Wednesday, October 21

മഹാമാരിക്കാലത്തെ കൂട്ടുകവിതകൾ

 

കവണി

മഹാമാരിക്കാലത്തെ കൂട്ടുകവിതകൾ

കോവിഡ് 19 എന്ന ഈ മഹാമാരി അനന്തമായി നീളുകയാണോ? പകരുന്ന വ്യാധിയായതിനാൽ സാമൂഹിക അകലം പാലിക്കാൻ ഓരോ മനുഷ്യനും കടമയുണ്ട്. സാമൂഹിക ജീവിയായ മനുഷ്യർക്ക് ഈ ഒറ്റപ്പെട്ട ജീവിതം സഹിക്കാവുന്നതിലും അപ്പുറമാണ്.
ഏകാന്തതയുടെ ഉപാസകരാണ് കവികളെങ്കിലും അവരുടെ ഏകാന്തത വാസ്തവത്തിൽ കൂട്ടാന്തതയെ പോഷിപ്പിക്കാനാണ്. സമൂഹത്തിലെ വിഷം ഭുജിക്കാനാണ് അവർ ഏകാന്തരാകുന്നത്. കാകോളം ഉള്ളിലേക്കെടുത്ത് സമൂഹത്തെ പരിശുദ്ധമാക്കുന്ന കവിക്കറകണ്ടൻ താളത്തിൻ്റെ ലയത്തിൻ്റെ നൃത്തത്തിൻ്റെ ശോഭ പുറത്തേക്കൊഴുക്കുന്നു.

മഹാമാരിക്കു മുമ്പ് എസ്. ജോസഫ് സോഷ്യൽ മീഡിയയിൽ സജീവമായിരുന്നില്ല. എന്നാൽ കഴിഞ്ഞ കുറേ നാളായി ജോസഫ് ഫേസ് ബുക്കിൽ കുറിപ്പുകൾ എഴുതുന്നുണ്ട്. കാവ്യകലയെക്കുറിച്ച്, ചിത്രകലയെക്കുറിച്ച് ,ശില്പകലയെക്കുറിച്ച് കവി എഴുതിപ്പോരുന്നു. നല്ല കുറിപ്പുകളാണ് അവ. ലളിതമായ എഴുത്ത്.
മനുഷ്യനെ പല രീതിയിൽ വിഹ്വലനാക്കുന്ന, മടുപ്പിക്കുന്ന ഈ കാലത്തെ അതിജീവിക്കാൻ കവി എന്ന നിലയിൽ തനിക്കെന്തു സഹായം ചെയ്യാൻ പറ്റും എന്ന വിചാരത്തിൽ നിന്നാകാം ജോസഫ് ഈ പ്രതലത്തിൻ്റെ സാധ്യതകളെ പല വിധത്തിൽ ഉപയോഗിക്കാൻ ശ്രമിക്കുന്നത്. എം.ബി മനോജും വിഷ്ണുപ്രസാദും മറ്റും തങ്ങളുടേതായ നിലയിൽ ചില ഓൺലൈൻ എഴുത്തുകൂട്ടായ്മകൾ ഒരുക്കിയിട്ടുണ്ട്. എം.ബി. മനോജ് മുൻകൈയെടുക്കുന്ന മാർഗ്ഗയിൽ നാലു ഗോത്ര കവികളുടെ കവിതകൾ വായിച്ചതേയുള്ളു ഇപ്പോൾ. ഗോത്രഭാഷകളിലൂടെയുള്ള കവിതയുടെ നീരൊഴുക്കുകൾ പകർന്ന ഉന്മേഷം ചെറുതല്ല.

എസ്. ജോസഫ് എഫ്.ബി യിൽ ഒരു കാവ്യ പൂരണകേളിയാണ് നടത്തിയത്. വെളുപ്പ് – ഇമേജുകൾ എന്ന തലക്കെട്ടുകൊടുത്ത് രണ്ട് വരികൾ എഴുതിയിട്ടു,
‘ ഒരു ആഫ്രിക്കൻ സുന്ദരിയുടെ പല്ലിൻ്റെ വെൺമ’ എന്നും കണ്ണിലൊഴിക്കാൻ പ്ലാവിലക്കുമ്പിളിലെടുത്ത പാലിൻ്റെ വെൺമ ‘ എന്നും.

