Wednesday, September 23

അയൽക്കാരനുമൊത്ത് ഒടുവിലത്തെ ഉരുളച്ചോറും പങ്കിടുക; കെ. രാജേഷ് കുമാർ

.

കെ. രാജേഷ് കുമാർ

ഈ കഴിഞ്ഞ വെള്ളപ്പൊക്കത്തെ 1924 ലെ വെള്ളപ്പൊക്കത്തോട് താരതമ്യം ചെയ്തു കൊണ്ട് എത്രയോ വാർത്തകളും വർത്തമാനങ്ങളും നിരീക്ഷണങ്ങളും വന്നു കൊണ്ടിരിക്കുന്നു. 1924 കേരളത്തെ സംബന്ധിച്ചിടത്തോളം പലതുകൊണ്ടും പ്രാധാന്യമർഹിക്കുന്ന വർഷമാണ്. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നു മൂന്നു ഖണ്ഡങ്ങളായിരുന്ന അന്നത്തെ കേരളത്തിലെ തിരുവിതാംകൂറിൽ ഭരണമാറ്റം ഈ വർഷം നടക്കുന്നുണ്ട്. ശ്രീമൂലം തിരുനാളിന്റെ മരണത്തെ തുടർന്ന് റീജന്റ് ഭരണത്തിലേക്ക് തിരുവിതാംകൂർ മാറുന്നു. വൈക്കം സത്യഗ്രഹം എന്ന അയിത്തോച്ചാടന പ്രക്ഷോഭണം തിരുവിതാംകൂറിനെ ചൂടുപിടിപ്പിക്കുന്ന വർഷം കൂടിയാണിത്. ഗാന്ധിജിയുടെ നിയന്ത്രണത്തിൽ നടന്ന സമരം. ഗാന്ധിജിയുടെ സവിശേഷ ശ്രദ്ധ അതു കൊണ്ടു കൂടി കേരളത്തിൽ പതിഞ്ഞിരിക്കുന്ന കാലമാണ് ആ വെള്ളപ്പൊക്ക കാലം. ‘

ഗാന്ധി ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് ഗാന്ധി സ്മാരക നിധി പ്രസിദ്ധീകരിച്ച ഒരു ഗ്രന്ഥമാണ് ‘ഗാന്ധിജിയും കേരളവും. ‘ കേരള സർവ്വകലാശാലയുടെ മലയാള വിഭാഗം മേധാവിയായിരുന്ന ഡോ.കെ.രാമചന്ദ്രൻ നായരാണ് ഈ കൃതി തയ്യാറാക്കിയത്. കേരളം കണ്ട ഏറ്റവും മികച്ച അക്കാദമിക് പണ്ഡിതന്മാരിൽ ഒരാളായ അദ്ദേഹം ഒരു ആകര ഗ്രന്ഥത്തിന്റെ ( Source Book) സ്വഭാവത്തിൽ ഈ പുസ്തകം രൂപകല്പന ചെയ്തു പ്രസിദ്ധീകരിച്ചു. ഗാന്ധിയൻ പ്രസ്ഥാനത്തിന്റെ ഗതിവിഗതികൾ അറിയാൻ കൊതിക്കുന്ന വർക്ക് ,  ഗാന്ധിയും കേരളവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചറിയാൻ തൽപ്പരരായവർക്ക് ഏറെ പ്രയോജനകരമാണ് ഈ പുസ്തകം. കേരള സംബന്ധിയായി ഗാന്ധി എഴുതിയ കത്തുകളും ലേഖനങ്ങളും നടത്തിയ പ്രസംഗങ്ങളും ആകാവുന്നിടത്തോളം ശേഖരിച്ചിട്ടുണ്ട് ഈ കൃതിയിൽ. പത്തു ഭാഗങ്ങളിലായി ഗാന്ധിജിയും കേരളവും തമ്മിലുള്ള ദൃഢവും ഗാഢവുമായ ബന്ധത്തിന്റെ അക്ഷര പടമാണ് ‘ഗാന്ധിയും കേരളവും ‘. ഗാന്ധി തന്നെ തന്റെ കേരള ബന്ധത്തെക്കുറിച്ച് നേരിട്ടു വായനക്കാരോടു പറയുന്നു.
മൂന്നാം ഭാഗത്തിലാകെ കേരളത്തിലെ വെള്ളപ്പൊക്കത്തെക്കുറിച്ചാണ് പരാമർശിക്കുന്നത്. ഒന്നു രണ്ട് കമ്പി സന്ദേശങ്ങളുമുണ്ട്. തിരുവിതാംകൂറിലെ വെള്ളപ്പൊക്കം മൂലമുണ്ടായ ദുരിത നിവാരണത്തിന് സഹായം അഭ്യർത്ഥിച്ചു കൊണ്ട് തിരുവനന്തപുരം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി കുറൂർ നമ്പൂതിരിപ്പാട് അയച്ച സന്ദേശത്തിനുള്ള മറുപടിയാണ് ഒന്ന്.

