Sunday, May 31

ദൈവം കൈകഴുകുന്ന കടലും പാലായിലെ കമ്യൂണിസ്റ്റും

സർജു ചാത്തന്നൂരിന്റെ കവിതാ സമാഹരത്തിന്റെ പേരാണ് ദൈവം കൈ കഴുകുന്ന കടൽ. ഒരേയൊരു കവിതാ സമാഹാരമേ ഈ കവിയുടേതായുള്ളു. വർഷങ്ങളായി മലയാള കവിതയിൽ കൈയൊപ്പ് പതിപ്പിച്ച കവിയായിട്ടും ഒരേയൊരു കാവ്യസമാഹാരം. അറബിയിൽ നിന്ന് പരിഭാഷപ്പെടുത്തിയ കവിതകളുടെ മറ്റൊരു സമാഹാരം കൂടിയുണ്ട് ഈ കവിതയുടേതായി. നമ്മുടെ കവിതാ വിവർത്തനങ്ങളുടെ കൂട്ടത്തിൽ ശ്രദ്ധയർഹിക്കുന്ന ഒരു പുസ്തകമാണത്.

സർജു ചാത്തന്നൂരിന്റെ അകലങ്ങളെ അനുഭവിച്ച വിധം എന്ന കവിതയിലെ ഒരു മുഴുവരി അതേപടി എടുത്താണ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച തന്റെ കഥയ്ക്ക് കെ.വി. മണികണ്ഠൻ തലക്കെട്ടു കൊടുത്തിരിക്കുന്നത്. അസാധാരണമായി നീണ്ട ഒരു തലക്കെട്ട് ഒരു കഥയ്ക്ക്.

‘വിയർത്തുനിൽക്കുന്നവരോട് ചോദിക്കൂ, ഇടയ്ക്ക് വീശിയ കാറ്റിനെക്കുറിച്ച് .’

മണികണ്ഠന്റെ കഥ മികച്ചതാണ്. ഏകാന്തമായ പുരുഷ വാർധക്യത്തെക്കുറിച്ചാണ് കഥ. ഏകാന്തതയെ എങ്ങനെ ഒരു വൃദ്ധൻ അതിജീവിക്കുന്നു എന്ന് രസകരമായി ആവിഷ്കരിക്കുന്ന കഥ. കഥ വായിക്കുന്നതിനുമുമ്പും കഥ വായിച്ചതിനുശേഷവും കഥയുടെ തലക്കെട്ട് മനസ്സിൽ ഉടക്കി നിൽക്കും. ആ വരികളിൽ കവിത കിനിയുന്നുണ്ട്. ആർക്കും ആ കവിത മുഴുവൻ വായിക്കാൻ കൊതിതോന്നും. മണികണ്ഠൻ ഫേസ്ബുക്കിൽ സർജുവിന്റെ ആ കവിത മുഴുവനായി പോസ്റ്റു ചെയ്തു.

ഒരു വ്യാഴവട്ടം മുമ്പെഴുതിയ കവിത. പ്രവാസ അനുഭവം ആഴത്തിൽ ആവിഷ്കരിക്കുന്ന കവിത. ആടയാഭരണങ്ങൾ തീരെയില്ലാത്ത കവിതയാണ് സർജുവിന്റേത്. അതുകൊണ്ടു തന്നെ അവ വേണ്ടത്ര വായിക്കപ്പെട്ടില്ല എന്നു തോന്നുന്നു. ബഹളങ്ങളും ഈണത്തിൽ ചൊല്ലലുമാണല്ലോ മലയാളത്തിൽ കവിത ശ്രദ്ധിക്കപ്പെടാനുള്ള വഴികൾ. അവാർഡുകളുടെയും കോടതി വിധിയുടെയും കോലാഹലങ്ങളുടെയും ശ്യാമമാധവങ്ങൾ മലയാള കവിതയെ എത്രയോ കാലമായി ചൂഴ്ന്നു നിൽക്കുന്നു.

