Wednesday, January 19

പഞ്ഞം വന്നെന്നു കരുതി എഴുത്തു നിർത്താനൊക്കുമോ?

കെ. രാജേഷ് കുമാർ

കർക്കടകമാസം പഞ്ഞമാസമായാണ് ഒരു കാലം വരെ അറിയപ്പെട്ടു പോന്നിരുന്നത്. കൃഷി പ്രധാനമായിരുന്ന ഒരു ജീവിത രീതിയിൽ കോരിച്ചൊരിയുന്ന പെരുമഴയുടെ കാലം പട്ടിണിയുടെയും പരിവട്ടത്തിന്റെയും കാലമായി മാറുന്നതിലത്ഭുതമില്ല. എത്ര ഭക്ഷണവസ്തുക്കൾ സൂക്ഷിച്ചുവെച്ചാലും ( അല്ലെങ്കിൽ തന്നെ അന്നന്നത്തേടം കഷ്ടിച്ചു കഴിഞ്ഞു പോകുന്നവർക്ക് സൂക്ഷിച്ചു വെക്കാൻ എന്തു കാണും) കർക്കടകം അങ്ങനേം ഇങ്ങനേം തള്ളി നീക്കുകയായിരുന്നു. പണമുള്ള ആളുകൾ സുഖചികിത്സയൊക്കെ നടത്തും. മരുന്നു കഞ്ഞിയൊക്കെ കുടിച്ച് പകർച്ചവ്യാധികളൊക്കെ പടരാനിടയുള്ള വെള്ളപ്പൊക്കക്കാലത്തെ അവർ പ്രതിരോധിക്കും. ശരീരമാദ്യം ഖലു ധർമ്മ സാധനം എന്നാണല്ലോ പ്രമാണം.

പാവങ്ങളോ? വാട്ടു കപ്പപുഴുങ്ങിയതും കഷ്ടിച്ച് ഒരു പിടി വറ്റും താളും തകരേം സംസ്കരിച്ചു വെച്ച ചക്കക്കുരുവും പഴുത്ത മാങ്ങയും ഒക്കെ കൊണ്ടുള്ള കൂട്ടാനുമായി കഴിച്ചും കഴിക്കാതെയും അവരും പ്രകൃതിക്ഷോഭത്തെ അതിജീവിക്കും. കർക്കിടകം കരഞ്ഞാണു പെയ്യുന്നത്. രോഗദുരിതങ്ങൾ ഞണ്ടു പോലെ ഇറുക്കും .കർക്കിടകം അരിയറ്റ സ്വാഭാവികമരണങ്ങളുടെയും പ്രകൃതിക്ഷോഭങ്ങളാൽ പടു മരണങ്ങളുടെയും കാലം കൂടിയാണ്. ഈ മഴക്കാലം കടന്നു കിട്ടാനിടയില്ല എന്ന് വൃദ്ധരെക്കുറിച്ച് ചെറുബാല്യക്കാർ അടക്കം പറഞ്ഞിരുന്നു അക്കാലം.

തണുത്ത് ഉറഞ്ഞ് കോച്ചി വലിച്ച് എരുത്തിലിൽ നിൽക്കുന്ന കന്നുകളെ തൊണ്ടുവെച്ച് പുകച്ച് ചൂടുപിടിപ്പിക്കുമായിരുന്നു. ആ ചൂടു തന്നെയായിരുന്നു വീട്ടിലെ പ്രായമുള്ളവരും കൊള്ളുക. തനുവും മനവും വിറകൊള്ളുന്ന, മൃത്യു ദേവന്റെ കാഹളമെന്നോണം നായകൾ ഓരിയിടുന്ന, കാറും കോളും കൊണ്ട് പ്രകൃതി ഇരുളുന്ന കാലത്ത് ആത്മീയമായ ഒരു ശുദ്ധികലശത്തിന്റെ ഭാഗമായാകണം രാമായണം കിളിപ്പാട്ട് വായിക്കാനാരംഭിച്ചിരിക്കുക .ഭക്തിയും വർധിച്ചീടും മുക്തിയും സിദ്ധിച്ചീടും എന്നാണല്ലോ കിളിപ്പാട്ടിന്റെ ഫലശ്രുതി. മൃത്യുദേവത കാലപാശവുമായി എരുതിൻപുറത്ത് പര്യമ്പറത്തു വന്നുനിൽക്കുമ്പോൾ രാമായണം വായന വഴി ഓഫറായി വാഗ്ദാനം ചെയ്യുന്ന മുക്തി കിട്ടുന്നെങ്കിൽ കിട്ടട്ടെ എന്ന് നിസഹായനായ മർത്യൻ കരുതിയതിൽ എന്താണു പിശക് . ആരാണ് കേവലാനന്ദം മാത്രമുള്ള ജീവിതത്തുടർച്ച കൊതിക്കാത്തത്? മാർക്സിസ്റ്റുകാരും യുക്തിവാദികളും അന്ന് അവതാരമെടുത്തിട്ടില്ലല്ലോ. ചാർവാകൻമാരാകട്ടെ ന്യൂനപക്ഷമായിരുന്നു . ശംബൂകൻമാർ വാൾക്കൂണായിത്തീരുകയും ചെയ്തിരുന്നു.
സുഗേയമായ കാവ്യം, രാഘവനുടെ കഥ, ഭക്തിമയസ്വരത്തിലുള്ള ചൊല്ലൽ, ആനന്ദലബ്ധിക്ക് ഇതിൽപരം എന്താണു വേണ്ടതെന്ന് വള്ളത്തോൾ എന്ന കേരള വാല്മീകി വിസ്മയിച്ചു. വള്ളത്തോളിന് വൈദ്യം അറിയാമായിരുന്നു. കവിത മാനസികചികിത്സയ്ക്കുതകുമെന്ന് കവിയച്ഛനും കളിയച്ഛനുമായ നാരായണ മേനോനു തിട്ടമുണ്ടായിരുന്നു. തകഴിയുടെ വെള്ളപ്പൊക്കത്തിൽ എന്ന ക്ലാസിക് ചെറുകഥയിൽ രാമായണം കിളിപ്പാട്ടിന്റെ വായനയെക്കുറിച്ച് തിളങ്ങുന്ന ഒരു ഒറ്റവരി പരാമർശമുള്ളത് കഥയുടെ ഭക്തർ ഓർമ്മിക്കുന്നുണ്ടാകുമല്ലോ.

