Saturday, September 19

ഈ കഥയിലെ പ്രേമം വീഞ്ഞിനെക്കാൾ മാധുര്യമുള്ളത്.

ചില കാലങ്ങളിൽ സാഹിത്യരചനകൾ വായിക്കാൻ ഒരു മടുപ്പു തോന്നും. ഒന്നോ രണ്ടോ മാസം നീണ്ടു നിൽക്കുന്ന ഒരു തരം ഉത്സാഹക്കുറവ്. അത്തരം ഒരു സമയത്തിലകപ്പെട്ടിരിക്കുവാണെന്നു തോന്നുന്നു. കഥയും കവിതയും നോവലുമൊക്കെ ധാരാളമായി പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. മലയാളത്തിൽ സർഗ്ഗാത്മക ഉറവകൾ അങ്ങനെ വറ്റുകയില്ല. ഡോ. കെ.എം. വേണുഗോപാലിന്റെ ‘കലിയും കാവ്യൗഷധങ്ങളും ‘, കെ.ബി.രാജാനന്ദന്റെ ‘ നിലാസാധകം തുടങ്ങി ഒരു പിടി സർഗ്ഗേതരകൃതികളും വായിക്കാൻ കിടക്കുന്നു .
യുവാക്കൾ മലയാളത്തിലെഴുതുന്ന ഏറ്റവും പുതിയ കഥകളും കവിതകളും ചിലത് ഈയിടെ വായിച്ചില്ലെന്നുമില്ല. അതിൽ ഏറ്റവും ശ്രദ്ധേയനായി തോന്നിയ കഥാകൃത്തുക്കളിലൊരാൾ കരോൾ ത്രേസ്യാമ്മ എബ്രഹാം ആണ്. ഭാഷാപോഷിണി യുവസഭയിൽ ‘ഹോർലിക്സ് ബാബ ‘ എന്ന പേരിൽ കരോൾ എഴുതിയ കഥ മലയാളകഥാസാഹിത്യത്തിലെ ഒരു നവപ്രതിഭയുടെ ഉദയത്തെക്കുറിക്കുന്നു.
ആദ്യമേ തന്നെ ചൂണ്ടിക്കാണിക്കട്ടെ, രണ്ടു സവിശേഷതകളാണ് ഈ കഥയെ ശ്രദ്ധേയമാക്കുന്നത്. ഒന്ന് തെളിച്ചമുള്ള ഭാഷയും ഭാവനയും. രണ്ട് കേരളത്തിനു വെളിയിൽ നടക്കുന്ന കഥ. ഈയിടെ ഇറങ്ങിയ, യുവാക്കൾ എഴുതിയ എണ്ണം പറഞ്ഞ കഥകളുടെയൊക്കെ ആഖ്യാന പരിസരം കേരളത്തിന്റെ പ്രാന്തപ്രദേശങ്ങളായിരുന്നു. കാട്ടോര കുടിയേറ്റ ഗ്രാമങ്ങൾ ,കടലോര പ്രദേശങ്ങൾ, നഗര സമീപത്തെ ചേരികൾ … കഥ നടക്കുന്ന ഈ ഭൂമികയ്ക്ക് ചേർന്ന വിധത്തിലുള്ള ഭാഷ. വാമൊഴിവഴക്കങ്ങൾ ,പരുക്കൻ ഭാവങ്ങൾ ,കാളിമ കലർന്ന പശ്ചാത്തലം. ഇതൊക്കെ ആവർത്തിക്കാൻ തുടങ്ങിയതോടെ വിരസതയിലേക്ക് വീഴുകയായിരുന്നു കഥയുടെ ലോകം.
