Tuesday, July 14

കെജരിവാളിന്റെ ഗാരന്റി കാർഡ് ; സുനിൽ എഴുതുന്നു

പൗരത്വപ്രശ്നം പോലെ തന്നെ ഇന്ത്യൻ രാഷ്ട്രീയം ഡൽഹിയിൽ കലുഷിതമായിരിക്കുകയാണ്. ഇന്ത്യയുടെ പരമോന്നത സ്ഥാപനങ്ങളെല്ലാം സ്ഥിതി ചെയ്യുന്ന തലസ്ഥാനസംസ്ഥാനം ആര് ഭരിക്കണമെന്ന കാര്യം തീരുമാനിക്കാനുള്ള വിധിയെഴുത്ത് അടുക്കുകയാണ്. 2020 ഫെബ്രുവരി 8നാണ് ഡൽഹി സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ്.

ഡൽഹിയെ പൂർണ്ണമായും കേന്ദ്രവരുതിയിലാക്കി ആധിപത്യം സ്ഥാപിക്കുകയെന്നത് ബി ജെ പിക്ക് പ്രധാന രാഷ്ട്രീയാവശ്യമാണ്. ഡൽഹിയിലെ പുരാതനപ്രൗഢി തിരിച്ചെടുക്കുകയെന്നത് കോണ്ഗ്രസിന്റെ ആഗ്രമാണ്. അതേസമയം കേന്ദ്രത്തോടും ബി ജെ പിയോടും പൊരുതിയിട്ടാണെങ്കിലും ഡൽഹിയുടെ വികസനത്തിനുള്ള ഭരണ തുടർച്ചയാണ് കെരിവാളിന് ആവശ്യം. ബി ജെ പിയും കോണ്ഗ്രസും ചുവടുറപ്പിക്കാന് കളം ശരിയല്ലെന്ന മട്ടിലാണ് തുടക്കം. ഇരുവരുടെയും ഘട്ടം ഘട്ടമായുള്ള സ്ഥാനാർത്ഥി പട്ടികയും കോണ്ഗ്രസിന്റെ രാഷ്ട്രീയ ജനതാദള് കൂട്ടുകെട്ടും തെരഞ്ഞെടുപ്പ് രംഗത്തെ കാലുറയ്ക്കാകയാണ്. അവിടെയാണ് എഴുപത് മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർണ്ണയിച്ചും ഗാരന്റി കാർഡ് ഇറക്കിയും കെജരിവാള് തെരഞ്ഞെടുപ്പ് യാത്രയ്ക്ക് തുടക്കം കുറിച്ചത്.

അല്പം ഡൽഹി ഭരണചരിത്രം

നാളിതുവരെയുള്ള ഡൽഹിയുടെ ഭരണചരിത്രമാവും ഇന്ത്യാചരിത്രക്ലാസ്സുകളില് നാം ഏറെ പഠിച്ചിട്ടുണ്ടാവുക. അത് വിട്ട് ഡൽഹി സംസ്ഥാനഭരണത്തിന്റെ ചരിത്രം ആലോചിക്കാം. 1992ലാണ് ഡൽഹിക്ക് സംസ്ഥാനപദവി ലഭിച്ചത്. 1993ല് നടന്ന ആദ്യനിയമസഭാതെരഞ്ഞെടുപ്പില് എഴുപതില് നാല്പത് സീറ്റും നേടി ബി ജെ പി അധികാരത്തിലേറുകയായിരുന്നു. ശക്തമായ പ്രതിപക്ഷം പോലുമില്ലാതെ തുടർന്നുള്ള അഞ്ച് വർഷം മദൻ ലാല് ഖുരാന, സാഹിബ് സിങ്, സുഷമാ സ്വരാജ് എന്നിവർ മുഖ്യമന്ത്രിമാരായി ഡൽഹി ഭരിച്ചു.

