Wednesday, June 23

വീടൊരുക്കം – എം.എസ്.ബനേഷിന്റെ കവിതയ്ക്ക് ഒരു ആസ്വാദനം.


അതിരാവിലെ ഒരു കവിത കാണുന്നു. കണ്ടപാടേ വായിക്കുന്നു. അർത്ഥതടസ്സം വരാതെ ഒറ്റ വായനയിൽ തന്നെ മനസ്സിലാകുന്നു. മനസ്സിലേക്കു കയറുന്നു. എം.എസ്.ബനേഷിന്റെ ‘വീടൊരുക്കം ‘ എന്ന കവിത അത്രമാത്രം ലളിതമാണ്.
പാമ്പുകൾക്കു മാളമുണ്ട്, പറവകൾക്കാകാശമുണ്ട് മനുഷ്യപുത്രന് തല ചായ്ക്കാൻ മണ്ണിലിടമില്ല എന്ന ജീവിതം തുടിക്കുന്ന ഈരടികളിലെ ആശയം മറ്റൊരു തരത്തിൽ ആവിഷ്കരിക്കുകയാണ് വീടൊരുക്കത്തിൽ എന്നു പറഞ്ഞാൽ അത് ഏറെക്കുറെ ശരിയാണ്. അങ്ങനെ പറയുന്നത് അതിൽ നിന്ന് ആശയം ചോർത്തിയെടുത്തു എന്ന അർത്ഥത്തിലല്ല . ശാസ്ത്രീയ നേട്ടങ്ങൾ ഒക്കെ നേടി പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്കു കുതിക്കുന്ന മനുഷ്യവർഗ്ഗത്തിന്റെ നിസ്സഹായതയും നിരാലംബതയും വ്യക്തമാക്കുന്നു, അതേ അവസരത്തിൽ പ്രകൃതിയിലെ ഇതര ജീവജാലങ്ങൾ ഉല്ലാസത്തോടെ വാടകയും കടവും ഇല്ലാതെ പാർക്കുന്നു എന്ന നിരീക്ഷണത്തിന്റെ വാഗ്രൂപമാണ് ഈ കവിത.   കവിതയ്ക്ക് കെ.ഷെരീഫിന്റെ രേഖാചിത്രം                                                                                                                  കവിത ഇഷ്ടപ്പെട്ടതിന് ഇതിനപ്പുറം കാരണമുണ്ട്. വീടുണ്ടെങ്കിലും ലോണുണ്ട്. വാടക വീടുകാരനെപ്പോലെ ലോൺ വീടുകാരനും ജീവിതം അത്ര സുഖകരമല്ല . കടമില്ലാത്തതാണ് ധനം എന്നാണ് പതിരില്ലാത്ത നാട്ടു ചൊല്ല്. പക്ഷേ അങ്ങനെയൊക്കെ കടമില്ലാത്ത ധനികർ എത്രയുണ്ട്. റോക്കറ്റുകൾ ഒക്കെ കുതിച്ച് തിങ്കളിലേക്ക് പറക്കുന്നുണ്ട്. ചുമ്മാ ദേശീയ വികാരം കൊണ്ട് രോമാഞ്ചം അണിയുന്നുമുണ്ട്. കുപ്പായം പോലുമില്ലാതെ തണുത്തു വിറച്ച് രോമമെഴുന്നു നിൽക്കുന്നവരുടെ സംഖ്യയും കുതിക്കുകയാണ്. ‘ജീവന്റെ ത്രിശങ്കുവിൽ കഴുകന്റെ ചിറകടി’യൊച്ച ഉയർന്നു കൊണ്ടേയിരിക്കുന്നു. വാടക വീട്ടിൽ താമസിക്കുന്ന ,വാടക കുടിശ്ശിക ഏറി വരുന്ന ഇടത്തരക്കാരനും പാടാ കാര്യങ്ങളുടെ പടുകുഴിയിലാണ്.
വീടില്ലാത്ത ഒരുവൻ വീടൊരുക്കും സൂചീമുഖിയെ നോക്കി നോക്കിയിരിക്കുന്നു. ആ നോക്കി നോക്കിയിരുപ്പിൽ ഉദാസീനതയും മടിയും നൈരാശ്യവും നിഴലിക്കുന്നുണ്ട്. വാക്കിന്റെ ഒറ്റയൊരു ആവർത്തനം കവിതയിൽ ഒരു ഷേഡ് വരയ്ക്കലാണ്.വാച്യാർത്ഥത്തിന് തടസ്സം വന്ന് ധ്വനിയിലേക്ക് എപ്പോഴും പോകണമെന്നൊന്നുമില്ല. അതൊക്കെ സിദ്ധാന്തങ്ങൾ .സിദ്ധാന്തച്ചുമടുകൾ പേറേണ്ട ബാധ്യത ആസ്വാദകനില്ല. പണ്ഡിതർക്കു വേണ്ടിയുള്ള ചുമ്മാടുകളാണവയൊക്കെ. എം.എസ്.ബനേഷ് വാക്കുകൾ കൊണ്ട് ആഡംബരമില്ലാത്ത ചിത്രം വരയ്ക്കുന്ന പുതു കവിയാണ്.
വീടില്ലാത്തൊരുവൻ എപ്പോഴും വീടിനെക്കുറിച്ചോർക്കുന്നു.വിശേഷിച്ച് അയാൾ കുടുംബസ്ഥനാകുമ്പോൾ . സൂചീമുഖിയുടെ കൂടൊരുക്കം അയാൾ വീടൊരുക്കത്തിന്റെ ഓരോ ഘട്ടമായി നിരൂപിച്ചു കാണുന്നു. ‘സൂചി കോർക്കുന്ന ധ്യാനത്വം, നൂലു കേറ്റുന്ന സൂക്ഷ്മത , നെയ്ത്തുയന്ത്രതൃത്താളം. ഒരു കൂടാരമീ മണ്ണിൽ ഉയരും പണിയുടെ ലാവണ്യം. ‘
വണ്ട്, പൂച്ച, പശു തുടങ്ങിയ ജീവജാലങ്ങൾ വീടുപണി കാണുന്നുണ്ട്. വീടുപണി കണ്ട് ഒരു കാര്യവുമില്ലാതെ അഭിപ്രായം പറയുന്ന മനുഷ്യരെ ഓർമ്മിപ്പിക്കുന്നു ചെറു പൂച്ച.
വീടൊരുക്കുന്നതെന്തിനാണ്. അങ്ങേക്കൊമ്പിലെ വധുവിനായാണ്. മലയാളികളുടെ പുരപണി അവന്റെ ദാമ്പത്യ ജീവിതവുമായി ഇഴുകിച്ചേർന്നു കിടക്കുന്നു. ഈ സൂചീമുഖി യുവാവിന്റെയും .
കിട്ടാവാടക വാങ്ങുവാൻ പടി തള്ളി വരുന്ന വീട്ടുടമസ്ഥൻ പക്ഷിയുടെ വീടൊരുക്ക കാഴ്ച കണ്ടിരുന്ന വീടില്ലാത്തൊരുവന്റെ ,എന്റെ , ജീവന്റെ ത്രിശങ്കുവിൽ ഒരു കഴുകന്റെ ചിറകടിയായി മാറുന്നു.

Spread the love
Read Also  സുദർശന സംഗീതത്തെ അവഗണിക്കരുത്, ആഘോഷിക്കണം.

Leave a Reply