Wednesday, June 23

ഒരു കാക്കമാത്രം അപ്പോൾ ആർത്തു ചിരിച്ചു കൊണ്ടു പറന്നുപോയി ; ബി. രവികുമാറിൻ്റെ ഓർമ്മയിലെ പച്ച …ചോപ്പ് എന്ന പുസ്തകത്തെക്കുറിച്ച്

കവണി

ജീവിതത്തിൻ്റെ ഛായാപടങ്ങൾ എന്നാണ് ഈ ഓർമ്മ പുസ്തകത്തിൻ്റെ ഉപതലക്കെട്ട്. അപാരമായ ദൃശ്യപരതയാണ് ബി.രവികുമാറിൻ്റെ ഈ ഓർമ്മയെഴുത്തിനെ സവിശേഷമാക്കുന്നത്. പുസ്തകത്തിന് പുറന്താൾക്കുറിപ്പ് എഴുതിയ ലക്ഷ്മി പി അക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ‘ഒരു മികച്ച സിനിമയിൽ പ്രേക്ഷകരും കഥയിൽ വായനക്കാരും കഥാപാത്രങ്ങളായി പങ്കെടുക്കുന്നതുപോലെയാണ് ഈ അനുഭവങ്ങൾ ‘
ഏതാനും വർഷങ്ങൾക്കു മുമ്പ് ഫേസ് ബുക്കിൽ ഈ അനുഭവ സ്മരണകൾ രവി മാഷ് കുറിച്ചിട്ടിരുന്നു. അക്കാലത്ത് ഞാൻ ഏഴെട്ടു കോളേജ് അധ്യാപകരോടൊപ്പം ( മലയാളം മാഷമ്മാരായ ) താമസിച്ചു പോരികയായിരുന്നു. അവരിൽ ചിലർ സ്വാഭാവികമായും സാഹിത്യതൽപ്പരരായിരുന്നു.

സമകാലിക സാഹിത്യവുമായി ചേർന്നൊഴുകുക എന്നത് സാഹിത്യ അധ്യാപകരുടെ തൊഴിൽപരമായ ആവശ്യമായതുകൊണ്ടു കൂടി ഏറ്റവും പുതിയ കവിതയും കഥയും നോവലുമൊക്കെ സൂക്ഷ്മമായും വിശദമായും ചർച്ച ചെയ്യുമായിരുന്നു. ഇഷ്ടവും അനിഷ്ടവും പ്രകടിപ്പിച്ചു കൊണ്ടുള്ള സംവാദങ്ങൾ.എൻ.എസ്. മാധവൻ്റെ ‘മഞ്ഞപ്പതിറ്റടി ‘, എസ്. ഹരീഷിൻ്റെ ‘മോദസ്ഥനായങ്ങു വസിപ്പൂ മല പോലെ ‘ തുടങ്ങിയ കഥകൾ പ്രസിദ്ധീകരിച്ചു വരുന്നത് ആ കാലത്താണ്. ഈ കഥകൾ തിരിച്ചും മറിച്ചും വായിക്കുകയും ആസ്വദിക്കുകയും വിശകലനം ചെയ്യുകയും ‘ ചെയ്യുന്നതിനു പുറകേയാണ് രവി മാഷിൻ്റെ കുറിപ്പുകൾ ഫേസ് ബുക്കിൽ വരുന്നത് ശ്രദ്ധിച്ചത്.

ഈ കഥകളെ ഷേഡായി നിർത്തി രവി മാഷ് വരച്ച ഛായാപടങ്ങൾ അതീവ ഹൃദ്യങ്ങളായിരുന്നു. ഞാനാകട്ടെ അന്ന് നാടകത്തിൻ്റെ ലഹരിയിലുമായിരുന്നു. കോളേജിലെ നാടക ക്ലബ്ബിനു കളിക്കാൻ ഒരു സ്ക്രിപ്റ്റ് ആലോചിച്ചു നടന്ന കാലം. ( നടക്കാതെ പോയ അനേകം കാര്യങ്ങളിലൊന്നായി അത്. ) അപ്പോഴാണ് ‘അല്ലിയമ്മ ‘ എന്ന കുറിപ്പ് വായിക്കുന്നത്. കരിയിലക്കുഴിയിൽ നാരായണൻ മകൻ ദാമോദരൻ്റെ പ്രേയസിയാണ് അല്ലിയമ്മ. നാരായണൻ നാരായണ ഗുരുവിൻ്റെ വിശ്വാസിയായിരുന്നതിനാൽ കുലത്തൊഴിലായ ചെത്തിലേക്ക് പോയില്ല. കല്ലുവെട്ടുകാരനായി. മകൻ ദാമോദരനും അച്ഛൻ്റെ തൊഴിൽവഴിയേ സഞ്ചരിച്ചു. ദാമോദരൻ ചീങ്ക കൊത്തിയെടുക്കുന്നതും കല്ലുവെട്ടാങ്കുഴിയെ വർണ്ണിക്കുന്നതും രവി മാഷ് ദൃശ്യവൽക്കരിക്കുമ്പോൾ നാം അതിൽ ലയിച്ചു പോകും.

