Wednesday, January 27

മല്ലികപ്പൂക്കളുടെയും മലക്കുകളുടെയും സ്രഷ്ടാവാരാണ്? ‘എ ഗോസിപ്പ് അക്കോർഡിംഗ് ടു ഹരിശങ്കരനശോകൻ’

– ‘എ ഗോസിപ്പ് അക്കോർഡിംഗ് ടു ഹരിശങ്കരനശോകൻ’ എന്ന കവിതാ സമാഹാരത്തെ അടിസ്ഥാനമാക്കി ഒരു കുറിപ്പ്.

പിസ്കോണിയ മസ്കയ്ക്കു ശേഷം ഹരിശങ്കരനശോകൻ്റെ പുതിയ പുസ്തകം വന്നു. അതാണ് ഏ ഗോസിപ്പ് അക്കോർഡിംഗ് റ്റു ഹരിശങ്കരനശോകൻ.

പി.എൻ.പണിക്കരുടെ ഓർമ്മദിനമായ വായനദിനത്തിൽ വായിച്ചത് ഈ കവിതാ സമാഹാരമാണ്. 33 കവിതകൾ. പല പ്രാവശ്യം വായിച്ചു. വരാൻ പോകുന്ന യോഗദിനത്തിൽ യോഗികൾ ആസനങ്ങൾ പല തവണ ചെയ്യുന്നതു പോലെ. യോഗദിനത്തിൽ തന്നെ ആചരിക്കുന്ന സംഗീത ദിനത്തിൽ ഗായകർ പല തവണ സാധകം ചെയ്യുന്നതു പോലെ. എല്ലാം അച്ഛാ ദിനങ്ങളാണെങ്കിലും ഓരോരോ സംഗതികൾക്ക് ഓരോരോ ദിനങ്ങൾ നൽകിയിരിക്കുകയാണ്. ഓരോരോ ആചാരങ്ങൾ എന്നു കരുതിയാൽ മതി. പി.എൻ. പണിക്കരുടെ ചരമദിനമായ വായനദിനാചരണ ദിനത്തിൽ ഒരു കവി എഫ്.ബി.യിൽ എഴുതിയ ഇന്ന് അയ്യപ്പപ്പണിക്കരുടെ ചരമദിനം എന്ന ഒറ്റവരി ക്കുറിപ്പിലെ ഇരുണ്ട ഹാസ്യം ആസ്വദിച്ചിട്ടാണ് ഹരിശങ്കരന ശോകനിലേക്ക് കടന്നത്.

ഈ കവിതകൾ പലതും എഫ്.ബിയിൽ ഹരിശങ്കരനശോകൻ പോസ്റ്റിയിരുന്നു. അതാതു സമയങ്ങളിൽ അതു വായിച്ചും പോന്നിരുന്നു. കാട്ടുകോഴിക്കെന്തു സംക്രാന്ത്രി. നമുക്കെന്നും റീഡിംഗ് ഡേയാണ്.

മലയാളത്തിൽ ഇന്നു ജീവിച്ചിരിക്കുന്ന പരിഭാഷകരിൽ മികച്ച ഒരാളാണ് റാഷ്. റാഷ് അങ്ങോട്ടും ഇങ്ങോട്ടും പരിഭാഷകൾ നടത്തുന്ന സമർത്ഥനാണ്. ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്കും മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്കും. പുതിയ കവികളുടെ കവിതകളും റാഷ് മൊഴിമാറ്റും. ഏറ്റവും നവീനമായ ഭാവുകത്വത്തെ ഉൾക്കൊള്ളാനാവുക എന്ന വരം റാഷിന് ലഭിച്ചിട്ടുണ്ട്. അമ്മു ദീപയുടെ ഒരു കവിത റാഷ് മൊഴിമാറ്റിയത് ഇപ്പോൾ വായിച്ചതേയുള്ളു.

ഏ ഗോസിപ്പ് അക്കോർഡിംഗ് റ്റു ഹരിശങ്കരനശോകന് റാഷ് ഒരു പുറന്താൾക്കുറിപ്പ് എഴുതിയിട്ടുണ്ട്. അത് അപ്പടി ഇവിടെ പകർത്തുകയാണ്.

