Wednesday, January 19

എസ്കേപ്പ് കീയിൽ ഒരു തുള്ളി രക്തം, ഡിലീറ്റിൽ ഒരു റോസാ പൂവിതൾ; കെ. രാജേഷ് കുമാര്‍

 എം.ആർ.വിബിന്‍റെ  ‘സീസോ’ എന്ന കവിതാ സമാഹാരത്തെക്കുറിച്ച്.

എം.ആർ.വിബിന്‍റെ  ‘സീസോ’ എന്ന കവിതാസമാഹാരത്തിലെ കവിതകൾ ലാളിത്യം കൊണ്ടും തെളിച്ചം കൊണ്ടും ആകർഷകമാണ്.

പുതുകാലത്തെ ഒരു യുവാവും യുവതിയും പല കവിതകളിലുമുണ്ട്. അവനും അവളും പ്രണയിച്ചിട്ടുണ്ട്, ചേർന്നിരുന്നിട്ടുണ്ട്. വേർപിരിഞ്ഞു പോകുന്നുണ്ട്. അവന്റെ ഓർമ്മകളും കനവുകളുമാണ് പല കവിതകളിലും കിനിയുന്നത്. ടി.പത്മനാഭന്റെ കഥകളിലെ പ്രണയം പോലെയല്ല വിബിന്റെ കവിതകളിലെ പ്രണയം. കാലം മാറി. ഭാവുകത്വം ഏറെ മാറി. പ്രണയത്തിന്റെ അധര സിന്ദൂരം എന്നൊന്നും വിശേഷിപ്പിക്കാനേ ആകില്ല. പക്വമായ പ്രണയത്തിന്റെ രാഗമാലികകൾ മീട്ടിയ കഥകളുടെ കർത്താവ് കണ്ട റോസും ചിത്രശലഭവുമല്ല ഏറ്റവും പുതിയ കാലത്തിന്റെ ചിറകുകൾ ഉള്ള ഈ കവിതകളിൽ കാണുന്നത്.ആ അർത്ഥത്തിൽ പഴയ ഒരു കഥാകൃത്തിന് പുതിയ കവിതകളിലാകെ അക്ഷരത്തെറ്റു തോന്നുന്നതിൽ അത്ഭുതമില്ല. രണ്ടാം ശൈശവത്തിന്റെ ശാഠ്യവിലാപം എന്നു കരുതി രസിക്കുക. കടയനെല്ലൂരിലെ ഒരു സ്ത്രീയും ഗൗരിയും ഒക്കെ വീണ്ടും സംഗീതം ആസ്വദിക്കുന്നതു പോലെ വായിച്ചു നിറയുക. കഥയുടെ കാലഭൈരവനെ വണങ്ങുക.

ലാപ്‌ടോപിൽ ഡിസൈൻ ചെയ്ത് ഒന്നിച്ചു കുത്തിയ ടാറ്റുവിനെ പരസ്പരം കണ്ടെടുക്കുന്നവരാണ് വിബിന്റെ കവിതയിലെ പ്രണയികൾ. അവളുടെ പൊക്കിളിനു മീതെ ഒരു റോസാ ഫ്ലവർ ,അവന്റെ പൊക്കിളിനു താഴെ ഒരു ബട്ടർഫ്ളൈ. നഖമുനയാൽ അവൾ തൊലിയുരിഞ്ഞ് ചോരയൊലിപ്പിച്ച് അവന്റെ ബട്ടർഫ്ലൈ ടാറ്റുവിനെ പറിച്ചെടുക്കുമ്പോൾ അവനു നോവുന്നതേയില്ല. ടാറ്റൂസിനിടയിലൂടൊലിച്ചിറങ്ങും ചോരച്ചുവപ്പു നോക്കി ,റോസ് ഫ്ലവർ ടാറ്റുവിൽ തൊട്ടു കാട്ടി അവന്റെ ബട്ടർ ഫ്ളൈ യോടായി അവളലറുന്നു ;കുടിക്ക് ,ആ തേൻ കുടിക്ക്….’

അവൾ പ്രണയം ചുരണ്ടിയെടുത്ത് കളഞ്ഞിട്ട് പിരിഞ്ഞു പോയിരിക്കുന്നു. പക്ഷേ അവന് അവളെ മറക്കാൻ കഴിയുന്നില്ല. അവന്റെ രാത്രിക്കിടക്കയിൽ പാറി വന്നിരുന്ന ഒരു മിന്നാമിന്നിയിൽ അവളുടെ കൺ തിളക്കം അവൻ കാണുന്നു. വെറും ഒറ്റമുറിയെ ഒരു വീടാക്കുന്ന വെർച്വൽ റിയാലിറ്റി പോലെ അത് അവളായി മാറുന്നു.
ഒറ്റമുറിയെ ഒരു വീടാക്കുന്ന വെർച്വൽ റിയാലിറ്റി പോലെ എന്ന കല്പന ഈ കവിയുടെ കവിതകൾക്ക് ചേരും. ഗ്രാഫിക് ഡിസൈനർ ആണ് വിബിൻ. ഗ്രാഫിക് ഡിസൈനിംഗ് ആവശ്യപ്പെടുന്ന സൂക്ഷ്മതയും വ്യക്തതയും താളവും ബാലൻസും അനുപാതവും അളവും ആഴവുമൊക്കെ അബോധപൂർവ്വം ഈ കവിതകളുടെ രൂപത്തെ മികവുള്ളതാക്കുന്നു. ഒറ്റ ‘അക്ഷരപ്പിഴവുകളും’ ഇല്ലെന്നു മാത്രമല്ല അപൂർവ്വമായ ഒരു ഉൾത്താളവും ഈ കവിതകളിലുണ്ട്. (പുറന്താൾ കുറിപ്പിൽ കവി എസ്. കലേഷ് ഈ കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.)

