ആലായാൽ തറ വേണം….എന്ന നാടൻ പാട്ട് കാവാലത്തിൻ്റെതല്ല അദ്ദേഹത്തിൻ്റെ ശിഷ്യൻ പി ആർ വാര്യരുടെ ശേഖരത്തിലുള്ളതാണെന്ന് കാവാലത്തിൻ്റെ ഭാര്യ ശാരദാമണി നാരായണപ്പണിക്കർ. കാവാലത്തിൻ്റെതെന്നു അവകാശപ്പെടുന്ന പല പാട്ടുകളും  വെട്ടിയാർ പ്രേംനാഥിൻ്റെ ദശകങ്ങൾ നീണ്ട ഗവേഷണങ്ങളിലൂടെ പുറത്തു കൊണ്ടുവന്നതാണെന്നു  മകൾ പ്രമീള പ്രേംനാഥ് കഴിഞ്ഞ ദിവസം പ്രതിപക്ഷം.ഇന്നിലെഴുതിയ ലേഖനത്തിലൂടെ ആരോപണം ഉന്നയിച്ചിരുന്നു.

ശാരദാമണിയുടെ ശബ്ദസന്ദേശമാണു വാട്സ് ആപ്പിലൂടെ പ്രചരിക്കുന്നത്. 

പി കെ വാര്യരും വെട്ടിയാർ പ്രേംനാഥും കാവാലം സംഗീത നാടക അക്കാദമി സെക്രട്ടറിയായിരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ കീഴിൽ റിസർച്ച് ചെയ്ത  രണ്ട് പേരാണെന്നു ശാരദാമണി പറയുന്നു. `അതിൽ പ്രേം നാഥ് കേരളത്തിൻ്റെ  തെക്കും പി ആർ വാര്യർ വടക്കും. അങ്ങനെയായിരുന്നു. പി ആർ വാര്യരുടെ ഗവേഷണത്തിൻ്റെ മെറ്റീരിയലാണു ആലായാൽ തറ വേണം എന്നുള്ള പാട്ട്. കാവാലത്തിനു ആ പാട്ട് ഇഷ്ടപ്പെട്ടതുകൊണ്ട് അദ്ദേഹത്തിൻ്റെ ശിഷ്യന്മാരൊക്കെ അതു പാടി നടന്നു’ ഇങ്ങനെയാണു അവരുടെ വിശദീകരണം.

അതെസമയം കാവാലത്തിനെ മോഷ്ടാവായി ചിത്രീകരിച്ചിരിക്കുന്നത് തെറ്റിദ്ധാരണ മൂലമാണെന്ന് അദ്ദേഹത്തിൻ്റെ ശിഷ്യരിൽ പ്രമുഖനും നാടകപ്രവർത്തകനുമായ  കെ കലാധരൻ പറയുന്നു

കലാധരൻ്റെ കുറിപ്പിൻ്റെ പൂർണരൂപം:

