Sunday, September 20

ജീവിതത്തെ സമരമാക്കിയ വലിയ മനുഷ്യരെ ഓർക്കുമ്പോൾ ..

ജൂലൈ ആദ്യ വാരത്തിൽ ഇടവപ്പാതി മഴ ഇടമുറിയാതെ പെയ്തു നിറയുകയാണ് പതിവ്. വലിയ ചില മനുഷ്യരുടെ ഓർമ്മ ദിനങ്ങൾ കൂടിയാണ് ഈ ആഴ്ച്ച. ബഷീറിനെ കേരളം മുഴുവൻ ഓർമ്മിക്കാറുണ്ട്. നമ്മുടെ വിദ്യാലയങ്ങളിലും കലാശാലകളിലും സാംസ്കാരിക നിലയങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും ബഷീറിയൻ ഓർമ്മകൾ തോരാമഴയായി പെയ്തിറങ്ങി. ബഷീറിന്റെ ബുക്സ്റ്റാളിന്റെ പത്രപ്പരസ്യവും ബഷീർ അഴീക്കോടിനെഴുതിയ തത്ത്വമസിക്കത്തുമൊക്കെ വൈറലായി. പള്ളിക്കൂടങ്ങളായ പള്ളിക്കൂടങ്ങളിലൊക്കെ അയൽ വീടുകളിലെ ആടുകളെ കൊണ്ടുവന്ന് അഭിനയിപ്പിച്ചു. അനൽ ഹഖ്. മംഗളം ശുഭം.

ബഷീറിനൊപ്പം കഥകൾ എഴുതി വിരാജിച്ച രണ്ട് മഹാൻമാരായ കഥയെഴുത്തുകാരുടെ ഓർമ്മദിനം കൂടി പോയവാരം കടന്നു പോയി. അങ്ങനെ അവരെ അധികം ആരും ഓർത്തില്ല. ഓർക്കേണ്ടതായിരുന്നു. ഓർക്കുക എന്നു പറഞ്ഞാൽ വെറുതെ ഓർത്തിട്ടു കാര്യമില്ല. അവരുടെ കഥകളും നോവലുകളും നാടകങ്ങളും ഇതര സൃഷ്ടികളും പുനർ വായിക്കുകയാണ് ചെയ്യേണ്ടത്. അവരുടെ ജീവിതവും അവർ ജീവിച്ച കാലത്തെ സമൂഹവും ആ കൃതികളിൽ ഗാഢമായി നിഴലിക്കുന്നുണ്ട്. ജീവിതകാലം മുഴുവൻ വ്യവസ്ഥിതിയോട് കലഹിച്ച പച്ച മനുഷ്യരാണവർ. പി.കേശവദേവും പൊൻകുന്നം വർക്കിയും.

 

ദേവ് ഓർമ്മയായത് 1983 ജൂലൈ ഒന്നിനാണ്. ആത്മകഥയുടെ പേരു സൂചിപ്പിക്കുന്നതു പോലെ എതിർപ്പുകളുടെ ഘോഷയാത്രയാണ് ദേവിന്റെ ജീവിതത്തിൽ ഉടനീളം കാണുക. സാഹിത്യ ജീവിതത്തിലുമതേ. ലൈഗിംക തൊഴിലാളിയുടെ കഥ മലയാള സാഹിത്യത്തിലേക്ക് കൊണ്ടുവന്ന ദേവ് കാതലുള്ള ധിക്കാരികളിലൊരാളായിരുന്നു. കഥയിലും നോവലിലും റിയലിസത്തിന്റെ കൊടി വാനോളമുയർത്തിയ കേശവദേവ് എഴുത്തിലൂടെ സമൂഹത്തെയും ചലനം കൊള്ളിച്ചു. പുരോഗമനോൻമുഖമായ ഒരു ജീവിതവീക്ഷണം ദേവിന്റെ കൃതികളെ മനുഷ്യപ്പറ്റുള്ളതും ചോരയോട്ടമുള്ളതുമാക്കി മാറ്റി. ഓടയിൽ നിന്നും അയൽക്കാരും ഭ്രാന്താലയവും അക്കാലത്ത് മലയാളികൾ ഏറ്റെടുത്ത കൃതികളാണ്. സാഹിത്യ പ്പറയനാണു താനെന്നും രാമായണം ചുട്ടെരിക്കണമെന്നും ഒക്കെ പറഞ്ഞ് ദേവ് സംവാദങ്ങളുടെയും വിവാദങ്ങളുടെയും മേലറ്റത്തു നിലകൊണ്ടു.

ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ കൊടി ആകാശത്തോളം കേരളത്തിൽ പാറിപ്പറപ്പിക്കാൻ ശ്രമിച്ച കാലം കൂടിയാണത്. ധീരൻമാരായ അന്നത്തെ സാഹിത്യകാരൻമാരുടെ ചെറിയ നിരയിൽ ഇളകാതെ ദേവ് നിലകൊണ്ടു. സാഹിത്യകാരൻമാർ സംഘടിതരായ ആ കാലത്ത് ആ പ്രസ്ഥാനങ്ങളുടെ അമരത്തും കേശവദേവ് ഉണ്ടായിരുന്നു. കുനിയാത്ത ശിരസ്സുമായി . വളയാത്ത നട്ടെല്ലുമായി.

കലാപത്തിന്റെ മറുവാക്കായിരുന്ന പൊൻകുന്നം വർക്കി ഓർമ്മയായത് ഒരു ജൂലൈ 2നാണ്. കഥയെഴുതിയതിന്റെ പേരിൽ ജയിലിൽ കിടന്നയാളാണ് വർക്കി . ജോലി നഷ്ടപ്പെട്ടയാളാണ് വർക്കി . ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായി നിലകൊണ്ട അധികാര വർഗ്ഗത്തിന്റെ, സംഘടിത മത ശക്തിയുടെ നേരെ ഊറ്റത്തോടെ പൊരുതിയ ഇരട്ടച്ചങ്കുള്ള ( ശരിക്കും ഇരട്ടച്ചങ്കുള്ള ) എഴുത്തുകാരനായിരുന്നു പൊൻകുന്നം വർക്കി. ക്ഷമയൊക്കെ എഴുതിക്കൊടുത്തിരുന്നെങ്കിൽ ജയിലിൽ നിന്നും വർക്കിക്കു പുറത്തു കടക്കാമായിരുന്നു. അധ്യാപക ജോലി സംരക്ഷിക്കാമായിരുന്നു. എന്നാൽ അങ്ങനെ താഴ്ത്തി ഒതുക്കി വെയ്ക്കാവുന്ന ‘മീശ ‘ യല്ലായിരുന്നു വർക്കിയുടേത്.

സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ഒന്നാം അമരക്കാരനായിരുന്നെങ്കിലും ഒറ്റയ്ക്കു നിന്നു പൊരുതാനുള്ള ഊക്ക് വർക്കിയെ മെരുങ്ങാത്ത മനുഷ്യനാക്കി. കേമൻമാർക്ക് ഓമനിക്കാൻ നിന്നു കൊടുത്തില്ല. അതിനാൽ ചെവി വട്ടം പിടിക്കേണ്ട ആവശ്യവും വർക്കിക്കുണ്ടായില്ല. തെമ്മാടിക്കുഴിക്ക് വഴങ്ങിക്കൊടുക്കാൻ വർക്കിയുടെ ആവിയറ്റ ശരീരം പോലും തയ്യാറായില്ല. വീട്ടുവളപ്പിലെ മണ്ണിൽ ആ ശരീരം അലിഞ്ഞു ചേർന്നു. മോഡലും അന്തോണീ നീയും അച്ചനായോടായും എഴുതിയ വർക്കി ശബ്ദിക്കുന്ന കലപ്പ എന്ന മാസ്റ്റർപീസിലൂടെ മലയാള കഥാസാഹിത്യ ചരിത്രത്തിൽ അനശ്വരനായി അടയാളപ്പെട്ടു. വർക്കിയെ ഓർത്തില്ലെങ്കിലും വർക്കിയുടെ ആത്മാവിന് ഒരു ചുക്കും തോന്നില്ല. തന്റെ കഥകൾ വായിക്കാതെ ഊള ഓർമ്മകൾ നടത്തുന്നവരെ നോക്കി ബഷീറിന്റെ ആത്മാവ് പൊറുക്കും. കുസൃതിച്ചിരി ചിരിക്കും. എന്നാൽ വർക്കിയുടെ ആത്മാവ് രോഷം കൊള്ളും. പൊള്ളുന്ന തെറി വിളിച്ചെന്നുമിരിക്കും.

