Saturday, May 30

കാറ്റ് വീശുവല കൊണ്ടുയർത്തുന്ന കൂടാര വിതാനങ്ങൾ ; കെ. രാജഗോപാലിൻ്റെ ‘പരിധിക്കു പുറത്ത് ‘ എന്ന കവിതയെക്കുറിച്ച്

 

കാറ്റ് വീശുവല കൊണ്ടുയർത്തുന്ന കൂടാര വിതാനങ്ങൾ
കെ. രാജഗോപാലിൻ്റെ  ‘പരിധിക്കു പുറത്ത് ‘ എന്ന കവിതയെക്കുറിച്ച്.

കവിതാ വായന എന്നെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം സ്വകാര്യമായ ഒരു അനുഭവമാണ്. നാനാവിധത്തിലുള്ള കാവ്യ സിദ്ധാന്തങ്ങളോ കവിതാ ബാഹ്യമായ സാംസ്കാരിക വിവക്ഷകളോ യാതൊന്നും കവിതയും എൻ്റെ ഹൃദയവും തമ്മിലുള്ള നേർബന്ധത്തിന് ഇടങ്കോലിടാറില്ല. ഇതിൽ തെറ്റുകാണുന്നവരുണ്ടോ? ഉണ്ടെങ്കിൽ അതൊന്നും എൻ്റെ പരിധിയിൽ വരില്ല. സ്വകാര്യമായി ലാളിക്കുവാനും ഓമനിക്കുവാനും കുറെയൊക്കെ കാര്യങ്ങളില്ലെങ്കിൽ എന്തു ജീവിതം. നിഷ്കുണമായ ജീവിതം മരണ തുല്യമാണ്. കവിതയുമായി ഏകാന്ത ഹൃദയ സംവാദം നടത്താൻ കഴിവില്ലാത്തവർക്ക് എൻ്റെ റിപ്പബ്ളിക്കിൽ പൗരത്വമില്ല.
ചില കവിതകൾ ഒറ്റ വായനയിൽ തന്നെ ഹൃദയത്തിൽ കുടിപാർക്കും. കെ.രാജഗോപാലിൻ്റെ ‘പരിധിക്കു പുറത്ത് ‘ അത്തരമൊരു കവിതയാണ്. അത് എൻ്റെ കൂടി അനുഭവത്തിൻ്റെ കവിത യാണ്. ആറ്റു തിട്ടയ്ക്ക് ജീവിച്ചവൻ്റെ നെഞ്ചിൽ തട്ടുന്ന കവിതയാണ് .

ഇടവപ്പാതിക്കു മുമ്പുള്ള ഇടമഴ തുടങ്ങിക്കഴിഞ്ഞു. ഇടിയോടു കൂടിയ മഴ. മീൻകണ്ണു നോക്കി വെട്ടുന്ന മിന്നൽ അകമ്പടിയായുള്ള മഴ. മഴ പെരുക്കെ പെരുക്കെ ആറും പെരുക്കുകയായി. വെള്ളം കലങ്ങിത്തുടങ്ങുകയായി. മീനുകൾ വയറ്റു കണ്ണികൾ ആകുകയായി. ആറ്റുമീനുകൾ പുളച്ച് കരപറ്റി കിഴക്കോട്ട് പായുകയായി. ഈറ്റില്ലം തേടി. വയലുകൾ തേടി, തോടുകൾ തേടി, പെറ്റെഴുനേറ്റ് വേതിട്ടു കുളിക്കാനായി.
മീനുകളുടെ പേറ്റുനോവ് മനുഷ്യനു മനസ്സിലാകുമോ? അവന് അവയെ എളുപ്പം പിടിക്കാൻ ഒക്കുന്ന അവസരമാണത്. അവസരങ്ങൾ പാഴാക്കരുതെന്നാണല്ലോ പകർച്ചവ്യാധി കാലത്തും അവന് കിട്ടുന്ന ഓൻലൈൻ ഉപദേശം.

ഊത്തയായി. പുതുവെള്ളത്തിൽ മീനുകളുടെ മിന്നലിളക്കമാണ് ഊത്ത. മുളഞ്ചില്ലി വളച്ച് വില്ലു പോലാക്കി അതിൽ പിടിപ്പിച്ച വലയുമായി ആറ്റിലേക്ക് ആളുകൾ ചാടുകയായി. ചാടല്ലേ, ചാടല്ലേ കാട്ടിൽ പൊയ്കയിൽ പോയി നീന്താം എന്നു പറഞ്ഞ് അവനെ പിന്തിരിപ്പിക്കാൻ ആരുമില്ല. മടവല വില്ലാകൃതിയിൽ അമ്പു പോലുള്ള ഒരു കമ്പും കെട്ടിയുണ്ടാക്കിയതാണ്. അമ്പിൻ്റെ അറ്റത്തും വിൽപ്പിടിയിലും പിടിച്ച് മീനേ കോരിയെടുക്കുന്നു. വീശു വലയിട്ടും മീൻ പിടിക്കും. വീശുവലയെ രാജഗോപാൽ കവിതയാക്കുന്നു.

