ഓണവും പോയി, വള്ളംകളിയും കഴിഞ്ഞു. നാട്ടുക്കൂട്ടപെരും ജലോത്സവം കഴിഞ്ഞ് ഞങ്ങൾ ആറന്മുളക്കാർ കരയ്ക്കു കയറി. ഇനി അതാതു വള്ളക്കരകളിലെ നാട്ടുകൂട്ടങ്ങൾ ഒന്നുകൂടി ഒത്തുകൂടും. ഈ നെടുങ്കൻ വള്ളങ്ങൾ വലിച്ചു കരയിൽ പുരകളിൽ കയറ്റിവെയ്ക്കാനായി.
വള്ളംകളിച്ച് കിട്ടിയ കൂട്ടായ്മയുടെ ഊർജ്ജത്താൽ റീചാർജു ചെയ്യപ്പെട്ട്, നവോന്മേഷവാനായി കവിതകളുടെ കഥകളുടെ നോവലുകളുടെ നദിയിൽ ഇറങ്ങി മുങ്ങി നിവരാം.
‘ചില്ലകളിൽ ഓർമ്മ വീശുന്ന നേരം’ എന്ന കവിത ഹൃദയത്തെ വന്ന് തൊടുന്നു. സുബിൻ അമ്പിത്തറയിൽ എഴുതിയ കവിത. ഋജുവായ ആഖ്യാനം.തൃക്കാക്കര മുതൽ കൊച്ചി തുറമുഖം വരെയുള്ള നേർരേഖവഴി പോലെ എന്ന് അലങ്കരിച്ച് പറയാം.
കാറ്റാണ് കവിതയിൽ പാറിക്കളിക്കുന്നത്. എല്ലാം തല്ലിത്തകർത്തു വീശിയടിക്കുന്ന പല വിധ പേരുകളിൽ അറിയപ്പെടുന്ന ക്രൂര കൊടുങ്കാറ്റോ ചുഴലിയോ അല്ല ഈ കവിതയിലെ കാറ്റ്. കുസുമചയസുരഭിയൊടു പവനനതി ഗൂഢമായ് കൂടെത്തടഞ്ഞു ഹനൂമാനെ അശോക വനിയിലേക്ക് കൂട്ടിക്കൊണ്ടുപോയ അച്ഛൻ കാറ്റുപോലൊരു അമ്മ കാറ്റാണ് ഈ കവിതയിലെ കാറ്റ്. ഓർമ്മക്കാറ്റ്. കള്ളനെപ്പോലെ വന്ന് കാട്ടു മുല്ലയ്ക്ക് ഉമ്മ കൊടുക്കുന്ന കാമുകക്കാറ്റിനെയും കരിനീലമുളകിൽ വന്ന് തട്ടി ഓണപ്പാട്ടു പാടുന്ന കാറ്റിനെയും പാട്ടുകവികൾ ഓമനിച്ചിട്ടുണ്ട്.
പാട്ടു പോലെ നിർമ്മലമായ കവിത കാണുമ്പോൾ അറിയാതെ കുളിരുന്നു. മലയാള കവിതയുടെ പുതുവഴികളിൽ കളങ്കങ്ങളില്ലാത്ത ശുദ്ധവായുവിന്റെ സഞ്ചാരമുണ്ടെന്ന് വിളിച്ചു പറയട്ടെ, ഓലക്കാറ്റാടിയും കൊണ്ട് ഓടിക്കളിക്കുന്ന കൊച്ചു കുട്ടിയെപ്പോലെ.
കുന്നിന്റെ നെറ്റിയിൽ ചന്ദനക്കുറി പോലിരിക്കുന്ന ഞങ്ങളു താമസിക്കുന്ന വീടിന്റെ ഉച്ചാന്തലത്തിലൂടെ പുലർകാലേ പാഞ്ഞു പോകുന്ന തള്ളക്കാറ്റ് അതിന്റെ മൊട്ടേന്നു വിരിയാത്ത കുഞ്ഞുങ്ങളെ ആ വീടിന്റെ തൊടിയിലിറക്കി നിർത്തും. ഡേ കെയറിലെന്ന പോലെ. പൂവിരിയും വണ്ണം അമ്മയും മക്കളുമായി കാറ്റിനെ കവി മാറ്റുന്നു.
