Thursday, January 20

‘തീർച്ചയായും ഇത് മുസ്ളീം വേട്ടയാണ്’; പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം

തീർച്ചയായും ഇത് മുസ്ളീം വേട്ടയാണ്. എസ്ഡിപിഐക്കാരെ ഉപദ്രവിക്കുമ്പോൾ ഇത് മുസ്ളീം വേട്ടയാണോ എന്ന് ചോദിക്കേണ്ട കാര്യമെന്താണുള്ളത്?

മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീൻ എളമരത്തിന്റെ വീട്ടിൽ ഇന്നലെ പൊലീസ് റെയ്ഡ് നടത്തി. ഒരു സംഘടനയുടെ സംസ്ഥാന പ്രസിഡനന്റിന്റെ വീട്ടിൽ വരെ പൊലീസ് റെയിഡ് നടത്തുന്നതിലേക്ക് കാര്യങ്ങൾ നീളുമ്പോൾ, മുസ്ളീം വേട്ടയാണിതെന്ന് എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടും ഉൾപ്പടെയുള്ളവർ പ്രതിരോധിക്കുമ്പോൾ, നാസറുദ്ദീൻ എളമരവുമായി പ്രതിപക്ഷം ന്യൂസ് നടത്തിയ അഭിമുഖം.

ബാബു എം. ജേക്കബ് / നാസറുദ്ദീൻ എളമരം

കഴിഞ്ഞ ദിവസം താങ്കളുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി. എന്തിനായിരുന്നു റെയ്ഡ്?

മഹാരാജാസ് കോളേജിലെ പ്രതികൾ വീട്ടിലുണ്ടെന്നുള്ള രീതിയിലാണ് പൊലീസ് വന്നത്.

പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന പ്രസിഡന്റിന്റെ വീട്ടിൽ റെയ്ഡ് നടത്തുന്നതിലേക്ക് എത്തിച്ചതെന്താണ്?

നിലനിന്നു കൊണ്ടിരിക്കുന്ന പ്രധാന പ്രശ്നവും അത് തന്നെയാണ്. ഇവിടെ എത്രയോ കൊലകൾ, അക്രമങ്ങൾ ഇവയൊക്കെ നടന്നിട്ടുണ്ട്. അതിലൊന്നും ഒരു സംഘടനയുടെ നേതൃത്വത്തിന്റെ വീട്ടിൽ വന്ന് റെയ്ഡ് നടത്തുക എന്ന് പറയുന്ന സംഭവം ഉണ്ടായിട്ടില്ല. ഇത്തരത്തിലൊന്ന് ആദ്യത്തെ സംഭവമാണ്.

എന്ത് കൊണ്ടായിരിക്കും സർക്കാരും പൊലീസും അങ്ങനെ ഒരു തീരുമാനത്തിലെത്തിയത്?

ആശയപരമായി പോപ്പുലർ ഫ്രണ്ട് ഉൾപ്പടെയുള്ള സംഘടനകൾ ഉയർത്തികൊണ്ടുവരുന്ന പ്രശ്നങ്ങളോട് നേരിട്ട് സംവദിക്കാൻ ഇവർ തയ്യാറല്ല. അതിനുള്ള അടിത്തറയില്ലാത്ത പ്രസ്ഥാനങ്ങൾ ആണ് നിലനിൽക്കുന്നത്. സ്വാഭാവികമായിട്ടും നമ്മൾ ഉണ്ടാക്കികൊണ്ടിരിക്കുന്ന സ്വാധീനവും സമൂഹത്തിൽ നമ്മൾ ഉയർത്തിക്കൊണ്ടു വരുന്ന പ്രശ്നങ്ങൾ ഒക്കേ ഇവരെ അസ്വസ്ഥമാക്കുന്നുണ്ട്. അത് കൊണ്ട് തന്നെ എന്ത് വഴി സ്വീകരിച്ചാണെങ്കിലും അതിനെ തകർത്ത് കളയുക എന്നതാണ് അവരുടെ ഭാഗത്ത് നിന്നുള്ളത്.

മുസ്ളീം പ്രസ്ഥാനങ്ങളെ തകർക്കുക എന്ന ലക്ഷ്യമാണെന്നാണ് പറയുന്നത്?

കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം അവർക്ക് മുസ്ലീങ്ങൾ സ്വയം സംഘടിക്കുന്നതും മുസ്ലീങ്ങളുടെ ശാക്തീകരണവും ഒന്നും അവർ ഒരിക്കലും അനുകൂലിച്ചിട്ടില്ല. മുസ്ളീം സമൂഹത്തിന്റെ പ്രശ്നങ്ങളെ അല്ല ഇവർ അഡ്രസ്സ് ചെയ്തിരുന്നത്. മുസ്ളീം സമൂഹത്തിന്റെ കാതലായ പ്രശ്നങ്ങളെയും അവരുടെ വിഷയങ്ങളെയും അഡ്രസ്സ് ചെയ്യാൻ അവർ ഒരിക്കലും തയ്യാറായിട്ടില്ല.

സർക്കാർ കൃത്യമായി നിങ്ങളെ ടാർഗറ്റ് ചെയ്യുകയാണെന്നാണോ?

സുഖകരമല്ലാത്ത ഒരു പ്രവണതയാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് നടക്കുന്നത്. മറുഭാഗത്ത് ഇവിടെ ആർഎസ്എസ് പ്രതിയാകുന്ന നൂറുകണക്കിന് കേസുകളിൽ അവരുടെ ഓഫിസുകളിൽ റെയ്ഡ് നടത്തുകയോ അവരുടെ കേന്ദ്രങ്ങളിൽ അന്വേഷണം നടത്താനോ ഇവർ തയ്യാറാവുന്നില്ല. ആർഎസ്എസിന് ഒരു പ്രത്യകതരം സംരക്ഷണം ഈ പിണറായി സർക്കാരിന്റെ കാലത്ത് കിട്ടികൊണ്ടിരിക്കുന്നുണ്ട്. പരിരക്ഷിത സംരക്ഷണം ആർഎസ്എസിന് പിണറായി സർക്കാരിന്റെ കാലത്ത് കിട്ടുന്നുണ്ട്.

അവരുടെ ഭാഗത്ത് നിന്ന് വന്നുകൊണ്ടിരിക്കുന്ന വർഗീയ പ്രചാരണങ്ങൾ, ധ്രൂവീകരണങ്ങൾ ഇത്തരം കാര്യങ്ങൾക്കെതിരെ ഒന്നും ചെയ്യാതിരിക്കുകയും മുസ്ളീം പക്ഷത്ത് നിന്ന് എന്തെങ്കിലും വരുമ്പോൾ അവർ അതിനെ വ്യാജമായി കാണിച്ചുകൊണ്ടിരിക്കുന്നു. കൃത്യമായ മത്സരമാണ് ഹിന്ദു പ്രീണനത്തിന് വേണ്ടി സിപിഐ(എം) നടത്തുന്നത്. സിപിഐ(എം) എന്ന് പറയുന്നത് ഒരു സേച്ഛാധിപത്യ സംഘടനയാണ്. ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആർഎസ്എസിനെ സഹായിക്കുകയാണ് ഇപ്പോൾ അവർ ചെയ്യുന്നത്. ആർഎസ്എസിന്റെ അജണ്ട വളരെ ഭംഗിയായി നടപ്പിലാക്കികൊണ്ടിരിക്കുന്നുണ്ട്. രാഷ്ട്രീയമായ ഇച്ഛാശക്തി നഷ്ട്ടപെട്ടവരാണ് ഇപ്പോഴത്തെ കമ്യൂണിസ്റ്റ് സർക്കാർ.

Read Also  ദേശീയപാത സ്ഥലമേറ്റെടുപ്പിനെതിരെ പ്രതിഷേധിച്ചത് മുസ്ലിം തീവ്രവാദികൾ: എ. വിജയരാഘവൻ

അഭിമന്യൂവിന്റെ കൊലയിൽ പൊലീസ് പിടിച്ചിരിക്കുന്നവരെല്ലാം സംഘടന പ്രവർത്തകരെയാണ്?