” ഉറപ്പിച്ചു പറയാം. പ്രസാധകർക്ക് തെറ്റുപറ്റിയതാണ്. ഈ കൃതി തബാക്ക ഭാഷയിൽ എഴുതപ്പെട്ടതാണെന്നു വ്യക്തമാണ്. കേരളത്തിൽ ഈ ഭാഷ അറിയുന്ന ഒരേയൊരു കവി ഹരിശങ്കരനശോകൻ ആകുന്നു .കുറേ തബാക്കൻ കവിതകളുടെയൊപ്പം സ്വന്തം ചില പാട്ടുകളും ചേർത്ത് തുന്നിക്കൂട്ടിയതാണ് ഈ സമാഹാരം.

ഈ കവിയെ സൂക്ഷിക്കണം. അതിസാധാരണമായ ഒരു ലോകത്തു പല തലങ്ങളിലൂടെയും സഞ്ചരിച്ച് ഒരു മധ്യവർഗ്ഗ അധോലോകം സൃഷ്ടിക്കാനുള്ള അട്ടിമറി പ്രവർത്തനമാണിത്. നടപ്പു മലയാള കവിതയിൽ എവിടെയും ഇതു കാണുകയില്ല. കൃത്രിമബുദ്ധി മുതൽ കുബുദ്ധി ,കുടില ബുദ്ധി, കുലട ബുദ്ധി , കുതൂഹല ബുദ്ധി, കൃമികീട ബുദ്ധി എന്നിങ്ങനെ പോയി അതിബുദ്ധിയിലും ഗൂഗിള ബുദ്ധിയിലും ഇത് കലാശിക്കുന്നുണ്ട്. മേൽ ഷോവനിസ്റ്റ് തഗ് ലൈഫ്, അഴുക്കുത്തരത്തിൻ്റെ അവരാതിച്ച വർത്തമാനം ,ചുക്കാമണി കണ്ടിച്ച തോരൻ, തങ്കക്കട്ടകളുടെയും നല്ല കട്ടയുള്ള പെണ്ണുങ്ങളുടെയും ഓഫറുകൾ , ഇണകളുടെ പേരുകളും അക്കങ്ങളും അശ്ലീല കവിതകളും എഴുതിയ മൂത്രപ്പുരകൾ ഇവയെല്ലാം  ഈ തബാക്കൻ കവിതാ പരിസരത്ത് വിലസുന്നു. കൂടാതെ ഡെസ്ക് പാട്ട്, നഗരമരപ്പാട്ട് , കിളിപ്പാട്ട്, മഴക്കഴപ്പാട്ട് , പുള്ളിപ്പുലിപ്പാട്ട് തുടങ്ങി ആദർശഭരിതമായ ഒരു തീണ്ടാരി ഗീതം വരെ ഇവിടെ കേൾക്കാം.

Read Also  കെ. വി. തമ്പി ഓർമ്മ

ഇന്ത്യയുമായി താരതമ്യം ചെയ്താൽ ജി.ഡി.പി നിരക്ക് വളരെ കമ്മിയായ ഒരു രാജ്യമാണ് തബാക്ക സംസാരിക്കുന്ന മെനസാക്കി രാജ്യം. എന്നിട്ടും കവിതയുടെ കാര്യത്തിൽ മലയാളത്തെക്കാൾ മുന്നിലാണ് ആ രാജ്യം എന്നതിൽ സംശയമില്ല. മെനസാക്കി സാഹിത്യ അക്കാദമിയുടെയും ഹരിശങ്കരനശോകനെപ്പോലെയുള്ള ഉത്സാഹികളായ ചെറുപ്പക്കാരുടെയും പ്രയത്നഫലമായി ഇത്തരമൊരു സമാഹാരം പുറത്തിറങ്ങിയതിൽ നമുക്ക് അഭിമാനിക്കാം. സുരഭില സ്വപ്നങ്ങളുടെ കൂതറവൽക്കരണം അങ്ങനെ നമുക്ക് ആഘോഷിക്കാം. കട പറിഞ്ഞ കാലമേ , നടുവൊടിഞ്ഞ പ്രേമമേ , നടുവിലുള്ള വിരലുയർത്തി നിന്നിടാതെ പോകണേ
– റാഷ്