ഒറ്റയ്ക്കും തെറ്റയ്ക്കും നടന്നിരുന്ന കിളിപ്പാട്ടു ചൊല്ലൽ പള്ളിക്കൂടങ്ങളും പാഠപുസ്തകങ്ങളും ഉണ്ടായതോടെ കാവ്യാനുശീലനത്തിന്റെ ഭാഗമായി കൂടി മാറി. മലയാളത്തിലെ ക്ലാസിക് കാവ്യങ്ങളായി എഴുത്തച്ഛൻ പാട്ടുകൾ കാനനീകരിക്കപ്പെട്ടതീ കാലത്താണ്. മലയാളം സ്കൂളുകളിൽ പോയവരെല്ലാം കിളിപ്പാട്ട് കാണാപ്പാഠം ചൊല്ലിത്തുടങ്ങി. എഴുത്തച്ഛനെഴുതുമ്പോൾ എഴുത്താണി വിറച്ചു. അച്ഛനെഴുത്തായി.   പിന്നെ എഴുത്ത് അച്ഛനും .

Read Also  അയിരൂർ എന്ന കഥകളി ഗ്രാമത്തിന്റെ ചരിത്രം ; കെ രാജേഷ് കുമാർ എഴുതുന്നു

എൺപതുകളിൽ ഹിന്ദു രാഷ്ട്രവാദവും ഹിന്ദു രാഷ്ട്രീയ വാദവും മലയാള ഭൂമിയിലും ഞണ്ടുകാലിറക്കിത്തുടങ്ങിയതോടെയാണ് രാമായണ മാസം എന്ന ആചാരം ആരംഭിച്ചത്. ഭാർഗ്ഗവ ക്ഷേത്രത്തിൽ വർഗ്ഗീയത ഉമിത്തീ എന്ന വണ്ണം നീറിപ്പടരുകയാണ്. ആളിക്കത്തൽ വരുന്നതേയുള്ളു. ഭൂരിപക്ഷ വർഗ്ഗീയതയും ന്യൂനപക്ഷ വർഗ്ഗീയതയും സയാമീസ് കുട്ടികളായി ഇവിടെ വളരുന്നു. കൊലപാതക രാഷ്ട്രീയത്തെ തോളിലെടുത്തിരിക്കുന്ന ഇവിടുത്തെ രാഷ്ട്രീയ ഭീകരർ തരാതരം പോലെ ഈ വർഗ്ഗീയ ബാലകരെ പാലൂട്ടി വളർത്തി പോരുന്നു. ലാളനയും കൊഞ്ചലും സ്നേഹവും അധികരിച്ചതോടെ കൂട്ടരാമായണത്തിന്റെ കാഹളവും പെരുമ്പറയും മുഴങ്ങിത്തുടങ്ങി. അഭിമന്യുമാർ പങ്കജ വ്യൂ ഹത്തിനു വെളിയിൽ കൊല്ലപ്പെടുന്നു. നിലവിളികൾ മുഴങ്ങുന്നത് ഏഴകളുടെ കുടിലുകളിലാണ്. രക്തസാക്ഷികൾ ഏറെയും കമ്മട്ടിപ്പാടങ്ങളിൽ ആണ് പിറക്കുന്നത്.


