Saturday, January 29

‘ആദിമധ്യാന്തം’ ചരിത്രത്തിൽ മുങ്ങിയ ചെന്താരശ്ശേരി

ബി.എ, എം.എ മലയാള ബിരുദങ്ങൾക്ക് പഠിക്കുന്നവർ അതിന്റെ ഭാഗമായി കേരളത്തിന്റെ സാംസ്കാരിക ചരിത്രം പഠിക്കുന്നുണ്ട്. ആദ്യകാലത്ത് തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജിൽ ഈ പേപ്പർ പഠിപ്പിക്കാനുള്ള ചുമതല ഇളംകുളം കുഞ്ഞൻ പിള്ളയ്ക്കായിരുന്നു. കേരള ചരിത്രത്തെക്കുറിച്ച് നീണ്ട ഗവേഷണങ്ങൾ നടത്തുവാൻ ഇളംകുളത്തിന് പ്രചോദനമായത് ചരിത്രം പഠിപ്പിക്കാനുള്ള ഈ നിയോഗമായിരുന്നുവത്രേ. കേരളചരിത്രത്തിന്റെ ഇരുളടഞ്ഞ ഏടുകളിലേക്ക് ഇളംകുളം നടത്തിയ തിരിഞ്ഞുള്ള ചിന്താ യാത്രകളുടെ ചുവടുപിടിച്ചാണ് കേരളത്തിലെ കോളേജുകളിലെയും സർവ്വകലാശാലകളിലെയും മലയാളം ക്ലാസ്സുകൾ നീങ്ങിക്കൊണ്ടിരുന്നത്. ചരിത്ര കുതുകികളായ അധ്യാപകർ കെ.പി.പത്മനാഭ മേനോനെയും എം.ജി.എസ്. നാരായണനെയും ഗുരുക്കളെയും വാര്യരെയും നമ്പൂതിരിപ്പാടിനെയും പണിക്കരെയും കുറുപ്പിനെയും വെളുത്താട്ടിനെയുമൊക്കെ അവിടവിടെ പരാമർശിക്കുമായിരുന്നു. പിന്നീട് അതൊക്കെ നിന്നു പോകുന്നതായി കാണാം. എ ശ്രീധരമേനോന്റെ ഗൈഡ് പ്രായത്തിലുള്ള കേരള സംസ്കാരം പോലുള്ള പുസ്തകങ്ങളിൽ നിന്നുള്ള നോട്ട് മാത്രമായി കേരള ചരിത്ര പഠന ക്ലാസ്സുകൾ താണുപോയി. നോട്ടെഴുതുന്നവർക്ക് കൊട്ടക്കണക്കിന് മാർക്കു കിട്ടും. പിന്നെയും നാൾ ചെല്ലവേ സ്വയം നോട്ടെഴുതിയുണ്ടാക്കുന്നവരും ഇല്ലാതായി. അവർ തയ്യാറാക്കിയ നോട്ടുകൾ അധ്യാപകരായി മാറിയ അവരുടെ ശിഷ്യഗണങ്ങൾ പകരുന്ന അനായാസ പ്രവർത്തനമായി മലയാളത്തിലെ ചരിത്ര ക്ലാസ്സുകൾ രൂപാന്തരപ്പെട്ടു. പഴകി പഴകി മഞ്ഞിച്ച നോട്ടു കടലാസുകളുമായി ക്ലാസ്സിൽ പോകുന്നവർ പുസ്തകങ്ങൾ മടക്കി വെച്ച് വിവിധ ചരിത്ര സാംസ്കാരിക നിലപാടുകളെക്കുറിച്ച് വഴി വെട്ടിക്കൊടുക്കുന്ന അപൂർവ്വം അധ്യാപകരെ ഒളിഞ്ഞിരുന്ന് അപഹസിക്കുകയും പതിവായി .
ഭാഷാ സാഹിത്യ പഠനങ്ങളുടെ രീതിശാസ്ത്രം നവീകരിക്കപ്പെട്ടതിന്റെ ഭാഗമായി മഹാത്മാഗാന്ധി യൂനിവേഴ്സിറ്റിയിൽ കേരള സംസ്കാരം എന്നു വിവക്ഷിച്ചു പോന്നിരുന്ന പ0ന രീതി മാറുകയും കേരളത്തിന്റെ സാമൂഹ്യ പരിണാമങ്ങൾ എന്ന പേരാകുകയും അതിനനുസരിച്ചുള്ള മൊഡ്യൂളുകൾ തയ്യാറാക്കപ്പെടുകയും ചെയ്തു.

