Tuesday, May 26

കെ. വി. തമ്പി ഓർമ്മ

കവി, പരിഭാഷകൻ , അധ്യാപകൻ, പത്രപ്രവർത്തകൻ, സാംസ്കാരിക പ്രവർത്തകൻ തുടങ്ങി പല പകർന്നാട്ടങ്ങൾ നടത്തിയ കെ.വി.തമ്പി ഓർമ്മയായിട്ട് ആറു വർഷം തികഞ്ഞു. മേൽപ്പറഞ്ഞ പകർന്നാട്ടങ്ങളെല്ലാം അസാധാരണങ്ങളാക്കി എന്നിടത്താണ് കെ.വി.തമ്പി വേറിട്ടു നിൽക്കുന്നത്. വേഷഭൂഷാദികളിൽ പ്പോലും ആ വേറിട്ടു നിൽപ്പുണ്ടായിരുന്നു. കെ.വി.തമ്പിയുടെ ഓർമ്മയ്ക്കു മുമ്പിൽ കെ.വി.തമ്പി സ്മാരക സമിതി സമർപ്പിച്ച പരിഹാര ബലിയാണ് ‘കെ വി തമ്പി ഓർമ്മ ‘ എന്ന പുസ്തകം .ബാബു ജോൺ ഏകോപനം നിർവ്വഹിച്ചിരിക്കുന്ന ഈ പുസ്തകത്തിൽ തമ്പി മാഷിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും ശിഷ്യരും എഴുതിയ മുപ്പത്തിനാലു ലേഖനങ്ങളുണ്ട്.കൂടാതെ നെല്ലിക്കൽ മുരളീധരനും പി.ആർ. രാധാകൃഷ്ണനും കെ.വി.തമ്പിയെക്കുറിച്ചെഴുതിയ രണ്ടു കവിതകളും ആറ് അനുബന്ധങ്ങളും ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു. കെ.വി.തമ്പി കൂടി നേതൃത്വം നൽകിയ ‘ലയം’ എന്ന സമാന്തര മാസികയിൽ അദ്ദേഹം എഴുതിയ ഒരു പത്രാധിപക്കുറിപ്പ്, നെല്ലിക്കൽ മുരളീധരന്റെ ‘പുനസ്സന്ദർശനം എന്ന കവിതാസമാഹാരത്തെക്കുറിച്ചുള്ള പoനം , അനിൽ വള്ളിക്കോടിന്റെ ‘ഒന്നായ നിന്നെയിഹ ‘ എന്ന കഥാ സമാഹാരത്തിനെഴുതിയ ആമുഖം എന്നിവയോടൊപ്പം പ്രശസ്ത ചിത്രകാരൻ ബാര ഭാസ്കർ ‘ എന്റെ കേരളം രേഖകളി ‘ൽ തമ്പി മാഷിനെക്കുറിച്ച് എഴുതിയ കുറിപ്പും മാഷിന്റെ ചിത്രവും കൈപ്പുഴ രാജൻ മാഷിന്റെ അവസാന നാളുകളെക്കുറിച്ചെഴുതിയ ഒരു കുറിപ്പും അനുബന്ധത്തിൽ ചേർത്തിരിക്കുന്നു. പി. ബാലചന്ദ്രൻ ,എസ്.രമേശൻ നായർ , കടമ്മനിട്ട വാസുദേവൻ പിള്ള ,എൻ.സുഗതൻ തുടങ്ങിയ കെ.വി.തമ്പിയുടെ ശിഷ്യ പ്രമുഖരുടെ ഓർമ്മകൾ കെ.വി.തമ്പി എന്ന അധ്യാപകന്റെ അനിതരസാധാരണമായ വൈഭവത്തെ വിവരിച്ചുകാട്ടുന്നവയാണ്. മലയാളം അധ്യാപകനായി പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ ദശാബ്ദങ്ങളോളം നിറഞ്ഞാടിയ കെ.വി.തമ്പി പത്തനംതിട്ട എന്ന ചെറുനഗരത്തിന്റെ ഒരു ഭാഗമായി മാറുകയായിരുന്നു. കഷണ്ടി കയറിയ തലയും മുഖമാകെ നിറഞ്ഞു നിൽക്കുന്ന വീതുളി കൃതാവുകളും കാവി ജൂബ്ബായും മുട്ടിനു താഴെ നിൽക്കുന്ന ഖദർ മുണ്ടും നീണ്ട കാലൻ കുടയും ആയി സന്ധ്യാവേളകളിൽ പത്തനംതിട്ടയിലൂടെയുള്ള കെ.