Sunday, January 16

“യേശുവിന്റെ ചില ദിവസങ്ങളിലെ” പാരിസ്ഥിതിക സമസ്യകള്‍

 

വാസനാ വികൃതി, ഒരു മുതലനായാട്ട് തുടങ്ങി മലയാളത്തിൽ കടിഞ്ഞൂലായി പിറന്നു വീണ ചെറുകഥകളെ ചില സാഹിത്യ പണ്ഡിതൻമാർ വിമർശിച്ചത് ഇപ്പോൾ തിരിഞ്ഞു നോക്കി പരിശോധിച്ചാൽ കൗതുകപ്പെട്ടു പോകും . ചെറുകഥയുടെ ശില്പത്തിൽ ഈ കഥകൾ ഒതുങ്ങുന്നില്ല എന്നും അവ നീണ്ടു പോകുന്നു എന്നും രൂപപരമായ ഒരു വിമർശനം എത്രയോ കാലമായി ഇവിടെ അക്കാദമിക് നിരൂപണത്തിലും മറ്റും ഏറ്റുപറഞ്ഞുകൊണ്ടിരിക്കുന്നു. അധ്യാപകർ ക്ലാസ്സിൽ നോട്ടു രൂപത്തിൽ ഇതു പറഞ്ഞു കൊടുക്കുകയും ഗുളിക ചെപ്പേന്തുന്ന ശിഷ്യർ അത് അതേ പടി ഉത്തരക്കടലാസിൽ പകർത്തുകയും മാർക്ക് വാരിക്കൂട്ടുകയും അതേ അധ്യാപകരുടെ പിൻമുൻ സഹായങ്ങളാൽ അധ്യാപകരാകുകയും അതേ നോട്ട് കൊടുക്കുകയും ചെയ്യുന്ന രീതിശാസ്ത്രമാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ മാതൃകാപരവും മാന്യതയാർന്നതുമായ അധ്യാപനമായി കരുതിപ്പോരുന്നത്. അധ്യാപക വർഗ്ഗം അമാന്യരാകാൻ തയ്യാറല്ലാത്തതിനാൽ ക്ലാസ്സുമുറികളിൽ ശില്പ പരമായി തകർന്നു കിടക്കുകയാണ് ഇപ്പോഴും ആദ്യകാല ചെറു കഥകൾ.

കവിതയുടെ ചില പരമ്പരാഗത രൂപ മൂല്യ സങ്കല്പങ്ങൾ മനസ്സിൽ കിടന്നു തികട്ടിയതുകൊണ്ടു വന്ന അപകട നിരൂപണമാണിത്. തങ്ങളുടെ കൈയിലുള്ള മുട്ടായിക്കടലാസ് മാത്രം കണ്ണിൽ വെച്ച് നോക്കി ആകാശത്തിന്റെ നിറം നിർണ്ണയിക്കുന്ന ശാഠ്യക്കാരായ കുട്ടികളെ പോലെയാണ് പല വിമർശകരും പല കാലങ്ങളിലും. ടി.പത്മനാഭന്റെയും എം.ടിയുടെയും കാല്പനിക രാഗങ്ങൾ പോലെയുള്ള കഥകൾ വന്നതോടെ, അതിനു മുമ്പ് തകഴിയുടെ വെള്ളപ്പൊക്കത്തിലും ഉറൂബിന്റെയും പൊറ്റെക്കാടിന്റെയും പിമ്പ് മാധവിക്കുട്ടിയുടെയും പത്മരാജന്റെയും സംഗീതം പോലുള്ള ചില കഥകളും ഒ.വി.വിജയന്റെ കടൽത്തീരത്തും വായിച്ചതോടെ കഥ കവിതയായി നണ്ണിയവർക്ക് ആനന്ദമായി.

എന്നാൽ മറ്റേതൊരു സാഹിത്യ രൂപവും പോലെ ചെറുകഥയും അനേക രൂപഭാവങ്ങൾ തേടാൻ മുറ്റി നിൽക്കുന്ന ഒന്നാണെന്നു കാണാം. കവിതയെ കുടഞ്ഞെറിയാനാണ് ഗദ്യത്തിൽ പണിതെടുക്കുന്ന കഥ ശ്രമിക്കാറ്. അതാണ് അതിന്റെ സഹജസ്വഭാവം. ചുംബിച്ച ചുണ്ടുകൾക്ക് വിട തരുമാറ് കവിതയെ അതു പുൽകുന്നത് അപൂർവ്വവും വിപരീതവുമായ നിമിഷങ്ങളിലാണ്. നെയ്പായസം പോലെ എല്ലാ കഥകളിലും മരണം തണുത്തുറഞ്ഞിരിക്കണമെന്നില്ല.
മലയാളത്തിൽ കഥയെ കഥയാക്കി പടുത്തുയർത്തിയ പെരുംതച്ചൻമാരിൽ ഒരാളാണ് സക്കറിയ .ഇതാ ഇവിടെ വരെയുടെ പരസ്യവണ്ടിയും യേശു പുരത്തെ പബ്ലിക് ലൈബ്രറിയും തുടങ്ങി കഥയുടെ സാമ്പ്രദായിക ഭാവുകത്വത്തെ അട്ടിമറിച്ച സക്കറിയ മലയാള ചെറുകഥയിലെ പരിശുദ്ധാത്മാവാണ്. ദൈവപുത്രന്റെ മനുഷ്യ കഥകൾ പറഞ്ഞ കോട്ടയത്ത് തമ്പുരാൻ.
സക്കറിയയുടെ ഏറ്റവും പുതിയ ചെറുകഥ ‘ യേശുവിന്റെ ചില ദിവസങ്ങൾ’ എന്നാൽ പാരിസ്ഥിതിക കവിതയാണ്. നാലു ചെറു ഖണ്ഡങ്ങളുള്ള കഥാ ഗാനം . യേശുവാണ്. ജീവിതത്തെ കവിതയാക്കി മാറ്റിയ ദൈവപുത്രനാണ്. ദിവ്യാത്ഭുതങ്ങളുടെ മുതുകാടനാണ്. ലാസറിനെ ഉറക്കത്തിൽ നിന്നെവണ്ണം ഉണർത്തി ഉയിർപ്പിച്ച് മാർത്തയുടെയും മറിയുടെയും കണ്ണീർ തുടച്ചവനാണ്.