എന്നാല് അഞ്ച് വർഷത്തിന് ശേഷം ഡൽഹിയിൽ ബി ജെ പിയുടെ പതനം ആരംഭിക്കുകയായിരുന്നു. 1998, 2003, 2008 എന്നീ വർഷങ്ങളില് തുടർന്നുണ്ടായ മൂന്ന് തെരഞ്ഞെടുപ്പുകളിലും ബി ജെ പിയെ തോല്പിച്ച് ഡൽഹിയുടെ ആധിപത്യം പിടിച്ചെടുക്കുകയായിരുന്നുകോണ്ഗ്രസ്. ക്ഷീലാ ദീക്ഷിത് ആയിരുന്നു മൂന്നു തവണയും കോണ്ഗ്രസിന്റെ ഡൽഹി മുഖ്യമന്ത്രി.

എന്നാല് 2013ല് അരവിന്ദ് കെജരിവാളിന്റെ രാഷ്ട്രീയപ്രവേശത്തോടെയാണ് ഡൽഹി യുടെ രാഷ്ട്രീയചരിത്രം തീർത്തും മാറി മറിഞ്ഞത്. 2013ല് ഡൽഹി മണ്ഡലത്തില് മുഖ്യമന്ത്രി ക്ഷീലാ ദീക്ഷിതിനെ തറ പറ്റിച്ചാണ് അരവിന്ദ് കെജരിവാള് ഡൽഹി മുഖ്യമന്ത്രിയായത്.

അല്പം കെജരിചരിതം

ഹരിയാനയിലെ ഭിവാനി ജില്ലയില് ഒരു ഉന്നതകുടുംബത്തില് 1968ല് ജനിച്ച കെജരിവാള് 1985ല് ഖരഗ്പൂർ ഐ ഐ ടിയില് മെക്കാനിക്കല് എഞ്ചിനീയറിഗില് ചേർന്ന് ബിരുദം നേടുകയുണ്ടായി. 1989ല് ജാംഷഡ്പൂരിലെ ടാറ്റാ സ്റ്റീലില് ജോലിക്ക് ചേർന്നെങ്കിലും 1992ല് സിവില് സർവ്വീസ് പഠനത്തിനായി ജോലി ഉപേക്ഷിച്ചു. ഇതിനിടെ കല്ക്കട്ടയില് മദർ തെരേസയെ കാണുകയും മിഷണറീസ് ഓഫ് ചാരിറ്റിയില് വളണ്ടിയറായി സേവനം അനുഷ്ടിക്കുകയും ചെയ്തു. കൂടാതെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ രാമകൃഷ്ണ മിഷനിലും നെഹ്രു യുവ കേന്ദ്രയിലും സേവനം ചെയ്തു.

സിവില് സർവ്വീസ് കിട്ടിയതിനെ തുടർന്ന് 1995ല് ഇന്ത്യൻ റവന്യൂ സർവ്വീസില് ചേർന്നു. അസിസ്റ്റന്റ് കമ്മീഷണർ ഓഫ് ഇന്കം ടാക്സായി ഡൽഹിയിലായിരുന്നു നിയമനം. 2006ല് സിവില് സർവ്വീസ് രാജി വെച്ച് സാമൂഹ്യസേവനത്തിലേക്ക് തിരിയുകയായിരുന്നു. തുടർന്ന് ഡൽഹി ആസ്ഥാനമാക്കി പരിവർത്തൻ, കബീർ എന്നീ സംഘടനകളിലൂടെ സാമൂഹ്യസേവനം നടത്തി. അക്കാലത്താണ് വിവരാവകാശത്തെ പരമാവധി പ്രയോജനപ്പെടുത്തി അഴിമതിയ്ക്കെതിരായ പോരാട്ടത്തില് ഏർപ്പെട്ടത്.

