Sunday, September 20

“മൂളിക്കൊണ്ടഭിരാമനായലയുമെൻ നന്മക്ഷികേ” ; ഉത്സവക്കാലത്ത് പീയുടെ കവിതകളോർക്കുമ്പോൾ

ശിവരാത്രി, വേല, പൂരം, പടേനി – കേരളത്തിലെ നാട്ടിൻപുറങ്ങളും നഗരങ്ങളും ഉത്സവങ്ങൾ കൊണ്ടാടുകയാണ്. ചെറുതും വലുതുമായ ഉത്സവങ്ങൾ ഉപേക്ഷിക്കാൻ മലയാളിക്കു മനസ്സില്ല. ഉത്സവങ്ങൾ കേരളത്തെ ആനന്ദ കേരളമാക്കുന്നു. മഴയാണ് കേരളത്തെ ആനന്ദ കേരളമാക്കുന്നത് എന്ന് മൊഴിഞ്ഞത് മഹാകവി പി. കുഞ്ഞിരാമൻ നായരാണ്. ഉത്സവങ്ങളോടും കവിയ്ക്ക് പ്രിയമായിരുന്നു.

Photo cortesy : Mathrubhumi

കഥകളിയോട് വള്ളത്തോളിനുശേഷം ഏറ്റവും മമത പുലർത്തിയ കവി കുഞ്ഞിരാമൻ നായരായിരുന്നു. പി യുടെ കളിയച്ഛൻ മഹാകവി വള്ളത്തോളായിരുന്നു. വള്ളത്തോളിന്റെ മുന്നിൽ സാഷ്ടാംഗം നമസ്കരിച്ചതിനു ശേഷമായിരുന്നു പി കളിയച്ഛൻ ചൊല്ലിയതെന്ന കാര്യം ആർക്കാണറിയാത്തത്.
കവിതയിൽ പി. പിഴച്ചു പോയില്ല. എന്നു മാത്രമല്ല വള്ളത്തോളെന്ന കളിയച്ഛനെ കവിതയുടെ കാര്യത്തിൽ പി അതിശയിക്കുകയും ചെയ്തു. വള്ളത്തോൾ കവിതയെക്കാൾ പിൽക്കാലത്തിലൂടെ പി കവിത കവിഞ്ഞൊഴുകി.

കഥകളി എന്നു കേൾക്കുമ്പോൾ കേരളീയർ മഹാകവി വള്ളത്തോളിനെ ഓർക്കും. എന്നാൽ കഥകളി പശ്ചാത്തലമാക്കിയ കവിത എന്നു കേൾക്കുമ്പോൾ ആരുടെയും മനസ്സിൽ ആദ്യം എത്തുന്ന കവിത കളിയച്ഛനായിരിക്കും. കളിയച്ഛൻ നളചരിതം ആട്ടക്കഥ പോലെ ക്ലാസ്സിക് കവിതയാണ്. ഓരോ കാലത്തും കളിയച്ഛൻ പുതിയ പുതിയ അർത്ഥങ്ങൾ നൽകുന്നു.

ഭക്തകവി എന്ന ലേബലിൽ പി യെ ഒതുക്കാൻ ഒരു ശ്രമം നടന്നിരുന്നു. ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ സാഹിത്യ ചരിത്രത്തിലെയും സാഹിത്യവിമർശന ചരിത്രത്തിലെയും വലിയ ഒരു ‘തരികിട’ യായിരുന്നു ആ ലേബലൊട്ടീരെന്നു മനസ്സിലാകും. പി ഭക്തനായിരുന്നു, സക്തനെന്നതു പോലെ. അരാജകനുമായിരുന്നു.