പൊലീസ് പോപ്പുലർ ഫ്രണ്ട്, കാംപസ് ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകരെയാണ് പിടിച്ചിട്ടുള്ളത്. ഇതിൽ തന്നെ ഒരുപാട് ദുരൂഹതയുണ്ട്. ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതുണ്ട്. അവിടുത്തെ സിസിടിവി, മഹാരാജാസ് കോളേജിന് മുന്നിൽ സിസിടിവി വെക്കുന്നതിന് എസ്എഫ്ഐ എതിരായിരുന്നു. എന്തിനാണ് അവിടെ സിസിടിവി വെയ്ക്കുന്നതിനെ എസ്എഫ്ഐ എതിർക്കുന്നത്? വളരെ കൃത്യമായി മനസ്സിലാക്കാൻ കഴിയുന്നത് തങ്ങളുടെ ആധിപത്യ മേഖലയിൽ മറ്റൊന്നും പാടില്ലെന്നുള്ള ദാർഷ്ട്യത്തിന്റെ ഭാഗമാണ്. അത് പുറംലോകം അറിയാതിരിക്കാൻ വേണ്ടിയാണ്. അവർ നേരത്തെ അവിടെ നടത്തിയിട്ടുള്ളത് ആക്രമണങ്ങളും അങ്ങനെയുള്ള കാര്യങ്ങളുമാണ്.

തൊട്ടടുത്തുള്ള സിസിടിവിയിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട് എന്ന് പറയുന്നു. അത് പരിശോധിക്കേണ്ടതുണ്ട്. മറ്റൊന്ന് അഭിമന്യൂവിനെ നിരന്തരം വിളിച്ച് വരുത്തി ആക്രമിച്ചതാണെന്ന് പറയേണ്ടതുണ്ട്. അതിലെ ദുരൂഹത അകറ്റേണ്ടതുണ്ട്.

ദളിത് മുസ്ളീം ഐക്യം എന്നതിൽ ഈ സംഭവത്തോടെ വിള്ളൽ വന്നിട്ടുണ്ടോ?

ഇവിടെ ഒരു ദാരുണമായ സംഭവം ഉണ്ടായി. ഒരു സംഘർഷം നടക്കുമ്പോൾ ഉണ്ടായി വന്ന ഒരു പ്രശ്നമാണത്. അതിനെ ഒരു ജാതിയുടെയോ മതത്തിന്റെയോ ചേരിതിരിവോടെ കാണേണ്ടതില്ല. സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു. അതിനെ വെച്ചുകൊണ്ട് ഇതോടു കൂടി ദലിതുകളെ മൊത്തം മുസ്ളീം സമൂഹവുമായി അകറ്റി നിർത്താനുള്ള ഒരവസരമായി അവർ ഉപയോഗിക്കുകയാണ്. യഥാർത്ഥത്തിൽ ഇവിടെ സിപിഐഎമ്മിന് വേണ്ടി കൊല്ലപെടുന്നതും സിപിഐ(എം) കൊല്ലാനുപയോഗിക്കുന്നതുമൊക്കെ ആരെയാണ്?

ഏത് രീതിയിൽ പ്രതിരോധിക്കാനാണ് തീരുമാനം?

സംഘടനയെ ഈ രീതിയിൽ ആക്രമിക്കാനാണ് ഉദ്ദേശമെങ്കിൽ ജനങ്ങളെ സംഘടിപ്പിച്ചു കൊണ്ട് മുസ്ളീം വേട്ടയ്‌ക്കെതിരെ തീർച്ചയായും പ്രതികരണങ്ങൾ ഉണ്ടാകും.

എഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നത് മുസ്ളീം വേട്ടയാണോ?

കാരണം മുസ്ളീം പക്ഷത്ത് നിന്ന് കൊണ്ട് മുസ്ളീം പ്രശ്നങ്ങളെ അഡ്രസ്സ് ചെയ്യാൻ ശ്രമിക്കുന്ന ഒരു വിഭാഗത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു എന്നുള്ളത് തന്നെയാണ് മുസ്ളീം വേട്ടയ്ക്കുദാഹരണം. ഇവിടുത്തെ പരമ്പരാഗത രാഷ്ട്രീയ സാമ്പ്രദായിക സംഘടനകളൊക്കെ വേറെ പലതിന്റെയും താല്പര്യങ്ങളാണ് സംരക്ഷിക്കുന്നത്. അതൊക്കെ ഒരു തരം കച്ചവടമാണ്. ഈ രാജ്യത്തെ മാർജിനലൈസ്ഡ് കമ്യൂണിറ്റിയെ ഇവർ ഭയപ്പെടുന്നുണ്ട്. അതിനെ ഇവർ ആശങ്കയോടെയാണ് കാണുന്നത്.