Read Also  ആം ആത്മി പാർട്ടി ഭരണം തുടരുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങൾ

2011ല് അഴിമതിയ്ക്കെതിരെ ഇന്ത്യ എന്ന സമരപരിപാടിയിൽ മുഖ്യപങ്കാളിയായി. ജന ലോക്പാൽ ബില്ലുമായി സമരത്തിലേർപ്പെട്ടു. അണ്ണാ ഹസാരെ, കിരണ് ബേദി, മനീഷ് സിസോദിയ, പ്രശാന്ത് ഭൂഷണ് മുതലായവരുമായി സഹകരിച്ചായിരുന്നു സമരപരിപാടികളില് പങ്കെടുത്തത്. അന്ന് അവരുടെ സമരവേദിയില് കയറിക്കൂടാന് ശ്രമിച്ചപ്പോള് ഓടിച്ച് വിടപ്പെട്ടയാളാണ് ബാബാ രാംദേവ്.

ജനലോക് പാൽ ബില്ലിന് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ നിയന്ത്രിക്കാനാവില്ലെന്ന തിരിച്ചറിവിൽ നിന്നായിരുന്നു 2012ല് ആം ആദ്മി പാർട്ടി (എ എ പി) രൂപീകരണം. 2013ലെ ഡല്ഹി തെരഞ്ഞെടുപ്പില് ആം ആദ്മി പാർട്ടി മത്സരരംഗത്തെത്തി. എന്നാല് ബി ജെ പി 31, എ എ പി 28, കോണ്ഗ്രസ് 8, ജനതാ ദള് 1, ശിരോമണി അകാലി ദള് 1, സ്വതന്ത്രന് 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. ഡല്ഹി മണ്ഡലത്തില് മുഖ്യമന്ത്രി ക്ഷീലാ ദീക്ഷിത് കെജരിവാളിനോട് 25, 864 വോട്ടിന് പരാജയപ്പെടുകയുണ്ടായി. ആർക്കും വ്യക്തമായി ഭൂരിപക്ഷം ഇല്ലാതിരുന്നതിനാല് കോണ്ഗ്രസ് പിന്തുണയോടെ അരവിന്ദ് കെജരിവാള് മുഖ്യമന്ത്രിയായി.

2013 ഡിസംബർ 28ന് മുഖ്യമന്ത്രിയായി അധികാരമേറ്റ കെജരിവാള് 2014 ഫെബ്രുവരി 14ന് കേവലം 49 ദിവസത്തെ ഭരണശേഷം രാജിവെച്ചു. അഴിമതിയ്ക്കെതിരായ പോരാട്ടത്തില് മറ്റ് രാഷ്ട്രീയപാർട്ടികളുടെ നിസഹകരണത്തിൽ പ്രതിഷേധിച്ചായിരുന്നു രാജി.

തുടർന്ന് 2015ല് നടന്ന തിരഞ്ഞെടുപ്പിൽ ആകെയുള്ള എഴുപത് സീറ്റിൽ അറുപത്തിയേഴും എ എ പി തൂത്തു വാരി. ബി ജെ പി മൂന്നിലേക്കും കോണ്ഗ്രസ് പൂജ്യത്തിലേക്കും വീണടിഞ്ഞു. എന്നു മാത്രമല്ല മുമ്പ് സഹപ്രവർത്തകയും പില്ക്കാലത്ത് ബി ജെ പിയിലേക്ക് ചേക്കേറുകയും ചെയ്ത കിരണ് ബേദിയായിരുന്നു കെജരിവാളിനെതിരെ ഡൽഹിയിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. അന്ന് കിരണ് ബേദിയെ തള്ളി ജനം കെജരിയെ സ്വീകരിക്കുകയായിരുന്നു. കെജരിവാളിനെ സംബന്ധിച്ചിടത്തോളം ഭരണത്തുടർച്ച രാഷ്ട്രീയവ്യക്തിത്വത്തിന്റെ കൂടി ആവശ്യകതയാണ്.

