൺഗ്രസ് മിത്രങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

Spread the love