ആവിഷകാര സ്വാതന്ത്ര്യം എന്ന് നാലു നാഴിക പുലരും മുമ്പു തൊട്ട് രാത്രിയുടെ അന്ത്യയാമങ്ങൾ വരെ ഉരുവിട്ടു കൊണ്ടിരിക്കുന്ന പുരോഗമന ഇടതുപക്ഷ മതേതര ശക്തികളുടെ തട്ടകമാണ് ഈ കാവ്യകേരളം . എന്നാൽ ആ മുദ്രാവാക്യ ഗായകർ തന്നെ ഗാട്ടുകാരുടെ പാട്ടുകാർ തന്നെ ചങ്ങമ്പുഴ കവിത എഴുത്ത് നിർത്തണം എന്നു തുടങ്ങി രാമായണം കത്തിക്കണം എന്നു വരെയുള്ള അതിവാദങ്ങൾ പല കാലത്ത് ഉയർത്തി കാലുഷ്യങ്ങൾ ഉണ്ടാക്കി. തെരഞ്ഞെടുപ്പ് കാലത്തൊരിക്കൽ പട്ടും വളയും വാങ്ങിയതിന്റെ പേരിൽ ആശാനെ നിന്ദിച്ചു. തങ്ങൾക്കെതിരെന്നു കാണുന്നവരെയൊക്കെ നിശബ്ദരാക്കാൻ ശ്രമിച്ചു. സക്കറിയയെ അധിക്ഷേപിച്ചു. അധ്യാപകർക്കു തങ്ങളുടെ രാഷ്ട്രീയമല്ലെന്നു കണ്ട് പ്രതീകാത്മക പട്ടടകൾ തീർത്തു. ലങ്കാപുരം എരിക്കാൻ തക്ക കാറ്റില്ലാത്തതിനാൽ ആ സനങ്ങൾ കത്തിച്ചു ചാമ്പലാക്കി.

ഇന്നിപ്പോൾ വർഗ്ഗീയ വാദികൾ കോമരം തുള്ളുകയാണ്. നവ മാധ്യമങ്ങളിൽ അക്കൗണ്ടുള്ളവരെല്ലാം വെളിച്ചപ്പാടുകളാകുകയാണ്. തന്തയ്ക്കും തള്ളയ്ക്കും വിളി തൊട്ട് കൈവെട്ടു വരെ കേരളത്തിൽ നടന്നു കഴിഞ്ഞു.

എസ്. ഹരീഷിന്റെ മീശ എന്ന നോവലിനെ ചൊല്ലിയാണ് പുതിയ വാളെടുപ്പ്. നോവൽ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കാൻ തുടങ്ങിയതേയുള്ളു.  രണ്ടു ലക്കം വന്നതേയുള്ളു. കഥയും കഥാപാത്രങ്ങളുമൊക്കെ ഞരമ്പേലോടുന്നതേയുള്ളു. അമ്പലവും സ്ത്രീകളും വന്നു എന്നു പറഞ്ഞ് ഭീഷണിയും പരാക്രമങ്ങളും ഗോഗ്വാ വിളികളും കൊണ്ട് കളം നിറഞ്ഞു കഴിഞ്ഞു. തോരാമഴ പോലെയാണ് പരത്തെറികൾ എഴുത്തുകാരനു മേൽ വീഴുന്നത്.

അതിലും രസം സ്ത്രീകളെ അധിക്ഷേപിച്ചു എന്നു പറഞ്ഞ് ഒരു ന്യൂനപക്ഷം അന്തംസ്ത്രീകളും എതിർ വാക്കുകളുമായി വരുന്ന കണ്ടു. അതൊക്കെ ഫേക്ക് ഐഡികളാകും എന്നു കരുതി ആശ്വസിക്കാം.
ആശ്വസിക്കാവുന്നതിലപ്പുറം ഞെട്ടിക്കുന്നത് നമ്മുടെ പ്രധാന രാഷ്ട്രീയപ്പാർട്ടികളുടെ തരാതരം പോലുള്ള ഭൂരിപക്ഷ, ന്യൂനപക്ഷ വർഗ്ഗീയപ്രീണനങ്ങളാണ്. പാമ്പിനു പാലു കൊടുക്കരുത്. അവ പാലുകുടിക്കുന്ന ഇനമല്ല. കൊടുത്ത കൈക്ക് കൊത്തുകയേ ഉള്ളു.

ഭ്രാന്തും ധർമ്മപുരാണവും എന്റെ കഥയുമൊക്കെ കർക്കടകമാസത്തിൽ വായിച്ച ഒരു ജനതയാണ് മലയാളികൾ എന്നോർമ്മിക്കുക.

Spread the love