Monday, January 24

നാടുവാഴികൾ ഭരിക്കുന്ന സ്വതന്ത്ര റിപ്പബ്ലിക്; അഥവാ അയിത്ത കേരളം

 

കുഞ്ഞികൃഷ്ണൻ വെളുത്തോളി

കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരം ബ്ലോക്കിൽ ഉൾപ്പെടുന്ന ബെള്ളൂർ പഞ്ചായത്തിലെ നാട്ടക്കൽ എന്ന പ്രദേശത്ത് ദലിതരെ വഴി നടക്കാൻ അനുവദിക്കാത്ത സംഭവം ജാതീ വിവേചനത്തിന്റെ ഒടുവിലത്തെ പുറത്ത് വന്ന ഉദാഹരണമാണ്. കർണ്ണാടകതിർത്തി പ്രദേശത്ത് നടന്ന സംഭവമാണെന്ന് പറഞ്ഞ് ജാതിരഹിത പുരോഗമന നാട്യ കേരളത്തിന് ഇതിന് നേരെ കണ്ണടയ്ക്കാൻ സാധിക്കുകയില്ല. ആശുപത്രിയിലേക്ക് രോഗിയെ ചുമലിലേറ്റി പോകേണ്ടി വന്നതിനാൽ രോഗി മരിക്കാൻ ഇടയായ സംഭവം ഒറ്റപ്പെട്ടതല്ല. ഇതിനു മുമ്പും ഇത്തരം സംഭവങ്ങൾ ഈ പ്രദേശത്ത് ഉണ്ടായിരുന്നു.

സവർണ്ണ ജാതിയിൽപ്പെട്ട നവീൻകുമാർ ഭട്ട് എന്ന വ്യക്തിയുടെ പറമ്പിലൂടെ ദലിതർക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചത് ഈ പ്രദ്ദേശത്തെ രാഷട്രീയ-സാമൂഹ്യ-വിദ്യാഭ്യാസ വികസനത്തിലെ പിന്നോക്കാവസ്ഥയിലേക്കും ജാതീയത പേറുന്ന സമൂഹ മനസ്ഥിതിയിലേക്കമാണ് വിരൽ ചൂണ്ടുന്നത്. നിലവിൽ ബി.ജെ.പി. ഭരിക്കുന്ന പഞ്ചായത്തിൽ ഈ റോഡ് പഞ്ചായത്തിന്റെതെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും സവർണ്ണ വിഭാഗത്തിൽപ്പെട്ട നവീൻകുമാർ ഭട്ട് ഇത് വിട്ടുനൽകാൻ തയ്യാറല്ല. മൊഗർ വിഭാഗത്തിലെയും മറാഠി, കൊറഗ വിഭാഗത്തിലേയും കടുംമ്പങ്ങൾ ആണ് ഈ വഴി ഉപയോഗിക്കുന്നത്.

ഇവർക്ക് സഞ്ചരിക്കാൻ വേറൊരു റോഡ് ഉണ്ടാക്കുന്നതിനെ കുറിച്ചുള്ള സാധ്യതകൾ നോക്കണമെന്ന് ജില്ലാ ഭരണാധികാരികളോട് ആവശ്യപ്പെട്ട ബി.ജെ.പി. ജനപ്രതിനിധികൾ വെളിപ്പെടുത്തുന്നത് സവർണ്ണ രാഷ്ട്രീയമാണ്. ഈ പ്രദേശത്തുള്ള സവർണ്ണരുടെ പറമ്പിലാണ് പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന മൊഗെർ വിഭാഗത്തിലെ ആളുകൾ പണിയെടുക്കുന്നത്. സവർണ്ണരുടെ ആശ്രിതരായി കൃത്യമായ കൂലിയൊന്നും ലഭിക്കാതെ ജൻമി – ഉടമ സമ്പ്രദായം ഇവിടെ ഇപ്പോഴും തുടർന്ന് പോരുന്നുണ്ട്. വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ മുതലെടുത്ത് ചൂഷണത്തിന് വിധേയരായി ജീവിക്കുന്നവരാണ് ഈ പ്രദേശത്തെ പട്ടികജാതിക്കാരും ആദിവാസികളും.