ഇതേപോലെ വെളുപ്പ് ഉപയോഗിച്ച് വരികൾ എഴുതാമോ എന്നായിരുന്നു ജോസഫിൻ്റെ ചോദ്യം. എഴുതുന്നവ എല്ലാം ചേർത്ത് ഒരു കൂട്ടുകവിതയുണ്ടാക്കാമെന്നും നിർദ്ദേശിച്ചു.

മലയാളത്തിലെ തലമുതിർന്ന കവികളിലൊരാളായ കെ.സച്ചിദാനന്ദൻ ഉൾപ്പടെ പ്രശസ്തരും അപ്രശസ്തരുമായ നിരവധി കവികൾ കവിത കെട്ടി. ”വയൽപ്പച്ചയെ തിളക്കി ധ്യാനസ്ഥനായ കൊക്കിൻ്റെ വെണ്മ
വെളുപ്പിൻ്റെ, വെളുപ്പിൻ്റെ ,
നിരാധാരമായ വെളുപ്പിൻ്റെ
അനാഥമായ വെണ്മ ‘
എന്ന് മലയാളത്തിൻ്റെ പെരുംകവി സച്ചിദാനന്ദൻ.
ജോസഫ് കുറിച്ചതു പോലെ വെളുപ്പിനെ എവിടെവെയ്ക്കും എന്നതിലാണ് അതിൻ്റെ കവിത. ‘രാവിനെ രാകിക്കൊല്ലും വെളിച്ചച്ചില്ലിൻ വെൺമ’ എന്ന് എ. സി. ശ്രീഹരിയുടെ കൊള്ളിയാൻ തിളക്കം.
‘ കറുത്തവൻ്റെ കണ്ണുനീരുകൊണ്ടു
വെന്ത വെളുത്ത ചോറിൻ്റെ വെൺമ’ എന്ന് ദേവിക എം.എ .

‘ചെരിഞ്ഞൊരാനക്കൊമ്പിൻ്റെ വെൺമ’ എന്ന് ഒറ്റവരിയിൽ അഭിലാഷ് കെ.എസ്.

കവികളുടെ ഈ കൂട്ടുകെട്ടൽ ആസ്വാദകരെയും സന്തോഷിപ്പിക്കുന്നുണ്ട്. ദണ്ണത്തിൻ്റെ ഇരുണ്മയിൽ വെളിച്ചത്തിൻ്റെ ഒരു കീറ് വെളുപ്പ്.

എസ് ജോസഫിന്റെ ഫേസ് ബുക്ക് പോസ്റ്റും ചില മറുകവിത കെട്ടലും

 പ്രിയരേ,
വെളുപ്പിനെ എവിടെ വയ്ക്കും എന്നതിലാണ് അതിന്റെ കവിത.
പ്രതികരിച്ച എല്ലാ സുമനസുകൾക്കും നന്ദി.
ആശംസകൾ .

കെ.സച്ചിദാനന്ദൻ

” ഇരുണ്ട ഒരു കഴുത്തിനെ ശ്വാസം മുട്ടി അതു നിശ്ചലമാകും വരെ ഞെരിച്ച മർത്തുന്ന കാൽ മുട്ടുകളുടെ വെണ്മ , “

” പൗർണ്ണമിനിലാവിൽ ജീവിതത്തിൻ്റെ നശ്വരതയെ പരിഹസിച്ചു ചിരിക്കുന്ന തലയോട്ടിയുടെ വെണ്മ… “

” കാലസമുദ്രത്തിൻ്റെ നുരകൾ പോലെ മുടിയിൽ പടരുന്ന നരയുടെ വെണ്മ “

” നിറങ്ങളെ നിരാകരിച്ച് വൈരാഗ്യത്തിൻ്റെ വെളുപ്പെടുത്തണിഞ്ഞ വെള്ളമയിലിൻ്റെ വെണ്മ “

” വയൽപ്പച്ചയെ തിളക്കി ധ്യാനസ്ഥനായ കൊക്കിൻ്റെ വെണ്മ
വെളുപ്പിൻ്റെ, വെളുപ്പിൻ്റെ, നിരാധാരമായ വെളുപ്പിൻ്റെ അനാഥമായ വെണ്മ “

ബാബു സക്കറിയ

” മുലഞെട്ടിൽ നിന്ന് വിട്ട കുഞ്ഞിന്റെ വായരികുകളിലെ വെണ്മ
സന്ധ്യാന്ത്യത്തിൽ മിഴി തുറക്കുന്ന രാത്രിപുഷ്പത്തിന്റെ വിരിയുന്ന വെണ്മ “

എ.സി. ശ്രീഹരി
” രാവിനെ രാകിക്കൊല്ലും വെളിച്ചച്ചില്ലിൻ വെൺമ “

റാബിയ നബീസ റിക്കാബ്

” ചുമന്നു കറുത്ത റോസാപ്പൂവിൽ
നിന്നടർന്നു വീഴുന്ന വെള്ളാട്ടി
ശലഭത്തിന്റെ വെണ്മ !!