അകലങ്ങളിൽ ഒതുങ്ങിയിരുന്നെഴുതുന്ന കവിയെ കൊണ്ടാടുവാൻ ആളുകൾ കുറയും. എന്നാൽ എഴുത്തിൽ കവിതയുണ്ടോ അവ എന്നെങ്കിലും പുനരാനയിക്കപ്പെടും. മണികണ്ഠന്റെ കഥാ നാമം സർജുവിന്റെ കവിതകളിലേക്ക് ഒരു ചാലു കീറിയിരിക്കുന്നു. ദൈവം കൈ കഴുകുന്ന കടൽ വായിക്കാൻ നല്ല വായനക്കാർ തുനിയും. തണുപ്പെന്ന വാക്കിലെ കുളിരിന്റെ ആഴങ്ങൾ തൊട്ടു എന്ന് കവിതയുടെ ദൈവം വിരൽ പിടിച്ചെഴുതിച്ച വരികൾ അകലങ്ങളെ അനുഭവിച്ച വിധം എന്ന കവിതയിലുണ്ട്.

കഥകളുടെ കുംഭബ്ഭരണിയാഘോഷമാണ് നടന്നുകൊണ്ടിരിക്കുന്നത്. നവകഥ എന്ന പരസ്യ വാചകത്തിന് കീഴെ സമകാലിക മലയാള കഥയിലെ വ്യത്യസ്ത ശബ്ദങ്ങൾ എന്ന് പറഞ്ഞ് ഒൻപത് കഥകളാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കഴിഞ്ഞാഴ്ച്ച പ്രസിദ്ധീകരിച്ചത്. നവകഥ എന്ന് ‘ക്ലീബേ വേണ്ട ബഹുക്കുറി ‘ എന്ന വ്യാകരണ നിയമം പാലിച്ചു കൊടുത്തിരിക്കുന്നതിനാൽ കഥാകൃത്തുകൂടിയായ പത്രാധിപർ പുതുകഥകൾ എന്ന അർത്ഥമല്ല ഉദ്ദേശിച്ചിരിക്കുന്നത് എന്ന് പിടികിട്ടുന്നുണ്ട്. കഥകൾ വായിച്ചു കഴിയുമ്പോൾ അത് ബോധ്യപ്പെടുകയും ചെയ്യും.

കെ.വി. മണികണ്ഠനും ഷാഹിന ഇ.കെ.യും ഷിനിലാലും അബിൻ ജോസഫുമൊക്കെ അത്ര പുതിയ കഥാകൃത്തുക്കളുമല്ല. ഒൻപതു കഥകളിൽ പലതിനും പുതുമ അവകാശപ്പെടാനായി ഒന്നുമില്ല. കഥയെഴുത്തിൽ സംഭവിക്കാവുന്ന വലിയ ഒരു അപകടം പല കഥകളിലും സംഭവിച്ചിട്ടുണ്ട് താനും. സ്കൂൾ യുവജനോത്സവങ്ങളിലെ നാടകങ്ങളായി മാറ്റപ്പെടാവുന്ന വിധം പ്രചരണാംശം പല കഥകളെയും പഴഞ്ചനാക്കുന്നു. നമ്മുടെ ചെറുപ്പക്കാരായ കഥാകൃത്തുക്കൾ പലരും പുരോഗമന കലാ സാഹിത്യ പ്രസ്ഥാനത്തിന്റെ ആയ കാലത്തേക്കു തിരിച്ചു പോകുകയാണെന്നു തോന്നുന്നു. കഥ ജീവിതത്തിനു വേണ്ടി എന്നായിരിക്കുന്നു പ്രമാണം.

Read Also  തോരാനിടയില്ലാത്ത മഴ എങ്ങനെ തോർന്നു? എസ് കലേഷിന്റെ പുതിയ കവിതയെപ്പറ്റി കെ രാജേഷ്‌കുമാർ-കവണി

വി.പി.ശിവകുമാർ, മേതിൽ രാധാകൃഷ്ണൻ തുടങ്ങിയവർ എഴുതിയ പഴയ നല്ല കഥകൾ വായിക്കാനായി വായനക്കാരും പിൻതിരിഞ്ഞു നടന്നെന്നു വരും.
ശില്പത്തിൽ പരീക്ഷണങ്ങൾ നടത്തി കഥയെ പുതുമയുള്ളതാക്കാൻ ശ്രമിക്കുന്ന പരാജയപ്പെട്ട കഥകൾ വായിക്കുന്നതിലും ഭേദം വളരെ പ്ലെയിനായി എഴുതിയ കഥകൾ വായിക്കുന്നതാണ്. ഗ്രന്ഥാലോകത്തിൽ എസ്.ആർ. ലാൽ എഴുതിയ പാലായിലെ കമ്യൂണിസ്റ്റ് എന്ന കഥ അത്തരമൊരു ഉപരിതല രാഷ്ട്രീയ കഥയാണ്. നീണ്ട പരന്ന ആഖ്യാനം. കഥ വായിച്ചു വായിച്ചു പോകാവുന്ന വിധം ഋജുവായ ആഖ്യാന രീതി.