ഡി.വിനയചന്ദ്രനിലും എ.അയ്യപ്പനിലും പി. കവിതയിലെ പരാഗങ്ങൾ പൊഴിഞ്ഞു കിടപ്പുണ്ട്. ഗുരുവായൂരപ്പനെയും ശബരിമല അയ്യപ്പനെയും കീർത്തിച്ച് പി. പാടിയിട്ടുണ്ട്. ‘മണ്ഡലമാസ പുലരികൾ പൂക്കും പൂങ്കാവനമുണ്ടേ’ എന്ന അയ്യപ്പഭക്തിഗാനം പാടാത്ത ഭജനകൾ ഒരു കാലത്ത് മണ്ഡല കാലത്തില്ലായിരുന്നു

പി കവിത അങ്ങനെ ആളറിയാതെ പലയിടങ്ങളിലും കയറിച്ചെന്നിട്ടുണ്ട്. ഒരു ലേബലിലുമൊതുങ്ങാതെ പി പശ്ചിമഘട്ട മലനിരകൾ പോലെ കവിതയിൽ ജൈവ വൈവിധ്യം പ്രകടിപ്പിച്ച് കിളർന്നു നിൽക്കുന്നു. പി.യ്ക്കു തുല്യം പി. മാത്രം. പി.സമസ്ത കേരളം പി.ഒ., വാക്കുകളുടെ മഹാബലി, കൃഷ്ണശിലയുടെ താളം,  ആഴിയുടെ തേങ്ങൽ, വിണ്ണിന്റെ നീലിമ, പൗർണ്ണമിയുടെ പൂർണ്ണത, ഒറ്റയാൻ, മേഘരൂപൻ, ഏതോ വളകിലുക്കം കേട്ടണയും ഭ്രഷ്ട കാമുകൻ, എള്ളുനീർ പോലിറ്റു വീഴുന്ന കണ്ണുനീർത്തുള്ളിയിൽ പോയ പൂക്കാലങ്ങൾ തൻ കാൽച്ചിലങ്കകൾ കേട്ടു മയങ്ങും നിലാവുമൊത്തഞ്ജനക്കാട്ടിലലഞ്ഞവൻ – വിക്രമൻ.

 

ആറ്റൂരും കെ.ജി.എസും സച്ചിദാനന്ദനും വിനയ ചന്ദ്രനും നക്ഷത്രങ്ങൾ പോലെ തിളങ്ങുന്ന വാക്കുകൾ കൊണ്ട് പിയെ രേഖപ്പെടുത്തി.
പീയോടൊപ്പം കവിതയെഴുതിയ മറ്റൊരു സഹ്യന്റെ മകൻ വൈലോപ്പിള്ളി ‘മധുമക്ഷിക’ എന്നാണ് പി.യെ വിശേഷിപ്പിച്ചത്. അഴകിൻ തനിക്കവിതയായാണ് വൈലോപ്പിള്ളി പി കവിതയെ കാണുന്നത്. അത് കാല്പനികകാലത്തെ മധുര വീക്ഷണം. കാല്പനികകാലത്ത് പൂത്തുലഞ്ഞ പി.യുടെ കവിത സത്യാനന്തര കാലത്തും പാരായണക്ഷമമാണ്.

Read Also  പുതുശ്ശേരി രാമചന്ദ്രൻ എന്ന ഗവേഷകൻ

കാവുതോറും വേല പൂരക്കൂറ പാറും മാസം.
സാന്ധ്യകന്യ നാഗകന്യ മഞ്ഞളാടും മാസം

എന്ന് വായിക്കുമ്പോൾ പി യും ഉത്സവവും കേരളവും വന്ന് നിറയുന്നു. മലയാളത്തിലെ മറ്റേതൊരു കവിക്ക് ഈ അനുഭവം നൽകാൻ കഴിഞ്ഞിട്ടുണ്ട്. പലർക്കും കഴിഞ്ഞിട്ടുണ്ടാകും. എന്നാൽ പി യെപ്പോലെ മറ്റാർക്കും കഴിഞ്ഞിട്ടില്ല. സമസ്ത കേരളം പി.ഒ എന്ന മേൽ വിലാസം മറ്റൊരു കവിക്കും ചേരില്ല.

 

Spread the love

19 Comments

Leave a Reply