എന്നാൽ കരോൾ കേരളത്തിനു വെളിയിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നു. ഹൈദരാബാദിൽ ഐ ഇ എസ് പഠിക്കാനെത്തിയ എൻജിനീയർ യുവാവും അയാളെക്കാൾ പൊക്കവും പ്രായവും സാമ്പത്തികവും പ്രശസ്തിയും കൂടിയ ശിവാനി ഠാക്കൂർ എന്ന അഭിഭാഷകയും തമ്മിൽ ഹോർലിക്സ് ബാബ എന്നു വിളിപ്പേരുള്ള ആളുടെ ഒറ്റമുറിപ്പീടികയിൽ വെച്ച് ഹോർലിക്സ് കുടിക്കാനെത്തി കണ്ടുമുട്ടുന്നതും ആ കൂടിക്കാഴ്ച്ചകൾ പ്രണയത്തിലേക്കു വളരുന്നതും ഒതുക്കമുള്ള തെളിഞ്ഞ ഭാഷയിൽ കരോൾ വിവരിക്കുന്നു.ബാബയുടെ ഹോർലിക്സിന്റെ രുചിയും പ്രണയത്തിന്റെ മാധുര്യവും കൂട്ടിയിണക്കിയിരിക്കുന്നത് വായിച്ചു പോകുമ്പോൾ ആ രുചിയും മധുരവും വായനക്കാരന്റെ മനസ്സിലേക്ക് കിനിഞ്ഞിറങ്ങി പരക്കുന്നു. ബാബയുടെ ഹോർലിക്സ് കൂട്ടൊരുക്കും അയാളുടെ ദുരന്തച്ഛവി കലർന്ന ജീവിത പശ്ചാത്തലവും ആ കഥാപാത്രത്തിലേക്ക് നമ്മളെ വലിച്ചടുപ്പിക്കുന്നു.
ആരാണ് മലയാളത്തിൽ ഏറ്റവും മികച്ച പ്രണയകഥകൾ പറഞ്ഞത്. ലോല എഴുതിയ പത്മരാജൻ ,അതോ സംഗീതം തുളുമ്പുന്ന ഭാഷയിൽ പനിനീർ പരിമളം പൊഴിയുന്ന പ്രണയ കഥകൾ പറഞ്ഞ പത്മനാഭൻ ,അതോ മോതിരം എഴുതിയ കാരൂർ. കരോൾ പ്രണയത്തെ എഴുതുമ്പോൾ ഭാഷ തുടുക്കുന്നുണ്ട്. ‘നിന്റെ അധരം എന്നെ ചുംബനം കൊണ്ടു പൊതിയട്ടെ, നിന്റെ പ്രേമം വീഞ്ഞിനെക്കാൾ മാധുര്യമുള്ളത് ‘ എന്ന ഉത്തമ ഗീതത്തിലെ പ്രണയസൂക്തത്താൽ ഈ കഥയിലെ പ്രണയികളെ കഥാകൃത്ത് മൂടുന്നത് കഥയുടെ സൗന്ദര്യം കൂട്ടുന്നു.
‘ഏറ്റവും കൊതിപ്പിക്കുന്ന പ്രണയം. അതു മുപ്പതുകളിലേക്കു കടന്ന പെണ്ണിന്റേതാണ്. മുപ്പതുകൾ! അത് അവൾക്ക് രണ്ടാം കൗമാരമാണ്. രണ്ടാം വസന്തമാണ് . ഇല കൊഴിഞ്ഞ ശാഖകളിൽ വീണ്ടും തളിർ പൊടിയുന്ന കാലം. പ്രണയം കാത്തിരിക്കുന്ന, പ്രണയത്തിനായി ദാഹിക്കുന്ന അവളെക്കാൾ നന്നായി വേറെ ആർക്കാണ് ബാബു ,ഒരാണിനെ സ്നേഹിക്കാനാകുക ‘
എന്ന് കഥാനായകന് പഠിപ്പിച്ചു നൽകിയത് ബാബയായിരുന്നു.
ആ ബാബയെ ദീർഘകാലത്തെ അന്വേഷണത്തിനൊടുക്കം ശിവാനിയും മകനുമൊത്ത് കണ്ടു മുട്ടുന്നതാണ് കഥയുടെ മറ്റൊരു ഇതൾ. ഇവരെ ഒരുമിപ്പിക്കുക എന്നതായിരുന്നു ബാബയുടെ ജീവിതത്തിന്റെ നിയോഗം എന്ന അർത്ഥ ധ്വനിയിൽ വലിച്ചു നീട്ടാത്ത ,അടിച്ചു പരത്താത്ത ഈ ചെറുകഥ സമാപിക്കുന്നു.

Spread the love
Read Also  ഗാന്ധിയും ഗോഡ്സേയും

Leave a Reply