ബി ജെ പിക്കും കോണ്ഗ്രസിനും ഇനിയും മുഖ്യമന്ത്രിമുഖം ആയിട്ടില്ലെന്നതാണ് കെജരിവാളിന്റെ അനിഷേധ്യതയെ കൂടുതല് മുന്നോട്ട് നയിക്കുന്നത്. തിങ്കളാഴ്ച പത്രികാസമർപ്പണത്തിന് പുറപ്പെട്ട കെജരിവാളിന് റോഡ് ഷോയിലെ ജനബാഹുല്യം മൂലമുണ്ടായ കാലതാമസത്താല് പത്രിക സമർപ്പിക്കാനായില്ല. തന്നെ ഭരണത്തുടർച്ച ഏല്പിച്ചാല് പാലിക്കാവുന്ന പത്ത് കാര്യങ്ങളുടെ ഗ്യാരന്റി കാർഡുമായാണ് ഇത്തവണ കെജരിവാള് വോട്ടർമാരെ സമീപിക്കുന്നത്.

താഴെപ്പറയുന്ന കാര്യങ്ങളാണ് കെജരി വോട്ടർമാർക്ക് കാർഡ് വഴി ഉറപ്പ് നല്കുന്നത്.
ഇരുപത്തിനാല് മണിക്കൂറും തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കും.
എല്ലാവർക്കും 200 യൂണിറ്റ് വൈദ്യുതി സൌജന്യമായി നല്കും.
മണ്ണിനടിയിലൂടെ കേബിള് വലിച്ച് നഗരത്തെ വൈദ്യുത പോസ്റ്റുകളില് നിന്നും മോചിപ്പിക്കും.

ഇരുപത്തിനാല് മണിക്കൂറും ശുദ്ധാമായ കുടിവെള്ളം മുടക്കമില്ലാതെ വിതരണം ചെയ്യും. 20,000 ലിറ്റർ വരെയുള്ള കുടിവെള്ളസൌജന്യം തുടരും.
എല്ലാ കുട്ടികള്ക്കും ലോകനിലവാരത്തിലുള്ള വിദ്യാഭ്യാസം ലക്ഷ്യമാക്കും. വിദ്യാർത്ഥികള്ക്ക് പൊതുവാഹനങ്ങളില് യാത്ര സൌജന്യമാക്കും.
ആരോഗ്യരംഗത്ത് കൂടുതല് മെച്ചപ്പെട്ട സൌകര്യങ്ങള് ഏർപ്പെടുത്തും.
സിറ്റിക്ക് അകത്ത് മെച്ചപ്പെട്ടതും ചിലവ് കുറഞ്ഞതുമായ യാത്രാസൌകര്യമേർപ്പെടുത്തും. അതിനായി 11,000 ബസുകളും 500 കിലോമീറ്റർ മെട്രോ സൌകര്യവും ഏർപ്പെടുത്തും. സ്ത്രീകള്ക്കും കുട്ടികള്ക്കും യാത്ര സൌജന്യമായിരിക്കും.

Read Also  ദില്ലി തെരഞ്ഞെടുപ്പിൽ സഖ്യത്തിനുള്ള ശ്രമം പോലും നടത്താതെ പ്രതിപക്ഷം ; കോൺഗ്രസ്സും സ്ഥാനാര്ഥിപ്പട്ടിക പുറത്തുവിട്ടു.

ഡൽഹിയിലെ വർദ്ധിച്ചു വരുന്ന മലിനീകരണം നിയന്ത്രിക്കും. ഡൽഹിയെ പച്ചപ്പണിയിക്കാന് രണ്ട് കോടിയിലധികം മരങ്ങള് വച്ചു പിടിപ്പിക്കും. യമുനാനദി ശുദ്ധീകരിക്കും.

അടുത്ത അഞ്ച് കൊല്ലത്തിനകം ഡൽഹി മാലിന്യമുക്തമാക്കും.
സ്ത്രീസുരക്ഷയ്ക്കായി മൊഹല്ല മാർഷലുകള് ആരംഭിക്കും.
അംഗീകൃതമല്ലാത്ത കോളനികളിലേക്ക് റോഡ്, ജലം, ഓട, സി സി ടി വി, മൊഹല്ല ക്ലിനിക്കുകള് എന്നിവ നടപ്പാക്കും.

ജഹാം ശുഗ്ഗി വഹീന് മകാന് പദ്ധതി പ്രകാരം ചേരി നിവാസികള്ക്ക് പക്കാ വീടുകള് നിർമ്മിച്ച് നല്കും.