പേരപ്പൻ എന്ന പാലാക്കാരനായ ഒരു സാധാരണ കമ്മ്യൂണിസ്റ്റുകാരന്റെ ജീവിതമാകെ കഥയിൽ ഉണ്ട്. പാലായിൽ കെ.എം.മാണിയോട് എല്ലാ ഇലക്ഷനിലും തോൽക്കേണ്ടി വരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അവസ്ഥയിൽ പേരപ്പൻ പതറുന്നില്ല. ശുഭപ്രതീക്ഷയോടെ ഓരോ ഇലക്ഷനിലും പെരുതിക്കയറാമെന്ന വാശിയുള്ള കമ്മ്യൂണിസ്റ്റാണ് പേരപ്പൻ. പല തെരഞ്ഞെടുപ്പിലും പേരപ്പന് ബെറ്റിൽ തോറ്റ് തല മൊട്ടയടിക്കേണ്ടി വന്നിട്ടുണ്ട്. പഴയ തലമുറയിലെ നിസ്വാർത്ഥനായ കമ്യൂണിസ്റ്റാണ് പേരപ്പൻ. തന്നെ കമ്യൂണിസത്തിലേക്ക് കൈപിടിച്ചുയർത്തിയ അനിരുദ്ധൻ സഖാവിന് സ്മാരകമായി ലൈബ്രറി പണിയാൻ കുറേ കഷ്ടപ്പെടുന്നുണ്ട് പേരപ്പൻ.

പാർട്ടിക്കു വേണ്ടി വിറകുവെട്ടുന്നതിലും വെള്ളം കോരുന്നതിലും സായൂജ്യമടയുന്ന സ്ഥാനമോഹമേതുമില്ലാത്ത പേരപ്പൻ ഒടുവിൽ കെ.എം. മാണി മരിച്ചതിനു ശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം വന്ന അന്ന് മരിക്കുന്നു. അനായാസേന മരണം. പേരപ്പനോടു ബെറ്റു വെച്ച പലരും പേരപ്പൻ മരിച്ചിട്ടും സത്യം പാലിക്കാൻ തല മുണ്ഡനം ചെയ്യുന്നു.

കഥയിൽ ചോദ്യം പാടില്ലല്ലോ. 1980 ലെ തെരഞ്ഞെടുപ്പിനെക്കുറിച്ച് മാണിസാർ ഇടതുമുന്നണിയിലായിരുന്ന കാലത്ത് പേരപ്പൻ തെരഞ്ഞെടുപ്പിനെ സമീപിച്ച വിധത്തെക്കുറിച്ച് കഥയിൽ ഒന്നുമില്ല. അല്ലെങ്കിൽ തന്നെ വ്യക്തിയല്ലല്ലോ ഉത്തമ കമ്യൂണിസ്റ്റായ പേരപ്പന് പ്രധാനം . പാർട്ടിയും തത്ത്വശാസ്ത്രവും അടവുനയങ്ങളുമാണല്ലോ. എന്നാൽ പേരപ്പൻ വളർന്ന് പന്തലിച്ച് സ്വയം അടവുനയങ്ങൾ എടുക്കുന്നില്ല, ഒരിക്കലും . പ്രലോഭനങ്ങൾ ഉണ്ടായിട്ടും.

കൊച്ചുമോൻ എന്ന ആഖ്യാതാവിനു സംഭവിക്കുന്ന ഇടതുപക്ഷ വ്യതിയാനത്തെ റിയലിസ്റ്റിക്കായി കഥയിൽ ആവിഷ്കരിച്ചിരിക്കുന്നു. സമകാല കഥകൾ ഏതാണ്ട് മൊത്തത്തിൽ റിയലിസത്തിൽ ചെന്നടിഞ്ഞു വീഴാൻ പോകുകയാണോ ? കേന്ദ്രത്തിലെ വർഗ്ഗീയ ഫാസിസത്തിനെതിരെ കേരളത്തിലെ നവ കഥാകൃത്തുക്കൾ രണ്ടാം പുരോഗമന സാഹിത്യ പ്രസ്ഥാനം ആരംഭിക്കാൻ പോകുകയാണോ?

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Leave a Reply

Your email address will not be published.