 ‘കാവാലത്തിനെ മോഷ്ടാവായി ചിത്രീകരിച്ചിരിക്കുന്നത് തെറ്റിദ്ധാരണയിലാണ്. ‘ആലായാൽ തറ വേണം’ എന്നത് കാവാലത്തിന്റെ രചനയല്ല. അതൊരു പഴം പാട്ടാണ്. ‘നാടൻ പാട്ടു പാടുന്നവർ കാവാലം രചന എന്നു പറഞ്ഞ് പാടാറുണ്ട്. ചിലർ അയ്യപ്പപ്പണിക്കരുടെ പട്ടാണെന്നും പറയുന്നുണ്ട്. അതിനു കാരണം 1970 ൽ തുടങ്ങിയ കവിയരങ്ങുകളിൽ കാവാലം, അയ്യപ്പപ്പണിക്കർ, കടമ്മനിട്ട തുടങ്ങിയ കവികൾ നടത്തിയിരുന്ന  നാടൻ പാട്ടിെന്റെ അവതരണത്തിനു വേണ്ടി ഈ പഴം പാട്ട് പാടാറുണ്ടായിരുന്നു. കൂടുതൽ വേദികളിൽ പാടിയിരുന്നത് നെടുമുടി വേണുവാണ്. പിൽക്കാലത്ത് ആ പാട്ട് ജനകീയമായപ്പോൾ പിൻതലമുറക്കാർ തെറ്റിദ്ധരിച്ച് പാട്ടിന്റെ പിതൃത്വം കാവാലത്തിന്റെ പേരിൽ കൊണ്ടെത്തിച്ചു. ഞാൻ കൂടി പങ്കെടുത്തിട്ടുള്ള വേദികളിൽ കാവാലത്തിന്റെ പേരുപറഞ്ഞ് പാടിക്കേട്ടിട്ടുണ്ട്. അവിടെയൊക്കെ ഞാൻ തിരുത്തി പറഞ്ഞിട്ടുണ്ട്. കാവാലം ഒരിക്കലും അത് തന്റെ രചനയാണെന്ന് എവിടേം പഞ്ഞിട്ടില്ല, കാവാലത്തിന്റെ കവിതാ സമാഹാരത്തിലോ മറ്റു രചനകളിലോ ഈ പാട്ടുകൾ ഇല്ല. ഇല്ലാത്ത രചനയുടെ വക്താവാക്കുന്നതും മോഷ്ടാവാക്കുന്നതും തെറ്റിദ്ധാരണ കൊണ്ടാണ്. കാവാലത്തിന്റെ കവിതകളിൽ നമ്മുടെ ഫോക്കിന്റേയും നാടൻ പാട്ടുകളുടേയും സ്വാധീനമുണ്ട്, അതിൽ വെട്ടിയാർ പ്രേംനാഥിനെപ്പോലുള്ള വിലപ്പെട്ട ഗവേഷകരുടേയും സംഭാവനകൾ വലിയ
പങ്കു വഹിച്ചിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ലെന്നുള്ളത് കുറേ നാളത്തെ അനുഭവത്തിൽ നിന്നും പറയാൻ കഴിയും. വെട്ടിയാർ പ്രേംനാഥിന്റെ ഗവേഷണ പരമ്പരയിൽ ഏറ്റവും മികച്ചത് ചെങ്ങന്നൂർ കുഞ്ഞാതിയാണ്. ഒരു പക്ഷെ വടക്കൻ വീരഗാഥയോളം എടുത്തുവയ്ക്കാൻ കഴിയുന്ന ഒരു മദ്ധ്യകേരള നാടൻ പാട്ടുകഥയാണ്. അത് സിനിമയോ സീരിയലോ ആക്കണമെന്ന താല്പര്യത്തിൽ പലരേയും സമീപിച്ചു. ഇതുവരെ നടന്നിട്ടില്ല. ആരെങ്കിലും തയ്യാറാവണമെന്ന് ആഗ്രഹിക്കുന്നു. ഇത് സന്ദർഭോചിതമായി പറഞ്ഞെന്നേയുള്ളൂ. ഏതായാലും മലയാള സാഹിത്യത്തിനും കേരളകലയ്ക്കും വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുള്ള യശ്ശശരീരനായ ആ മഹാപ്രതിഭയെക്കുറിച്ച് അപകീർത്തികരമായ കാര്യങ്ങൾ എഴുതിപ്പിടിപ്പിക്കുന്നതിനുമുൻപ് നിജസ്ഥിതിയറിയാൻ ശ്രമിക്കണമായിരുന്നു.`’

Read Also  ആലായാൽ തറവേണമുൾപ്പടെയുള്ള പാട്ടുകൾക്ക് പിന്നിലുള്ള പ്രേംനാഥിൻ്റെ പേര് കാവാലം പറയാതിരുന്നതിന് കാരണം ജാതി തന്നെയാണ് -പ്രമീള പ്രേംനാഥ്

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here