പരിഷ്കരിക്കപ്പെട്ടെങ്കിലും ക്ലാസ്സ് മുറികളിൽ പലേടങ്ങളിലും തത്തമ്മേ പൂച്ച പൂച്ച മട്ടിൽ ശ്രീധരമേനോനിൽ നിന്ന് പകർന്നെടുത്ത നോട്ടുകളുടെ ഭൂതങ്ങൾ ഇറങ്ങിപ്പോയിട്ടില്ല. കുട്ടികളിലേക്ക് വിവിധ തരത്തിലുള്ള ചരിത്ര നിർമ്മിതികളെക്കുറിച്ചും ധാരകളെക്കുറിച്ചും വീക്ഷണങ്ങളെക്കുറിച്ചും സൂചനകൾ നൽകി അവരെ വായിക്കാനും ചിന്തിക്കാനും പ്രേരിപ്പിക്കുകയും അവർ അവരുടെ നിലപാടുകളിൽ എത്തുകയും ചെയ്യട്ടെ എന്ന ജനാധിപത്യപരമായ ബോധത്തിലേക്ക് എന്നാണ് നമ്മുടെ ക്ലാസ് മുറികൾ എത്തുക. ക്ലാസ് മുറികളിൽ നിന്ന് ഉടനെങ്ങും ഒരു വിപ്ലവവും കേരളത്തിൽ ഉണ്ടാകാൻ പോകുന്നില്ല.

ടി.എച്ച്.പി. ചെന്താരശ്ശേരി എന്ന ആദിമധ്യാന്തം ചരിത്രത്തിൽ മുങ്ങി ജീവിച്ച മനുഷ്യന്റെ പുസ്തകങ്ങളെക്കുറിച്ച് കേരളത്തിലെ എത്ര ക്ലാസ് മുറികളിൽ ചർച്ച നടന്നിട്ടുണ്ട്. കേരള ചരിത്രത്തിൽ അവഗണിക്കപ്പെട്ട ജനതയുടെ ചരിത്രം സവിസ്തരം എഴുതിയ മനീഷിയാണ് ചെന്താരശ്ശേരി. ഇളംകുളം ഉൾപ്പെടെയുള്ളവരോട് പ്രതി സംവദിച്ച ചെന്താരശ്ശേരി അടിത്തട്ടിലെ മനുഷ്യരെ ,അവരുടെ ചരിത്രത്തെ പുനർജീവിപ്പിച്ചെടുത്തു. ചെന്താരശ്ശേരിയെ പരാമർശിക്കാതെ ഗൗരവമുള്ള ഒരു ചരിത്ര ക്ലാസ്സിനും മുന്നോട്ടുപോകാനാകാത്ത വിധം .അവഗണിക്കപ്പെട്ടവർ എങ്ങനെയാണ് മുൻനിരയിലേക്ക് കുത്തിക്കയറേണ്ടത് എന്ന ജീവിത പാഠവും ചെന്താരശ്ശേരിയുടെ ഒൻപതു പതിറ്റാണ്ടു നീണ്ട ഭൗതിക ജീവിതവും ഏഴു പതിറ്റാണ്ടു നീണ്ട ബൗദ്ധിക ജീവിതവും പകർന്നു നൽകുന്നു.
ജാതി നവോത്ഥാനത്തിന്റെ കളിത്തട്ടായിരുന്ന മധ്യതിരുവിതാംകൂറിൽ ആ കാറ്റേറ്റാണ് ചെന്താരശ്ശേരി ജീവിതം തുടങ്ങിയത്. പ്രതിസന്ധികളെ അതിജീവിച്ച് നന്നായി പഠിച്ചു. മിടുക്കനായി. ജാതീയമായ അവഗണനകളാൽ മുറിവേറ്റപ്പെട്ട ആത്മാഭിമാനിയായ ഒരാളുടെ മനസ്സ് എവിടെ എത്തുമോ അവിടെ ചെന്താരശ്ശേരി എത്തി.

Read Also  മല്ലികപ്പൂക്കളുടെയും മലക്കുകളുടെയും സ്രഷ്ടാവാരാണ്? 'എ ഗോസിപ്പ് അക്കോർഡിംഗ് ടു ഹരിശങ്കരനശോകൻ'

നാരായണ ഗുരു ഉൾപ്പടെ നവോത്ഥാന നേതാക്കളുടെ എത്രയോ ജീവചരിത്രങ്ങൾ മലയാളത്തിൽ ഉണ്ടായിക്കൊണ്ടേയിരുന്നു. എന്നാൽ മഹാത്മാ അയ്യൻകാളിയുടെ ജീവചരിത്രം എഴുതാൻ ചെന്താരശ്ശേരി വേണ്ടിവന്നു. അതായിരുന്നു അദ്ദേഹം കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക ചരിത്രത്തിൽ നാട്ടി വെച്ച അക്ഷരക്കല്ല്. എഴുത്തിന്റെ വില്ലുവണ്ടിയിൽ ഏറ്റി അയ്യൻകാളിയെ ചെന്താരശ്ശേരി കേരളത്തിന്റെ ജ്ഞാന മേഖലയിലൂടെ വീണ്ടും എഴുന്നെള്ളിച്ചു. അയ്യൻകാളിയുടെ സുവിശേഷ പ്രചാരകൻ എന്നാണ് ചെന്താരശ്ശേരി സ്വയം വിശേഷിപ്പിച്ചത്.