Read Also  കാറ്റ് വീശുവല കൊണ്ടുയർത്തുന്ന കൂടാര വിതാനങ്ങൾ ; കെ. രാജഗോപാലിൻ്റെ 'പരിധിക്കു പുറത്ത് ' എന്ന കവിതയെക്കുറിച്ച്

പൊൻകുന്നം വർക്കിയെ ജയിലിലടച്ചത് സർ സി.പി.യുടെ പോലീസാണ്. ബഷീറിനെയും സി.പി.യുടെ സേന വേട്ടയാടിയിട്ടുണ്ട്. ആ സി.പി. എന്ന ഏകാധിപതിയായ ജന്തുവിനെ ഈ നാടിനു വേണ്ട എന്ന് കോഴഞ്ചേരിയിൽ നിന്ന് സമുദ്രം ഇരമ്പുന്നതു പോലെ പ്രഭാഷണം നടത്തിയ സി.കേശവൻ എന്ന ഉന്നതനായ രാഷ്ട്രീയ നേതാവിന്റെ ഓർമ്മ ദിനം ജൂലൈ 7 നാണ്. സി.കേശവൻ എന്ന സാമൂഹ്യ, രാഷ്ട്രീയ വിപ്ലവകാരി ഓർമ്മയായിട്ട് അരനൂറ്റാണ്ട് തികയുന്നു. തിരു-കൊച്ചിയുടെ മുഖ്യമന്ത്രിയായും എസ്.എൻ.ഡി.പി.യുടെ ജനറൽ സെക്രട്ടറിയായും ജന സേവനം ചെയ്ത സി.കേശവൻ അഴിമതിയുടെ കറപുരളാത്ത സത്യസന്ധനായ മനുഷ്യനായിരുന്നു. ‘ജീവിതസമരം ‘ എന്ന ആത്മകഥ വായിച്ചു കൊണ്ടാണ് സി.കേശവന്റെ ഓർമ്മകളെ പ്രത്യാനയിക്കേണ്ടത്.

അച്ഛന്റെ ആജ്ഞ നിറവേറ്റിക്കൊണ്ട് കെ.ബാലകൃഷ്ണൻ ജീവിതസമരത്തിനെഴുതിയ അവതാരികയിലും ഊന്നിപ്പറയുന്നത് സി.കേശവന്റെ സത്യസന്ധതയെക്കുറിച്ചാണ്. ‘ ഒരമ്പലം കത്തി നശിച്ചാൽ അത്രയും അന്ധവിശ്വാസം കുറയും’ എന്ന സി.കേശവന്റെ പ്രസ്താവത്തിനാണ് കോഴഞ്ചേരി പ്രസംഗത്തേക്കാൾ ഇന്നു പ്രശസ്തി . മുഖ്യമന്ത്രി ആയിരിക്കുന്ന അവസരത്തിലാണ് സി.കേശവൻ ശബരിമല അമ്പലം തീ പിടിച്ച പശ്ചാത്തലത്തിൽ ആ പ്രസ്താവം നടത്തിയത്. സി.കേശവൻ തികഞ്ഞ യുക്തിവാദിയായിരുന്നു. കോൺഗ്രസുകാരനായ യുക്തിവാദി. ശ്രീ നാരായണ ഗുരുവിനു പ്രിയങ്കരനായിരുന്ന യുക്തിവാദി. യുക്തിവാദിയായ സി.കേശവന് മുഖ്യമന്ത്രി സ്ഥാനം സ്വാഭിപ്രായം ഒളിച്ചുവെക്കാനും മാത്രം ഭാരമുള്ള ഒന്നായിരുന്നില്ല. തിരുവിതാംകൂർ രാഷ്ട്രീയത്തിലെ കോളിളക്കമാർന്ന ഒരു കാലഘട്ടവും തിരുവിതാംകൂറിലെ ജാതിബോധം നുരയ്ക്കുന്ന ഒരു സാമൂഹ്യ കാലസന്ധിയും ഒപ്പിയെടുത്തിട്ടുണ്ട് ‘ജീവിതസമര’ത്തിൽ.

 

മേൽപ്പറഞ്ഞവരെ പോലെ ബാഹ്യജീവിതം സംഭവബഹുലമല്ലായിരുന്നെങ്കിലും കരകാണാനാകാത്ത ആന്തരിക സംഘർഷം മൂലം ജീവിതം സ്വയം ഒടുക്കിയ ഇടപ്പള്ളി രാഘവൻപിള്ളയുടെ ഓർമ്മദിനവും ജൂലൈ അഞ്ചിനായിരുന്നു. കരയുവാനായി പിറന്ന ആ കാമുകൻ വിഷാദം കലർന്ന കവിതകൾ എഴുതി വെച്ചിട്ട് ഒറ്റക്കുയിൽപ്പക്ഷിയെ പോലെ പറന്നു മറഞ്ഞു.

Spread the love

Leave a Reply