സംഭവത്തിൽ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് എന്നീ സംഘടനകൾ മതപരമായ ധ്രുവീകരണം നടത്താൻ ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം.

ക്യാമ്പസ്സിൽ നടക്കുന്ന ഒരു സംഘർഷത്തിൽ അതിന് ഏറ്റവും വേഗം മതപരമായ ഒരു മാനം നൽകുന്നത് എന്നതിൽതന്നെ ധ്രുവീകരണം കൂട്ടുന്നത് ആരാണെന്ന് മനസ്സിലാക്കാൻ സാധിക്കും. പോളറൈസേഷൻ കൂട്ടാൻ വേണ്ടീട്ടാണ് അവരിതിൽ ശ്രമിക്കുന്നത്. മതപരമായ മാനം നൽകേണ്ട വിഷയമല്ല അത്. ദാരുണമായ യാദൃശ്ചികമായ ഒരു സംഭവം വിദ്യാർത്ഥി സംഘർഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായപ്പോൾ അതിന് ഒരു മതത്തിന്റെ നിറം നൽകുന്നത്, മതപരമായ മാനം നൽകുന്നത് എത്ര ഹീനമായ നടപടിയാണ്.

Read Also  ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് മുസ്ലിം യുവാക്കൾക്ക് നേരെ വീണ്ടും ഹിന്ദുത്വ തീവ്രവാദ ആക്രമണം

ഇത്തരം നടപടികൾ തുടർന്ന് കൊണ്ട് പോകുന്നത് നാട്ടിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കാൻ കാരണമാകും. അതാണ് ഇതിലേക്ക് വഴി നടത്തുക. ഒരു കുറ്റകൃത്യം നടന്നു കഴിഞ്ഞാൽ കേസിലെ പ്രതികളെ പിടിക്കുക. അതിനാവശ്യമായ കാര്യങ്ങൾ ചെയ്യുക എന്നതല്ലാതെ അവർ ഏതെങ്കിലും ഒരു സംഘടനയിൽ പ്രവർത്തിക്കുന്നത് കൊണ്ട് ആ സംഘടനയെ മുഴുവൻ ഫിനിഷ് ചെയ്യുക എന്നത് ആണ് ഉദ്ദേശിക്കുന്നതെങ്കിൽ അതൊരിക്കലും നടക്കാൻ പോകുന്ന സംഗതിയല്ല.

പൊലീസ് പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ ,കാംപസ് ഫ്രണ്ട് പ്രവർത്തകരെ വേട്ടയാടുന്നുവെന്ന് പറയുന്നത്?

എന്തെങ്കിലും ഒരു ചെറിയ സംഭവം വെച്ചുകൊണ്ട് ഒരു സംഘടനയെ അല്ല ടാർഗറ്റ് ചെയ്യേണ്ടത്. അതിൽ കുറ്റാവാളികൾ ശിക്ഷിക്കപ്പെടാനുള്ള വഴിയല്ലേ പൊലീസ് നോക്കേണ്ടത്? പൊലീസ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്, രാഷ്ട്രീയ പകപോക്കലിനുള്ള വഴിയായി പൊലീസ് സേനയെ ഉപയോഗിക്കുന്നു. അവർ ആ രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിന്റെ പൊലീസ് സേനയെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നത് വളരെ മോശമായ ഒരു പ്രവണതയിലേക്കാണ് പോവുക.

മാധ്യമങ്ങൾ ഇക്കാര്യത്തിൽ പക്ഷപാതപരമായി പെരുമാറുന്നുണ്ടോ?

മാധ്യമങ്ങളുടെ നിയന്ത്രണങ്ങൾ ഒരു കാര്യമാണ്. മാധ്യമങ്ങളിൽ വർക്ക് ചെയ്തു കൊണ്ടിരിക്കുന്ന ആളുകളുമെല്ലാം സിപിഐ(എം) ആളുകളാണ്. അവരുടെ പൊളിറ്റിക്കൽ അജണ്ട എല്ലാ മാധ്യമങ്ങളിലൂടെയും അവർക്ക് നടപ്പിലാക്കാൻ കഴിയുന്നുണ്ട്.

Spread the love