അംബേദ്കറെക്കുറിച്ചെഴുതിയ ഉജ്ജ്വല ജീവചരിത്രം കൂടാതെ പൊയ്കയിൽ അപ്പച്ചൻ, പാമ്പാടി ജോൺ ജോസഫ് ,കേശവ ശാസ്ത്രികൾ എന്നിവരെക്കുറിച്ചും ചെന്താരശ്ശേരി അക്ഷരജീവശില്പങ്ങൾ ഉണ്ടാക്കി.കറുമ്പൻ ദൈവത്താൻ ,വെള്ളിക്കര ച്ചോതി തുടങ്ങി മധ്യ തിരുവിതാംകൂറിൽ അടിസ്ഥാന ജനവിഭാഗങ്ങളെ തോറ്റിയുണർത്തിയ സമര പ്രഭുക്കളെ ചരിത്രത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് ഉയർത്തി നിർത്തിയത് ചെന്താരശ്ശേരിയാണ്. ജീവചരിത്രരചനയിൽ ചെന്താരശ്ശേരി സ്വീകരിച്ച രീതിശാസ്ത്രം ആഴത്തിലും പരപ്പിലും പഠിക്കേണ്ടതുണ്ട്.

അയ്യൻകാളിയും മരുമകനായ കേശവൻ ശാസ്ത്രികളും തമ്മിൽ ഉണ്ടായിരുന്ന വിയോജി പ്പുകൾ ചെന്താരശ്ശേരി രേഖപ്പെടുത്തിയിട്ടുണ്ട്. കേശവ ശാസ്ത്രികളെ മനസ്സിൽ കണ്ട് ചെന്താരശ്ശേരിക്ക് അദ്ദേഹത്തിന്റെ അച്ഛൻ കണ്ണൻ തിരുവൻ, കേശവൻ എന്നാണു പേരിട്ടത്. എന്നാൽ ചെന്താരശ്ശേരി പിന്നീട് റ്റി.ഹീര പ്രസാദ് എന്ന് തന്റെ പേര് തിരുത്തുകയുണ്ടായി. അയ്യൻകാളിയുമായി ബന്ധമുണ്ട് ചെന്താരശ്ശേരിയുടെ പത്നിക്കും. അയ്യൻകാളിയെ കേരളത്തിന്റെ ജ്ഞാന ചരിത്രത്തിൽ ആഴത്തിൽ പ്രതിഷ്ഠിച്ചത് ഈ രണ്ടാം കേശവനാണ്. പുല്ലാട് സ്കൂൾ തീവെപ്പ് മധ്യതിരുവിതാംകൂറിലെ ദളിത് മുന്നേറ്റ ചരിത്രത്തിലെ ചെന്തീ വർണ്ണമുള്ള ഒരേടാണ്. ആ സ്കൂളിൽ നിന്നാണ് ആദികേശവ ശാസ്ത്രികൾ പൊന്തി വന്നതെങ്കിൽ ചരിത്രം കടഞ്ഞെടുത്ത് അവഗണിക്കപ്പെട്ടവരുടെ പോരാട്ടത്തെ വെണ്ണപ്പാളികളായി മാറ്റി കേശവൻ മാറി ഹീരാ പ്രസാദായി ടി.എച്ച്.പി.ചെന്താരശ്ശേരിയായി അടയാളപ്പെട്ട ഈ ചരിത്ര ബുദ്ധൻ.
കേരളം മലയാളികളുടെ മാതൃഭൂമി എന്ന ഇ.എം.എസിന്റെ ചരിത്ര പുസ്തകത്തിൽ അയ്യങ്കാളി പൂർണ്ണമായും തമസ്കരിക്കപ്പെട്ടിരുന്നു എന്ന വസ്തുത യോടെ മുകളിൽ പറഞ്ഞ കാര്യങ്ങൾ ചേർത്തു വായിക്കുക. അയ്യൻകാളിയുടെ ആദ്യ ജീവചരിത്രകാരനായ ചെന്താരശ്ശേരി ആരാണ് എന്നു മനസ്സിലാകും.

Spread the love