റാഷ്

ഈ തബാക്കക്കാരുടെ ഒരു കാര്യം. സച്ചി മാഷിന് ആ കവിത കാക്കത്തൊള്ളായിരം ഈ മെയിലുകൾ അയച്ചിട്ടുണ്ട്. സച്ചി മാഷിന് തബാക്ക അറിയില്ലാത്തതിനാൽ മെയിലും വായിച്ചിട്ടില്ല. ഈ കവിത വിവർത്തനവും ചെയ്തില്ല. റാഷിന് തബാക്കയറിയാം. ഹരിശങ്കരനശോകൻ്റെ കവിത അതിനാൽ മനസ്സിലായി. കവിത മനസ്സിലായെങ്കിലേ പരിഭാഷ വിജയിക്കുകയുള്ളല്ലോ. അകവും പുറവുമില്ലാത്ത കാർപ്പെറ്റാണ് ഈ കവിത. അതിനാൽ പരിഭാഷ ചെയ്യേണ്ടതില്ല എന്നതു വേറേ കാര്യം. ഏതു ഭാഷക്കാർക്കും ഏതു ലോകത്തുള്ളവർക്കും ഈ കവിത മൂലത്തിൽ തന്നെ വായിച്ചു മനസ്സിലാക്കാം.
33 കവിതകളെ രണ്ടായി വിഭജിക്കാം. ആദ്യഭാഗത്തെ കവിതകൾ തബാക്കനുകളാണ്. ഏ. അയ്യപ്പനും എം.പി.നാരായണപിള്ളയും കരിവള്ളൂർ മുരളിയും നരേന്ദ്ര മോദിയും എം.ആർ.വിഷ്ണുപ്രസാദും ഹോമറും പരമശിവനും മേരിയും ജോസഫും തൊമ്മിയും ലൂസിഫറും വരുന്നതിനാൽ ആ കവിതകൾ ഗംഭീരമായി ആസ്വദിക്കാനാകും. മസ്കൂവിയൻ മാറ്റിനികളും സുഖസമൃദ്ധമായൊരോർമ്മത്തുണ്ടും – ഈ കവിതകൾ അനുഭവ സാമീപ്യം കൊണ്ട് സഹൃദയഹൃദയാഹ്ലാദകാരിയാണ്. മുശിയും വരാലും കട്ളയും രോഹിത്തുമല്ല.

രണ്ടാം വശത്തു നിൽക്കുന്ന പാട്ടു കവിതകൾ ക്ഷ പിടിച്ചു. കാരണം അവ മലയാളത്തിലെ അതിപുരാതന പരമ്പരാഗത ഈണത്തിൽ വാർന്നു വീഴുന്നവയാണ്. ഈയിടെയായി പ്രാചീന കവിത ചൊല്ലുക എന്ന രോഗം ബാധിക്കയാൽ ഈ കവിതകൾ ഈണത്തിൽ ചൊല്ലി ആനന്ദിച്ചു.

നിക്കനോർ പാർറ എന്ന ചിലിയൻ കവി പ്രതികവിതയിൽ വിപ്ലവം സൃഷ്ടിച്ചതോടെ മലയാളത്തിലെ പാറക്കവികളെല്ലാം പ്രതി കവിതകൾ എഴുതി പരാജയപ്പെട്ടിരുന്നു. അനുകരണത്തിൻ്റെ അനുകരണം നടത്തി അവർ കവിതയുടെ ദേവതയിൽ നിന്ന് രണ്ടു കാതം ദൂരെ തെറിച്ചു പോയി. എന്നാൽ ഹരിശങ്കരനശോകൻ തബാക്കയിൽ എഴുതുന്നതിനാൽ അവ അനു കവിതയാണ്. കവിതയുടെ ദേവതയെ അവ ചുംബിച്ചു നിൽക്കുന്നു. ഏതു ഭാഷയിലെയും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് കവിതകളുടെയും ഒപ്പം കട്ടയ്ക്കു പിടിച്ചു നിൽക്കുന്നു.

Spread the love

Leave a Reply