ഇരുട്ടിൽ പൊട്ടി വിടരുന്ന
ഒരു മുല്ല മൊട്ടിന്റെ വെണ്മ ! “

ഷുക്കൂർ മമ്പാട്

” കൂരിരുൾക്കാടകം സ്തബ്ധനായ് നിൽക്കവേ
വിൺപാളി നീക്കി നോക്കുന്നു വെൺചന്ദ്രിക”

അഥീന നിരഞ്ജ്

” ഉണ്മതോൽക്കുമിരുളിന്റെ വെണ്മ….”

സുനിൽ കുമാർ പി. ജി

” രാവിൻ പൊയ്കയിൽ മുങ്ങി നിവർന്ന ചന്ദ്രിക തൻ വെൺമ “

നസീർ കെ.എം

” ഗാന്ധിയുടെ
വെണ്ണക്കൽ പ്രതിമയിലാ
നിശ്ചലമാമുച്ചിയിൽ
വീണു കിടക്കും
നിലാവിൻ വെളുപ്പ്‌

മീരാ ബെൻ പി.എം.

” ശ്യാമശിലയിൽത്തട്ടിപ്പടരും മിന്നൽപ്പിണരിൽ ചിന്നിച്ചിതറും പ്രഭാകണങ്ങൾ തിളയ്ക്കും
നറും വെണ്മയല്ലോ “

ശിവകുമാർ അമ്പലപ്പുഴ

ഇരുണ്ടുതുടങ്ങുന്നൊരു മൃതശരീരം
കാറ്റിലിളകുമതിൻ ശവക്കച്ച തൻ വെണ്മ

രേഷ്മ രാജേന്ദ്രൻ

” രാവിൻറെ ഇരുളിമയിൽ സുഗന്ധം നിറയ്ക്കും നിശാഗന്ധി പൂക്കളുടെ വെണ്മ… “

” നോക്കി നോക്കി നിൽക്കെ അവളുടെ കണ്ണുകളിൽ നിറയും നിസ്സഹായതയുടെ വെണ്മ….
പിന്നിൽ ഇരുൾ വീഴുന്ന യാത്രകളിൽ ,വിദൂരതയിൽ എവിടെയോ അമ്മതൻ കാത്തിരിപ്പിൻറെ വെണ്മ… “

ജിഗിഷ് കുമാരൻ

” ഒരു ചിങ്ങരാവിൻ മുടിയിഴകളിൽ കൊരുത്ത മുല്ലച്ചിരി വെണ്മ!

വയലാർ ഗോപാല കൃഷ്ണൻ

” ഋതുമതിയാകാത്ത പെൺകുട്ടി അഴിച്ചിട്ട മുടിയിൽ ചൂടിയ മുല്ലപ്പൂ വെണ്മ ”
” മിന്നാമിന്നിയുടെ ഇത്തിരി വെണ്മ
ഒരു സുന്ദരിയുടെ പുഞ്ചിരി വെണ്മ “

പി.എ. അനീഷ് എലനാട്

” ചത്ത പാടത്തിൻ പാതി
കത്തുമെല്ലിൻ തുണ്ടു പോൽ
അങ്ങിങ്ങു ചിതറിയ
കൊക്കുകളാളും വെണ്മ “

രാമകൃഷ്ണൻ കുമരനല്ലൂർ

” തൊട്ടിലില്‍ നിന്നും പാളും
കാല്‍വിരല്‍നഖ വെണ്‍മ;
കൂരിരുള്‍ സമുദ്രത്തില്‍
മുഴങ്ങും ശംഖിന്‍ വെണ്‍മ..”