വീണ്ടും വീണ്ടും വായിക്കാൻ പ്രലോഭിപ്പിക്കുന്നു എന്നതാണ് ഈ കവിതകളുടെ നേര്. അപാരമായ വ്യക്തതയാണ് കവിതയ്ക്ക്. എങ്കിലും പിന്നെയും വായിക്കാൻ കൊതിപ്പിക്കുന്ന ഒരു മണം ഈ കവിതകളിലുണ്ട്. പുതുമയുടെ സുഗന്ധമാണത്. പിരിഞ്ഞു പോയ അവനും അവളും സീസോയിലെന്ന പോലെ പൊങ്ങുകയും താഴുകയും ചെയ്യുന്നു. അവളുടെ ആദ്യരാത്രി. അവൾ മണിയറയിൽ. അവൻ തങ്കമണി റോഡിൽ ആക്സിഡന്റിൽപ്പെട്ട്. രമണനുൾപ്പടെ അഭിമുഖീകരിച്ച തീഷ്ണമായ ജീവിത പ്രശ്നത്തെ പുതുകാല മലയാള യുവാവ് എങ്ങനെ നേരിടുന്നു എന്ന് ഈ കവിത കാട്ടിത്തരുന്നു. മണിമുഴക്കം കേട്ട് മരണത്തെ വരിക്കുന്നവനല്ല ഇന്നത്തെ അവൻ. അവൻ ഒട്ടൊക്കെ നിർമ്മമനാണ്. മുറിവു പറ്റുന്നുണ്ട്. എന്നാൽ ആശുപത്രിയിൽ എത്തി അതു തുന്നിക്കൂട്ടി ശരിയാക്കി ഡിസ്ചാർജ് ചെയ്തു പോകുകയാണ് അയാൾ. ഹൃദയം പിളർന്ന് ചോര വാർക്കുന്ന കാല്പനിക പ്രണയത്തിന്റെ സ്ഥാനത്ത് ശരീരത്തിലാണ് മുറിവുകൾ. അവ ഉണക്കിയെടുക്കാവുന്നവയാണ്. കാല്പനികതയുടെ ശലഭകാലത്തു നിന്ന് ഒന്നു കറങ്ങിത്തിരിഞ്ഞ് മലയാള കവിത ടാറ്റു ബട്ടർ ഫ്ളൈയുടെ കാലത്ത് വന്നെത്തിയിരിക്കുന്നു.

Read Also  'പുത്തനൊരായുധമാണു നിനക്കതു പുസ്തകം കയ്യിലെടുത്തോളൂ ... '

എന്നാൽ അവനെപ്പോലെയല്ല അവളെന്നും അവളുടെ ജീവിതം ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടെ ഉയരുകയും താഴുകയും ആണെന്ന് കവി . കശുമാങ്ങാമണം, ക്രൈം നമ്പർ 628 എന്നീ കവിതകളിൽ പെണ്ണിന്റെ ദുരന്തത്തെ കൊത്തിയെഴുതിയിരിക്കുന്നു. കശുമാങ്ങാ മണമൊഴുക്കി മൺവഴി യിലൂടെ കുന്നു കയറി പോകുന്ന അവൾ കശുമാങ്ങാ മണം നഷ്ടപ്പെട്ട് തൂങ്ങി നിൽക്കുമ്പോൾ മൂക്കു പൊത്തി നോക്കി നിൽക്കുന്നവരുടെ ഇടയിൽ അവനുണ്ട്. ആണിന്റെ പെണ്ണുടലിലേക്കുള്ള തിന്നുന്ന നോട്ടത്തെ സൂചിപ്പിച്ചാണ് അവന്റെ ക്രൗര്യത്തെ വരയ്ക്കുന്നത്. പത്താം നിലയിലെ ബാൽക്കണിയിൽ നിന്ന് തള്ളിയിടപ്പെട്ട കുടുംബിനിയുടെ മുലപ്പാൽ ചോരച്ച മണ്ണിൽ കുതിരുന്നിടം വരെയുള്ള അവളുടെ വീഴ്ചയെ ആവിഷ്കരിക്കുന്ന ‘ക്രൈം നമ്പർ 628 ‘ ശില്പത്തിലും ഭാവത്തിലും പുതുമ പുലർത്തുന്ന കവിതയാണ്. നാട്ടിൻ പുറത്തും നഗരത്തിലും അവൾ സുരക്ഷിതയല്ല എന്ന് ഈ കവിതകൾ രണ്ടു തരം ആഖ്യാനങ്ങളിലൂടെ കാട്ടിത്തരുന്നു.

Spread the love

Leave a Reply