Monday, May 17

‘ഞാൻ എന്നോടു മത്സരിച്ച് എന്നെ തോൽപ്പിച്ചു ജയിക്കുന്ന ഒറ്റയാൻ വള്ളമാണ്’ വിപിത എഴുതിയ ഒരു വള്ളംകളിക്കവിതയെക്കുറിച്ച്.

കവണി
ഞാൻ എന്നോടു മത്സരിച്ച്
എന്നെ തോൽപ്പിച്ചു ജയിക്കുന്ന ഒറ്റയാൻ വള്ളമാണ്.
വിപിത എഴുതിയ ഒരു വള്ളംകളിക്കവിതയെക്കുറിച്ച്.

കെ രാജേഷ് കുമാർ

വള്ളംകളി എന്നു കേട്ടാൽ പ്രാന്തു പിടിക്കുന്ന കുറേപ്പേരെങ്കിലും കുട്ടനാട്ടിലും ആറന്മുളയിലും കാണും. വള്ളം എന്നു കേട്ടാൽ മതി അവർക്ക് ആവേശമാകും. ചങ്കിൽ തുഴയുടെ താളം മിടിക്കും. വഞ്ചിപ്പാട്ട് തലമണ്ടയിൽ പതഞ്ഞു പൊങ്ങും. അങ്ങനത്തെ ഒരു വള്ളംകളി പ്രാന്തനാണ് ഇതെഴുതുന്നത്.
വള്ളംകളിഭ്രമം വളരെ ചെറുപ്പത്തിലേ തുടങ്ങുന്നതാണ്.

ശിശുവായിരിക്കുമ്പോൾ തൊട്ട്. വഞ്ചിപ്പാട്ടുകേൾക്കുമ്പോൾ കൈകാലിട്ടടിക്കുന്ന കുഞ്ഞ്. പിന്നെ വളർന്നു വളർന്നു വരുമ്പോൾ മഴയത്ത് ഇറയത്തു നിന്ന് വള്ളം ഇറക്കി കളിക്കും. കടലാസുതോണികൾ .ഓരോരോ പേരിട്ട്. പേരുകേട്ട വള്ളങ്ങളായി ആ കടലാസ് തോണികൾ മാറും.

വിപിതയുടെ കവിത വായിച്ചു തുടങ്ങവേ ഈ ബാല്യകാല അനുഭവങ്ങളെല്ലാം ഇരച്ചു വന്നു. പക്ഷേ പോകെ പോ കെ സങ്കടം വന്നു പൊതിഞ്ഞു. പിന്നെ ആഞ്ഞു തുഴഞ്ഞ് ജയിക്കാനുള്ള വള്ളംകളിയുടെ ആവേശം അമ്മച്ചിയുടെ ജീവിതവുമായി കലരുന്നത് അറിഞ്ഞു. നെഹ്രുട്രോഫി അമ്മച്ചിയുടെ വള്ളം നേടുന്നതു കണ്ട് കുതിർന്നു .

എന്തൊരു ലാളിത്യമാണ് ഈ കവിതയ്ക്ക്. അതേ സമയം എന്തൊരു ആഴവും. ആഴമുള്ള തെളിഞ്ഞ പുഴ പോലെ ഈ കവിത. അമ്മച്ചിയും കവിയും കൂടിയുള്ള വള്ളംകളി. തമ്പുരാൻ്റെ വള്ളങ്ങളോട് . തമ്പുരാൻ്റെ വള്ളങ്ങൾ ഉടമകളില്ലാത്തതാണ് എന്നിടം വന്നപ്പോൾ കണ്ണുകൾ ഉടക്കി. ഉടമയ്ക്ക് ഉടമസ്ഥൻ എന്നാണല്ലോ പ്രസിദ്ധമായ അർത്ഥം. എന്നാൽ വള്ളവുമായി ബന്ധപ്പെട്ട് വിശേഷിച്ച് ചുണ്ടൻ വള്ളവുമായി ബന്ധപ്പെട്ട് ആ പദത്തിന് മറ്റൊരു അർത്ഥമുണ്ട്. ഉടമയ്ക്ക് ഉള്ള്, വിസ്താരം, വീതി എന്നൊക്കെയാണ് അവിടെ അർത്ഥം. ഉടമ കുറഞ്ഞ വള്ളങ്ങൾ മുങ്ങും.

ജയാപജയങ്ങൾ നിർണ്ണയിക്കുന്നത് വിധിയാണ് ,തമ്പുരാനാണ് എന്ന സങ്കൽപ്പത്തെ അമ്മച്ചിയുടെ വളളം പൊളിച്ചടുക്കുന്നു. കാലുകളാണ് ആ വള്ളത്തിലെ തുഴകൾ.

തുഴപ്പൊക്കം വെള്ളം വന്നാൽ അവർ പൊയ് ക്കാലുകളിൽ എഴുന്നേറ്റു നിൽക്കും. കാറ്റടിച്ചാൽ കല്ലുകളെ വാരിപ്പുണർന്ന് കണ്ണടച്ചു നിൽക്കും.
അപ്പൻ്റെ വിഷമിറങ്ങാത്തതുകൊണ്ട് അമ്മച്ചിയുടെ വള്ളം കരിനീല. വർണ്ണാഭങ്ങളായ മറ്റു വള്ളങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്നു ഈ കരിവള്ളം. സങ്കടങ്ങളുടെ നിറം പുരണ്ട വള്ളം.
അമ്മച്ചീടെ വളളം സകലതിനോടും ഉശിരോടെ പൊരുതും. തമ്പുരാൻ പേടിച്ചു കിടുങ്ങും. മഴ നിർത്തി പൊയ്ക്കളയും
നെഹ്രുട്രോഫി അമ്മച്ചിയുടെ കറുമ്പൻ വള്ളിത്തിനു തന്നെ കിട്ടും.

ഈ അമ്മച്ചിയുടെയും കൊച്ചുമോടെയും കവിത വായിച്ച് ഏറെക്കഴിഞ്ഞിട്ടും മനസ്സിൽക്കിടന്ന് വള്ളംകളിക്കുകയാണല്ലോ. ഈ തോണികളിയിലൂടെ ഈ ചെറുപ്പക്കാരിയായ കവി ജീവിതം കാണിച്ചു തരികയാണല്ലോ.
ഈ കവിതയിലെ തെളിച്ചം മലയാളത്തിലെ പുതിയ കവിതയിലെ തെളിച്ചമാണ്. ജീവിതത്തിൻ്റെ കയങ്ങളിലാണ് തുഴ വന്ന് വീഴുന്നത്. അതിജീവനത്തിൻ്റെ താളമാണ് കൃത്രിമതാളമില്ലാത്ത ഈ കവിതയ്ക്ക്.

Read Also  മുംബയ് : എൻ. എസ്. മാധവൻ്റെ കഥ വന്ന് പൊള്ളിക്കുമ്പോൾ

കവിത ഇവിടെ കേൾക്കാം

Spread the love