വി.തമ്പിയുടെ അലസ ഗമനം അഴകുള്ള ഒരു കാഴ്ച്ചയായിരുന്നു. വിലയേറിയ സുഗന്ധദ്രവ്യങ്ങൾ ലേപനം ചെയ്യുന്ന ആ ശരീരത്തിൽ നിന്ന് പുറപ്പെട്ടതിലും പതിന്മടങ്ങ് സുഗന്ധം പത്തനംതിട്ടയുടെ സാംസ്കാരിക അന്തരീക്ഷത്തിലേക്ക് ഈ മനുഷ്യൻ വ്യാപിപ്പിക്കുകയുണ്ടായി. കെ.വി.തമ്പിയുടെ പ്രതാപകാലത്ത് സാഹിത്യകാരൻമാരും ചലച്ചിത്ര പ്രവർത്തകരും പത്തനംതിട്ടയിൽ സ്ഥിരമായി തമ്പടിക്കുമായിരുന്നു. കാക്കനാടനും ജോൺ ഏബ്രഹാമും ജി.ശങ്കരപ്പിള്ളയും ഒക്കെ കാതോലിക്കേറ്റ് കോളേജിലും നഗര ഹാളുകളിലും വന്ന് സംസാരിച്ചു, ഇടപഴകി. പത്തനംതിട്ടയുടെ കവി കടമ്മനിട്ടയും ചൊൽക്കാഴ്ചയുമായി ഒപ്പം കൂടി . ഈ ഓർമ്മ പുസ്തകത്തിൽ പലരും ഈ കാര്യങ്ങളൊക്കെ ഓർത്തെടുക്കുന്നുണ്ട്.
പരിഭാഷകൻ എന്ന നിലയിലാണ് കെ.വി.തമ്പിയെ മലയാളം ഏറ്റവും ഓർക്കുക. ഖലിൽ ജിബ്രാന്റെ പ്രോഫറ്റ്, പ്രവാചകൻ എന്ന പേരിൽ മലയാളത്തിലേക്ക് ആദ്യമായി മൊഴി മാറ്റിയത് കെ.വി.തമ്പിയാണ്. മൂലകൃതിയുടെ ആത്മാവിനെ അതേപടി ആവാഹിക്കുന്ന പരിഭാഷയാണിത്. മലയാള മനോരമ ആഴ്ചപ്പതിപ്പിലൂടെ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച പ്രവാചകൻ അന്നേ സഹൃദയർ നെഞ്ചേറ്റി.ഡോ. എം.എം. ബഷീറുമായി ചേർന്ന് ജിബ്രാന്റെ തന്നെ ബ്രോക്കൺ വിംഗ്സും മൊഴി മാറ്റി. സിൽവിയാ പ്ലാത്തിന്റെയും കമലാദാസിന്റെയും യഹൂദി അമിച്ചായിയുടെയും കവിതകൾ മലയാളമൊഴിയിലേക്ക് പകർത്തിയ കെ.വി.തമ്പി തന്റെ കവി പ്രതിഭയുടെ ഊർജ്ജവും ചൈതന്യവും മുഴുവൻ പരിഭാഷകളിൽ പ്രസരിപ്പിച്ചിട്ടുണ്ട്. ക്രിസ്ത്വനുകരണമാണ് മറ്റൊരു ശ്രദ്ധേയമായ പരിഭാഷ. മലയാളത്തിലെ രണ്ടു വലിയ പണ്ഡിതൻമാർ ഒന്നിച്ചു ചേർന്ന് ഈ കൃതി മൊഴിമാറ്റിയിട്ടുണ്ട്. എന്നാൽ കവി മൊഴി മാറ്റിയപ്പോൾ പരിഭാഷ എങ്ങനെ സൗന്ദര്യാത്മകമാകുന്നു എന്നു കാണണമെങ്കിൽ തമ്പി മാഷിന്റെ വിവർത്തനം തന്നെ വായിക്കണം. ‘ക്രിസ്തുവിന് അർപ്പിക്കുന്ന വാക്കുകളുടെ കൃതജ്ഞതാബലി’ യോഗാത്മക കാവ്യ ഹൃദയമുള്ള കെ.വി.തമ്പി അത്ഭുതകരമായി പകർന്നു തരുന്നു. ‘ കെ.വി.