.
ആറന്മുള ഉത്സവം കൊടിയേറി. ഒരു ദേശം മുഴുവൻ ഉത്സാഹഭരിതരാകുന്ന പത്തു ദിനങ്ങൾ. മഹാപ്രളയത്തിൽ മുങ്ങി നിവർന്നതിനുശേഷം നടക്കുന്ന മഹോത്സവം എന്ന നിലയിൽ ഈ വർഷത്തെ ഉത്സവത്തിനു സവിശേഷ പ്രാധാന്യമുണ്ട്. കഷ്ട നഷ്ടങ്ങളിൽ പെട്ടുഴലുന്ന ഒരു സമൂഹത്തിന്റെ വിഷമങ്ങൾ തോർത്തിയുണക്കി അവരിൽ നവോന്മേഷം നിറയ്ക്കാൻ നാട്ടുത്സവങ്ങൾക്കാകും. ആറന്മുളക്കാർ ഒന്നായാണ് ഉത്സവം കൊണ്ടാടുന്നത്. ഈ ഉത്സവവേളയിൽ ആറന്മുള സവിശേഷമായി അടയാളപ്പെടുന്ന തിരുനിഴൽമാല എന്ന പാട്ടുകാവ്യത്തെക്കുറിച്ച് എഴുതാൻ തോന്നുന്നു.

1981-ൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ മലയാള വിഭാഗം അധ്യാപകനായിരുന്ന ഡോ.എം.എ.പുരുഷോത്തമൻ നായരാണ് തിരുനിഴൽമാല കണ്ടെത്തി പ്രസിദ്ധീ കരിക്കുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ രചിച്ചതെന്ന് കരുതാവുന്ന ഈ കാവ്യത്തിന്റെ പ്രകാശനം മലയാള ഭാഷാ സാഹിത്യ ചരിത്രത്തെ പ്രകാശമാനമാക്കി. ആറന്മുള  ക്ഷേത്രത്തിൽ മലയരുടെ കാർമ്മികത്വത്തിൽ നടക്കുന്ന ബലിയെക്കുറിച്ചാണ് തിരുനിഴൽമാലയിൽ മുഖ്യമായും വർണ്ണിക്കുന്നത്. അതിനു പശ്ചാത്തലമെന്നോണം ആറന്മുള ദേശത്തിന്റെ ഭൂവിവരണം കവി പാട്ടാക്കുന്നുണ്ട്. തിരുനിഴൽമാലയിലെ നാലു അകഞ്ചേരിയും ആറ് പുറഞ്ചേരിയും ഇന്നും അതേപടിയുണ്ട്. എഴുനൂറു കൊല്ലം മുമ്പുള്ള ആറന്മുളയെക്കുറിച്ച് ഒരു പാട് വിവരങ്ങൾ തിരുനിഴൽമാല നൽകുന്നു.

‘വെന്നിചേർ കുറത്തി തെയ്വം വെളിപ്പെടും മലയൻമാർ’ എന്നാണ് കവി മലയരെ വിശേഷിപ്പിക്കുന്നത്. കുറത്തിയാട്ടത്തിന്റെയും മലയികളുടെ നൃത്തത്തിന്റെയും മലയരുടെ തുയിലുണർത്തുപാട്ടിന്റെയും പാനയുടെയും വർണ്ണനകൾ കാവ്യത്തിലുണ്ട്. ക്ഷേത്രവുമായി ബന്ധമുള്ള നിരവധി ജാതിക്കാരുടെ പരാമർശവും അവരുടെ നേർക്കുള്ള പരിഹാസവും കാവ്യത്തിലുണ്ട്. ദേവൻമാരെയും കളിയാക്കുന്നുണ്ട്. ഉച്ചബലിയോടനുബന്ധിച്ച് ചുരുകനാട്ടിക്കരണം മറിച്ചിൽ, കയറിൻ മേൽ നടക്കൽ തുടങ്ങി ഇന്ദ്രജാലം വരെ നിരവധി അഭ്യാസപ്രകടനങ്ങളുടെ മേളാങ്കങ്ങൾ വർണ്ണിക്കുന്നുണ്ട്. മലയർ എന്ന ജാതി വിഭാഗം ഇന്ന് ആറന്മുളയി ലെങ്ങുമില്ല. ഉത്തര കേരളത്തിൽ കണ്ണൂരിലും കാസർകോട്ടും മലയൻമാർ എന്ന ഗോത്രവിഭാഗം ഇന്നുമുണ്ട്. ആ മേഖലയിൽ നിന്നാണ് തിരുനിഴൽമാലയുടെ രണ്ടു താളിയോല പകർപ്പുകൾ കിട്ടിയിട്ടുള്ളത്.

