Saturday, January 29

പാര്‍ട്ടി നേരിട്ട് കൊള്ള ചെയ്യില്ലെങ്കില്‍ ഉദ്യോഗസ്ഥർ ചെയ്യും പാര്‍ട്ടി രക്ഷിക്കും

പ്രളയം മൂലം ദുരിതമനുഭവിക്കുന്ന കേരളത്തിന് പല ഭാഗത്തു നിന്നായി സാധന, സാമ്പത്തിക സഹായങ്ങള്‍ ധാരാളമായി വന്നു കൊണ്ടിരിക്കുകയാണ്. ഇനിയൊരു വികസനം എങ്ങനെയായിരിക്കണമെന്ന് വാദ പ്രതിവാദങ്ങളും നടക്കുകയാണ്. ഇതിനിടെ കുറെക്കാലമായി നമ്മുടെ ചിന്തയില്‍ നിന്ന് മാറി നിന്നിരുന്ന ചില ഭരണകൂട ചീത്ത വൃത്തികള്‍ പുറത്തു വരുന്നു. ഖജനാവ് കൊള്ളയടിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയില്ലെന്നതാണ് രാഷ്ട്രീയഭരണത്തിന്‍റെ പുതിയ വെളിപ്പെടല്‍.

ഖജനാവ് കൊള്ളയടിച്ച് കീശ വീര്‍പ്പിച്ച 186 ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവുകളുണ്ടായിട്ടും നടപടി എടുക്കുന്നില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. അഴിമതിക്കാരെന്ന് കണ്ടെത്തിയ 206 പേരില്‍ 26 പേര്‍ക്കെതിരെ മാത്രമാണ് നടപടി എടുത്തിട്ടുള്ളത്. 186 പേര്‍ നടപടിയ്ക്കെതിരെ പാര്‍ട്ടി സംരക്ഷണം നേടിയിരിക്കുകയാണ്. കുറ്റക്കാര്‍ രാഷ്ട്രീയസ്വാധീനം ഉപയോഗിക്കുന്നുവെന്നാണ് ഇതേപ്പറ്റി ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കിയത്.

നടപടി വൈകിപ്പിക്കുന്നത് മേലുദ്യോഗസ്ഥരാണെന്നും അവര്‍ക്കെതിരെ നടപടി എടുക്കണമെന്നുമാണ് നിര്‍ദ്ദേശം. പക്ഷെ പാര്‍ട്ടിയിലുള്ള സ്വാധീനത്തിന്‍റെ തോതനുസരിച്ചായിരിക്കും കുറ്റക്കാര്‍ക്കെതിരായ നടപടി എന്ന് നമുക്ക് തോന്നേണ്ടതില്ല. ഇവര്‍ ദുരിതാശ്വാസം എങ്ങനെയൊക്കെ അടിച്ചു മാറ്റും എന്ന് നാം ജാഗരൂകരാകേണ്ടിയിരിക്കുന്നു എന്നാണ് ഈ വാര്‍ത്ത നല്കുന്ന സൂചന. കുറ്റക്കാരെ സംരക്ഷിക്കുന്ന പാര്‍ട്ടിനയം കമ്മിറ്റികളില്‍ ചര്‍ച്ചയ്ക്കെടുക്കട്ടെയെന്ന് പ്രത്യാശിക്കാം.

 

Spread the love