വിശ്വാസത്തെ ചൂഷണം ചെയ്യുന്ന അനുഷ്ഠാനങ്ങുള്ള കിന്നിംഗാർ ക്ഷേത്രം ഉൾപ്പെടുന്ന പ്രദേശം കൂടിയാണിത്. പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ നടത്തുന്ന ജംബ്രി ഗുഹപ്രവേശനം എന്ന ആചാരം 400 വർഷം പഴക്കമുള്ള ജീവിച്ചിരിക്കുമ്പോൾ തന്നെ തന്റെ മരണാനന്തര ചടങ്ങുകൾക്ക് സാക്ഷിയാകേണ്ടി വരുന്ന ചടങ്ങാണ്. ബ്രാഹ്മണ തന്ത്രികൾക്ക്‌ ഗുഹയിൽ പ്രവേശിക്കുന്നതിന് വഴിയൊരുക്കാൻ പാമ്പുകൾ ഉൾപ്പെടെയുള്ള ജീവികൾ ഉള്ള ഗുഹ വൃത്തിയാക്കുന്നത് പട്ടികജാതി മൊഗെർ വിഭാഗത്തിലുള്ള ആളുകളാണ്. ആളുകളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന അനാചാരങ്ങൾ ഇന്നും തുടർന്ന് പോരുന്ന ഒരു പ്രദേശമാണിത്. പട്ടികജാതിക്കാർക്ക് വഴി നടക്കാൻ അനുവദിക്കാത്ത വിഷയത്തിൽ സമരവുമായി സി.പി.ഐ.എം. ഈ വിഷയത്തിൽ രംഗത്തുണ്ട്. എന്നാൽ പട്ടികജാതി വിഭാഗം താമസിക്കുന്ന സ്ഥലത്തേക്ക് റോഡ് നിർമ്മിക്കാൻ പഞ്ചായത്തിന് സ്ഥലം വിട്ടുനൽകില്ലെന്ന നിലപാടിലാണ് ഈ പ്രദേശത്തെ സവർണ്ണർ.

കുറച്ച് വർഷങ്ങളായി നില നിൽക്കുന്നതാണ് ബെള്ളൂർ പഞ്ചായത്തിലെ തോട്ടത്ത മൂലൈ പ്രദേശത്തേക്കുള്ള വഴി പ്രശ്നം. മുപ്പത് വർഷം മുമ്പ് തർക്കത്തിനാധാരമായ സ്വകാര്യ വ്യക്തിയുടെ മാതാവ് ഈ വാർഡിന്റെ മെമ്പർ ആയിരുന്ന കാലത്ത് ഇതേ റോഡ് വികസനത്തിന് മുൻകൈയ്യെടുക്കുകയും സഞ്ചാരയോഗ്യമായ റോഡ്‌ നിർമ്മിക്കുകയും ചെയ്തിരുന്നു. എന്നാൽ 2005 മുതൽ റോഡ് ഉപയോഗശൂന്യമായ രീതിയിൽ തകർന്നതിനാൽ നന്നാക്കാൻ ആവശ്യമുയർന്നപ്പോഴാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലമാണെന്ന് പറഞ്ഞ് തടഞ്ഞത്.

Read Also  ബല്ലാരിയിലൂടെ കോൺഗ്രസ് തിരിച്ചു വരുമോ..?

ഇത് സംബന്ധിച്ച് കോടതിയിൽ നിന്ന് സ്റ്റേ ഓർഡർ വാങ്ങിയിട്ടുണ്ടെന്നാണ് സ്വകാര്യ വ്യക്തി നാട്ടുകാരോടും പഞ്ചായത്ത് അധികൃതരോടും പറഞ്ഞത്. എന്നാൽ ചർച്ചകളിൽ അത് ആവശ്യപ്പെട്ടപ്പോൾ നൽകാൻ തയ്യാറായിരുന്നില്ല. റോഡ് പണി നടക്കാതിരിക്കാൻ അയാൾ കള്ളം പറയുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ഈ പ്രശ്നം ഉള്ളത് കൊണ്ട് പിന്നോക്ക പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾക്ക് അനുവദിച്ച നാല് കോടി രൂപ ചെലവഴിക്കാൻ പറ്റിയിട്ടില്ല. തോട്ടത്തമൂലെയിൽ പട്ടികജാതി വിഭാഗത്തിലെ 32 കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തിന് 1.5 കോടി രൂപയുടെ പദ്ധതി പ്ലാൻ ചെയ്തിരുന്നുവെങ്കിലും ഇത് നടപ്പിലാക്കാൻ കഴിയാത്ത സാഹചര്യമാണ് ള്ളതെന്നാണ് പ്രൊമോട്ടർ പറയുന്നത്. നിലവിലുള്ള വഴിയല്ല സ്ഥലത്തിന്റെ മറ്റൊരു അതിർത്തിയിലൂടെ റോഡിന് സ്ഥലം നൽകാമെന്നാണ് സവർണ്ണ വിഭാഗത്തിൽപ്പെട്ട സ്വകാര്യ വ്യക്തി പറയുന്നത്.

