Sunday, January 16

ജോസഫ് ഗ്രൂപ് മുന്നണി വിട്ടാലും കേരള കോൺഗ്രസ് മാണി പിളർന്നാൽ പോലും അധികം സീറ്റ് കോൺഗ്രസ് നൽകില്ല

തിരഞ്ഞെടുപ്പ് വരുമ്പോൾ പയറ്റുന്ന സമ്മർദ്ദ തന്ത്രം ഇക്കുറിയും കേരള കോൺഗ്രസ് കോൺഗ്രസിന്റെ അടുത്ത് പയറ്റി തുടങ്ങി. പക്ഷെ കേരള കോൺഗ്രസിന്റെ വിലപേശൽ ഇക്കുറി ചിലവാകില്ലെന്ന് മാത്രമല്ല കോൺഗ്രസ് അതിന് പരിഗണന പോലും നൽകാൻ പോകുന്നില്ല. ഇത് കേരള കോൺഗ്രസിന് നല്ലവണ്ണം അറിയാമെങ്കിലും നോട്ടം ലോക്സഭാ സീറ്റിലല്ല. പകരം വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് അധികം മേടിക്കാം എന്നത് മാത്രമാണ് ഉദ്ദേശ്യം. നിലവിലുള്ള ഒരു സീറ്റിൽ പോലും ആര് മത്സരിക്കുമെന്ന ആശയകുഴപ്പം നിലനിൽക്കുന്ന കേരള കോൺഗ്രസിൽ രണ്ടാമതൊരു സീറ്റ് കൂടി കിട്ടിയിട്ട് എന്ത് ചെയ്യാനാണ്? സീറ്റ് ആർക്കെങ്കിലും വിൽക്കാമെന്ന് വെച്ചാൽ പോലും കേരള കോൺഗ്രസിന്റെ പേരിൽ ആര് പേയ്‌മെന്റ് സീറ്റിൽ മത്സരിക്കാൻ തയ്യാറാകും?

ഒരു ലോക്സഭാ എംപി സ്ഥാനം മാത്രമുണ്ടായിരുന്ന കേരള കോൺഗ്രസ് മാണി വിഭാഗത്തിന് കഴിഞ്ഞ തവണ ഒഴിവ് വന്ന രാജ്യ സഭാ സീറ്റ് നൽകിയാണ് കോൺഗ്രസ് പിണങ്ങി മാറിനിന്ന മാണി വിഭാഗത്തിനെ കൂടെ കൂട്ടിയത്. ഇത് കോൺഗ്രസിനുള്ളിൽ ഉണ്ടാക്കിയ ആഭ്യന്തര കലഹം നിസ്സാരമല്ലായിരുന്നു. ഇപ്പോൾ നിലവിൽ രണ്ട് പാർലമെന്റ് സീറ്റ് ഉള്ള മാണി വിഭാഗം വീണ്ടും സീറ്റിനായി വാദിക്കുന്നത് എന്തിനാണ് എന്ന് കോൺഗ്രസിന് നല്ലവണ്ണം അറിയാം.

ജോസഫ്-മാണി വിഭാഗം തമ്മിൽ സീറ്റിന് വേണ്ടി തർക്കമെന്ന് വരുത്തി തീർക്കുകയും ജോസഫ് മുന്നണി വിടുമെന്ന് ഭീഷണിപ്പെടുത്തുന്നതും എല്ലാം കേരള കോൺഗ്രസിലെ നാറിയ തന്ത്രങ്ങൾ മാത്രമാണ്. ജോസഫ് വിഭാഗം അടുത്ത കാലത്തൊന്നും മുന്നണി വിടാനോ മാണിയുമായി തമ്മിൽ തല്ലാനോ ഉദ്ദേശിക്കുന്നില്ല. പഴയ തട്ടകമായ എൽഡിഎഫിൽ ഇപ്പോൾ പണ്ടിരുന്ന സ്ഥലത്ത് വേറെ മുന്നണികൾ നല്ല അസ്സലായി ഇരിക്കുന്നുണ്ട്. ഇനി എന്തായാലും അടുത്ത കാലത്ത് എൽഡിഎഫിലേക്ക് ചേക്കേറാം എന്ന ആഗ്രഹം കുറഞ്ഞത് ഒരു പത്ത് കൊല്ലത്തേക്കെങ്കിലും മാറ്റി വെച്ചാൽ മതി. അതിനാൽ തന്നെ യുഡിഎഫ് വിട്ട് പോകുമെന്ന ഭീഷണി ഒക്കേ എവിടം വരെ ചിലവാകും എന്ന് കോൺഗ്രസിന് ഇപ്പോൾ നല്ലവണ്ണം ബോധ്യമുണ്ട്.

കേരള കോൺഗ്രസിന് പുറമെ മുസ്ലീം ലീഗും തങ്ങൾക്കും സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. കേരള കോൺഗ്രസിനെ നിശ്ശബ്ദമാക്കാൻ കോൺഗ്രസ് തന്നെ രംഗത്തിറക്കിയതാണ് ലീഗിനെയെന്ന ആരോപണങ്ങളും പുറത്ത് വരുന്നുണ്ട്. എന്തായാലും നിലവിൽ രണ്ട് പാർലമെന്റ് സീറ്റ് ഉള്ള മാണി കോൺഗ്രസിന് കോട്ടയം ലോക്സഭാ സീറ്റിൽ ജയിക്കാൻ പോകുന്നില്ലെന്ന തികഞ്ഞ ബോധ്യം ഉള്ളത് കൊണ്ടാണ് മകനെ സുരക്ഷിതമായി മാണി രാജ്യസഭയിലേക്ക് അയച്ചത്.

ഇടുക്കി, ചാലക്കുടി മണ്ഡലങ്ങളിൽ ഏതെങ്കിലുമൊന്നാണ് മാണി വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. ഇടുക്കിയിൽ ഇക്കുറി രണ്ടാം അങ്കത്തിന് ഡീൻ കുര്യാക്കോസ് തന്നെ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാനാണ് സാധ്യത. ചാലക്കുടിയിൽ ടിഎൻ പ്രതാപൻ കോൺഗ്രസ് ടിക്കെട്ടിൽ മത്സരിക്കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. എന്തായാലും രണ്ട് സീറ്റുകളിലും കോൺഗ്രസ് തന്നെയായിരിക്കും മത്സരിക്കുക.

Spread the love
Read Also  കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യു ഡി എഫിൽനിന്നും പുറത്താക്കി

59 Comments

Leave a Reply