തമ്പി ഈ പരിഭാഷയിൽ ജ്ഞാനത്താൽ പുതിയൊരു ഭൂമി സ്ഥാപിക്കുകയും കാവ്യബോധത്താൽ പുതിയൊരു ആകാശം പ്രതിഷ്ഠിക്കുകയും ചെയ്യുന്നു’ എന്ന് കെ.പി.അപ്പൻ രേഖപ്പെടുത്തിയിട്ടുണ്ട്. ഓശാന പ്രസിദ്ധീകരണമായ മലയാളം ബൈബിളിലെ ആദ്യത്തെ നൂറ്റഞ്ച് സങ്കീർത്തനങ്ങൾ മൊഴി മാറ്റിയതും കെ.വി.തമ്പിയാണ്. എം.എം.ബഷീറും റവ.മാത്യു ഡാനിയേലും തങ്ങളുടെ ലേഖനങ്ങളിൽ പരിഭാഷകനായ കെ.വി.തമ്പിയെ ഓർത്തെടുക്കുന്നുണ്ട്.
മിസ്റ്റിക് അനുഭൂതികളുള്ള കവിയായിരുന്നു കെ.വി.തമ്പി. പ്രവാസഗീതം, പുനർജന്മം എന്നീ രണ്ടു കവിതാ സമാഹാരങ്ങളിലായി കെ.വി.തമ്പിയുടെ ഭാവഗീതങ്ങൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. ആർ.രാമചന്ദ്രൻ , സുഗതകുമാരി, ജി.കുമാരപിള്ള എന്നിവരുടെ മികച്ച ഭാവഗീതങ്ങളോടു കിടപിടിക്കും ആ കവിതകൾ .മഹാകവി ജി.യുടെ ശിഷ്യനായിരുന്ന കെ.വി.തമ്പിയെ ആദ്യകാല പാശ്ചാത്യ ആധുനിക കവിത സ്വാധീനിച്ചിട്ടുണ്ട്. പ്രണയവും വിഷാദവും ഏകാന്തതയും മന്ദമായ ശ്രുതിയിൽ ,ചാറ്റൽ മഴ പോലെ പൊഴിയുന്ന ഗീതികൾ .ബൈബിളിൽ നിന്നുള്ള ഇമേജുകളുടെ സമൃദ്ധിയാൽ മിസ്റ്റിക്കായ ഒരു തലവും ഈ കവിതകൾക്കുണ്ട്.
എഴുതിയ കാലത്ത് ആരെങ്കിലും വായിച്ചു കാണും എന്നതൊഴിച്ചാൽ ഈ കവിതകൾ ഒട്ടും ശ്രദ്ധിക്കപ്പെട്ടില്ല. അപ്പോഴേക്കും കാല്പനികതയിൽ നിന്നകന്ന ആധുനികത വന്ന് മലയാള കവിതയെ ബാധിച്ചു. ഭാഷയും ഭാവുകത്വവും മാറി.സുഗതകുമാരിയെപ്പോലെയോ കുമാരപിള്ളയെപ്പോലെയോ മറ്റു ചില്ലകളിലേക്ക് പറന്നു പോയി പാടാനുള്ള കാവ്യ മനസ്സ് കെ.വി.തമ്പിക്ക് ഇല്ലാതെ പോയി. പി.രാമൻ ഉത്തരാധുനികതയുടെ മധ്യാഹ്ന ഘട്ടത്തിൽ കെ.വി.തമ്പിയുടെ കവിതകൾ പുനർ വായിച്ചത് മലയാള കവിതാ സാഹിത്യ ചരിത്രത്തിലെ തന്നെ ഒരു സുവർണ്ണ സന്ദർഭമായി. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകളുടെ പ്യൂപ്പയായി കെ.വി.തമ്പിയുടെ കവിതകളെ വായിച്ചെടുത്ത രാമൻ വിസ്മൃതിയിൽ അലിഞ്ഞു പോയ ഒരു കവിയെ പുനർജനിപ്പിച്ചെടുത്തു. മലയാളത്തിലെ ഏറ്റവും മികച്ച കാവ്യപഠനങ്ങളിലൊന്നാണ് കെ.വി. തമ്പിയുടെ കവിതകളെക്കുറിച്ചുള്ള രാമന്റെ ഭാഷാപോഷിണി ലേഖനം എന്ന് നിസ്സംശയം പറയാം. ഈ പുസ്തകത്തിലെ ആദ്യ ലേഖനം പി.രാമന്റേതാണ്.