 

കഴിവുള്ളിടത്തൊക്കെ ഗവൺമെന്റ് പ്രവർത്തനത്തെ സഹായിക്കുക ,അതല്ലെങ്കിൽ വ്യക്തിഗതമായി നിശ്ശബ്ദം ചെയ്യുന്ന സഹായമാണ് വിലപ്പെട്ടത് .അങ്ങനെ ചെയ്യുക എന്നാണ് ഗാന്ധി രണ്ടുവരികളിൽ ആവശ്യപ്പെടുന്നത്. കോൺഗ്രസ്സിന്റെ കഴിവിനപ്പുറമാണ് നാശനഷ്ടങ്ങൾ എന്ന് ചൂണ്ടിക്കാട്ടി വെള്ളപ്പൊക്ക ദുരിതത്തിന്റെ തീവ്രതയെക്കുറിച്ചും വിവരിക്കുന്നുണ്ട്. ഈ കമ്പി അയച്ചതിന്റെ പിറ്റേന്നു തന്നെ , 1924 ജൂലൈ 31 ന് ഗാന്ധി യങ് ഇന്ത്യയിൽ ദു:ഖമഗ്നമായ കേരളത്തെക്കുറിച്ച് ലേഖനം പ്രസിദ്ധപ്പെടുത്തി. ദുരിത നിവാരണത്തിനുള്ള ഒരു സന്ദർഭവും പാഴാക്കിക്കൂടാ എന്നും ശക്തിക്കൊത്ത രീതിയിൽ പ്രവർത്തിക്കണമെന്നും ഗാന്ധിജി തിരുവിതാംകൂറിലെ കോൺഗ്രസുകാരോട് ആഹ്വാനം ചെയ്തു.

ഗാന്ധി പേന തൊടുമ്പോൾ കവിത വരും. ആത്മാർത്ഥതയുടെയും സത്യസന്ധതയുടെയും മണമുള്ള കവിത. ഗാന്ധി ഇങ്ങനെ എഴുതി.’ദുരിതമനുഭവിക്കുന്നവർക്കു വേണ്ടി സ്വയം ദുരിതമനുഭവിക്കുന്നതിനുള്ള സന്നദ്ധതയും ,ദുരിതമനുഭവിക്കുന്ന അയൽക്കാരനുമൊത്ത് ഒടുവിലത്തെ ഉരുളച്ചോറും പങ്കിടുന്നതിനുള്ള സന്നദ്ധതയും ആണ് ലക്ഷക്കണക്കിന് രൂപയേക്കാൾ വിലപ്പെട്ടത്. ആപത്തിൽപ്പെട്ട മനുഷ്യനോടൊത്ത് തന്റെ തുച്ഛമായ ആഹാരം പങ്കിടാനൊരുങ്ങിയ ബ്രാഹ്മണന്റെ ത്യാഗമാണ്, സ്വർണ്ണ നാണയം സംഭാവനയായിച്ചൊരിഞ്ഞ യുധിഷ്ഠിര മഹാരാജാവിന്റെ സമ്പന്നമായ ത്യാഗത്തെക്കാൾ എത്രയോ മടങ്ങ് ശ്രേഷ്ഠമായിട്ടുള്ളത് ‘

Read Also  ദുരിതബാധിതർക്ക് സഹായമെത്തിക്കുക.

