നാടോടി, അനുഷ്ഠാന കലകളാൽ സമൃദ്ധമാണ് മലയാളനാട്. ധാരാളം ഫോക് കലാരൂപങ്ങൾ കാലത്തിന്റെ മാറ്റങ്ങളിലും മറിച്ചിലുകളിലും മങ്ങാതെ മറയാതെ നിൽക്കുന്നുണ്ട് . ആജന്മം ഇത്തരം നാടോടി കലകളെ ഉപാസിച്ചു കഴിയുന്ന പ്രതിഭാശാലികളായ അനേകം കലാകാരൻമാരുമുണ്ട്. ഈ കലകൾ മണ്ണടിഞ്ഞു പോകാതിരിക്കാനുള്ള കാരണക്കാരും ഈ കലാകാരൻമാരാണ്. ഒരു പകിട്ടുമില്ലാതെ, പേരും പ്രശസ്തിയുമില്ലാതെ ഭൂമി വിട്ടു പോകാനാണ് ഇവരിൽ ബഹുഭൂരിപക്ഷം പേരുടെയും തലവിധി. നാട്ടുകലകളുടെ പ്രയോക്താക്കളെ ആഘോഷിക്കാനും കൊണ്ടാടാനും മലയാളിക്കു മടിയാണ്. അത്തരം ശീലം ഇവിടെ ഇതുവരെ വേരുറച്ചിട്ടില്ല. പടേനിയായാലും തെയ്യമായാലും മുടിയേറ്റായാലും കളമെഴുത്തായാലും വിവിധ നാടൻ പാട്ടുകളും ആട്ടങ്ങളുമായാലും അവയിൽ പ്രവൃത്തി എടുക്കുന്ന എത്ര കലാകാരൻമാർ കേരളത്തിൽ അറിയപ്പെട്ടിട്ടുണ്ട്. വിരലിലെണ്ണാവുന്നവർ മാത്രം.

പടേനിയിലെ പ്രധാന ഘടകമാണ് കോലങ്ങൾ . പച്ചപ്പാളയിൽ എഴുതിയ വർണ്ണ ചിത്രങ്ങളാണ് പടേനിയെ അഴകുറ്റതാക്കുന്നത്. ഒറ്റപ്പാളയിലും പാളകൾ തയ്ച്ചു ചേർത്തും കോലങ്ങൾ എഴുതുന്നു. ആയിരത്തൊന്നു പാളകളിൽ എഴുതുന്ന പടുകൂറ്റൻ ഭൈരവി ക്കോലം ഓതറപ്പടേനിയിലുണ്ട്.

ഈ കോലങ്ങൾ ചമയ്ക്കുന്ന കലാകാരന്മാർ കോല പ്പുരയിൽ ഒതുങ്ങിപ്പോകുന്നു. പടേനിയിലെ ഇതര കലാകാരൻമാരും പടേനി പ്രേമികളും മാത്രമേ ഇവരെ പൊതുവേ അറിയൂ. അരങ്ങിൽ ഇവർ വരുന്നതേയില്ല. എട്ടു ദിവസം നീളുന്ന കോലമെഴുത്തിൽ ഇവർ എപ്പോഴും അണിയറയിലാണ്. അണിയലങ്ങൾ അതീവ ശ്രദ്ധയോടെ ഒരു നിമിഷം പോലും മെനക്കെടാതെ ഒരുക്കുകുകയാണ്. അനുഷ്ഠാന കലയായതിനാൽ ഇവയ്ക്കൊക്കെ കണക്കുകളും നിഷ്ഠകളുമുണ്ട്.
പൊതുവേ ഗണകസമുദായാംഗങ്ങളാണ് കോലമെഴുത്തുകാർ. ഇതര സമുദായത്തിൽ പെട്ടവരും ഇല്ലാതില്ല.

പാരമ്പര്യവഴിയ്ക്കാണ് പലരും കോലമെഴുത്തിൽ എത്തപ്പെടുക. പേഴുങ്കാടൻമാർ എന്നറിയപ്പെട്ടിരുന്ന പേഴുങ്കാട്ടിൽ കൃഷ്ണൻ ഗണകൻ, രാമൻ ഗണകൻ, നാരങ്ങാനത്ത് രാഘവൻ ഗണകൻ, സുകുമാരൻ, ഓതറ ഗോപാലകൃഷ്ണൻ, രാധാകൃഷ്ണൻ , ഇലന്തൂർ ദാസ് , തോമ്പിൽ ഭാസ്കര ശാസ്ത്രി, കടമ്മനിട്ട അരവിന്ദാക്ഷൻ നായർ, തലവടി ഭാസ്കരൻ നായർ , പന്തളം അയ്യപ്പൻ തുടങ്ങിയ പഴയ തലമുറയിലെ കോലമെഴുത്തുകാരെ കടമ്മനിട്ട വാസുദേവൻ പിള്ള ‘പടേനി’ എന്ന ഗ്രന്ഥത്തിൽ അനുസ്മരിച്ചിട്ടുണ്ട്.

ഇതല്ലാതെ ഇവരുടെ പ്രതിഭയെക്കുറിച്ചോ വൈദഗ്ദ്ധ്യത്തെക്കുറിച്ചോ നാട്ടു മൊഴികളല്ലാതെ രേഖപ്പെടുത്തലുകളൊന്നുമില്ല. ഇനിയുള്ള കാലത്ത് അതു പോരാ. അണിയറയിലും അരങ്ങിലും മിന്നുന്ന നാട്ടുകലാകാരൻമാർ അറിയപ്പെടണം. അടയാളപ്പെടണം.