ഇന്ദുലേഖ ചൈത്രം

” മണ്ണിലെറിയും മുൻപേ
വിത്തുകളെ
ആകാശങ്ങൾ തൊടീച്ച
അപ്പൂപ്പൻതാടിയുടെ വെണ്മ. “

സേതു ലക്ഷ്മി. സി

” ഇളങ്കരിക്കിന്നുള്ളിലെ മനസ്സുപോലത്തെ വെണ്മ ഇലത്തൊത്തുകളിൽ നിലാവ് വീണു തിളങ്ങുന്ന വെണ്മ
വെളുത്ത തരിമഞ്ഞുമൂടിയ ശീതകാലത്തിന്റെ വെണ്മ
കൈക്കുഞ്ഞിന്റെ കൃഷ്ണമണികൾക്ക് ചുറ്റുമുള്ള അലൗകികമായ വെണ്മ “

ആശ്വതി അരുൺ

” ഇരുളിൽ നിന്നും വെളിച്ചത്തിലേക്ക്
ഗുരുവിന്റെ വിരൽത്തുമ്പു ചാലിച്ച
നന്മയുടെ അക്ഷരവെണ്മ

” ഉറവ വറ്റിയ മുലഞെട്ടുകൾക്ക്
വാടകഗർഭപാത്രം നൽകിയ മാതൃത്വ വെണ്മ “

” തോറ്റുപോയ ജീവിതസന്ധ്യയിൽ നിന്നും
പ്രതീക്ഷ ചിരിക്കുന്ന പുലരിതൻ വെണ്മ… “

ശ്രീകാന്ത് താമരശ്ശേരി

” നഞ്‌ചുണ്ട മീൻകണ്ണിന്റെ നിസ്സഹായമാം വെൺമ! “

സുനിൽ കുമാർ പി.ജി

” വിജനതയുടെ കൂരിരുട്ടിൽ
ഉറവ വറ്റിയ തുരുത്തിൽ
സനേഹം തൂകുന്ന പാലൊളി വെൺമ “
” പാരിൽ തിങ്ങുമിരുളകറ്റും
ഹൃദയത്തിൻ നറുനിലാവെൺമ “

അരുണ ആലഞ്ചേരി

” കരിഞ്ചട്ടിയിൽ കോരിയൊഴിക്കും
അരിമാവിൻ വെണ്മ
എളിയിൽ കുഞ്ഞിൻ കണ്ണിൽ
കൊതിയപ്പത്തിൻ വെണ്മ “

പ്രഭാകരൻ ചെറുകുന്ന്

” മറ്റുള്ളവര്‍ക്കു വേണ്ടി ജീവിക്കുന്ന ഹൃദയത്തിന്റെ വെണ്മ
ദുരിതകാലം കഴിഞ്ഞെത്തുന്ന പുതുകാലവെണ്മ “

ഷീജ കെ.പി മോട്ടമ്മൽ

” പല്ലിക്കാട്ടത്തിൽ കാണാം ഒരു പൂഴിത്തരിയോളം വെണ്മ “
ആർ . സംഗീത
” കരിക്കിന്റെ ഇളം ഹൃദയ തുടിപ്പിൽ മധുരമുരസിയ ജല പകർച്ച
പഴയൊരോർമ്മ കുളിർപ്പിച്ച വെണ്മ “

” ഇണ പക്ഷിയുടെ ഓർമ്മയിൽ
പറന്ന ആകാശങ്ങളൊക്കെയും
തൂവലിനാൽ മേഘങ്ങളാക്കിയ വെണ്മ “
എം.ആർ രേണുകുമാർ

” തിരകള്‍ തീണ്ടുന്ന
പാല്‍ത്തുടകളെ
പൊന്‍തുടകളാക്കുന്ന
വെയിലിന്റെ വെണ്‍മ “

വാസുദേവൻ പനമ്പിള്ളി

” ഇരുണ്ട മാനത്തുനിന്നും
ഇടക്കെതിനോക്കുന്ന
ചന്ദ്രന്റെ വെണ്മ
നിന്റെ കറുത്ത മൗനത്തിന്റെ
ചില്ലകളിൽ പൂക്കുന്ന
പുഞ്ചിരിയുടെ വെണ്മ “

ശ്രീകാന്ത് താമരശ്ശേരി

“കോട്ടയം വീട്ടീന്നിറക്കിവിട്ട
കാപ്പിപ്പൂവിന്റെ കടുത്ത വെൺമ ! “

സുനിൽകുമാർ പി ജി

” കറുപ്പിന്റെ അന്തരാളങ്ങളിൽ
വെൺമയലിഞ്ഞിരിക്കുന്നുവെന്ന്
തിരിച്ചറിവുണർത്തുന്ന മനസ്സിന്റെ…

Spread the love
Read Also  ഔവൈയാർ പ്രാർഥിക്കുന്നു.