ഈ വെള്ളപ്പൊക്കക്കാലത്ത് ദുരിതബാധിതരെ ആകാവുന്നിടത്തോളം സഹായിച്ചവർ ഒരു പാടു പേരുണ്ട്. ലോകത്തിന്റെ നാനാഭാഗത്തു നിന്നും സഹായങ്ങളെത്തി. നല്ല മനുഷ്യർ സ്നേഹം കൊണ്ടും ദയ കൊണ്ടും കേരളത്തെ പൊതിഞ്ഞ നാളുകളാണ് കടന്നു പോകുന്നത്.

എങ്കിലും അവിടവിടെ വിവാദങ്ങൾ ,അസ്വാരസ്യങ്ങൾ ഒക്കെ കറുത്ത പാടുകൾ സൃഷ്ടിക്കുന്നുണ്ട്. തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ തകഴി എഴുതിയ ഒന്നാന്തരം കഥ ഓർമ്മിക്കുന്നുണ്ടാകുമല്ലോ. മനുഷ്യന്റെ നന്ദിയില്ലായ്മയുടെ നിഴൽ ചിത്രമാണ് പട്ടിയുടെ കൂറിലൂടെ കുട്ടനാടിന്റെ കഥാകൃത്ത് ഒപ്പിയെടുക്കുന്നത്. മനുഷ്യൻ പരിഷ്കൃതനാകുന്നതിനനുസരിച്ച് ജീവിത മൂല്യങ്ങളും ആഴമേറി വികസിക്കേണ്ടതാണ്. രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്ത നത്തിന്റെ വിവിധ ഘട്ടങ്ങളിലും – പൊതിച്ചോർ വിതരണം തൊട്ട് വീടു ശുചീകരണത്തിൽ വരെ – അതാണു കണ്ടത്. അതിനാൽ വിവാദങ്ങൾ ഈ ഘട്ടത്തിൽ തീർത്തും ഒഴിവാക്കേണ്ടതാണ്. ഒഴിഞ്ഞു പോകേണ്ടതാണ്.

ഗാന്ധിയിലേക്കു മടങ്ങാം. കോൺഗ്രസുകാരോട് ഗാന്ധി നിതരാം അഭ്യർത്ഥിക്കുന്നത് ഗവൺമെന്റിന്റെ പ്രവർത്തനങ്ങളെ സഹായിക്കാനാണ്. അത്യാഹിതം വിചിത്രങ്ങളായ സ്നേഹ ബന്ധങ്ങൾക്കു കാരണമായിത്തീരും എന്ന് ഗാന്ധിജി കവിത തൂകുന്ന ഒരു വാചകം പൊഴിക്കുന്നു. പക്ഷേ കേരളത്തിൽ ഇന്ന് അങ്ങനെയൊന്നും സംഭവിക്കുന്നതായി കാണുന്നില്ല. രാഷ്ട്രീയമായുള്ള വിള്ളലുകൾ വലുതായി കൊണ്ടിരിക്കുന്നു എന്നത് ഖേദകരമാണ്. മുഖ്യമന്ത്രി അഭ്യർത്ഥിച്ചില്ലെങ്കിൽ കൂടി മലയാളികൾ എല്ലാം മറന്ന് ഒരു മാസത്തെ ശമ്പളമെങ്കിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു നൽകേണ്ടതാണ്. പ്രത്യേകിച്ച് സർക്കാർ ജീവനക്കാർ. അവരിൽ തന്നെ അധ്യാപകർ തൊട്ട് മുകളിലോട്ടുള്ളവർ. എന്നാൽ നിർഭാഗ്യകരമെന്നു പറയട്ടെ ഈ വിഭാഗങ്ങൾ സംഘടനാപരമായി കടുത്ത വിഭാഗീയത പുലർത്തുന്നവരാണ്. രാഷ്ട്രീയ പാർട്ടികളുടെ പിണിയാൾ സൈന്യങ്ങളാണ് നിഷ്പക്ഷമായ ജനകീയ പ്രതിബന്ധത പുലർത്തേണ്ട ഈ കൂട്ടം .