പിന്നെ പകൽ മുഴുവൻ വീട്ടിൽ കുഞ്ഞു കാറ്റുകളുടെ കളി ചിരി മേളമാണ്. ‘നല്ല അച്ചടക്കമില്ലായ്മയും കുരുത്തക്കേടും കൈമുതലുള്ള അവളുടെ പുള്ളങ്ങൾ ജനലു പിടിച്ചടച്ചും അയയിൽ സൺ ബാത്തിന് കിടക്കും തുണികളെ വലിച്ച് മണ്ണിലിട്ടും പൂഴി വാരി തമ്മിലെറിഞ്ഞും ചെരുപ്പിടാതെ പെരക്കാത്തൂടെ ചെളീംചവിട്ടിയോടിയും തലതെറിച്ചു നടക്കുന്ന കാണുമ്പം അമ്മയ്ക്ക രിശത്തിന്റെ കൊടുങ്കാറ്റടിക്കും’
രണ്ടമ്മമാരാണ് കവിതയുടെ കേന്ദ്രങ്ങൾ .. കാറ്റമ്മയും കവിയുടെ അമ്മയും. മക്കളെ പോറ്റാൻ ജോലിക്കു പോകുന്ന തൊഴിലാളിയമ്മയാണ് കാറ്റമ്മ. കവിയുടെ അമ്മ വീട്ടമ്മയും.
ഉച്ചകഴിഞ്ഞ് മയങ്ങി അടങ്ങിക്കിടക്കുന്ന കാറ്റു പുള്ളങ്ങളെ കാണുമ്പോൾ കവിക്ക് ഒരു ഓമനത്വമങ്ങ് തോന്നും. ദേഷ്യ മെങ്ങോ പറന്നു പോകും. ചന്തമാർന്ന വീട്ടുമൊഴി ഉപയോഗിച്ചെഴുതിയിരിക്കുന്നതിനാൽ വീടിന്റെ അകംപുറം രൂപഭാവ ചിത്രങ്ങൾക്ക് നല്ല തെളിച്ചം. മിഴിവ്.
കുട്ടിക്കാലത്തിന്റെ ഓർമ്മകളിലേക്ക് പാറിക്കൊണ്ടു പോകുന്നു ഈ കവിത .കവിയുടെ ഓർമ്മകൾക്കൊപ്പം നമ്മുടെ ബാല്യകാല ഓർമ്മകളും ഉണരും. പുറത്തു പോവാൻ കഴിയാതെ മുറിയിൽ വട്ടം വട്ടം നാരങ്ങാ കളിക്കുന്ന ഫാനിന്റെ കാറ്റേറ്റ് ബാല്യകാലത്തു പാറിപ്പറന്നു നടന്ന വീട്ടു തൊടിയിലേക്ക് ഓർമ്മകൾ പാഞ്ഞു പോകുന്നു. കവിതയുടെ എക്കാലത്തെയും പ്രമേയങ്ങളിലൊന്നായ നൊസ്റ്റാൾജിയയുടെ പീലി വിരിച്ചാട്ടം തന്നെ ഈ കവിത. കവിത എത്ര വളർന്നാലും കാല്പനിക നൈർമ്മല്യത്തെ ഉപേക്ഷിക്കില്ല. കവിതയെ ജരാനരകൾ ബാധിക്കില്ല. അവൾക്കെന്നും പതിനാറു വയസ്സാണ്. കാലത്തിനൊത്ത് വേഷങ്ങൾ പലതണിയുന്ന ഒരുക്കക്കാരിയാണ് അവളെന്നേയുള്ളു. ദാവണിയണിഞ്ഞു മാത്രമേ അവൾ നിൽക്കാവൂ എന്ന് ശഠിക്കുന്നവരെ അവൾ നിരാശപ്പെടുത്തും. അവർക്കുള്ളതല്ല അവൾ.
മുറിയിൽ കുടുങ്ങിക്കിടക്കുന്ന ഫാൻ കാറ്റിന് അതിന്റെ അമ്മയുടെ അടുത്തു പോകാൻ കൊതിയുണ്ടാകുമോ എന്ന തോന്നലിൽ കവിയുടെ ഓർമ്മകളിലേക്ക് സ്വന്തം അമ്മ എത്തുന്നു.
‘ കാറ്റിനെപ്പോലെ തോന്നുമ്പോ വീശാനും പിടിതരാതെ പറന്നു പോവാനുമായി ഈ ഓർമ്മകളൊക്കെ എവിടെയാണ് ഉറങ്ങിക്കിടക്കുന്നത് ‘.
കവിതയിലാണ് എല്ലാ ഓർമ്മകളും ഉറങ്ങിക്കിടക്കുന്നത്.

Read Also  മലഞ്ചെരുവില്‍ നീ ഇളംകാറ്റായ് പാ‍ടി ; എസ് ജോസഫിൻ്റെ കവിത

LEAVE A REPLY

Please enter your comment!
Please enter your name here