Thursday, January 20

തൊട്ടു നോക്കിയിട്ടില്ലേ പുഴകളെ; സിന്ധു. കെ.വി.യുടെ കവിതകളിലെ പുഴകളെക്കുറിച്ച് ഒരു വിചാരം

 

കെ. രാജേഷ് കുമാർ

‘ കാലവർഷക്കാടുകൾ നിറഞ്ഞ കേരളം ‘ എന്ന പ്രയോഗം പി.കെ. ബാലകൃഷ്ണന്റേതാണ്. കേരളത്തിലേക്കുള്ള ആര്യാധിനിവേശത്തിന്റെ കാരണത്തെക്കുറിച്ച് തന്റെ ചരിത്ര പുസ്തകത്തിൽ അനുമാനിക്കുന്ന വേളയിലാണ് സാഹിത്യ നിരൂപകൻ കൂടിയായിരുന്ന അദ്ദേഹം ഇപ്രകാരം കേരളത്തെ വിശേഷിപ്പിച്ചത്. വറുതിയും ക്ഷാമവും അതിനെത്തുടർന്നുണ്ടായ കൊല്ലുന്ന പകർച്ചവ്യാധികളുമാണ് ആര്യൻമാരെ മഴപ്പച്ചക്കൂടായ കേരളത്തിലേക്ക് പലായനം ചെയ്യിച്ചതും കുടിയിരുത്തിയതും. മഴയും പുഴയും ഇല്ലാത്ത കേരളം കേരളമല്ല . കാലവർഷക്കെടുതി കണ്ട് നദികളെ നികത്തിക്കളയാനാവില്ല. കേരളത്തിലെ ആറിൻവിളകളായ ഭൂപ്രദേശങ്ങളിൽ നിന്ന്, തിരുവാറൻമുളകളിൽ നിന്ന് ഒഴിഞ്ഞു പോയി ഒരു അതിജീവനം നമുക്കു സാധ്യമല്ല .ആറിനോടിണങ്ങി, ആറ്റൊഴുക്കിന്റെ താളത്തിൽ സഞ്ചരിച്ച് ,ആറ്റുകാഴ്ചകളിൽ മങ്ങി മയങ്ങി ജീവിച്ചേ ഒക്കൂ. പുഴയോരവാസികൾ ചെളിയെല്ലാം തേകിക്കളഞ്ഞ് നനഞ്ഞു കുതിർന്നതെല്ലാം കഴുകി ഉണക്കി ജീവിതത്തിലേക്ക് ആണ്ടിറങ്ങുന്നത് അതിനാലാണ്. നഷ്ടമായതെല്ലാം അവർ ഈ തീരത്ത് പുനരുദ്ധരിച്ചെടുക്കും.

പുഴയുടെ ഒഴുക്കും പുഴക്കാഴ്ചകളും നിറഞ്ഞ ചില കവിതകൾ സിന്ധു ‘കെ.വി.യുടെ ‘തൊട്ടു നോക്കിയിട്ടില്ലേ പുഴകളേ’ എന്ന കവിതാ സമാഹാ രത്തിലുണ്ട്. കാഴ്ചയും യാത്രയുമാണ് ഇവരുടെ കവിതകളിലെ അന്തർ ബഹിർ ധാരകൾ . അണിയിച്ചിരിക്കുന്ന സകല അലങ്കാരങ്ങളും അഴിച്ചു വെച്ച് നഗ്നയായ കവിതയെ നോക്കിയിരിക്കുകയാണെന്ന് കവയിത്രി ഒരു കവിതയിൽ .ആരാണ് നീ എന്ന് കവിതയോട് ചോദിക്കുന്നു. ഈ അന്വേഷണം അവർ തന്നോടും പലപ്പോഴും നടത്തുന്നുണ്ട്. എന്താണീ നോക്കുന്നത്? ഇതിലേതു നീയാണ് ആ നീ എന്ന് അവർ നോക്കി നോക്കി നടക്കുന്നു. അങ്ങനെ അവർ നദിയായി സ്വയം മാറുന്നു.

‘നിന്റെ ബ്രഷുകളുടെ മിനുത്തു നേർത്ത അറ്റങ്ങളിൽ ഞാനൊരുറവയാകട്ടെ …, ‘
തൊട്ടു നോക്കിയിട്ടില്ലേ പുഴകളെ എന്ന കവിത ഇതിന്റെ തുടർച്ചയാണ്.

‘ പുഴയിൽ നീന്തുകയെന്നാൽ നമ്മൾ നമ്മളാവുകയാണ്….
തുഴയുന്ന കൈകൾ ,തുഴയുന്ന കാലുകൾ,
തുഴയുന്ന നെഞ്ചിടം, ചുഴി
ഞ്ഞൊഴുകുന്നയടിവയർ
നമ്മൾ ,ഇളകുന്നയൊരു പുഴ. ‘

എന്തോ ,പെരും പ്രളയത്തിനു ശേഷം പുഴയാണ് മനസ്സിൽ. അതിന് ഇരയായില്ലെങ്കിലും അവളുടെ ക്രൂരത കുറേ കണ്ടു. എന്നിട്ടും പുഴയെ സ്നേഹിക്കാതിരിക്കാനാകുന്നില്ല. എത്രയോ നാളുകൾ അതിന്റെ പല വിധ സാമീപ്യമേറ്റു വാങ്ങിയിട്ടുണ്ട്. പുഴ നിറയുന്ന കവിതകൾ തേടവേയാണ് സിന്ധു കെ.വി.യുടെ കവിതകൾ കൈയിലെത്തുന്നത്.

മനസ്സിൽ വരഞ്ഞിടുന്നു ഈ ഒറ്റവരി
‘ ഒരു പുഴയിൽ കുളിക്കുകയെന്നാൽ ‘

Spread the love
Read Also  'ഞാൻ എന്നോടു മത്സരിച്ച് എന്നെ തോൽപ്പിച്ചു ജയിക്കുന്ന ഒറ്റയാൻ വള്ളമാണ്' വിപിത എഴുതിയ ഒരു വള്ളംകളിക്കവിതയെക്കുറിച്ച്.