സഹായിക്കാനുള്ള വൈമനസ്യം കൊണ്ട് ഒരു വിഭാഗം പല പല പ ക്ഷേകൾ ഉയർത്തുമ്പോൾ എതിർ പക്ഷം നിങ്ങളു തരികയും വേണ്ട പ ക്ഷേയും വേണ്ട എന്ന നിലപാടിലാണ്. ഒറ്റക്കെട്ടായി എല്ലാ സർക്കാർ ജീവനക്കാരും ശമ്പളം നൽകുകയും നവകേരളത്തിനു ദിശാബോധം നൽകുന്ന ആയിരം പക്ഷേകൾ ഉതിർക്കുകയുമാണ് വേണ്ടത്. അല്ലാത്തപക്ഷം അഭ്യസ്തവിദ്യരുടെ ഈ സമൂഹത്തെ നാളേകാലങ്ങളിൽ ആളുകൾ പഴിക്കും. ദുരിതം ഒഴിയുന്ന മുറയ്ക്ക് ഏറ്റവുമധികം ആനുകൂല്യങ്ങൾ ലഭിക്കാനിട കിട്ടുന്നത് അതി സംഘടിതമായ ഈ വിഭാഗത്തിനാണെന്നും ആർക്കാണറിയാത്തത്. ഏതു സർക്കാരിനോടും അത്യാഹിത ഘട്ടങ്ങളിൽ ജീവനക്കാർ ഈ സമീപനം തുടരുകയും വേണ്ടതാണ്.

അക്കാലത്തെ ഒരു ലക്ഷം രൂപയാണ് ഗാന്ധിജി സമാഹരിച്ച് ദുരിത ബാധിത കേരളത്തിനു നൽകിയത്.

ഗാന്ധിജി യങ് ഇന്ത്യയിലെ കുറിപ്പിലൂടെ ആളുകളിൽ നിന്ന് സംഭാവന ചോദിക്കുന്നുണ്ട്. നവ ജീവനിലെ ലേഖനത്തിലൂടെ ചില ചിലവുകൾ കുറച്ച് കേരളത്തിലെ ദുരിതബാധിതർക്ക് സംഭാവന നൽകാൻ ഗുജറാത്തികളോട് അഭ്യർത്ഥിക്കുന്നു. സംഭാവനയായി കിട്ടുന്ന സംഖ്യകൾ നവജീവനിൽ പിന്നീട് പ്രസിദ്ധീകരിക്കുന്നു. കെ.മാധവൻ നായർക്ക് അയച്ച ഒരു കമ്പി സന്ദേശത്തിൽ പണവും വസ്ത്രങ്ങളും ശേഖരിക്കുന്നുവെന്നും ആഹാരവും വസ്ത്രവും പാർപ്പിടവുമില്ലാത്ത നാട്ടുകാരെക്കുറിച്ചാണ് എപ്പോഴും തന്റെ ചിന്തയെന്നും അറിയിക്കുന്നു.

Read Also  വീടൊരുക്കം - എം.എസ്.ബനേഷിന്റെ കവിതയ്ക്ക് ഒരു ആസ്വാദനം.

ഈ ചിന്തയാണ് ഗാന്ധിയെ ജനനായകനാക്കിയത്. അവസാനത്തെ ചോറുരുള പോലും അയൽക്കാരനുമൊത്തു പങ്കു വെക്കാനുള്ള ഗാന്ധിയുടെ മൊഴി ഈ ദുരിതകാലത്ത് കേരളം ഏറ്റെടുക്കേണ്ടതാണ്. ഏതുതരം ഫാസിസത്തെയും ചെറുക്കാനുള്ള മാർഗ്ഗമാണ് ഗാന്ധിസം .വിശേഷിച്ച് ജനാധിപത്യ ഇന്ത്യയിൽ .അക്കാലത്തെ ഒരു ലക്ഷം രൂപയാണ് ഗാന്ധിജി സമാഹരിച്ച് ദുരിത ബാധിത കേരളത്തിനു നൽകിയത്.

Spread the love