എൻ്റെ മനസ്സിലാകട്ടെ നാടകത്തിന് ഒരു സ്ക്രിപ്റ്റ് കിട്ടിയ സന്തോഷം. നാടകീയത നിറഞ്ഞു തുളുമ്പുന്ന ജീവിതമായിരുന്നു ദാമോദരൻ്റെയും അല്ലിയമ്മയുടെയും . ആ ദമ്പതികൾക്കു കുഞ്ഞുങ്ങളുണ്ടായില്ല. അല്ലിയമ്മ പ്രസവിക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. അല്ലിയമ്മ ദാമോദരനോട് സാധാരണ സ്ത്രീകൾ പറയാൻ സാധ്യതയില്ലാത്ത ഒരു കാര്യം ആവശ്യപ്പെടുന്നു. ദാമോദരൻ ഒരു കല്യാണം കൂടി കഴിക്കുക. എന്നിട്ട് അവരും അല്ലിയമ്മയും കൂടി ദാമോദരനൊപ്പം ജീവിക്കുന്നു. പുതിയ കെട്ടിയോൾക്ക് കുട്ടികളുണ്ടാകുമ്പോൾ അല്ലിയുടെയും അനപത്യതാ ദുഃഖം മാറുമല്ലോ. ജീവിതത്തിന് നിറം വരുമല്ലോ. അല്ലിയുടെ സ്നേഹപൂർണ്ണമായ നിർബന്ധം കൊണ്ട് ദാമോദരൻ തങ്കമ്മയെ കെട്ടുന്നു. അല്ലിയമ്മയും തങ്കമ്മയും കൂടി സന്തോഷത്തോടെ ദാമോദരനൊപ്പം ജീവിക്കുന്നു. രവി മാഷ് കോറിയിട്ട ഒരു ചിത്രം പല പാട് എൻ്റെ മനസ്സിൽ മിന്നി മറഞ്ഞു കൊണ്ടിരുന്നു.

Read Also  നിലാസ്സാധകം എന്ന കലാനിരൂപണഗ്രന്ഥം

കുന്നന്താനത്തെ വലിയ പടേനി ദിവസം അമ്പലത്തിൽ നവവധുവായ തങ്കമ്മ ദാമോദരൻ്റെയും അല്ലിയുടെയും നടുക്കിരിക്കുന്ന ചിത്രം. ഇതിലും നല്ല ഒരു നാടകീയ ചിത്രം വേറെ എവിടെ കിട്ടാൻ. തങ്കമ്മയ്ക്കു കുട്ടികളുണ്ടായി. അല്ലിയാണ് കുട്ടികളെ പോറ്റി വലുതാക്കിയത്. അവർ ദീർഘകാലം അങ്ങനെ ജീവിച്ചു. തങ്കമ്മ മരണമടയുന്നു. അയൽപക്കത്തെ മരണവീട്ടിൽ രവി മാഷ് പോകുന്നു. ദാമോദരൻ്റെയും അല്ലിയമ്മയുടെയും ദു:ഖത്തിൽ പങ്കുചേരുന്നു. ചേട്ടത്തിയും അനിയത്തിയുമായുള്ള തങ്കമ്മയോടൊത്തുള്ള ജീവിത കഥ അല്ലിയമ്മ പങ്കുവെയ്ക്കുന്നു.” ഇനിയാണ് ഹൃദയത്തെ തൊടുന്ന കുറിപ്പിൻ്റെ സമാപന വാചകം. ”തിരികെ ഇറങ്ങുമ്പോൾ ഉമ്മറപ്പുരയുടെ ഭിത്തിയിലേക്ക് ഞാൻ ശ്രദ്ധിച്ചു. പഴയ ചിത്രം എടുത്തു മാറ്റിയിട്ടില്ല. താഴെയുള്ള രണ്ടു വരിക്കവിത മങ്ങിയിട്ടുമില്ല.

ചാരുകസേരയിൽ മോദസ്ഥിതനായല്ലാതെ അല്ലിയച്ചന് ( ദാമോദരന് ഇതിനകം അങ്ങനൊരു വിളിപ്പേര് കിട്ടിയിരുന്നു ) എങ്ങനെ ഇരിക്കാനാവും.മല പോലെ വലിയ മനസ്സുള്ള അല്ലിയമ്മ കൂടെ വസിക്കുമ്പോൾ ? ” 

ഹരീഷിൻ്റെ കഥയും ഞാൻ രൂപാന്തരപ്പെടുത്താൻ പോകുന്ന നാടകവുമൊക്കെയായി ലഹരിയിൽ മുങ്ങിപ്പോയി.
അക്കാലം രവി മാഷ് എഴുതിയ ഇതിലും അതിശയിപ്പിക്കുന്ന കുറേ ജീവിത ചിത്രങ്ങളാണ് ഓർമ്മയിലെ പച്ച…. ചോപ്പ് എന്ന പുസ്തകത്തിൽ അടങ്ങിയിരിക്കുന്നത്.
തൻ്റെ അച്ഛനും അമ്മയും ബന്ധുമിത്രാദികളും വിദ്യാർത്ഥികളും സഹപ്രവർത്തകരുമെല്ലാം നിറഞ്ഞ ഓർമ്മകൾ. മുറുക്കി മുറുക്കി ചോന്ന വായും സ്വതേ ചോന്ന താമരക്കണ്ണുമായി നടന്നു മറഞ്ഞ സാത്വികനായ അച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ എങ്ങനെ മറക്കും വായനക്കാർ .ആ സ്മരണയുടെ അവസാനത്തെ വാചകമാണ് ഈ ലഘു കുറിപ്പിൻ്റെ തലവാചകമായി കൊടുത്തിരിക്കുന്നത്. ആകർഷകമായ ഒരു കാവ്യചിത്രമല്ലേ അത്.

ബി. രവികുമാർ മനസ്സുതുറന്നു പകർത്തിയ ഛായാപടങ്ങൾ കാണാതെ പോകരുത്. കണ്ടില്ലെങ്കിൽ വിശുദ്ധരായ വായനക്കാർക്ക് അത് ഒരു നഷ്ടമായിരിക്കും.

Spread the love

27 Comments

Leave a Reply