Read Also  ജീവിതത്തെ സമരമാക്കിയ വലിയ മനുഷ്യരെ ഓർക്കുമ്പോൾ ..

(കെ.വി. തമ്പി , കടമ്മനിട്ട, ജോൺ ഏബ്രഹാം, കെ.പി.കുമാരൻ എന്നിവരോടൊപ്പം പത്തനംതിട്ടയിലെ ഒരു സാംസ്കാരിക വേദിയിൽ. ഫോട്ടോ – തോമസ് ഏബ്രഹാമിന്റെ ശേഖരത്തിൽ നിന്ന്.)

കെ.വി. തമ്പി അധ്യാപക സിംഹമായി വിരാജിക്കുമ്പോൾ തന്നെ ഒഴിവുവേളകളിൽ പത്രപ്രവർത്തനത്തിലും ഏർപ്പെട്ടിരുന്നു. ഇന്ത്യൻ എക്സ്പ്രസിലെയും മറ്റും പ്രാദേശിക ലേഖകനായി. പത്തനംതിട്ടയിലെ പത്രപ്രവർത്തകരുമായുള്ള സൗഹൃദമായിരുന്നു ഏകാകിയായി ജീവിക്കാൻ വിധിക്കപ്പെട്ട കെ.വി.തമ്പിയുടെ റിട്ടയർമെന്റ് കാലത്തെ ഉത്സവ ഭരിതമാക്കിയത്. സ്വകാര്യ ദു:ഖങ്ങളാൽ ഉള്ളുനീറുമ്പോഴും അദ്ദേഹം അസാധാരണമായ നർമ്മങ്ങൾ കൊണ്ട് പ്രായത്തിൽ ഇളപ്പമായ സുഹൃത്തുക്കളെ ആകർഷിച്ചു. ചലച്ചിത്രത്തെ ആഴത്തിൽ ഇഷ്ടപ്പെട്ട കെ.വി.തമ്പി ഫിലിംസൊസൈറ്റിയുടെ അമരക്കാരനായി നിന്ന് പത്തനംതിട്ടയിൽ കാഴ്ചയുടെ ഒരു നവസംസ്കാരം സൃഷ്ടിച്ചു. അടൂർ ഗോപാലകൃഷ്ണന്റെ വിധേയനിൽ കള്ളുഷാപ്പ് നടത്തിപ്പുകാരന്റെ റോളിൽ അദ്ദേഹം വേഷമിടുകയും ചെയ്തിട്ടുണ്ട്.
കെ.വി.തമ്പിയുടെ രാഷ്ട്രീയ ജീവിതവും അസാധാരണമായിരുന്നു. ഉപനിഷത്തിനെയും ആസ് ട്രോ ഫിസിക്സിനെയും കുറിച്ച് ഗാഢമായി വായിക്കുകയും ചിന്തിക്കുകയും ചെയ്ത കെ.വി.തമ്പിയുടെ ഉള്ളിൽ തീവ്ര ഇടതുപക്ഷ സ്നേഹമുള്ള ഒരു രാഷ്ട്രീയ മനസ്സ് അടങ്ങിക്കിടന്നിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് നക്സൽ നേതാവ് കെ.എൻ.രാമചന്ദ്രന്റെ ഷെൽട്ടർ തമ്പി മാഷിന്റെ പത്തനംതിട്ടയിലെ ചെറിയ വാടകമുറിയായിരുന്നു. പുസ്തകത്തിൽ കെ.എൻ. രാമചന്ദ്രൻ അതൊക്കെ സ്മരിക്കുന്നുണ്ട്. എം.എ. ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് നടത്തിയ പരിഷ്കാരങ്ങൾക്കെതിരെ എസ്.യു.സി.ഐ. നേതൃത്വത്തിൽ നടത്തിയ സമരങ്ങളുടെ മുൻപന്തിയിൽ പത്തനംതിട്ടയിൽ കെ.വി.തമ്പിയുണ്ടായിരുന്നു. അന്ന് എം.എ.ബേബിയുടെ പേഴ്സണൽ സ്റ്റാഫിലെ പ്രമുഖനായിരുന്ന ബാബു ജോണാണ് കെ.വി.തമ്പി സ്മാരക സമിതിയുടെ പ്രധാന സംഘാടകരിലൊരാൾ .ഈ ഓർമ്മ പുസ്തകത്തിന്റെ എഡിറ്ററും അദ്ദേഹം തന്നെ. രാഷ്ട്രീയത്തിനപ്പുറമുള്ള സ്നേഹ സൗഹൃദങ്ങളുടെ അക്ഷയഖനിയായിരുന്നു കെ.വി.തമ്പി എന്ന അസാധാരണ മനുഷ്യൻ.