വീടിനോട് ചേർന്നുള്ള നിലവിലുള്ള വഴിയിലൂടെ മത്സ്യവും ഇറച്ചിയും കൊണ്ട് പോകുന്നത് കൊണ്ട്‌ വീടിന് ദോഷമുണ്ടാകുന്ന കാരണം പറഞ്ഞാണ് റോഡിന് സ്ഥലം വിട്ട് നൽകാത്തതെന്നാണ് നാട്ടുകാർ പറയുന്നത്. മാസങ്ങൾക്ക് മുമ്പ് രവി (30 വയസ്സ്) എന്ന ചെറുപ്പക്കാരൻ പാമ്പ് കടിയേറ്റ് മരിക്കാനിടയായ സംഭവം റോഡ് പ്രശ്നം വീണ്ടും ചർച്ചയായിരിക്കയാണ്. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ പണിയെടുക്കുമ്പോഴാണ് ചെറുപ്പക്കാരന് പാമ്പ് കടിയേറ്റത്. റോഡ് സൗകര്യം ഇല്ലാത്തതിനാൽ കൃത്യസമയത്ത് വാഹനം ലഭിക്കാത്തതിനാലാണ് യഥാസമയം ചികിത്സ കിട്ടാതെ യുവാവ് മരിച്ചത്. നിലവിൽ ബി.ജെ.പിയാണ് ബെള്ളൂർ പഞ്ചായത്ത് ഭരിക്കുന്നത്. മുൻ വർഷങ്ങളിൽ സി.പി.ഐ.എം ഭരിച്ചിരുന്ന സമയത്ത് ഇതിൽ പരിഹാരം കാണാതെ രാഷട്രീയ ലാഭത്തിനായി സി.പി.ഐ.എം. വിഷയമാക്കുകയാണെന്നും വേറൊരു അതിർത്തിയിൽ റോഡിന് സ്ഥലം നൽകാൻ സ്വകാര്യ വ്യക്തി തയ്യാറാണന്നാണ് ബി.ജെ.പി. പറയുന്നത്‌. എന്നാൽ 100 കുടുംബങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ നേരത്തെ ഉപയോഗിച്ച് കൊണ്ടിരുന്ന സ്ഥലം പഞ്ചായത്തിന് റോഡ് വികസനത്തിനായി നൽകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

വാർഡ്‌ മെമ്പറുടെ നേത്യത്വത്തിൽ രണ്ട് മാസം മുമ്പ് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് റോഡ് പണി നടത്താൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്ക് നിവേദനം നൽകിയിരുന്നു. കളക്ടർ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് ഇതിൽ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകുകയും ഡിഡിപി ബെള്ളൂർ പഞ്ചായത്ത് സെക്രട്ടറിയോട് വിവരങ്ങൾ നൽകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പഞ്ചായത്തിന്റെ ആസ്തി ലിസ്റ്റിൽ ഉള്ള റോഡാണിതെന്നാണ് സി ഡി പി യുടെ കത്തിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നതെന്ന് പ്രൊമോട്ടർ പറയുന്നു. എന്നാൽ പ്രസ്തുത സ്ഥലം സെക്രട്ടറി സന്ദർശിച്ചുവെങ്കിലും റിപ്പോർട്ട് ഡിഡിപിയിലേക്ക് അയച്ചില്ലെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. സവർണ്ണ വിഭാഗത്തിൽപ്പെടുന്ന വ്യക്തികളുടെ സ്ഥലമായതിനാലാണ് പഞ്ചായത്ത് അധികൃതർ ഇതിൻമേൽ നടപടി സ്വീകരിക്കാത്തതെന്നാണ് നാട്ടുകാരുടെ ആരോപണം.

Spread the love