മന്ത്രവാദികളായ മലയർ പാടുന്ന കണ്ണേറ്റു പാട്ടിൽ തിരുവാറൻമുളയപ്പനെയാണ് സ്തുതിക്കുന്നത്. ആറന്മുള ഉൽസവ നാളുകളിൽ ഇപ്പോഴും കടലോര പ്രദേശത്തു നിന്ന് മൽസ്യബന്ധനം ഉപജീവനമാക്കിയ അരയ സമുദായക്കാർ ധാരാളം പേർ ക്ഷേത്ര ത്തിലെത്തി തൊഴുത് വഴിപാടുകൾ കഴിക്കാറുണ്ട്. ഈ കടൽ – ആറന്മുള ബന്ധമെ ങ്ങനെയുണ്ടായി എന്നതിനെപ്പറ്റി ആർക്കും ഒരു രൂപവുമില്ല. ഇന്നു പ്രചാരത്തിലുള്ള ആറൻമുള ക്ഷേത്ര ഐതിഹ്യങ്ങളിൽ ഒന്നു പോലും തിരുനിഴൽ മാലയിൽ പരാമ ർശിക്കുന്നില്ല .ഐതിഹ്യങ്ങളിൽ സവിശേഷ സ്ഥാനമുള്ള ഒരു ജാതി സമൂഹം ചാക്ക മാർ സമുദായമാണ്. ചാക്കമാർ വിഭാഗത്തിൽ പെട്ടവർ ആറന്മുള പ്രദേശത്ത് ഇന്നും ഉണ്ട്. ചാക്കമാർ സമുദായ സംഘടനയുടെ ആസ്ഥാനം അയിരൂരാണ്. ഈ അയിരൂ രിനെ തിരുനിഴൽ മാലാകാരൻ മനമഴിഞ്ഞു പുകഴ്ത്തുന്നുണ്ട്. ഗോവിന്ദൻ എന്നാണ് കവിയുടെ പേര്. തിരുനിഴൽമാല എഴുതിയ ഗോവിന്ദ കവി അയിരൂർ നിവാസി ആയിരുന്നിരിക്കണം. പമ്പാനദിയെ മദിച്ച് ഇളകി മറിഞ്ഞു വരുന്ന കുട്ടിക്കൊമ്പനായി വർണ്ണിക്കുന്ന കവി കാട്ടാറിന്റെ സൗന്ദര്യത്തിൽ മുങ്ങി നിവരുന്നു. പമ്പയിലൂടെ കവിത കിനിഞ്ഞൊഴുകിയിരുന്നു. നിരണത്തു രാമപ്പണിക്കർ എന്ന പാട്ടുകവിയും പമ്പയുടെ കരയിലെ വസന്തവിലാസത്തെക്കുറിച്ച് പാടിയ പമ്പാതീരവാസിയായ കവിയാണ്. പമ്പയുടെ ഈണമാണ് താളമാണ് ഇവരുടെ കവിതയിലെ ഈണവും താളവും.

Read Also  അവൾ പോകുന്നൂ വൃത്തം ഭഞ്ജിച്ച് മലകേറി ....- എ.സി. ശ്രീഹരിയുടെ 'എന്റെ കവിത 'യെക്കുറിച്ച് കെ രാജേഷ് കുമാറിൻ്റെ കുറിപ്പ്

ആറന്മുള ക്ഷേത്രത്തിൽ ഊരാൺമാക്കാരായ നമ്പൂതിരിമാരുടെ ഇല്ലങ്ങളെക്കുറിച്ചും അവരുടെ ഭരണ ഘോഷങ്ങളെക്കുറിച്ചും തിരുനിഴൽമാലാകാരൻ വിസ്തരിക്കുന്നുണ്ട്. ഹോമപ്പുക തിങ്ങുന്ന ആറന്മുളത്തേവരുടെ നാലകത്തു തന്നെയാണ് മലയർ ഭഗവാന്റെ പിണി ദോഷങ്ങൾ അകറ്റുന്ന പൂജകൾ ചെയ്യുന്നത്. ഊരാൺമക്കാരുടെ പിൻമുറക്കാർക്ക് ഇപ്പോഴും ക്ഷേത്രാചാരങ്ങളിൽ ചില അവകാശങ്ങളുണ്ട്. പള്ളിവേട്ടയിലും മറ്റും നായർ കുടുംബങ്ങൾക്കും ചില ചടങ്ങുകളിൽ പങ്കാളിത്തമുണ്ട്.

മലയർ ,കുറവർ, ചാക്കമാർ, അരയർ തുടങ്ങിയ സമുദായങ്ങൾ ആറന്മുള ക്ഷേത്രത്തിൽ നിന്നും അകന്നുപോയത് എഴുനൂറ് വർഷങ്ങൾക്കിപ്പുറമാണ്. പതി നെട്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ആറന്മുള സംബന്ധിയായ ചില കാവ്യങ്ങളിൽ തിരു നിഴൽ മാലാകാലത്തെ കഥയൊന്നുമല്ല പ്രതിപാദിക്കുന്നത്. ഐതിഹ്യങ്ങൾ വന്ന് ചരിത്രത്തെ പൊതിയുകയാണ് പിന്നീട്. ഈ ഐതിഹ്യങ്ങളുടെ പൊരുൾ തേടി അവയെ പാറ്റിക്കൊഴിച്ച് യഥാർത്ഥ ചരിത്രം കണ്ടെടുക്കാൻ ഒരു ശ്രമം ഒരു ആറന്മുളക്കാരൻ നടത്തുകയുണ്ടായി. പ്രശസ്ത ഫോട്ടോഗ്രാഫറും ആറന്മുള വിമാനത്താവളത്തിനെതിരെ ഒറ്റയാനായി ചില പോരാട്ടങ്ങൾ നടത്തുകയും ചെയ്ത ശ്രീരംഗനാഥൻ കെ.പി. എഴുതിയ ഒരു പ്രാദേശിക ചരിത്ര ഗ്രന്ഥം. ആ പുസ്തകത്തെക്കുറിച്ച് അടുത്ത കവണിയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here