Thursday, January 20

ലഫ്റ്റനന്റ് ഗവര്‍ണറെ തള്ളി കെജ്രിവാള്‍: പോലീസിന്റെ അനുമതിയില്ലാതെ സിസിടിവി സ്ഥാപിക്കും

ഡല്‍ഹിയില്‍ സിസിടിവികള്‍ സ്ഥാപിക്കാനുള്ള നടപടിയെ എതിര്‍ത്ത ലഫ്റ്റനന്റ് ഗവര്‍ണറുടെ തീരുമാനം തള്ളി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹി പോലീസിന്റെ അനുമതിയില്ലാതെ നഗരത്തില്‍ സിസിടിവി സ്ഥാപിക്കാനുള്ള ഉത്തരവില്‍ തിങ്കളാഴ്ച രാവിലെ താന്‍ ഒപ്പുവെക്കുമെന്ന് കെജ്രിവാള്‍ ഇന്നലെ റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷന്റെയും കമ്പോള ക്ഷേമ അസോസിയേഷനുകളുടെയും സംയുക്ത യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് അറിയിച്ചു. ഇതോടെ രാജ്യതലസ്ഥാനത്ത് ലഫ്റ്റനന്റ് ഗവര്‍ണറും ജനകീയ സര്‍ക്കാരും തമ്മിലുള്ള അധികാരത്തര്‍ക്കത്തിന് പുതിയ മുഖം കൈവരുകയാണ്.

സിസിടിവി സ്ഥാപിക്കുന്നതിനെതിരായി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ നിയമിച്ച പ്രത്യേക സമിതി നല്‍കിയ റിപ്പോര്‍ട്ട് യോഗത്തില്‍ വച്ച് മുഖ്യമന്ത്രി കീറിയെറിഞ്ഞു. കാമറകള്‍ സ്ഥാപിക്കുന്നതിന് മുമ്പ് പോലീസ് ഡപ്യൂട്ടി കമ്മീഷണറുടെ അനുമതി തേടണമെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇത്തരം കാമറകള്‍ സ്ഥാപിക്കണമോ എന്ന തീരുാനിക്കേണ്ടത് ജനങ്ങളാണെന്ന് കെജ്രിവാള്‍ ചൂണ്ടിക്കാട്ടി. ഇത് ജനാധിപത്യമാണ്. ഇവിടെ ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കാണ് മുന്‍തൂക്കം ലഭിക്കേണ്ടതെന്നും ഡല്‍ഹി മുഖ്യമന്ത്രി വിശദീകരിച്ചു.

ഡല്‍ഹിയെ ഒരു സ്വതന്ത്ര സംസ്ഥാനമായി പ്രഖ്യാപിക്കാനാവില്ലെങ്കിലും ഭരണകാര്യങ്ങളില്‍ ജനകീയ സര്‍ക്കാരിന്റെ ഉപദേശമാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്വീകരിക്കേണ്ടതെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ പിന്നീടും ജനകീയ സര്‍ക്കാരിന്റെ ഉപദേശങ്ങള്‍ക്ക് ഘടകവിരുദ്ധമായ തീരുമാനമാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ കൈക്കോള്ളുന്നതെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ സിസിടിവി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നുവരുന്നത്.

Spread the love
Read Also  ഡൽഹിയ്ക്ക് പൂർണ്ണ സംസ്ഥാന പദവി ഇല്ല; സുപ്രീം കോടതി

Leave a Reply