സക്കറിയ യേശുവിന്റെ ചില ദിവസത്തെ ഡയറിക്കുറിപ്പാക്കിയപ്പോൾ പശ്ചാത്തലത്തിൽ പ്രകൃതി സംഗീതമായി പൊഴിയുന്നു. കരയും കടലും കുന്നും സൂര്യചന്ദ്രൻമാരും ചിത്രങ്ങളായി വർണ്ണപ്പെടുന്നു. ഇത്ര വർണ്ണാഭമായ ഒരു കഥ അടുത്ത കാലത്തെങ്ങും വായിച്ചിട്ടില്ല. പുലർച്ചയിൽ വെളിക്കിറങ്ങാൻ തടാകക്കരയിലേക്ക് പോകുന്ന യേശു പടർപ്പിൽ നിന്ന് ഒരു പക്ഷി ചിറകടിച്ചുയർന്നപ്പോൾ നടുങ്ങിപ്പോയി. നിസഹായനായ മനുഷ്യന്റെ പേടി മനുഷ്യ രൂപമെടുത്ത ദേവകുമാരനിലേക്കും എത്തുന്നു. യേശു ഇരുണ്ട ആകാശത്തിൽ ആ പക്ഷിയുടെ രൂപം കാണാൻ ശ്രമിച്ചു എന്ന് കഥിക്കുമ്പോൾ സക്കറിയയുടെ തൂലികയിൽ മഴവിൽ കൊടിയുടെ നിബ്ബ് ആയിരുന്നു.

Read Also  സുദർശന സംഗീതത്തെ അവഗണിക്കരുത്, ആഘോഷിക്കണം.

കഥയുടെ അവസാനം ദിവ്യമൊരഴകായി പരിലസിക്കുന്നു. എന്നെ മറന്നൂ ഞാൻ. ‘ മരക്കൊമ്പിലിരുന്ന് ഒരു മൂങ്ങ തലവട്ടം തിരിച്ച് മിന്നുന്ന കണ്ണുകൾ കൊണ്ട് യേശുവിനെ പല തവണ നോക്കി. എന്നിട്ട് മൂളി : “ഗും … ഗു- ഗു. “. തൽക്കാലം ഞാൻ ക്ലാസ് റൂമിൽ ഏകാധിപതിയായി പെരുമാറുന്ന ഒരു അധ്യാപകനെ പോലെ വിചിത്രമായ ഒരു താരതമ്യം നടത്തട്ടെ. വിനോയി തോമസിന്റെ രാമച്ചിയെ വെല്ലുന്ന പരസ്ഥിതി കഥയാണ് സക്കറിയയുടെ യേശുവിന്റെ ചില ദിവസങ്ങൾ. കഥയുടെ പുതിയ മാതൃകകൾ തീർത്ത് അതിശയിപ്പിച്ച ഫ്രാൻസിസ് നൊറോണയെയും വി.എം.ദേവദാസിനെയും പി.എസ്.റഫീക്കിനെയും മോഹിപ്പിക്കും വിധം സക്കറിയ ഗ്രഹണ സമയത്തെ ചുവന്ന ചന്ദ്രനെപ്പോലെ ജ്വലിക്കുന്നു.

ടി.കെ.ശങ്കരനാരായണന്റെയും എം.സുധാകരന്റെയും ചെടിപ്പിക്കുന്ന മടുപ്പിക്കുന്ന ചെറുകഥകളും മുഖ്യധാരാ ആഴ്ചപ്പതിപ്പുകളിൽ വന്നു കൊണ്ടിരിക്കുന്നു. അതൊക്കെ വായിക്കുക എന്നതും അക്ഷരങ്ങളെ സ്നേഹിക്കുന്നവരുടെ തലവധി. എന്തിനാണ് പറഞ്ഞു പഴകിയ പ്രമേയങ്ങളെ തേഞ്ഞു പോയ അച്ചിലിട്ട് രൂപപ്പെടുത്തുന്നത്. അതിലൊക്കെ ഭേദം കർക്കടകഞ്ഞി ഉണ്ടാക്കി കുടിച്ച് ദീർഘായുസ് കാത്തു കിടക്കുന്നതാണ്.

Spread the love