ഞാൻ നിങ്ങള്ക്ക് ഉറപ്പാണ് നല്കുന്നത്; പ്രകടനപത്രികയല്ല. ഈ പത്ത് കാര്യങ്ങളാണ് ഡൽഹിയെ സംബന്ധിച്ചിടത്തോളം പ്രധാനം. പ്രകടനപത്രികകളിൽ കൂടുതൽ കാണും. അവ അധ്യാപകർ, ഡോക്ടർമാർ, വിദ്യാർത്ഥികള്, തൊഴിലാളികള് എന്നിവർക്കൊക്കെ സമർപ്പിതവുമായിരിക്കും. എന്റെ സർക്കാർ നടപ്പിലാക്കിയ സൗജന്യങ്ങള് അടുത്ത അഞ്ച് വർഷത്തേക്കും തുടരുമെന്നതാണ് ഗ്യാരന്റി കാർഡിൽ ഞാൻ നല്കുന്ന ഉറപ്പ്. ഇവ വലിയ ഉറപ്പുകളാണ്. നടപ്പിലാക്കാന് സമയമെടുക്കും എന്നാണ് ഗ്യാരന്റി കാർഡ് പുറത്തിറക്കിക്കൊണ്ട് കെജരി വോട്ടർമാരോട് പറഞ്ഞത്.
പ്രശാന്ത് കിഷോറാണ് കെജരിവാളിന്റെ തെരഞ്ഞെടുപ്പ് തന്ത്രവിദഗ്ധൻ എന്നത് കെജരിയുടെ പ്രചരണത്തിന് തിളക്കം കൂട്ടുന്നുണ്ട്.

2011 ൽ ഗുജറാത്തിലും, 2014 ൽ ഇന്ത്യൻ പാർലമെന്റിലും നരേന്ദ്ര മോദിയ്ക്ക് വഴി തുറന്ന പ്രചാരകനാണ് പ്രശാന്ത് കിഷോർ. ചായ് പേ ചർച്ച, റണ് ഫോർ യൂണിറ്റി മുതലായവ പ്രശാന്ത് കിഷോറിന്റെ പ്രചരണ ആശയങ്ങളായിരുന്നു. 2015 ൽ ബീഹാറിൽ ജനതാ ദളിലെ നിതീഷ് കുമാറിനെയും 2016 ൽ പഞ്ചാബിൽ കോണ്ഗ്രസിലെ അമരീന്ദർ സിങ്ങിനെയും 2017ല് ആന്ധ്ര പ്രദേശിൽ വൈ എസ് ആർ കോണ്ഗ്രസിലെ വൈ എസ് ജഗൻ മോഹൻ റെഡ്ഡിയെയും മുഖ്യമന്ത്രിമാരാക്കിയതിന് പിന്നിൽ പ്രശാന്ത് കിഷോറിന്റെ പ്രചരണതന്ത്രമായിരുന്നു.

ബി ജെ പി യുവ മോർച്ച ഡൽഹി ജില്ലാ പ്രസിഡന്റ് സുനിൽ യാദവാണ് ഇത്തവണ കെജരിവാളിനെതിരെ ഡൽഹിയിൽ ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിക്കുക. രാഷ്ട്രീയ ജനതാ ദളുമായി കൂട്ടു ചേർന്ന കോണ്ഗ്രസ് രമേഷ് സഫർവാളിനെയാണ് കെജരിക്കെതിരെ ഡൽഹി മണ്ഡലത്തില് മത്സരിപ്പിക്കുന്നത്. പൗരത്വ പ്രശ്നത്തിനൊപ്പം ഡൽഹി ഇളകി മറിയുമ്പോള് ഫെബ്രുവരി പതിനൊന്നിന് വരുന്ന തെരഞ്ഞെടുപ്പ് ഫലം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പുതിയ മുഖത്തെയാവും പ്രദർശിപ്പിക്കുക എന്ന് കരുതാം.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പി

Spread the love

1 Comment

Leave a Reply