catholicate college എന്നതിനുള്ള ചിത്രം

പിംഗലം
കെ.വി.തമ്പി.
(1976 ൽ പ്രസിദ്ധീകരിച്ച പ്രവാസഗീതം എന്ന സമാഹാരത്തിൽ നിന്ന്. കവിതയുടെ രചനാകാലം 1972-73. )

മൃതിയുടെ നീല –
ച്ചിറകുപോൽ ഗ്രീഷ്മ –
നഭസ്സിതാ മന്ദം വിടരുന്നൂ

അദൃശ്യമാം രക്ഷാ –
കവചമെന്നോണം
ഇറങ്ങി വന്നിതാ
പൊതിയുന്നൂ നമ്മെ.

അനിർവചനീയ-
മധുരമാമുഷ്ണ –
ലഹരിയിൽ നമ്മ-
ളുരുകുന്നൂ; രണ്ടു
മെഴുകു ബിംബങ്ങൾ

വിധിയൊരുക്കിയ വഴികൾ
രണ്ടായിപ്പിളർന്നിതാ ദൂരെപ്പിരിയുന്നൂ.
ശാപവചനമോ?
കൂടു തകർന്നു ചൂഴവും പറന്നുഴലും ര-
ണ്ടിളം കിളികൾ തൻ വിലാപഗീതമോ?

മുടിയിഴകളിലിരുന്നു വാടുന്ന
പനിമലരിതൾ,
എനിക്കു മാത്രമായണിഞ്ഞ സിന്ദൂര-
തിലകത്തിൻ രേണു
പുരണ്ട പൂവിരൽ,
മഷിയണിഞ്ഞ നീൾമിഴികൾ രണ്ടിലും
നിറഞ്ഞ കാലത്തിൻ ഗഭീരകാളിമ,
വചനശൂന്യമായിറുകി നിൽക്കുന്നോ-
രധരത്തിൻ ശവകുടീരശാന്തത
ഇവയെല്ലാമെന്റെ മനസ്സിൽ ഞാ-
നൊട്ടിച്ചെടുക്കട്ടെ.

ശ്വാസം മുറിയുമ്പോൾ
കണ്ണീരിമയടയുമ്പോൾ
പ്രിയ നാമങ്ങൾ വീണുടയുമ്പോൾ
ആരോ കൊളുത്തിയ
നിലവിളക്കണയുമ്പോൾ
ചിരകാല ശത്രു കരയുമ്പോൾ
സർവംസഹതൻ വക്ഷസ്സു
പിളരുമ്പോൾ
സകലവും മറന്നെനിക്കൊരേ രൂപ –
മനുദ്ധ്യാനം ചെയ്തേ വിടവാങ്ങീടണം.

അതിനാലിന്നു നാം
ഒരു മൊഴിചൊല്ലാതിവിടെ നിൽക്കുക
കുറച്ചിട സൂര്യൻ മരിക്കട്ടേ, വാടു –
മിലകൾ തൻ മഞ്ഞ നിറത്തിൽ,
നമ്മുടെ നിഗൂഢ മജ്ജയിൽ…..

Leave a Reply

Your email address will not be published.