കാടിന്റെ തോഴനാണ് എൻ.എ .നസീർ. ചെറുപ്പത്തിലേതന്നെ കാടു കണ്ട് മോഹിച്ച് വനാന്തരങ്ങളിലേക്ക് ഊളിയിട്ടവൻ. കേരളത്തിൽ പരിസ്ഥിതി സ്നേഹവും ബോധവും ഒരു കൂട്ടായ്മയായി വികസിച്ച കാലത്ത് അതിന്റെ ഭാഗമായവൻ. കിനാവിനൊപ്പം ഞങ്ങൾ നടക്കുകയായിരുന്നു എന്ന പേരിൽ ഒരു കുറിപ്പ് ഈ പുസ്തകത്തിന്റെ അവസാനത്തിലുണ്ട്. പരിസ്ഥിതി സ്നേഹം എങ്ങനെയാണ് തന്നിലുണർന്നുയർന്നതെന്ന് വിവരിക്കുകയാണിതിൽ. ചെറായിയിലെ ഒരു അധ്യാപകൻ സെബാസ്റ്റ്യൻ മാഷ് ആണ് നസീറിൽ പരിസ്ഥിതി പ്രേമം നിറച്ചത്. കാടിന്റെ മയക്കുന്ന സൗന്ദര്യത്തെയും ഗാംഭീര്യത്തെയും കുറിച്ച് എല്ലായ്‌പ്പോഴും വാക്കുകളുടെ മായാപ്രപഞ്ചത്തിലൂടെ ഓർമ്മിപ്പിച്ചും ഒപ്പം കൂട്ടിയും ഹരിത കിനാക്കൾക്ക് ഭ്രമിപ്പിക്കുന്ന ദൃശ്യങ്ങൾ നൽകുകയും സുഗന്ധം വാരി വിതറുകയും ഒഴുകി നടക്കുവാൻ മഴവിൽച്ചിറകുകൾ നൽകുകയും ചെയ്തത് സെബാസ്റ്റ്യൻ മാഷായിരുന്നുവെന്ന് നസീർ ഓർക്കുന്നു. അദ്ദേഹവും സമാന ഹൃദയരും കൂടി രൂപം നൽകിയ ‘വനസീമ നേച്ചർ ക്ലബ്ബി’ലൂടെയാണ് എൻ.എ. നസീർ എന്ന വന ഫോട്ടോഗ്രാഫർ രൂപപ്പെട്ടു വന്നത്.


നസീർ വനത്തിലൂടെ നിരന്തരം യാത്ര ചെയ്യുന്ന ആളാണ്. ആയോധന പടുവാണ്. കാനനദൃശ്യങ്ങൾ ക്യാമറയിലൂടെ ഒപ്പിയെടുക്കുവാനും ആകർഷകമായ ഭാഷയിൽ വിവരിച്ചുതരാനും നസീറിന് നന്നായി കഴിയുന്നുണ്ട്. ഈ പുസ്തകവും ഹൃദയത്തിൽ വന്ന് തൊടുന്നുണ്ട്. വനസഞ്ചാരത്തിൽ തനിക്കു കൂട്ടു വന്നവരെ ഓർമ്മിക്കുകയാണ് നസീർ ഈ പുസ്തകത്തിൽ. ‘മഴക്കാടിനെ പ്രണയിച്ച് എവിടെയോ യാത്ര പോയ നിനക്കാ’ണ് പുസ്തകം സമർപ്പിച്ചിരിക്കുന്നത്. ഓർത്തെടുക്കുന്ന ഓരോ മനുഷ്യനും മഴക്കാടിനെ പ്രണയിച്ചവരാണ്. ചിലരൊക്കെ എവിടെയോ പോയി മറഞ്ഞിരിക്കുന്നു. ലോകത്തു നിന്നേ മാഞ്ഞുപോയവരുമുണ്ട്. കാടിന്റെ മക്കളാണ് മിക്കവരും. ആദിവാസികൾ .കാട്ടിലെ രാജകുമാരൻമാർ .കാടിന്റെ അധിപർ. പറമ്പിക്കുളത്തെ സ്വാമിനാഥൻ മുതൽ പലരും. ചിലരൊക്കെ വനംവകുപ്പിലെ വാച്ചർമാരായി ജോലി ചെയ്യുന്നവരാണ്. അവർ ചട്ടപ്പടി ജോലി ചെയ്യുന്ന സർക്കാർ ശേവുകക്കാരെപ്പോലെയല്ല .കാടിനെ കൃഷ്ണമണി പോലെ സംരക്ഷിക്കുന്നവരാണ്. കാടിന്റെ സകല സ്പന്ദനങ്ങളും അറിയുന്നവർ. അവരുടെ സോദരനായി മാറുന്നു നസീർ. അവരിൽ ചിലർക്കു സംഭവിച്ച ദുരന്തങ്ങൾ നസീർ വിവരിക്കുന്നതു വായിക്കവേ കരച്ചിൽ വരും. കണ്ണീർ നിറയും. വനഭൂവാകെ നസീറിന്റെ തൂലികയിൽ നിന്ന് പച്ച വിരിച്ച് പടർന്നിറങ്ങുന്നു. കാടിന്റെ കുളിരും ചൂടും വന്ന് തൊടും . കാട്ടാനകൾ കടുവ കരിമ്പുലികൾ തൊട്ട് പുഴുവും പൂമ്പാറ്റയും വരെ ഓരോ കുറിപ്പും വായിച്ചു പോകുമ്പോൾ നമ്മുടെ ചാരേ വന്നു നിൽക്കും.

                                      
തികഞ്ഞ പരിസ്ഥിതി സ്നേഹിയായ ഒരു മനുഷ്യനെ ഈ കുറിപ്പുകളിൽ നിന്ന് വായിച്ചെടുക്കാം. കാട് കോൺക്രീറ്റ് കാടാക്കാനുള്ള ശ്രമങ്ങളെ പ്രതിരോധി ക്കുന്നതിനെക്കുറിച്ചുള്ള അനവധി വിവരണങ്ങളുണ്ട്. ഫോട്ടോഗ്രാഫറായ നസീറിന്റെ ക്യാമറക്കു മുന്നിൽ വന്യമൃഗങ്ങൾ പോസു ചെയ്ത് നിൽക്കും. പശ്ചിമഘട്ടത്തിൽ അത്യപൂർവ്വമായി കാണപ്പെടുന്ന വെള്ളക്കാട്ടു പോത്തിന്റെ ചിത്രമൊക്കെ ആദ്യമായി പിടിച്ചത് ഇദ്ദേഹമാണ്. വനസൗന്ദര്യത്തിൽ ആണ്ടു മുങ്ങുന്ന അസുലഭ നിമിഷങ്ങളിൽ ഇയാൾ ക്യാമറയെ മറക്കും. പൂർണ്ണമായി വന ത്തോട്ടിഴുകിയ ആൾക്കു മുമ്പിലേ കാട്ടുമൃഗങ്ങൾ ഇങ്ങനെ വഴങ്ങി നിൽക്കൂ.
കാടനുഭവങ്ങൾ വർണ്ണിക്കാനുതകും വിധമുള്ള ഭാഷയാൽ അനുഗൃഹീതനാകയാൽ നസീറിന്റെ ഓർമ്മപ്പുസ്തകങ്ങൾ വായിക്കുന്നത് നല്ല അനുഭവമാണ്.

Read Also  സുദർശന സംഗീതത്തെ അവഗണിക്കരുത്, ആഘോഷിക്കണം.

 

LEAVE A REPLY

Please enter your comment!
Please enter your name here