പടേനിയിലെ കോലമെഴുത്തിൽ ഏറ്റവും പ്രഗത്ഭനായിരുന്ന കടപ്ര ഗോപാലകൃഷ്ണൻ വൈദ്യർ അന്തരിച്ചു. മുൻ തലമുറയിലെ കോലമെഴുത്തുകാരുടെ വിധി തന്നെ ഗോപാലകൃഷ്ണനാശാനും. ഫേസ്ബുക്കിലെയും വാട്സ്ആപ്പിലെയും പടേനി ഗ്രൂപ്പുകളിൽ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകളും അനുശോചനങ്ങളും ഒതുങ്ങി. ദൃശ്യപത്രമാധ്യമങ്ങളൊക്കെ ഈ കലാകാരനെ തമസ്കരിച്ചു. ചരമക്കോളത്തിൽ ഒതുങ്ങി ഈ പ്രഗത്ഭ ചിത്രകാരന്റെ ഫോട്ടോയും വാർത്തയും.

കടമ്മനിട്ട രാമൻനായരാശാൻ പുരസ്കാരം, പന്തളം നാരായണപിള്ളയാശാൻ പുരസ്കാരം ,പൈതൃകം പുരസ്കാരം എന്നീ അവാർഡുകൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ഡോ. ബി.രവികുമാർ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ആർട്ട് മാഗസിൻ എന്ന പംക്തിയിൽ ചെറിയ ഒരു ലേഖനം ഗോപാലകൃഷ്ണനാശാനെക്കുറിച്ച് എഴുതിയിട്ടുണ്ട്. അരനൂറ്റാണ്ടിലേറെക്കാലം വിവിധ പടേനിക്കരകളിൽ ആയിരക്കണക്കിന് കോലങ്ങൾ രൂപപ്പെടുത്തിയ ഒരു കലാകാരനു കിട്ടിയ ബഹുമതികൾ അവിടെ തീർന്നു. എന്നാൽ പടേനി കലാകാരൻമാരുടെയും പടേനിയെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നവരുടെയും ഉള്ളിൽ വർണ്ണനക്ഷത്രമായി അദ്ദേഹം എന്നും തിളങ്ങി നിൽക്കും. അതു മാത്രമേ ഈ സാധു മനുഷ്യൻ ആഗ്രഹിച്ചിട്ടുമുണ്ടാകൂ.

Read Also  മോഷണ വിദ്യകൾ - തസ്കരൻ മണിയൻ പിള്ളയുടെ ജീവിതകഥയെക്കുറിച്ച്.

കോലങ്ങൾ വരയ്ക്കാൻ പുതു തലമുറയ്ക്ക് ബ്രഷുകൾ എടുക്കാൻ ആഗ്രഹം തോന്നാം. എന്നാൽ ഗോപാലകൃഷ്ണനാശാൻ പാരമ്പര്യത്തിൽ ഉറച്ചു നിന്നു. കുരുത്തോല മടലിന്റെ അറ്റം ചതച്ചെടുത്തു തയ്യാറാക്കിയ ബ്രഷിൽ പ്രകൃതിദത്ത ചായങ്ങൾ കൊണ്ട് ആനക്കാതും സിംഹക്കാതും നാഗക്കെട്ടും പീലിക്കണ്ണും മന്ദാരവും അദ്ദേഹം പാളയിൽ എഴുതി. പടേനിയിൽ കോലമെഴുത്തിൽ തെക്ക്, വടക്ക് സമ്പ്രദായങ്ങളുണ്ട്. ഈ രണ്ടു രീതിയിലും അതുല്യനായിരുന്നു കടപ്ര ഗോപാലകൃഷ്ണൻ വൈദ്യർ.

പടേനി കലാകാരൻമാരെ ചരിത്രപരമായി രേഖപ്പെടുത്തുന്ന ‘പടേനി രംഗം ‘ എന്ന ഒരു ബൃഹത് കൃതി ഉണ്ടാകേണ്ടിയിരിക്കുന്നു. എല്ലാ പടേനിക്കരകളും ഒരുമിച്ചിരുന്ന് ചെയ്യേണ്ട ഒരു യജ്ഞമാണത്. ഇതിനു നേതൃത്വം നൽകാൻ ഏറ്റവും കഴിവുള്ള കടമ്മനിട്ട വാസുദേവൻ പിള്ള എന്ന ആചാര്യൻ പടേനിയുടെ ജീവതാളമായി നിറഞ്ഞു നിൽപ്പുണ്ട്. അതിവേഗം ചെയ്യേണ്ടതാണാ എഴുത്തുകർമ്മം എന്ന് കടപ്ര ഗോപാലകൃഷ്ണനാശാന്റെ മരണം ഓർമ്മപ്പെടുത്തുന്നു. അറിയപ്പെടാതെ പോകുന്ന ഈ കലാകാരൻമാർക്കു വേണ്ടി ഇപ്പോളുള്ളവർക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ഉചിതമായ ശ്രാദ്ധവും അതു തന്നെ.

LEAVE A REPLY

Please enter your comment!
Please enter your name here