‘പുഴയ്ക്കു മീതേ വല –
മണികൾ വിതറുന്ന
ഞാവലിൻ കറുത്തീയ-
ക്കായകൾ, കാറ്റ് വീശു –
വലകൊണ്ടുയർത്തുന്ന
കൂടാര വിതാനങ്ങൾ ‘

സത്യം പറയട്ടെ. ഞാൻ എഴുതാനിരുന്നതാണ് ഈ കവിത. അങ്ങനെ ഒരു ഇംപ്രഷൻ ഉണ്ടാകുമ്പോഴല്ലേ കവിത മനോഹരമാകുന്നത്. എനിക്ക് ഉദാത്തമാണീ കവിത.

കാളിക്ക് നേർച്ചപ്പൊത്തുകെട്ടിയ തെങ്ങും ചാരി കൂട്ടുവീശുകാരൊഴിഞ്ഞ് ആറ്റുമട്ടക്ക് എത്രയോ വട്ടം ഞാൻ നിന്നിട്ടുണ്ട്. വീണ്ടും സത്യം .ഊത്തയ്ക്ക് കിട്ടിക്കൊണ്ടിരുന്ന പഴയ ആറ്റുമീനുകളൊക്കെ ഇന്നില്ലാതായിരിക്കുന്നു. കട്ട്ള പോലുള്ള പുതിയ ഇനം വളർത്തു മീനുകളാണ് ഇപ്പോൾ വലയിൽ കുടുങ്ങുക. പുള്ളിവാഹയും ആറ്റുവാളയും ഒന്നും ഇന്നങ്ങനെ കാണാനില്ല.

Read Also  എഴുത്തോ നിൻ്റെ കഴുത്തോ? ഏറെ കൂറേതിനോട്?

കവിതയുടെ ഭാവ ഭംഗികളെക്കുറിച്ച് വിശദീകരിക്കുന്നില്ല. അവ വായിച്ചനുഭവിക്കേണ്ടതാണ്.

‘ചങ്കറുത്തെടു,ത്തൊളി –
പ്പിച്ചതീ പൂണിയ്ക്കുള്ളിൽ
പിടയ്ക്കു, ന്നൊറ്റാലിന്നും
– പ്രാണനോ? പുള്ളി വാഹ യോ?

എന്ന ഈരടികളിൽ അപൂർവ്വവും തീവ്രവുമായ ഒരു ബിംബ കല്പനയുണ്ട് എന്നു പറഞ്ഞുകൊള്ളട്ടെ.

‘ആറ്റുവാളയെ കീറും കറിച്ചട്ടിയിൽ മുട്ട –
പ്പരിഞ്ഞിൽ ഭൂഖണ്ഡങ്ങൾ
ചിതറിക്കിടപ്പില്ലേ?’

എന്നത് ഊത്തപിടുത്തക്കാരുടെ ദൃശ്യാനുഭവമാണ്. ഏറെപ്പറയുന്നില്ല. വർഷങ്ങളായി മലയാള കവിതാ നീറ്റിൽ രാജഗോപാലും വലയെറിയുന്നുണ്ട്. ഒച്ചയും ബഹളവുമില്ലാതെ. ശാന്തനായി . പ്രതിരോധ കവിതകൾ വായിച്ച് വായിച്ച് വരണ്ടവർ പുതുവെള്ളത്തണുപ്പാർന്ന രാജഗോപാലിൻ്റെ കവിതകൾ വായിക്കുക.
രാജഗോപാലൊക്കെ വലിയ കവിയാണോ എന്ന് കവിതാ ബാഹ്യമായ കണ്ണുകൾ  വെച്ച്  കടാക്ഷിക്കുന്നവരോടായി.

‘- മടുത്തു , പരിധിക്കു
പുറത്തു നിന്നെത്തുന്ന
ചത്തവരുടെ വിളി
ഞാനെടുക്കാറില്ലിപ്പോൾ..

കവിതയും എൻ്റെ വായനയും രണ്ടു വഴിക്കാണു പോകുന്നത്. ആയതിനാൽ സഹൃദയരേ ഈ കവിത നിങ്ങൾ വായിക്കൂ എന്ന് ആഹ്വാനം ചെയ്യുന്നു.

Leave a Reply

Your email address will not be published.